പൗരസ്വാതന്ത്ര്യവും അന്തസ്സും ഉയർത്തിപ്പിടിച്ച വിധി

സ്വകാര്യത ഭരണഘടനയുടെ പൂർണപരിരക്ഷ  അർഹിക്കുന്ന മൗലികാവകാശമാണെന്ന സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചി​െൻറ വിധി രാജ്യത്താകെ കൊണ്ടാടപ്പെടേണ്ട തീർപ്പാണ്. ആറ് വ്യത്യസ്​ത  വിധിന്യായങ്ങളിലൂടെ ​െഎകകണ്ഠ്യേന ചീഫ് ജസ്​റ്റിസ്​ ജെ.എസ്​. ഖെഹാറി​െൻറ നേതൃത്വത്തിലുള്ള ബെഞ്ച് പുറപ്പെടുവിച്ച ചരിത്രവിധി ആഗോളസമൂഹത്തിനിടയിൽ നമ്മുടെ രാജ്യത്തി​െൻറ യശസ്സ് ഉയർത്തിപ്പിടിക്കുമെന്നതിൽ സംശയമില്ല. സർക്കാറി​െൻറ ആനുകൂല്യങ്ങൾ ലഭിക്കാൻ മാത്രമല്ല, ദൈനംദിന ജീവിതത്തി​െൻറ സർവമേഖലകളിലും ആധാർ കാർഡ് നിർബന്ധമാക്കുകയും സ്വകാര്യത പരമമായ അവകാശമല്ലെന്ന് വാദിക്കുകയും ചെയ്ത കേന്ദ്ര സർക്കാറി​െൻറ പിഴച്ച നയനിലപാടുകൾക്കുള്ള കനത്ത പ്രഹരംകൂടിയായി ഈ വിധി. ഭരണഘടനയുടെ 21ാം ഖണ്ഡിക വാഗ്ദാനം ചെയ്യുന്ന അന്തസ്സാർന്ന ജീവിതം നയിക്കാനുള്ള മൗലികാവകാശത്തിൽ വ്യക്തിയുടെ സ്വകാര്യതക്കായുള്ള അവകാശം അന്തർലീനമായി കിടക്കുന്നുണ്ട് എന്നാണ് പരമോന്നത നീതിപീഠം ഉൗന്നിപ്പറഞ്ഞിരിക്കുന്നത്.

ഒരു വ്യക്തിയുടെ ജീവനോ പൗരസ്വാതന്ത്ര്യമോ നിയമം വഴി സ്​ഥാപിതമായ നടപടിക്രമങ്ങളിലൂടെയല്ലാതെ എടുത്തുകളയാൻ പാടില്ല എന്നാണ് ജീവിക്കാനുള്ള അവകാശം നിഷ്​കർഷിക്കുന്നത്. പുതിയ തീർപ്പോടെ, സ്വകാര്യത മൗലികാവകാശമല്ല എന്ന സുപ്രീംകോടതി തന്നെ മുമ്പ് പുറപ്പെടുവിച്ച രണ്ടു വിധികൾ ദുർബലപ്പെടുകയാണ്. 1954ലെ എം.പി. ശർമ കേസിലും  1962െല കർക്കാസിങ് കേസിലുമാണ് സ്വകാര്യതക്ക് പരിമിതിവെക്കാൻ ഭരണകൂടത്തിന് അവകാശമുണ്ടെന്ന് കോടതി വിധിച്ചിരുന്നത്. ആധാർ പദ്ധതിക്കു കീഴിൽ പൗരന്മാരുടെ സ്വകാര്യവിവരങ്ങൾ ശേഖരിക്കുന്നതി​െനതിരെ നൽകിയ ഹരജികൾ പരിഗണിക്കവെ ചീഫ് ജസ്​റ്റിസ്​ ഖെഹാറി​െൻറ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് വിഷയം വിപുലബെഞ്ചി​െൻറ പരിഗണനക്ക്​ വിടേണ്ടതുണ്ടെന്ന് നിർദേശിച്ചത്. സ്വകാര്യത മൗലികാവകാശമാണെന്ന് തീരുമാനിച്ച സ്​ഥിതിക്ക് ആധാർ മൗലികാവകാശലംഘനമാണോ എന്ന വിഷയത്തിൽ ഇനി തീർപ്പുകൽപിക്കേണ്ടത് ഈ അഞ്ചംഗ ബെഞ്ചായിരിക്കും. ഭരണഘടനയുടെ 42ാം ഭേദഗതിയുമായി ബന്ധപ്പെട്ട കേസിനുശേഷം സുപ്രീംകോടതിയിൽനിന്നുണ്ടായ സുപ്രധാന വിധിയാണ് വ്യാഴാഴ്ചത്തേത്. ജനാധിപത്യക്രമത്തിൽ പൗര​​െൻറ അവകാശം എത്രവരെ എന്നു നിർണയിച്ചിരിക്കയാണിതിലൂടെ. ആധാർ പദ്ധതിക്കെതിരെ സമർപ്പിച്ച ഒരു കൂട്ടം ഹരജികളിന്മേൽ ആറു ദിവസം വാദങ്ങൾ കേട്ട കോടതി ആഗസ്​റ്റ് മൂന്നിനാണ് വിധി പറയാൻ മാറ്റിവെച്ചത്. 

