കുറ്റമറ്റ സുരക്ഷാ സംവിധാനങ്ങൾ ഉൾക്കൊള്ളുന്നതെന്ന് കൊട്ടിഗ്ഘോഷിച്ച് കെട്ടിപ്പടുത്ത പുത്തൻ പാർലമെൻറ് കെട്ടിടത്തിനുള്ളിൽ കഴിഞ്ഞദിവസം മിന്നലാക്രമണം നടന്നത് രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നു. പാർലമെൻറ് നടപടികൾ റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾപോലും കർശന പരിശോധനകൾക്ക് ശേഷം മാത്രം കടത്തിവിടുന്നിടത്താണ് പുകത്തോക്ക് ഒളിപ്പിച്ചുപിടിച്ച ആക്രമികൾ കടന്നുകയറിയത്. ബി.ജെ.പി എം.പിയുടെ ശിപാർശയിൽ പാസ് തരപ്പെടുത്തിയ ആക്രമികൾ സന്ദർശക ഗാലറിയിൽനിന്ന് സഭയുടെ നടുത്തളത്തിലേക്ക് എടുത്തുചാടിയ രീതിയും എം.പിമാർക്കുനേരെ പാഞ്ഞടുത്തതുമെല്ലാം കൃത്യമായ ആസൂത്രണത്തോടെയല്ലെന്ന് കരുതാനാവില്ല. ആക്രമികളിൽനിന്ന് മാരകായുധങ്ങൾ കണ്ടെടുക്കാഞ്ഞതും ആളപായം ഉണ്ടായില്ലെന്നതും ഈ അതിക്രമത്തിന്റെ ഗൗരവം ഒട്ടും കുറക്കുന്നുമില്ല.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തുന്ന വായ്ത്താരികൾക്കും മടിശ്ശീല മാധ്യമങ്ങളുടെ വാഴ്ത്തുപാട്ടുകൾക്കുമപ്പുറം രാജ്യസുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ എത്രമാത്രം പരാജയമാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബുധനാഴ്ച പാർലമെന്റിൽ നടമാടിയ സംഭവങ്ങൾ. 24 മണിക്കൂർ പിന്നിട്ടശേഷവും മിന്നലാക്രമണം സംബന്ധിച്ച് രാജ്യസമക്ഷം ഒരു പ്രസ്താവന നടത്താൻപോലും തയാറായില്ലെന്നത് സർക്കാർ പുലർത്തുന്ന ഉപേക്ഷക്ക് അടിവരയിടുന്നു. പത്തുവർഷത്തോളമായി രാജ്യത്ത് അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോദി സർക്കാർ ഇക്കാലത്തിനിടയിൽ സമാന സംഭവങ്ങളിൽ കൈക്കൊണ്ട നിലപാടുകൾ ഓർമിക്കുന്നവർക്ക് ഇതിൽ കാര്യമായ അദ്ഭുതം തോന്നാൻ വഴിയില്ല.
പുൽവാമയിലുണ്ടായ പാക് ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെടാനിടയാക്കിയത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചമൂലമായിരുന്നെന്ന് ബി.ജെ.പിക്കാരൻ തന്നെയായിരുന്ന മുൻ ജമ്മു- കശ്മീർ ഗവർണർ സത്യപാൽ മാലികാണ് രാജ്യത്തോട് തുറന്നുപറഞ്ഞത്. സി.ആർ.പി.എഫ് വാഹനവ്യൂഹത്തിൽ ഇടിച്ചുകയറ്റാനായി പാകിസ്താനിൽനിന്നെത്തിയ കാർ 300 കിലോ ആർ.ഡി.എക്സുമായി നഗര-ഗ്രാമഭേദമന്യേ സൈനിക വലയമുള്ള കശ്മീരിലൂടെ 15 ദിവസത്തോളം കറങ്ങിനടന്നെന്ന ആരോപണത്തെ ഖണ്ഡിക്കാൻ നാളിതുവരെ സർക്കാർ വൃത്തങ്ങൾക്ക് സാധിച്ചിട്ടില്ല. പുൽവാമ രക്തസാക്ഷികളുടെ പേരുപറഞ്ഞ് 2019ലെ പൊതുതെരഞ്ഞെടുപ്പിൽ വോട്ടുനേടിയതാരെന്നും ഏവർക്കുമറിയാം.
