ജമ്മു-കശ്​മീരിലെ രാഷ്​ട്രീയ പകപോക്കൽ


'കശ്​മീരിൽ പുതിയ കാറ്റ്​ വീശുകയാണ്​. ഞങ്ങൾ എല്ലാവരുടേതുമായ പുതിയൊരു കശ്​മീർ പണിയും' എന്നാണ്​ കഴിഞ്ഞ വർഷം ജമ്മു-കശ്​മീരിന്​ പ്രത്യേകപദവി നൽകുന്ന ഭരണഘടന വകുപ്പുകൾ റദ്ദാക്കി സംസ്​ഥാനം വിഭജിക്കു​േമ്പാൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ന്യായം​. ശേഷം ഒരു വർഷത്തിലേറെയായി സംസ്​ഥാനത്തെ ജനങ്ങളുടെ സ്വൈരജീവിതം സൈനികബൂട്ടുകൾക്കടിയിൽ അമർത്തിപ്പിടിച്ചിരിക്കുകയാണ്​ കേന്ദ്രസർക്കാർ.

ഇൻറർനെറ്റും ടെലിഫോൺ സൗകര്യവും പോലും വിഛേദിച്ച്​ ജനാധിപത്യ, സ്വാതന്ത്ര്യധ്വംസനത്തി​െൻറ പുതിയ സംഘ്​പരിവാർ പരീക്ഷണമാണ്​ അവിടെ നടക്കുന്നത്​. നാളിതുവരെയായിട്ടും പൂർണ തോതിൽ ഇൻറർനെറ്റ്​ സൗകര്യമടക്കമുള്ള വിവരവിനിമയ സംവിധാനങ്ങൾ താഴ്​വരയിൽ പുനഃസ്​ഥാപിക്കപ്പെട്ടിട്ടില്ല.

മാധ്യമപ്രവർത്തകരെയും സ്​ഥാപനങ്ങളെയും പല കാരണങ്ങളുടെ പേരിൽ വേട്ടയാടുകയും മാധ്യമസ്വാതന്ത്ര്യം അടിച്ചമർത്തുകയും ചെയ്യുന്നു. 370 ാം വകുപ്പ്​ റദ്ദാക്കി ജമ്മു-കശ്​മീർ വിഭജിക്കുന്നതി​െൻറ മുന്നോടിയായി അറസ്​റ്റു ചെയ്​തു ജയിലിലടച്ച നേതാക്കളിൽ മൂന്നു മുൻമുഖ്യമന്ത്രിമാരടക്കം ഏതാനും പ്രമുഖരെ വിട്ടയച്ചതൊഴിച്ചാൽ മുച്ചൂടും നേതാക്കളും അഴികൾക്കുള്ളിൽ തുടരുന്നു​.

'പുതിയ കശ്​മീരി'ന്​ ഒരു വർഷം പിന്നിടു​േമ്പാൾ ചില്ലറ ഇളവുകൾ അനുവദിച്ചെങ്കിലും അതെല്ലാം കേന്ദ്രത്തി​െൻറ ഇംഗിതങ്ങൾക്കു വിധേയം എന്ന മട്ടിലാണ്​. കേന്ദ്രത്തിനെതിരെ വിരലനക്കിയാൽ, ​രാഷ്​ട്രീയകക്ഷികൾ സ്വതന്ത്രനീക്കം നടത്തിയാൽ അധികാരസംവിധാനങ്ങളുപയോഗിച്ച്​ വരുതിയിൽ നിർത്തുമെന്നാണ്​ ബി.ജെ.പി സർക്കാർ പ്രത്യക്ഷമായ വൈരനിര്യാതന നീക്കങ്ങളിലൂടെ തെളിയിക്കുന്നത്​. സി.ബി.​െഎ, എൻഫോഴ്​സ്​മെൻറ്​ തുടങ്ങിയ അന്വേഷണ ഏജൻസികളെ രാഷ്​ട്രീയപകപോക്കലിനു അതതുകാലത്തെ ഭരണകൂടങ്ങൾ ദുരുപയോഗം ചെയ്യുന്ന പതിവുണ്ടെങ്കിലും അക്കാര്യത്തിൽ പൂർവകാല റെക്കോഡുകളെല്ലാം മോദി ഭരണകൂടം ഭേദിച്ചുകഴിഞ്ഞു. ​

