പ്ലസ് വൺ പ്രവേശനം: പുതിയ പഠനസംഘം വരുമ്പോൾ

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതപഠനത്തിന് യോഗ്യത നേടിയ മുഴുവൻ പേർക്കും സംസ്ഥാനത്ത് തുടർപഠനത്തിന് അവസരമൊരുക്കുമെന്നായിരുന്നു ഫലം പുറത്തുവന്നപ്പോൾ വിദ്യാഭ്യാസമന്ത്രിയുടെ വാഗ്ദാനം. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇക്കുറി പ്ലസ് വൺ സീറ്റ് അപര്യാപ്തത ഉണ്ടാവില്ലെന്നും ആവശ്യമെങ്കിൽ സീറ്റ് വർധിപ്പിച്ച് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം ആവർത്തിച്ച് ഉറപ്പുനൽകുകയും ചെയ്തു.

പ്ലസ് വൺ പ്രവേശനപ്രക്രിയ പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും മന്ത്രിയും സർക്കാറും പറഞ്ഞുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്: ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവൻ പേർക്കും ഇതാദ്യമായി സർക്കാർ തുടർപഠനത്തിന് അവസരമൊരുക്കിയിരിക്കുന്നു. ഇതുസംബന്ധിച്ച കണക്കുകൾ ഇക്കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ മന്ത്രിതന്നെ പുറത്തുവിടുകയുണ്ടായി.

ഹയർ സെക്കൻഡറിയിലും വൊക്കേഷനൽ ഹയർ സെക്കൻഡറിയിലുമായി ഈ വർഷം നാലേകാൽ ലക്ഷത്തോളം പേർ അഡ്മിഷൻ നേടിയെന്നും മുൻവർഷങ്ങളിൽ സീറ്റുക്ഷാമം നേരിട്ട മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാൻ കഴിഞ്ഞുവെന്നുമായിരുന്നു മന്ത്രിയുടെ അവകാശവാദം; എന്നല്ല, എല്ലാവരും അഡ്മിഷൻ നേടിയശേഷം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുവെന്നും മന്ത്രി സഭയെ അറിയിച്ചു.

എന്നാൽ, ഈ വാദങ്ങൾ പൂർണമായും ശരിയല്ലെന്ന് തെളിയിക്കുന്ന കണക്കുകൾ കഴിഞ്ഞദിവസം ‘മാധ്യമം’ പുറത്തുവിടുകയുണ്ടായി. മന്ത്രിയും സർക്കാറും ഇടതുപക്ഷവും അവകാശപ്പെടുന്നപോലെ, പ്ലസ് വൺ പ്രവേശനത്തിൽ റെക്കോഡ് സ്ഥാപിച്ചിരുന്നുവെങ്കിൽ ഓപൺ സ്കൂൾ (സ്കോൾ കേരള) വഴിയുള്ള പ്രവേശനത്തിൽ നന്നേ കുറവ് വരേണ്ടതായിരുന്നു. കാരണം, റെഗുലർ പഠനത്തിന് അവസരം നിഷേധിക്കപ്പെടുന്നവരാണല്ലോ മിക്കപ്പോഴും ഓപൺ സ്കൂൾ തിരഞ്ഞെടുക്കുക. ഈ രീതിയിൽ പ്രവേശനം നേടിയവരുടെ എണ്ണം പരിശോധിക്കുമ്പോൾ സർക്കാർ വാദം പൊളിയുകയാണ്.

കഴിഞ്ഞവർഷത്തേതിനേക്കാൾ കൂടുതൽ പേർ ഇക്കുറിയും ഓപൺ സ്കൂൾ വഴി അഡ്മിഷൻ നേടിയിരിക്കുന്നു. കഴിഞ്ഞ വർഷം ഓപൺ സ്കൂളിൽ ചേർന്നത് 38,687 പേരാണ്; ഇക്കുറി അത് 38,726 ആയിരിക്കുന്നു. ഇതിൽ 31,234 പേരും മലബാറിൽനിന്നുള്ളവരാണ്. അതിൽതന്നെ പകുതിയോളം പേരും മലപ്പുറം ജില്ലയിൽനിന്ന്.

മറ്റൊരർഥത്തിൽ, മലപ്പുറം ജില്ലയിലെ പതിനാറായിരത്തിൽപരം വിദ്യാർഥികളും കോഴിക്കോട്, പാലക്കാട് ജില്ലകളിൽനിന്നായി പതിനായിരത്തിലധികം പേരും പ്ലസ് വൺ റെഗുലർ പഠനത്തിൽനിന്ന് പുറത്തായിരിക്കുന്നു. അവർ മുൻവർഷങ്ങളിലേതുപോലെ ഓപൺ സ്കൂളുകളെത്തന്നെ ആശ്രയിക്കാൻ നിർബന്ധിതരായിരിക്കുന്നു. കാലങ്ങളായി ഉയർന്നുകേൾക്കുന്ന മലബാറിനോടുള്ള വിവേചനത്തെതന്നെയാണ് ഈ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്.

ഈ കണക്കുകൾ പുറത്തുവന്ന ദിവസംതന്നെ സംസ്ഥാന സർക്കാർ സുപ്രധാനമായ മറ്റൊരു നീക്കം നടത്തി. പ്ലസ് വൺ പ്രവേശനത്തിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി ഹയർ സെക്കൻഡറി മുൻ ഡയറക്ടർ വി. കാർത്തികേയൻ നായർ ചെയർമാനായ ഒരു സമിതിയെ നിയമിച്ചതാണത്. അടുത്ത അധ്യയനവർഷത്തെ അഡ്മിഷന് മുന്നോടിയായി റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് നിർദേശിച്ചിരിക്കുന്നത്. തീർച്ചയായും, ഈ നീക്കം സ്വാഗതംചെയ്യപ്പെടേണ്ടതുതന്നെ; ഹയർ സെക്കൻഡറി പ്രവേശനവുമായി ബന്ധപ്പെട്ട് കാലങ്ങളായി മാധ്യമങ്ങളും വിവിധ സംഘടനകളും രക്ഷിതാക്കളുമെല്ലാം ഉയർത്തുന്ന പരാതികൾ ഒരർഥത്തിൽ സർക്കാർ മുഖവിലക്കെടുത്തിരിക്കുകയാണ്.