നമ്മുടെ അയൽരാജ്യമായ ചൈനയുടെ അജണ്ട നടപ്പാക്കാൻ പ്രവർത്തിച്ചുവെന്ന് ഒരു വിദേശപത്രത്തിൽ വന്ന റിപ്പോർട്ടിന്റെ പേരിൽ ന്യൂസ് ക്ലിക് എന്ന മാധ്യമസ്ഥാപനത്തിൽ റെയ്ഡ് നടത്താനും പത്രാധിപരെ അറസ്റ്റു ചെയ്യാനും ഒരുമ്പെടുന്ന കേന്ദ്രസർക്കാർ ചൈന നടത്തുന്ന കടന്നുകയറ്റങ്ങളോട് കൈക്കൊള്ളുന്ന രീതിയെന്താണ്? 2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ പ്രകോപനമേതുമില്ലാതെ ചൈനീസ് സൈന്യം നടത്തിയ കടന്നാക്രമണത്തിൽ 20 ഇന്ത്യൻ സൈനികരാണ് രക്തസാക്ഷികളായത്. ഇന്ത്യയുടെ അവിഭാജ്യ മേഖലയായ അരുണാചൽ പ്രദേശിലേക്ക് കടന്നുകയറി ചൈന ഗ്രാമങ്ങൾ നിർമിച്ചെന്ന റിപ്പോർട്ട് വന്ന് മാസങ്ങളായിട്ടും ഇതിനെക്കുറിച്ച് നാളിതുവരെ സർക്കാർ പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ അതിർത്തിയിൽ സൈനികനീക്കം നടത്തിയെന്ന് അവകാശപ്പെടുന്ന ചൈനയുടെ ഭരണാധികാരിയെ ഒന്നിലേറെ തവണ നേരിൽ കണ്ടിട്ടും കളംവിട്ട് കളിക്കരുതെന്ന് താക്കീത് നൽകാനും നമ്മുടെ രാഷ്ട്രമേധാവിക്ക് സാധിച്ചില്ല.
മണിപ്പൂർ സംസ്ഥാനം കത്തിയെരിയാൻ തുടങ്ങിയിട്ട് മാസങ്ങളെത്ര പിന്നിട്ടു. 175ലേറെ പേർ കൊല്ലപ്പെടുകയും ജനങ്ങളുടെ സ്വത്തുവകകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരിക്കുന്നു. അവിടം സന്ദർശിക്കണമെന്ന കൂട്ടായ മുറവിളികൾക്ക് ട്രെയിനുകളും പാലവും ഉദ്ഘാടനം ചെയ്യാൻ സംസ്ഥാനങ്ങളിലൊന്നൊന്നായി പറന്നിറങ്ങുന്ന, കൃത്യാന്തര ബാഹുല്യത്തിനിടയിലും ലോകരാഷ്ട്ര സന്ദർശനങ്ങൾക്ക് സമയം കണ്ടെത്തുന്ന പ്രധാനമന്ത്രി ചെവികൊടുത്തില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ, വിശിഷ്യാ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അരങ്ങേറുന്ന വിദ്വേഷക്കൊലകളുടെയും കലാപങ്ങളുടെയും കാര്യത്തിലും പ്രധാനമന്ത്രിയുടെ പ്രതികരണം മറിച്ചല്ല.
പാർലമെൻറ് മിന്നലാക്രമണ വിഷയത്തിൽ ജനപ്രതിനിധി സഭക്കു മുന്നിൽ കാര്യങ്ങൾ കൃത്യപ്പെടുത്തി വിശദീകരിക്കുന്നതിന് പകരം അതാവശ്യപ്പെടുന്ന പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കാനുള്ള ധാർഷ്ട്യം പ്രകടിപ്പിക്കുക വഴി കേന്ദ്രസർക്കാർ പ്രസരിപ്പിക്കുന്ന സന്ദേശം അത്യന്തം അപകടകരമാണ്. ഈ നിരുത്തരവാദ സമീപനത്തെ രാജ്യം വകവെച്ചുകൊടുത്തുകൂടാ. രാജ്യരക്ഷ സംബന്ധിച്ച എല്ലാ പുകമറകളും നീക്കാൻ സർക്കാർ തയാറായേ മതിയാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.