ജറൂസലമിനെ ഇസ്രായേലി തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കയുടെ യും ‘നിയമവിരുദ്ധവും നിരുത്തരവാദപരവുമായ’ ആ പ്രവൃത്തിക്ക് പിന്തുണ നൽകിയ രാഷ്ട്രങ്ങളുടെയും നിലപാടിനെ മക്കയിൽ സമാപിച്ച മുസ്ലിം രാഷ്ട്രങ്ങളുടെ സഹകരണസമിതി (ഒ.െഎ.സി) ഉച്ചകോടി ശക്തമായി അപലപിച്ചിരിക്കുന്നു. 2017 ഡിസംബറിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച ഇൗ രാഷ്ട്രീയനീക്കത്തിന് പിന്തുണ നൽകി എംബസികൾ മാറ്റി സ്ഥാപിക്കാൻ പോകുന്ന രാഷ്ട്രങ്ങളോട് അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതിൽനിന്നു വിട്ടുനിൽക്കാൻ ശനിയാഴ്ച സമാപിച്ച 57 രാജ്യങ്ങളുടെ സംയുക്തവേദി ആവശ്യപ്പെട്ടിരിക്കുന്നു. എല്ലാ ജനാധിപത്യമര്യാദകളും മാനവികമൂല്യങ്ങളും കാറ്റിൽ പറത്തി അന്യായമായ അധിനിവേശം വ്യാപിപ്പിച്ച് ഫലസ്തീനെ വിഴുങ്ങാനുള്ള സാമ്രാജ്യത്വനീക്കം ത്വരിതെപ്പടുന്നതിനിടെയാണ് മക്ക ഉച്ചകോടി അറബ്-മുസ്ലിം രാഷ്്ട്രങ്ങളുടെ നിലപാട് അസന്ദിഗ്ധമായി പ്രഖ്യാപിച്ചത്.
ഒരു ഭാഗത്ത് അമേരിക്കൻ പ്രസിഡൻറിെൻറ ‘വ്യാപാര നയതന്ത്രവിദഗ്ധ’നായ ജാമാതാവ് ജാരദ് കുഷ്നർ സഹസ്രകോടികളുടെ നിക്ഷേപപദ്ധതിയായി അവതരിപ്പിക്കുന്ന ‘നൂറ്റാണ്ടിെൻറ ഇടപാട്’ എന്നു പേരിട്ട പശ്ചിമേഷ്യ സമാധാനപ്ലാൻ വിജയിപ്പിക്കുന്നതിന് അമേരിക്ക കച്ചകെട്ടിയിറങ്ങുകയും മറുഭാഗത്ത്, ഇൗ ആഗോളപിന്തുണയുടെ ബലത്തിൽ മുസ്ലിം പുണ്യകേന്ദ്രമായ ഖുദ്സ് അടങ്ങുന്ന ജറൂസലമിലെ അധിനിവേശം സൈനികസഹായത്തോടെ ഇസ്രായേൽ സമ്പൂർത്തീകരണത്തിൽ എത്തിക്കാനുള്ള നീക്കത്തിന് ആക്കം കൂട്ടുകയും ചെയ്തുകൊണ്ടിരിക്കെയാണ് ഒ.െഎ.സി ഉച്ചകോടി ഫലസ്തീൻ വിഷയത്തിലെ വിട്ടുവീഴ്ചയില്ലാത്ത പ്രഖ്യാപിതനിലപാട് ആവർത്തിക്കുന്നത്. സ്വയം നിർണയത്തിനും ഫലസ്തീൻ എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്ര സ്ഥാപനത്തിനുമുള്ള അവകാശമടക്കം ഫലസ്തീനികൾക്ക് അവരുടെ അവിഭാജ്യമായ ദേശീയ അവകാശങ്ങൾ നേടിയെടുക്കാൻ അർഹതയുണ്ടെന്ന കാര്യം ഉച്ചകോടി അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒ.െഎ.സി പ്രവർത്തനങ്ങളുടെ മൂലക്കല്ലാണ് ഫലസ്തീൻ വിഷയമെന്നും ഫലസ്തീൻ സഹോദരങ്ങൾക്ക് എല്ലാ നിയമവിധേയ അവകാശങ്ങളും വകവെച്ചു കിട്ടുന്നതുവരെ അതു നമ്മുടെ ബദ്ധശ്രദ്ധയിൽ തുടരുമെന്നും സൗദി അറേബ്യൻ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് ഉച്ചേകാടിയിൽ വെട്ടിത്തുറന്നു പറഞ്ഞു. ഖുദ്സിെൻറ ചരിത്രപരവും നിയമവിധേയവുമായ നിലനിൽപിനെ ചോദ്യം ചെയ്യുന്ന ഏതു നടപടിയെയും നിസ്സംശയം തള്ളുമെന്ന പ്രഖ്യാപിത