കേരളം വീണ്ടുമൊരു പ്രളയദുരന്തത്തെ അഭിമുഖീകരിക്കാൻ നിർബന്ധിതമായിരിക്കുന്നു. കാലാവസ്ഥ വകുപ്പുകളുടെ മുന്നറിയിപ്പുകളെ ശരിവെച്ച് സംസ്ഥാനത്തുടനീളം നിലക്കാത്ത മഴ വലിയ നാശനഷ്ടങ്ങൾക്ക് ഇടവരുത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇടുക്കി രാജമലക്കടുത്ത് പെട്ടിമുടിയിലെ മണ്ണിടിച്ചിൽ നാടിനെ നടുക്കുന്ന ദുരന്തമായി. തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയിലെ ദുരന്തവ്യാപ്തിയറിയാൻ ദിവസങ്ങളെടുത്തേക്കും. 20 വീടുകളുള്ള നാല് ലയങ്ങൾ പൂർണമായും ഒലിച്ചുപോയി. വൻ മണ്ണിടിച്ചിലിൽ 80ഓളം പേർ അകപ്പെട്ടിരിക്കുന്നുവെന്നാണ് ആശങ്ക. ഇതെഴുതുേമ്പാൾ 15 പേരുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
12 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. 55 പേരെ ഇനിയും കെണ്ടത്തേണ്ടതുണ്ട്. മൂന്നുവശങ്ങളും മലകളാൽ ചുറ്റപ്പെട്ട പെട്ടിമുടിയിൽ വാർത്താവിനിമയ സംവിധാനങ്ങൾ നിലച്ചിട്ട് മാസങ്ങളായി. കഴിഞ്ഞ പത്തു ദിവസമായി നിലക്കാത്ത മഴ തുടുരുന്നതും വൈദ്യുതി നിലച്ചതും റോഡ് ഗതാഗതം താറുമാറായതും രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുകയാണ്. വനംവകുപ്പും ജനങ്ങളും പൊലീസ് സംവിധാനവും നിർവഹിക്കുന്ന ദുഷ്കരമായ രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കാൻ സംസ്ഥാന കേന്ദ്ര ദുരന്തനിവാരണ സേന രാജമലയിലേക്ക് തിരിച്ചിട്ടുണ്ട്.
ഇടുക്കിക്കു പുറമെ, ഇപ്പോൾ അത്ര ഭീതിജനകമല്ലെങ്കിലും വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ മലയോരമേഖലകളിൽനിന്നു ഉരുൾപൊട്ടൽ വാർത്തകൾ പുറത്തുവരുകയാണ്. കഴിഞ്ഞ വർഷങ്ങളിലെ അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് അപകടഭീതിയുള്ള സ്ഥലങ്ങളിൽനിന്ന് ആളുകളെ സുരക്ഷസ്ഥലത്തേക്ക് മാറ്റുന്നത് ദുരന്തവ്യാപ്തി കുറക്കാൻ സഹായിക്കും. മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടം ആദിവാസി കോളനി പരിസരങ്ങളിൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആളപായമുണ്ടാകാതിരുന്നത് പ്രദേശത്തെ കുടുംബങ്ങളെ നേരത്തെതന്നെ സുരക്ഷകേന്ദ്രങ്ങളിലേക്ക് മാറ്റിയതുകൊണ്ടാണ്. കനത്ത മഴ സംസ്ഥാനത്തെ ഒട്ടുമിക്ക നദികളിലേയും ജലനിരപ്പ് ഉയരുന്നതിനും കാരണമായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകളും വെള്ളപ്പൊക്കവും രൂപപ്പെട്ടിരിക്കുന്നു.
മണിമലയാർ, പുല്ലകയാർ, അഴുതയാർ, മീനച്ചിലാർ, പമ്പയാർ എന്നിവ കവിഞ്ഞൊഴുകുകയാണ്. പാലാ, പത്തനംതിട്ട, ഈരാറ്റുപേട്ട, മൂവാറ്റുപുഴ, കോതമംഗലം തുടങ്ങി ധാരാളം പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരിക്കുന്നു. പല ചെറു ഡാമുകളുടെ ഷട്ടറുകളും തുറക്കാൻ ധാരണയായിട്ടുണ്ട്. എല്ലാ ജില്ലകളിലും അപകടമേഖലയിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് അനിവാര്യമാക്കുന്നതാണ് കനത്ത മഴ തുടരുമെന്ന പ്രവചനം. 24 മണിക്കൂറിൽ 204.5 മി.മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളിലുള്ളത്. അതിതീവ്ര മഴ അപകടസാധ്യത വർധിപ്പിക്കുമെന്നതിനാൽ അതിജാഗ്രത പുലർത്തേണ്ടതാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
കേരളത്തിലെ കാലവർഷത്തെ ഇത്രമേൽ തീവ്രമാക്കിയത് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ്. ആഗസ്റ്റ് പത്തിന് അത് അവസാനിക്കുമെങ്കിലും പുതിയ മറ്റൊരു ന്യൂനമർദം വരുന്ന ഞായറാഴ്ച ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടേക്കുമെന്ന മുന്നറിയിപ്പ് കാലവസ്ഥ വിദഗ്ധർ നൽകുന്നുണ്ട്. അതായത്, 2018, 2019 വർഷങ്ങളിലെ അതേ രീതിയിലാണ് ഇത്തവണയും സംസ്ഥാനത്തേക്ക് പ്രളയമെത്തുന്നത്. രക്ഷാപ്രവർത്തനത്തെയും ജനങ്ങളുടെ അതിജീവനത്തെയും കൂടുതൽ പ്രശ്ന സങ്കീർണമാക്കുന്നതാണ് കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന സാമൂഹിക അകല പ്രോട്ടോക്കോളുകൾ. ഈ സാഹചര്യം മുൻകൂട്ടി കണ്ട് സുരക്ഷിത മാർഗങ്ങൾ സ്വീകരിക്കാൻ എല്ലാവരും സന്നദ്ധരാകേണ്ടതുണ്ട്.
അതിവർഷ കാലത്ത് അപകട മേഖലകളായി അടയാളപ്പെടുത്തപ്പെട്ട എല്ലാ സ്ഥലങ്ങളിലേയും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കാൻ സർക്കാർ സംവിധാനങ്ങൾ ജാഗ്രത പാലിക്കണം. അപകടങ്ങളെ ലഘൂകരിക്കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പരിശ്രമങ്ങളോട് ജനങ്ങൾ പരമാവധി സഹകരിക്കുകയും വേണം. ദുരിതാശ്വാസ ക്യാമ്പുകൾ കോവിഡ് മഹാമാരിയുെട വ്യാപനകേന്ദ്രമാകാതിരിക്കാനുള്ള ഇരട്ട ജാഗ്രത സർക്കാറിനും ജനങ്ങൾക്കും ഒരു പോലെ ആവശ്യമാണ്. എന്നാൽ മാത്രമേ നമ്മുെട മുമ്പിൽ ഉയർന്നുനിൽക്കുന്ന ദുരന്തങ്ങളെ വിജയകരമായി മറികടക്കാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.