കേന്ദ്രസർക്കാറിനെതിരെ, മന്ത്രിമാർക്കെതിരെ, ഭരണകൂടനയത്തിനെതിരെ വിമർശനമോ പരാതിയോ ഉന്നയിക്കുന്നവരൊക്കെയും ഇത്തരം നടപടികൾക്കു വിധേയമാകുന്നത്​ പുതുമയല്ലാതായിരിക്കുന്നു. പാർലമെൻറിലെ ഭൂരിപക്ഷത്തി​െൻറ തിണ്ണബലത്തിൽ നടപ്പാക്കിയ ഹിന്ദുത്വഅജണ്ടയായ 370 ാം വകുപ്പ്​ റദ്ദാക്കലിനെ ഉൾക്കൊള്ളാൻ​ താഴ്​വരയിലെ ജനങ്ങളോ രാഷ്​ട്രീയപാർട്ടികളോ തയാറല്ലെന്നുവന്നതോടെ ഏതുവിധേനയും പ്രതിശബ്​ദങ്ങളെ ഒതുക്കാനുള്ള നീക്കമാണ്​ നടക്കുന്നത്​.

ബി.ജെ.പിയുടെ രാഷ്​ട്രീയ പകപോക്കലി​െൻറ ഇരകളായാണ്​ മൂന്നു മുൻമുഖ്യമന്ത്രിമാർക്ക്​ പുതിയ കശ്​മീരിൽ ജയിലിൽ പോകേണ്ടിവന്നത്​. ഫാറൂഖ്​ അബ്​ദുല്ലയെയും പുത്രൻ ഉമറിനെയും മോചിപ്പിച്ചിട്ടും ഭരണത്തിൽ സഖ്യകക്ഷിയായിരുന്ന മഹ്​ബൂബ മുഫ്​തിയെ പിന്നെയും പിടിച്ചുവെച്ചതും ചില കണക്കുകൾ തീർക്കാനായിരുന്നു. ഇപ്പോൾ മോചിതരായ മൂവരും 'നല്ല നടപ്പി'ന്​ തയാറല്ലെന്നു വ്യക്തമായതോടെ അവരെ വിടാതെ പിടികൂടാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നു. മുൻമുഖ്യമന്ത്രി ഫാറൂഖ്​ അബ്​ദുല്ലയെ പഴയൊരു ക്രിക്കറ്റ്​ അഴിമതിക്കേസുമായി ബന്ധപ്പെട്ട്​ എൻ​േഫാഴ്​സ്​മെൻറ്​ ഡിപ്പാർട്ട്​മെൻറ്​ പിന്തുടരുന്നത്​ ഇതി​െൻറ ഭാഗമാണ്​.

2002-2011 കാലയളവിൽ ഇന്ത്യൻ ക്രിക്കറ്റ്​ കൺട്രോൾ ബോർഡ്​, ജമ്മു-കശ്​മീർ ക്രിക്കറ്റ്​ അസോസിയേഷന്​ നൽകിയ 112 കോടി രൂപയിൽ നിന്നു 43.69 കോടി രൂപ നിയമവിരുദ്ധമായി വകമാറ്റിയെന്നാണ്​ ഫാറൂഖിനെതിരായ കേസ്​. ഇൗ കേസിൽ 2015ൽ ജമ്മു-കശ്​മീർ ഹൈകോടതി സി.ബി.​െഎ അന്വേഷണത്തിന്​ ഉത്തരവിട്ടിരുന്നു. ​അസോസിയേഷ​െൻറ തലപ്പത്തുള്ള ഫാറൂഖ്​ അടക്കമുള്ള ആളുകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുമുണ്ട്. ഇൗ കേസ്​ പൊടി തട്ടിയെടുത്താണ്​ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രണ്ടു തവണയായി ഇ.ഡി ഫാറൂഖിനെ ചോദ്യ​ം ചെയ്​തിരിക്കുന്നത്​.

