കാലടി സർവകലാശാലയിലെ മലയാളം അധ്യാപക തസ്തികയിലെ മുസ്ലിം സംവരണ സീറ്റിലേക്ക് സി.പി.എം നേതാവ് എം.ബി. രാജേഷിെൻറ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നൽകിയ സംഭവം വിവാദമാവുകയാണ്. വിവിധ സർവകലാശാലകളിലും സർക്കാർ സ്ഥാപനങ്ങളിലും പാർട്ടി പ്രവർത്തകർക്കും പാർട്ടിയുടെ യുവജന നേതാക്കളുടെ ഭാര്യമാർക്കും വ്യാപകമായി നിയമനം നൽകുകയും നൽകിയ നിയമനങ്ങൾ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നുവെന്ന വിമർശനം ശക്തമായിരിക്കുന്ന സാഹചര്യത്തിൽതന്നെയാണ് കാലടി സർവകലാശാലയിലെ നിയമനവും നടക്കുന്നത്. സി.പി.എമ്മിെൻറ മറ്റൊരു യുവജനനേതാവായ എ.എൻ. ഷംസീറിെൻറ ഭാര്യക്ക് നേരത്തെ കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിയമനം നൽകിയത് കോടതിനടപടികളെ തുടർന്ന് റദ്ദാക്കേണ്ടിവന്നിരുന്നു. കണ്ണൂരിലെ ശ്രമം പരാജയപ്പെട്ടപ്പോൾ ഭാര്യയെ കാലിക്കറ്റ് സർവകലാശാലയിൽ കുടിയിരുത്താനായി ശ്രമം.
അതും ഏറെ വിവാദങ്ങൾ ഉയർത്തിയ ശേഷം പരാജയപ്പെട്ടു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള 2020 ഡിസംബറിലെ സിൻഡിക്കേറ്റ് തീരുമാനം ഹൈകോടതി സ്റ്റേ ചെയ്തതും ഇതുമായി ചേർത്തു വായിക്കണം. സി.പി.എം ഏരിയ സെക്രട്ടറിയുടെ മകനടക്കമുള്ള സ്വന്തക്കാർക്ക് വിവിധ തസ്തികകളിൽ നേരത്തെ താൽക്കാലിക നിയമനം നൽകിയിരുന്നു. കമ്പ്യൂട്ടർ േപ്രാഗ്രാമർ ഉൾപ്പെടെയുള്ള തസ്തികകളിൽ 'ജോലി' ചെയ്യുന്ന പ്രസ്തുത താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് ഡിസംബറിൽ എടുത്തത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിയോജനക്കുറിപ്പുപോലും മറികടന്നുകൊണ്ടായിരുന്നു സിൻഡിക്കേറ്റ് തീരുമാനം. തൊഴിൽതേടി അലയുന്ന ചെറുപ്പക്കാരിൽ ചിലർ കോടതിയെ സമീപിച്ചാണ് സ്റ്റേ സമ്പാദിച്ചത്.
വ്യാപകമായ പ്രതിഷേധങ്ങളും കോടതി ഇടപെടലുകളുമെല്ലാമുണ്ടായിട്ടും പിൻവാതിൽ നിയമനങ്ങൾ, പാർട്ടി നിയമനങ്ങൾ, അനധികൃത സ്ഥിരപ്പെടുത്തലുകൾ എന്നിവയുമായി മുന്നോട്ടുപോകാൻതന്നെയാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സർക്കാർ സ്ഥാപനമായ സി.ഡിറ്റിൽ കരാർ ജോലിക്കാരായ 114 പേരെ സ്ഥിരപ്പെടുത്താനാണ് ഫെബ്രുവരി മൂന്നിന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരിക്കുന്നത്. പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി 2021 ആഗസ്റ്റ് മൂന്നുവരെ ദീർഘിപ്പിക്കാൻ പി.എസ്.സിക്ക് ശിപാർശചെയ്യാൻ തീരുമാനിച്ച അതേ മന്ത്രിസഭ യോഗം തന്നെയാണ് സി.ഡിറ്റിലെ ഈ സ്ഥിരപ്പെടുത്തൽ മേളക്കും അംഗീകാരം നൽകിയിരിക്കുന്നത് എന്നതാണ് വിചിത്രം. ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടെ കണ്ണിൽ പൊടിയിടാൻമാത്രമാണ് ഈ റാങ്ക് ലിസ്റ്റ് ദീർഘിപ്പിക്കൽ എന്ന് ഇതിൽനിന്ന് മനസ്സിലാവും. തെരഞ്ഞെടുപ്പിെൻറ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പ് പരമാവധി തസ്തികകളിൽ സ്വന്തക്കാരെ നിയമിക്കാനും സ്ഥിരപ്പെടുത്താനുമാണ് സർക്കാർപദ്ധതി എന്ന് തോന്നിപ്പിക്കുന്ന വിധമാണ് അസാധാരണ വേഗത്തിലുണ്ടാവുന്ന നടപടികൾ.
