നൊബേൽ സമാധാന സമ്മാനം പലപ്പോഴും വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ഇത്തവണ, പക്ഷേ, താരതമ്യേന ഭേദമാണ് നോർവീജിയൻ നൊബേൽ സമിതിയുടെ തീരുമാനം. ആണവായുധ നിരോധനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ െഎ.സി.എ.എൻ (െഎ കാൻ) ആണ് 2017ലെ പുരസ്കാരം നേടിയിരിക്കുന്നത്. ആണവായുധങ്ങൾ സൃഷ്ടിക്കുന്ന അതിഗുരുതരമായ പ്രശ്നങ്ങളിലേക്ക് ലോകശ്രദ്ധ ക്ഷണിക്കാനും അവ നിരോധിക്കാനുള്ള ധാരണ രൂപപ്പെടുത്താനുമായി നൂറോളം രാജ്യങ്ങളിൽനിന്നുള്ള സംഘടനകളടങ്ങുന്ന ഇൗ പ്രസ്ഥാനം നടത്തുന്ന ശ്രമങ്ങളാണ് പുരസ്കാരത്തിനുള്ള അർഹതയായി നൊബേൽ സമിതി വിലയിരുത്തുന്നത്. അന്താരാഷ്ട്ര ആണവോർജ സമിതിക്കും അതിെൻറ തലവൻ മുഹമ്മദ് അൽബറാദിക്കും മുമ്പ് സമാധാന സമ്മാനം നൽകിയതും ആണവോർജം ആയുധാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ ശ്രമിച്ചതിനായിരുന്നല്ലോ. കുഴിബോംബിനും ക്ലസ്റ്റർ ബോംബിനും ജൈവ-രാസായുധങ്ങൾക്കും നിരോധനമേർപ്പെടുത്താൻ തയാറായ ലോകത്തിന്, അവയെക്കാൾ മാരകമായ ആണവായുധങ്ങൾ ഇല്ലാതാക്കാൻ കഴിയേണ്ടതുണ്ട്. എന്നാൽ, ഇന്ന് ആണവായുധം എതിരാളിയെ തടയാനുള്ള ഉപാധി (deterrent) എന്നതിനപ്പുറം, പ്രയോഗിക്കാനുള്ള ആയുധം തന്നെയായി കണക്കാക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. യു.എസും ഉത്തര കൊറിയയും തമ്മിൽ ഇൗയിടെ നടന്ന വാഗ്വാദങ്ങൾ അങ്കലാപ്പു സൃഷ്ടിച്ചതാണ്. ആണവശക്തികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തർക്കങ്ങളും ഇസ്രായേലിെൻറ ആധിപത്യശീലവും ആണവായുധ പ്രയോഗത്തിനുള്ള സാധ്യത സൃഷ്ടിക്കുന്നതായും കരുതപ്പെടുന്നുണ്ട്. ആണവനിർവ്യാപന കരാർ ഒപ്പിട്ടവരും അല്ലാത്തവരും ആണവായുധം കൈവശമുള്ള രാജ്യങ്ങളിലുണ്ട്. ‘െഎ കാൻ’ പോലുള്ള പ്രസ്ഥാനങ്ങളുടെ ഇടപെടലിെൻറ പ്രസക്തി ഇവിടെയാണ്. ഇക്കൊല്ലം ജൂലൈയിൽ യു.എന്നിലെ 122 അംഗരാഷ്ട്രങ്ങൾ ആണവായുധ നിരോധനത്തിന് സമ്മതമറിയിച്ചത് ഇവരുടെ പ്രവർത്തനങ്ങളുടെകൂടി വിജയമാണ്. 50 രാഷ്ട്രങ്ങൾ ഇത് സ്ഥിരീകരിക്കുന്നതോടെ അന്താരാഷ്ട്ര നിരോധനം ഒൗപചാരികമായി നിലവിൽവരും. ഭ്രാന്തൻ രാഷ്ട്രങ്ങൾ അേപ്പാഴും അണുബോംബ് പ്രയോഗിക്കില്ലെന്ന് ഉറപ്പുപറയാനാവില്ലെങ്കിലും ആണവായുധത്തെ നിരോധനപ്പട്ടികയിൽ ഉൾപ്പെടുത്തിക്കിട്ടുന്നത് ചെറിയ കാര്യമല്ല.