നിലപാട് ആവർത്തിച്ചുറപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷമായി പശ്ചിമേഷ്യയിലെ മുഴുവൻ രാജ്യങ്ങളെ കൂടി പങ്കാളികളാക്കിക്കൊണ്ടുള്ള ഒരു നിക്ഷേപാധിഷ്ഠിത സമാധാന പദ്ധതി രൂപകൽപന ചെയ്തു വരുകയാണ് ട്രംപ് ഭരണകൂടം. ജാരദ് കുഷ്നർ അതിരഹസ്യമായി തയാറാക്കുന്ന ഇൗ പദ്ധതിയെക്കുറിച്ച വിശദാംശങ്ങൾ അമേരിക്ക രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ഇസ്രായേലിൽ സ്വന്തം വരുതിയിൽ നിൽക്കുന്ന ബിന്യമിൻ നെതന്യാഹുവിെൻറ ഭരണം സ്ഥിരത നേടുകയും അമേരിക്കയിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ ഒരുക്കത്തിലേക്കു കടക്കുകയും ചെയ്യുന്ന ഇൗവർഷാവസാനത്തോടെ പദ്ധതി അവതരിപ്പിക്കാനാണ് പരിപാടി എന്നാണ് വാർത്ത. വിശാലപദ്ധതിയുടെ സാമ്പത്തിക, വാണിജ്യവശങ്ങൾ മാത്രം പുറത്തുവിടുകയും അക്കാര്യത്തിൽ അറബ്-മുസ്ലിം രാഷ്ട്രങ്ങളുടെ പിന്തുണ ഉറപ്പാക്കുകയുമാണ് കുഷ്നറിെൻറ തന്ത്രം.
ഇതിനായി ഇൗ മാസം 25, 26 തീയതികളിൽ ബഹ്റൈനിൽ ഉച്ചകോടി വിളിച്ചുചേർത്തിട്ടുണ്ട്. ഫലസ്തീനിെല വെസ്റ്റ് ബാങ്കിലും ഗസ്സയിലും അറബ് നിക്ഷേപം വർധിപ്പിക്കാനുള്ള പദ്ധതിയാണ് ഉച്ചകോടിയിൽ ചർച്ച ചെയ്യപ്പെടുകയെന്നറിയുന്നു. എന്നാൽ, പദ്ധതി ഏതു വിധമായിരുന്നാലും ഫലസ്തീനെ അവഗണിച്ചും ഇസ്രായേൽ രാഷ്ട്രത്തിനു കൂടുതൽ വികാസം നേടിക്കൊടുക്കുന്നതുമാവും പുതിയ പദ്ധതിയെന്ന് ഫലസ്തീനികൾ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയം വിട്ട് സാമ്പത്തിക നിക്ഷേപകാര്യങ്ങൾ മാത്രം ചർച്ച ചെയ്യുന്ന ബഹ്റൈൻ ഉച്ചകോടി ബഹിഷ്കരിക്കുമെന്ന് ഫലസ്തീൻ അതോറിറ്റി ഇതിനകം അറിയിച്ചു കഴിഞ്ഞു. മറ്റു രാജ്യങ്ങളോട് ഇക്കാര്യത്തിൽ അവർ പിന്തുണ തേടിയിട്ടുമുണ്ട്.
തെൻറ സ്വപ്നപദ്ധതിയുമായി ഇസ്രായേലിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലും കുഷ്നർ പര്യടനം ആരംഭിച്ചുകഴിഞ്ഞു. എന്നാൽ, മുന്നണി രൂപവത്കരണത്തിനു സാധിക്കാതെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഭരണം കൈയൊഴിയേണ്ട സാഹചര്യം എത്തിയിരിക്കെ ഇൗ നീക്കം പൊളിയുമെന്ന് അമേരിക്കക്ക് ആശങ്കയുണ്ട്. അതിനാൽ നെതന്യാഹുവിനെ ഏതു വിധേനയും വീണ്ടും അധികാരത്തിൽ അവരോധിക്കാനുള്ള സർവവിദ്യയും പയറ്റുകയാണിപ്പോൾ ട്രംപ്. ഇതെല്ലാം മുന്നിൽ വെക്കുേമ്പാൾ കുഷ്നർ പദ്ധതി ഫലസ്തീൻ രാഷ്ട്രം ജനതയുടെ സ്വപ്നത്തിൽ അവശേഷിപ്പിച്ച് വിശാല ഇസ്രായേൽ രാഷ്ട്രത്തിന് നിയമസാധുത നേടിക്കൊടുക്കാനുള്ള ആസൂത്രിതനീക്കമാണെന്ന സംശയം കൂടുതൽ ബലപ്പെടുകയാണ്. ജറൂസലം ഇസ്രായേലിന് തീറെഴുതിക്കഴിഞ്ഞ അമേരിക്കയുടെ നീക്കം സയണിസ്റ്റ് തീവ്രവാദികൾക്ക് വമ്പിച്ച ആവേശമാണ് നേടിക്കൊടുത്തത്.
