ഇന്ത്യയിൽ ഓക്സ്ഫഡ്- ആസ്ട്ര സെനക വാക്സിൻ ഉപയോഗത്തിന് വിദഗ്ധസമിതി ഡ്രഗ്സ് കൺട്രോളർക്ക് (ഡി.സി.ജി.ഐ) ശിപാർശ നൽകുകയും സംസ്ഥാനങ്ങളിൽ ഡ്രൈ റൺ എന്ന മുന്നൊരുക്ക കുത്തിവെപ്പ് നടത്തുകയും ചെയ്തതോടെ പ്രതിരോധമരുന്ന് ഉപയോഗത്തിന് വഴിതുറന്നിരിക്കുന്നു. രാജ്യവ്യാപകമായി വാക്സിൻ വിതരണം തുടങ്ങാൻ പോവുകയാണ്. ഇന്ത്യയിൽ നിർമിച്ച രണ്ടു വാക്സിനുകളുടെ മൂന്നാംഘട്ട പരീക്ഷണഫലങ്ങളും തയാറായിട്ടുണ്ട്. വിദഗ്ധ സമിതി ഇവ പരിശോധിക്കാൻ പോകുന്നു.
പ്രതിരോധ മരുന്നിനായുള്ള കാത്തിരിപ്പും മരുന്നുവിപണിയിൽ ഇടംകണ്ടെത്താനുള്ള നിർമാതാക്കളുടെ മത്സരവും ചേരുേമ്പാൾ സംഭവിക്കാവുന്ന പാളിച്ചകൾ മുൻകൂട്ടി കണ്ടെത്തി പരിഹരിക്കുക അധികൃതരുടെ ഉത്തരവാദിത്തമാണ്. മുമ്പു നടന്നിട്ടില്ലാത്തത്ര വ്യാപകമായ ഒരു യജ്ഞം സംഘടിപ്പിക്കുേമ്പാൾ ഓരോ ചുവടും നിർണായകവും നല്ല ശ്രദ്ധ ആവശ്യപ്പെടുന്നതുമാണ്. കുഞ്ഞുങ്ങൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ നടത്തുന്ന പരിചയമാണ് ഇന്ത്യയിലെ ആരോഗ്യരംഗത്തിനുള്ളത്.
എന്നാൽ, വിവിധ പ്രായക്കാരെ മുൻഗണന അനുസരിച്ച് കണ്ടെത്തി, മറ്റു മുൻഗണനവിഭാഗങ്ങളെയും യഥാസമയം ഉൾപ്പെടുത്തി, ഓരോരുത്തർക്കും നിശ്ചിത കാലയളവിൽ രണ്ട് ഡോസ് വീതം നൽകുന്നതിന് വമ്പിച്ച ഒരുക്കവും സന്നാഹവും ആവശ്യമുണ്ട്. ഒന്നിലേറെ മരുന്ന് ഉപയോഗിക്കാൻ അനുമതി ലഭിക്കുന്ന സാഹചര്യത്തിലാകട്ടെ, ഒരാൾക്ക് ഒരേ മരുന്നിെൻറ ഡോസുകളാണ് നൽകുന്നതെന്നും ഉറപ്പുവരുത്തണം. 'കോ-വിൻ' എന്ന ഐ.ടി പ്ലാറ്റ്ഫോം ഇതിനായി സജ്ജമാക്കിയിട്ടുണ്ട്; എങ്കിൽപോലും പദ്ധതി നടപ്പിൽവരുത്തുന്നിടത്ത് കേന്ദ്ര-സംസ്ഥാന-തേദ്ദശതലങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ ഏകോപിത പ്രവർത്തനം ആവശ്യമാണ്. ജനങ്ങളുടെ തന്നെ സജീവ ശ്രദ്ധകൂടി ആവശ്യപ്പെടുന്ന പ്രവർത്തനമാണിത്.
എത്രയുംവേഗം വാക്സിൻ കണ്ടുപിടിച്ച് മഹാമാരിയെ തളക്കാനുള്ള തിടുക്കത്തിൽ മരുന്നുപരീക്ഷണം തീർത്തും അന്യൂനമാക്കാൻ കഴിഞ്ഞിട്ടില്ല. പരിശോധന ഘട്ടങ്ങൾ കുറക്കേണ്ടിവന്നിട്ടുണ്ട്. വിദഗ്ധ സമിതികൾക്കുമേലും മരുന്നിന് എത്രയുംവേഗം അംഗീകാരം നൽകാനുള്ള സമ്മർദമുണ്ടാകുന്നതും സ്വാഭാവികമാണ്. ഇതിനുപുറമെയാണ് വകഭേദം വന്ന അതിവേഗ വൈറസിെൻറ വരവ് സൃഷ്ടിച്ച സങ്കീർണതകൾ. ബ്രിട്ടനിൽ അത് വളരെ കൂടുതലായി കണ്ടെത്തിയ സമയത്ത് ആ രാജ്യം ലോകത്ത് ആദ്യമായി വാക്സിൻ കുത്തിവെച്ച് തുടങ്ങിയിരുന്നു.