എന്നാൽ, ഈ പഠനവും ചില മുൻധാരണകളോടെയാന്നെന്നുകൂടി പറയേണ്ടിവരും. സമിതിക്ക് നിശ്ചയിച്ച പഠനമേഖലകളിലൂടെ കണ്ണോടിച്ചാൽ ഇക്കാര്യം വ്യക്തമാകും. അധിക ബാച്ചുകൾ അനുവദിക്കേണ്ടതുണ്ടോ, ഹൈസ്കൂൾ അപ്ഗ്രേഡ് ചെയ്ത് പുതിയ ഹയർ സെക്കൻഡറി സ്കൂളുകൾ സ്ഥാപിക്കേണ്ടതുണ്ടോ, വിദ്യാർഥികൾ കുറഞ്ഞ ബാച്ചുകളുണ്ടെങ്കിൽ എന്തു നടപടി സ്വീകരിക്കണം, താൽക്കാലിക ബാച്ചുകൾ അനുവദിച്ചിടത്ത് എന്ത് തുടർനടപടികൾ സ്വീകരിക്കണം എന്നിങ്ങനെ പോകുന്നു പഠനവിഷയങ്ങൾ. ഇതോടൊപ്പം, അധ്യാപക തസ്തിക, കോഴ്സ് കോമ്പിനേഷൻ തുടങ്ങിയ വിഷയങ്ങളിലും സമിതി സവിശേഷമായി പഠനം നടത്തും.

ഇതിൽ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീർത്തും മുൻവിധിയോടെയാണ് സർക്കാറിന്റെ ഇടപെടൽ. അധിക ബാച്ചുകളും പുതിയ ഹയർ സെക്കൻഡറി സ്കൂളുകളും സ്ഥാപിക്കേണ്ടതുണ്ടോ എന്ന ചോദ്യംതന്നെ അപ്രസക്തമാണ്. കാരണം, സീറ്റിനായി നെട്ടോട്ടമോടുന്ന വിദ്യാർഥികളും രക്ഷിതാക്കളുമാണ് കഴിഞ്ഞ കാൽനൂറ്റാണ്ടായി മലബാറിലുള്ളത്. ഈ യാഥാർഥ്യം മുന്നിലുണ്ടായിട്ടും പിന്നെയും ‘ആവശ്യമുണ്ടോ’ എന്ന ചോദ്യം എന്തുമാത്രം പ്രഹസനമാണ്. അധിക സീറ്റുകളും താൽക്കാലിക ബാച്ചുകളും അനുവദിച്ച് താൽക്കാലികമായി പ്രശ്നം അവസാനിപ്പിക്കുന്നതിനു പകരം പുതിയ ബാച്ചുകളും സ്കൂളുകളും സ്ഥാപിച്ച് വിഷയത്തിൽ ശാശ്വത പരിഹാരമാണ് ആവശ്യം. ഇതിന് ഇനിയുമൊരു പഠനറിപ്പോർട്ടിന്റെ ആവശ്യമില്ല; ഇച്ഛാശക്തി മാത്രമേ വേണ്ടൂ. നിർഭാഗ്യവശാൽ, ഈ യാഥാർഥ്യത്തോട് പിന്നെയും പുറംതിരിഞ്ഞുനിൽക്കുകയാണ് അധികാരികൾ.

മേൽസൂചിപ്പിച്ച ഓപൺ സ്കൂൾ പ്രവേശനത്തെക്കുറിച്ച് ചോദിക്കുമ്പോൾ തീർത്തും വിചിത്രമായ മറുപടിയാണ് അവരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. മെഡിക്കൽ, എൻജിനീയറിങ് പഠനം ലക്ഷ്യമിട്ട് സ്വകാര്യ എൻട്രൻസ് കോച്ചിങ് സെന്‍ററുകളിൽ ചേർന്ന് പഠിക്കുന്നവരാണ് പ്ലസ് വൺ പഠനത്തിന് ഓപൺ സ്കൂളിൽ ചേരുന്നതെന്നാണ് ഇവരുടെ വാദം. എന്നാൽ, ഓപൺ സ്കൂളിൽ ചേരുന്നവരിൽ നാമമാത്രമാണ് സയൻസ് ഗ്രൂപ് തിരഞ്ഞെടുത്തിട്ടുള്ളൂ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ചുരുക്കത്തിൽ, പ്രീഡിഗ്രി പൂർണമായും എടുത്തുമാറ്റി സമ്പൂർണ പ്ലസ് ടു തലത്തിലേക്ക് ഹയർ സെക്കൻഡറി വിദ്യാഭ്യാസം മാറിയതുമുതൽ ഉയർന്നുകേൾക്കുന്നൊരു പ്രതിസന്ധി ഇപ്പോഴും പരിഹാരമാകാതെ കിടക്കുന്നു. മേൽസൂചിപ്പിച്ച അന്വേഷണവിഷയങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ട പുതിയ പഠനസംഘത്തിൽനിന്നും അത്ഭുതം പ്രതീക്ഷിക്കാനാവില്ല. 

Tags:    
News Summary - Plus One Admission and new study committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.