ദീർഘകാലമായി തർക്കത്തിലിരുന്ന വിഷയത്തിൽ അമേരിക്ക തന്ത്രപരമായ തീർപ്പുണ്ടാക്കിയതോടെ ഫലസ്തീനികളെ പരമാവധി പുറന്തള്ളി സ്വപ്നരാജ്യത്തിെൻറ സമ്പൂർണ സാക്ഷാത്കാരത്തിനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് വലതുപക്ഷ ജൂതജനവിഭാഗം. ഇരുകൂട്ടരും അവകാശവാദമുന്നയിക്കുന്ന പ്രദേശമായതിനാൽ ജറൂസലമിൽ എല്ലാ വർഷവും റമദാനിലെ അവസാനത്തെ 10 നാളുകളിൽ മുസ്ലിംകൾക്ക് ആരാധനക്കായി വിട്ടുകൊടുക്കുന്ന പതിവുണ്ട്. എന്നാൽ, ഇത്തവണ 1967 െല അറബ്-ഇസ്രായേൽ യുദ്ധവിജയം അനുസ്മരിച്ച് ഇസ്രായേൽ കൊണ്ടാടുന്ന ജറൂസലം ദിനാചരണത്തോടനുബന്ധിച്ച് ഞായറാഴ്ച സയണിസ്റ്റ് തീവ്രവാദികൾ സൈന്യത്തിെൻറ പിന്തുണയോടെ അൽ അഖ്സ പള്ളിയിലേക്ക് അതിക്രമിച്ചുകയറി മുസ്ലിംകളെ മുഴുവൻ ആട്ടിപ്പുറത്താക്കി. കഴിഞ്ഞ 30 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരനുഭവം. ഇതിനെതിരെ പ്രതിഷേധമുയർത്തിയ ഫലസ്തീനികളെ കൈകാര്യം ചെയ്യാനും വലതുപക്ഷ തീവ്രവാദികളുടെ ഇരച്ചുകയറ്റത്തിന് സഹായമൊരുക്കാനും ഇസ്രായേൽ സേന കാര്യക്ഷമമായി രംഗത്തിറങ്ങി. ഇതിനെതുടർന്ന് റമദാെൻറ ഒടുവിലെ നാളുകളിൽ ഖുദ്സിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.
ഇൗ നിർണായകസന്ദർഭത്തിലാണ് മുസ്ലിം രാഷ്ട്രങ്ങളുടെ സഹകരണ കൗൺസിൽ ഫലസ്തീന് പിന്തുണ പ്രഖ്യാപിക്കുന്നതും അതിെൻറ ചരിത്രപരമായ സവിശേഷതയെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾ വകവെച്ചുകൊടുക്കില്ലെന്ന് ഉറപ്പിച്ചു പറയുന്നതും. ഫലസ്തീനികളെ ഉന്മൂലനം ചെയ്യുന്ന സയണിസ്റ്റ് ഭീകരതയും ഫലസ്തീനെ ക്രമപ്രവൃദ്ധമായി ഇല്ലാതാക്കാനുള്ള അമേരിക്കൻ പദ്ധതിയും ഒത്തുചേരുേമ്പാൾ വർഷങ്ങളായി ചോരയും ജീവനും കൊടുത്ത് സ്വസ്ഥമായൊരു ദേശത്തിനും ജീവിതത്തിനുംവേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന ഫലസ്തീനികളെ സഹായിക്കാൻ മനുഷ്യപ്പറ്റുള്ളവരെല്ലാം മുന്നോട്ടുവരേണ്ടതാണ്. ആ സന്നദ്ധതയാണ് മക്ക ഉച്ചകോടി പ്രഖ്യാപനത്തിെൻറ കാതൽ. പ്രഖ്യാപനം പ്രായോഗികരൂപമണിയുകയെന്നത് ഫലസ്തീനികളെപ്പോലെ ലോകത്തുള്ള എല്ലാ മനുഷ്യരുടെയും ആശയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.