കാലടി സർവകലാശാലയിലെ നിയമനത്തിനെതിരെ ഇൻറർവ്യൂ ബോർഡിലുണ്ടായിരുന്ന മൂന്ന് വിഷയ വിദഗ്ധർ തന്നെ രംഗത്തുവന്നിട്ടുണ്ട്. തങ്ങൾ ഒന്നാം റാങ്കുകാരനായി പരിഗണിച്ച ആൾക്കല്ല നിയമനം നൽകിയിരിക്കുന്നത് എന്നതാണ് അവരുടെ വാദം. ഈ വസ്തുതകൾ മുന്നിൽവെച്ച് അവർ വൈസ് ചാൻസലർക്ക് പരാതിയും നൽകിയിട്ടുണ്ട്. പിഎച്ച്.ഡിയും നെറ്റും യൂനിവേഴ്സിറ്റികളിലും കോളജുകളിലും പതിനഞ്ച് വർഷത്തോളം അധ്യാപനപരിചയവുമുള്ള ഉദ്യോഗാർഥിയെ തഴഞ്ഞുകൊണ്ടാണ് യുവജന നേതാവിെൻറ ഭാര്യക്ക് പരിഗണന നൽകിയിരിക്കുന്നത്.
24 ഗവേഷണ പ്രബന്ധങ്ങളും 30ലധികം ദേശീയ, അന്തർദേശീയ സെമിനാർ പ്രബന്ധങ്ങളും മൂന്ന് അവാർഡുകളും മലയാള സാഹിത്യമേഖലയിലെ അവഗാഹവും ഇൻറർവ്യൂ ബോർഡിലെ വിഷയവിദഗ്ധരുടെ ശിപാർശയുമൊന്നും സീറ്റ് നിഷേധിക്കപ്പെട്ട ആ ഉദ്യോഗാർഥിയെ തുണച്ചില്ല.എന്നാൽ, ഹൈസ്കൂൾ അധ്യാപനപരിചയം മാത്രമുള്ള, 253 പേർ പങ്കെടുത്ത പി.എസ്.സി പരീക്ഷയിൽ വെറും 212 ാം റാങ്ക് മാത്രമുള്ള എം.ബി. രാജേഷിെൻറ ഭാര്യ, മുസ്ലിം സംവരണസീറ്റിൽ നിയമനം നേടുന്ന അതിവിചിത്രമായ കാഴ്ചയാണ് നാം കാണുന്നത്. പാർട്ടി നേതാക്കളുടെ ബന്ധുക്കളെ പ്രത്യേകം തെരഞ്ഞെടുത്ത് സർക്കാർ പോസ്റ്റുകളിൽ നിയമിക്കുന്നതിലെ നീതികേട് മാത്രമല്ല ഇവിടെ വിഷയം.
സർവകലാശാലകൾപോലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പാർട്ടി ബന്ധം മാത്രം പരിഗണനയായി വരുമ്പോൾ സർവകലാശാലകളുടെ ഗുണനിലവാരത്തെ കൂടിയാണ് അത് ബാധിക്കുന്നത്. സർവകലാശാലകളുടെ അക്കാദമിക മഹത്വത്തെ ക്കുറിച്ചും വിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന സാംസ്കാരികപ്രവർത്തകരൊന്നും ഇതേക്കുറിച്ച് മിണ്ടുന്നില്ല എന്നതിൽ വലിയ അത്ഭുതമില്ല. ഭരണകൂടത്തിെൻറ ഇത്തരം കൈനീട്ടങ്ങൾ തങ്ങൾക്ക് നിഷേധിക്കപ്പെടുമോ എന്നതിനെക്കുറിച്ച് ആശങ്കയുള്ളവരാണവർ. വലിയ വിപ്ലവകാരികളായിട്ടുള്ള ഇടതു യുവജന നേതാക്കളാകട്ടെ, സ്വന്തക്കാരെ ഉന്നതസ്ഥാനങ്ങളിൽ കുടിയിരുത്തുന്നതൊക്കെ വലിയ അഭിമാനമായി കൊണ്ടുനടക്കുകയാണെന്ന് തോന്നുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.