പൗരന്മാർക്ക് അവരുടെ ശരീരത്തിന്മേൽ പരമമായ അവകാശമില്ലെന്നും എത്രയോ നിയമങ്ങളും ചട്ടങ്ങളും ഇപ്പോൾതന്നെ അതി​െൻറമേൽ പരിമിതികൾ വെക്കുന്നുണ്ടെന്നുമാണ് കേന്ദ്രസർക്കാർ വാദിച്ചത്.  കോടിക്കണക്കിന് മനുഷ്യരുടെ ഭക്ഷണം, അഭയം, ക്ഷേമം തുടങ്ങിയവയിലൂടെയുള്ള ജീവിതമാണ് വരേണ്യവർഗം സ്വകാര്യതയെക്കുറിച്ച് ഉയർത്തുന്ന ആശങ്കകളേക്കാൾ ഏറ്റവും പ്രധാനം. അടിസ്​ഥാന ജീവിത ആവശ്യങ്ങൾ നിഷേധിക്കപ്പെട്ട വലിയൊരു ജനവിഭാഗം ജീവിക്കുന്ന ഇന്ത്യയിലല്ല, വികസിത രാജ്യങ്ങളിലാണ് സ്വകാര്യതയെക്കുറിച്ചുള്ള ആവശ്യം ഉയരേണ്ടതെന്നാണ് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ അന്ന് വാദിച്ചത്. 6300 കോടി രൂപ ചെലവിട്ട് 100 കോടി ജനങ്ങൾ ഇതിനകം ആധാറിൽ പേരു ചേർത്ത സ്​ഥിതിക്ക് പദ്ധതിയിൽനിന്ന് തിരിച്ചുപോകുന്ന പ്രശ്നമുദിക്കുന്നില്ലെന്നും കേന്ദ്രം നയം വ്യക്തമാക്കുകയുണ്ടായി.

നിയമവിശാരദന്മാരായ സോളി സൊറാബ്ജി, ഗോപാൽ സുബ്രഹ്​മണ്യം, ശ്യാം ദിവാൻ തുടങ്ങിയവർ സ്വകാര്യത ഏതു തരത്തിലാണ് മൗലികാവകാശമായി ഗണിക്കപ്പെടേണ്ടതെന്ന് ശക്തമായി വാദിച്ചു. എല്ലാ മനുഷ്യജന്മങ്ങളുടെയും വ്യക്തിത്വത്തിൽ അലിഞ്ഞുചേർന്നതാണ് സ്വകാര്യത എന്നാണ് സോളി സൊറാബ്ജി ചൂണ്ടിക്കാട്ടിയത്. ഭരണഘടനയിൽ അത് സ്​പഷ്​ടമായി എടുത്തുപറയാതിരുന്നതുകൊണ്ട് അങ്ങനെയൊരു അവകാശമില്ലെന്ന് വാദിക്കുന്നത് 19 (1)(എ) ഖണ്ഡികയിൽ ആവിഷ്കാരസ്വാതന്ത്ര്യം ഉൾപ്പെടുന്നില്ല എന്ന് തർക്കിക്കുന്നതിന് തുല്യമാണെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി. 1975 തൊട്ട് സ്വകാര്യതയുടെ വിഷയത്തിൽ നൈരന്തര്യമുള്ള ഒരു പാരമ്പര്യം നമ്മുടെ നാട്ടി​െൻറ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നായിരുന്നു ശ്യാം ദിവാന് പറയാനുണ്ടായിരുന്നത്. 

ആഗോള മനുഷ്യാവകാശ വ്യവസ്​ഥയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് സ്വകാര്യതയെ ഭരണഘടനാമൂല്യമായി അംഗീകരിക്കുന്നതെന്ന് വിധിന്യായത്തിൽ എടുത്തുപറയുന്നുണ്ട്്. പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ട ബാധ്യത ഭരണകൂടം സ്വയം ഏറ്റെടുക്കുമ്പോഴാണ് ഒരു രാജ്യം ജനാധിപത്യത്തി​െൻറ രാജപാതയിൽ ബഹുദൂരം സഞ്ചരിച്ചതായി സിവിൽ സമൂഹത്തിന് അനുഭവവേദ്യമാവുക. അതല്ലാതെ, പൗരസഞ്ചയത്തെ സദാ ഭരണകൂടത്തി​െൻറ സൂക്ഷ്മനിരീക്ഷണത്തിലും രഹസ്യതടവറയിലും ശ്വാസംമുട്ടിച്ച് ഷണ്ഡീകരിക്കുന്ന രീതി സമഗ്രാധിപത്യത്തി​െൻറയും സ്വേച്ഛാധിപതികളുടേതുമാണെന്ന് കേന്ദ്ര സർക്കാർ ഇനിയെങ്കിലും മനസ്സിലാക്കട്ടെ.

Tags:    
News Summary - Privacy As Fundamental Right -Editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.