പുതിയ തീവ്ര വൈറസുണ്ടാക്കിയ രോഗവ്യാപ്തി വാക്സിനേഷന് പുതിയ പ്രശ്നം സൃഷ്ടിച്ചു. എത്രയുംവേഗം എത്രയും കൂടുതലാളുകൾക്ക് പ്രതിരോധമരുന്ന് കുത്തിവെക്കേണ്ടത് അത്യാവശ്യമായിവന്നു. ഈ ഘട്ടത്തിൽ ബ്രിട്ടൻ സ്വീകരിച്ച തന്ത്രം, രണ്ടാമത്തെ ഡോസ് നൽകുന്നത് വൈകിച്ചു അത്രയും കൂടുതലാളുകളിൽ ആദ്യഡോസ് എത്തിക്കുകയാണ്. രണ്ടു ഡോസിനുമിടക്കുള്ള സമയം ഇങ്ങനെ ദീർഘിപ്പിക്കുേമ്പാൾ മരുന്നിെൻറ പ്രതിരോധശേഷി കുറഞ്ഞേക്കുമെന്ന പ്രശ്നം ഇതിലുണ്ട്; അത്യാവശ്യത്തിനു മുന്നിൽ കരുതൽ ഒഴിഞ്ഞുകൊടുക്കേണ്ടിവരുന്നതിെൻറ ഉദാഹരണമാണിത്.
കുറ്റമറ്റ പ്രതിരോധ രീതികൾ വികസിപ്പിക്കുന്നതുവരെ ഇന്നത്തെ ചിട്ടകളും ഒപ്പം പ്രതിരോധ കുത്തിവെപ്പും ഒരുമിച്ചുകൊണ്ടുപോേകണ്ടി വരും. ചുരുക്കത്തിൽ, മുന്നനുഭവമില്ലാത്ത മഹാമാരിക്കെതിരെ വ്യാപകമായി കുത്തിവെപ്പ് നടത്തുേമ്പാൾ സൗകര്യങ്ങളൊരുക്കുന്നതിനൊപ്പം നിരന്തരമായ തുടർപരിശോധനയും വിമർശനാത്മക വിലയിരുത്തലും വേണ്ടതുണ്ട്.
മറ്റു പല പാഠങ്ങൾക്കുമൊപ്പം ആരോഗ്യമേഖലയിലെ സർക്കാർ ഇടപെടലിെൻറയും സേവനത്തിെൻറയും പ്രാധാന്യം കൂടി കോവിഡ് മഹാമാരി നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ആരോഗ്യസേവനങ്ങൾ പൊതുമേഖലയിലായിടത്തെല്ലാം കോവിഡ് കെടുതികൾ താരതമ്യേന കുറവാണ്; പ്രതിരോധ പ്രവർത്തനങ്ങൾ എളുപ്പവുമാണ്. ഇന്ത്യയിൽ കേരളം രോഗവ്യാപനത്തിൽ മുന്നിലായപ്പോഴും ചികിത്സയിൽ പിറകോട്ടുപോയില്ല. മരണനിരക്കും താരതമ്യേന കുറവാണ്. ഏറ്റവും പരിഷ്കൃതവും ശക്തവുമെന്നുപറയുന്ന അമേരിക്കയുടെ സ്ഥിതി മറിച്ചാണ്. സേവനരംഗങ്ങളിലെ സർക്കാർ നിക്ഷേപം കുറവാണെന്നതിനുപുറമെ, ഉണ്ടായിരുന്ന 'ഒബാമ കെയർ' സൗകര്യങ്ങൾപോലും ട്രംപ് സർക്കാർ ഒഴിവാക്കി.
കോവിഡിെൻറ ആക്രമണത്തിനുമുന്നിൽ അമേരിക്ക പകച്ചുനിൽക്കേണ്ടിവന്നത് ഇതുകൊണ്ടുകൂടിയാണ്. മരണനിരക്ക് വർധിക്കാനും അത് കാരണമായി. കേരളത്തിൽ സ്ഥിതി ഭേദമാണെങ്കിലും ഇന്ത്യയിലെ മറ്റുപല സംസ്ഥാനങ്ങളിലും പൊതുജനാരോഗ്യ സംവിധാനം അവഗണിക്കപ്പെട്ടുകിടക്കുന്നു. ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും സർക്കാർ മുതലിറക്ക് വല്ലാതെ കുറഞ്ഞുപോകുന്നത് മൂന്നുനാല് പതിറ്റാണ്ടായി രാജ്യം കാണുന്നതാണ്. ഇതിനെതിരായ മുന്നറിയിപ്പുകൾ ഭരണകൂടങ്ങൾ ശ്രദ്ധിക്കാറില്ല. ഇപ്പോൾ കോവിഡ്-19 വേണ്ടിവന്നു അത് എല്ലാവർക്കും ബോധ്യപ്പെടാൻ.
പാർലമെൻറ് സ്ഥിരം സമിതി ഇപ്പോൾ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച പ്രശ്നങ്ങൾ വിലയിരുത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരിക്കുന്നു. സമഗ്രമായ ഒരു പൊതുജനാരോഗ്യ നിയമം വേണമെന്നാണ് സമിതി ശിപാർശ ചെയ്യുന്നത്. സ്വകാര്യ മേഖലയുടെ ചൂഷണത്തിന് ഈ മേഖല വിട്ടുകൊടുത്തതോടെ രാജ്യത്തെ കോടിക്കണക്കിന് പാവങ്ങൾ അടിസ്ഥാന ആരോഗ്യ സേവനങ്ങൾ കിട്ടാത്ത സ്ഥിതിയിലാണ്. പാർലമെൻറ് സമിതി ഇതിന് സ്വകാര്യമേഖലയുടെ ചൂഷണ മനഃസ്ഥിതിയെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും അത്തരം സാഹചര്യം സൃഷ്ടിച്ചതും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും ഭരണകൂടമാണെന്നത് മറന്നുകൂടാ. കോവിഡിനെതിരായ പോരാട്ടം പുതിയ ഘട്ടത്തിലെത്തുേമ്പാൾ ഇത്തരം പിഴവുകൾകൂടി തിരുത്താനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.