അഴിമതിയിൽ ഫാറൂഖി​െൻറയും അബ്​ദുല്ല കുടുംബത്തി​െൻറയും പങ്ക്​ സംസ്​ഥാനത്തെ ജനങ്ങളാരും തള്ളിക്കളയില്ല. എന്നാൽ, ഇപ്പോൾ ഇൗ കേസുമായി ഇറങ്ങാനുള്ള പ്രകോപനം പഴയ കശ്​മീരിനുവേണ്ടി കർമരംഗത്തിറങ്ങാനുള്ള വിവിധ പാർട്ടികളുടെ സംയുക്തതീരുമാനമാണ്​ എന്നു കാണാൻ പ്രയാസമില്ല. മൂന്നു മു​ഖ്യ​മന്ത്രിമാരും ജയിലിലടക്കപ്പെടുന്നതിനു മുമ്പ്​ ശ്രീനഗറിലെ ഗുപ്​കർ റോഡിലുള്ള ഫാറൂഖ്​ അബ്​ദ​ുല്ലയുടെ വസതിയിൽ വെച്ച് കശ്​മീരി​െൻറ ഭരണഘടനാപദവി സംരക്ഷിക്കാൻ ഒന്നിച്ചുനീങ്ങാനായി 'ഗുപ്​കർ പ്രഖ്യാപന'ത്തി​ൽ ഒപ്പുവെച്ചിരുന്നു. ​

ജയിൽമോചിതരായ നേതാക്കൾ വീണ്ടും സമ്മേളിച്ച്​ ഇൗ പ്രഖ്യാപനം പ്രയോഗ​ത്തിലെത്തിക്കാനും 2019 ആഗസ്​റ്റ്​ അഞ്ചിനു മുമ്പുള്ള ജമ്മു-കശ്​മീരിനുവേണ്ടി ഒറ്റക്കെട്ടായി നീങ്ങാനും തീരുമാനമെടുത്തു. സി.പി.എം ഒഴികെ താഴ്​വരയിൽ പ്രവർത്തിക്കുന്ന മുഖ്യധാരാ രാഷ്​ട്രീയകക്ഷികളെല്ലാം മുന്നണിയിലുണ്ട്. മുന്നണി പ്രഖ്യാപനത്തിൽ ഇല്ലെങ്കിലും മുൻ പ്രഖ്യാപനത്തിൽ കോൺഗ്രസ്​ ഒപ്പ​ുവെച്ചിട്ടുണ്ട്​. ബി.ജെ.പിയുടെ കശ്​മീർ വിഭജനനീക്കത്തിനെതിരെ രാഷ്​ട്രീയവും നിയമപരവുമായ പോരാട്ടത്തിനിറങ്ങാനാണ്​ മുന്നണിയുടെ തീരുമാനം.

ഇതിനു തൊട്ടുപിറകെയാണ്​ ഫാറൂഖ്​ അബ്​ദുല്ലയെ നിശ്ശബ്​ദമാക്കാനുള്ള ആയുധം കേന്ദ്രം ഇ.ഡി ​അന്വേഷണമായി പുറത്തെടുത്തിരിക്കുന്നത്​. ഇത്​ രാഷ്​ട്രീയപ്രതികാരമാണെന്ന കോൺഗ്രസ്​ അടക്കമുള്ള കക്ഷികളുടെ പ്രതികരണം തന്നെയാണ്​ നേര്​. രാഷ്​ട്രീയ ബ്ലാക്​മെയിലിങ്ങിലൂടെ എതിരാളികളെ വശപ്പെടുത്താനുള്ള ശ്രമം​. ജമ്മു-കശ്​മീരിലെ ഏറ്റവും പഴക്കം ചെന്ന ദിനപത്രം 'കശ്​മീർ ടൈംസി​'െൻറ ശ്രീനഗറിലെ ഒാഫിസ്​ പിടിച്ചെടുത്ത്​ അടച്ചുപൂട്ടിയതും ഇൗ നാളുകളിൽ തന്നെ.

'ടൈംസി​'െൻറ പത്രാധിപ അനുരാധ ഭാസിൻ ഇൻറർനെറ്റ്​ സ്​തംഭനമടക്കമുള്ള വാർത്താവിനിമയ നിരോധത്തിനെതിരെ കഴിഞ്ഞ വർഷം സുപ്രീംകോടതിയെ സമീപിച്ചതിനു കിട്ടിയ ശിക്ഷയാണിത്​. ഇത്തരം നീക്കങ്ങളിലൂടെ തങ്ങളുടെ പരിഗണനയിലുള്ള പുതിയ കശ്​മീർ എന്തെന്ന് കശ്​മീരികളെ കൂടക്കൂടെ പഠിപ്പിക്കുകയാണ്​ കേന്ദ്രം. എന്നാൽ, ഇൗ ഒാരോ​ അഭ്യാസവും കശ്​മീരിലെ പ്രശ്​നപരിഹാരം എളുപ്പമാക്കുകയല്ല, കൂടുതൽ സങ്കീർണമാക്കുകയാണ്​.​

Tags:    
News Summary - Political resentment in Jammu and Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.