മ്യാന്മർ നേതാവ് ഒാങ്സാൻ സൂചിക്ക് പണ്ട് നൽകിയ സമാധാന നൊബേൽ, അത് നൽകിയവർക്കുകൂടി നാണക്കേടായ സന്ദർഭമാണിത്. റോഹിങ്ക്യൻ സമൂഹത്തോട് മ്യാന്മറീസ് സർക്കാർ പുലർത്തുന്ന ദയാരഹിതമായ നിലപാടും വംശഹത്യക്കനുകൂലമായ സൂചിയുടെ പ്രസ്താവനകളും വ്യാപകമായ അഭയാർഥി പ്രവാഹവും കണ്ടുനിൽക്കേ ലോകം സ്വാഭാവികമായും സൂചിനേടിയ നൊബേൽ പുരസ്കാരത്തെ ചോദ്യംചെയ്യുന്നുണ്ട്. നൊബേൽ സമിതിയുടെ തെരഞ്ഞെടുപ്പുകളിൽ പലപ്പോഴും മുന്നിട്ടുനിന്നത് രാഷ്ട്രീയ പരിഗണനകളും മറ്റു താൽപര്യങ്ങളുമാണെന്ന ആരോപണവും അടിസ്ഥാനരഹിതമല്ല. യുദ്ധ ഭ്രാന്തന്മാർക്കും ഭീകരർക്കും സമാധാന സമ്മാനം നൽകുന്നതിലെ വൈരുധ്യം പോലും കാണാതെ പോയിട്ടുണ്ട്. ഫലസ്തീൻ നേതാവ് യാസിർ അറഫാത്തിനൊപ്പം സമ്മാനം പങ്കിട്ട ഇസ്രായേലി നേതാക്കൾ യിത്സാക് റബീനും ഷിമോൺ പെരസും അത് നേടിയത് ഒാസ്ലോ കരാറിെൻറ പേരിലാണെങ്കിലും ആ കരാറിനെ ഉപകരണമാക്കി കൂടുതൽ അധിനിവേശ ക്രൂരതകൾ ചെയ്തുകൊണ്ടാണ് അവരും അവരുടെ പിൻഗാമികളും ‘അർഹത’ തെളിയിച്ചത്. അതിനുമുമ്പ് സമ്മാനിതനായിരുന്ന ഇസ്രായേലിെൻറതന്നെ മെനാഹം ബെഗിൻ, പ്രൈസ് വാങ്ങി നാലാം കൊല്ലം ലബനാനെ കടന്നാക്രമിച്ചു. പൊതുവെ സൗമ്യനെന്നു വിലയിരുത്തപ്പെടുന്ന ബറാക് ഒബാമ, അഫ്ഗാനിസ്താനിലേക്ക് കൂടുതൽ സൈനികരെ കൊല്ലാനയച്ചത് പുരസ്കാരം വാങ്ങി ഏതാനും മാസങ്ങൾക്കുള്ളിലാണ് -ക്ഷമാപണ സ്വരത്തോടെ അദ്ദേഹമത് സ്വീകാരപ്രസംഗത്തിൽ ഏറ്റുപറഞ്ഞെന്നുമാത്രം. വിയറ്റ്നാമിൽ ശാന്തി കൈവരുത്തിയെന്ന് പറഞ്ഞ് യു.എസിെൻറ ഹെൻറി കിസിംഗർക്ക് നൽകിയ സമാധാന നൊബേലും ഒട്ടും അർഹിക്കാത്തതായിരുന്നു. ശാന്തി പുലർന്നില്ലെന്ന് മാത്രമല്ല, അതിനുള്ള വഴി അമേരിക്ക അടച്ചതിെൻറ പേരിൽ അദ്ദേഹത്തിെൻറ സഹസമ്മാനിതൻ ലെ ഡക് തോ (ഉത്തര വിയറ്റ്നാം) സമ്മാനം നിരസിക്കുകതന്നെ ചെയ്തു.
സമ്മാനിതരുടെ അർഹതയെക്കാൾ നൊബേൽ സമാധാന പുരസ്കാരത്തിന് പ്രസക്തി നൽകുന്നത് ഒരുപക്ഷേ, അത് പൊതുവായി സൃഷ്ടിക്കുന്ന മനോഭാവമായിരിക്കും. സൂചി 1991ൽ തികച്ചും അർഹിച്ചിരുന്ന സമ്മാനം 26 വർഷത്തിനുശേഷം തിരിച്ചെടുക്കണമെന്ന ആവശ്യമുയർന്നത് ഇൗ സമ്മാനത്തിെൻറ മൂല്യത്തെക്കുറിച്ച വിചാരം കൊണ്ടുതന്നെ. നൊബേൽ ജേതാക്കൾ സൂചിക്കെഴുതിയ കത്തും ഇതേ മനോഭാവത്തിെൻറ പ്രതിഫലനമാണ്. വിവാദങ്ങളെത്ര ഉണ്ടായാലും, സമാധാനത്തിനുവേണ്ടിയുള്ള മനുഷ്യരാശിയുടെ അദമ്യമായ ആഗ്രഹത്തിെൻറ പ്രതീകമെന്ന നിലക്കാണ് നൊബേൽ സമാധാന പുരസ്കാരം അംഗീകാരം നേടുന്നത് -അത് നേടുന്നവർ എന്തെല്ലാമാണ് എന്നതിനേക്കാൾ, എന്തെല്ലാമായിരിക്കണം എന്ന ശക്തമായ ഒരു മൂല്യബോധം ലോകത്ത് നിലനിൽക്കുന്നു. ആ മൂല്യബോധം തന്നെയാണ് ഏത് സമ്മാനത്തേക്കാളുമധികം ലോകസമാധാനത്തിനുള്ള ഉദ്യമങ്ങൾക്ക് കരുത്തും പ്രചോദനവുമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.