ഏകീകരണ പരിഷ്കാരങ്ങൾ കേരളത്തിന്​ തിരിച്ചടി

കേന്ദ്രസർക്കാറിന്‍റെ അന്ത്യശാസനത്തിന് വഴങ്ങി സംസ്ഥാനത്തിന്‍റെ ഭക്ഷ്യ ​പൊതുവിതരണപദ്ധതി കേരള സർക്കാർ കേന്ദ്രത്തിനു അടിയറവ്​ വെച്ചിരിക്കുന്നു. സംസ്ഥാനം താരതമ്യേന മികച്ച രീതിയിൽതന്നെ കൊണ്ടുനടത്തിയിരുന്ന റേഷൻ പൊതുവിതരണമാണ്​ കേ​ന്ദ്രത്തിന്‍റെ ഏകീകൃത സംവിധാനത്തിൻ കീഴിലേക്ക്​ മാറുന്നത്​. എല്ലാ സാമൂഹികക്ഷേമ പദ്ധതികളും സർക്കാർ ആനുകൂല്യങ്ങളും ഏകീകൃതമാനദണ്ഡങ്ങൾക്ക്​ അനുസൃതമാക്കി മാറ്റിയെടുക്കുന്നതിലൂടെ സംസ്ഥാനത്തിന്‍റെ സവിശേഷമായ താൽപര്യങ്ങളും മുൻഗണനക്രമങ്ങളും അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക ഉയർന്നുകഴിഞ്ഞു. യഥാർഥത്തിൽ ഈയൊരു ശങ്കക്ക്​ അറുതിവരുത്താനാവാത്തതു കൊണ്ടുകൂടിയാണ്​ ഇത്രനാളും കേരളം കേന്ദ്രപദ്ധതിക്ക് തലവെച്ചുകൊടുക്കാതിരുന്നത്​. എന്നാൽ, സഹകരണത്തിന്​ തയാറില്ലെങ്കിൽ കേരളത്തിലെ മുൻഗണനവിഭാഗത്തിൽപെടുന്ന ഒരു കോടി അമ്പതു ലക്ഷം ജനങ്ങളുടെ റേഷൻ ചെലവ്​ സംസ്ഥാനം നേരിട്ടു വഹിക്കേണ്ടിവരുമെന്ന്​ കേന്ദ്ര ഭക്ഷ്യമന്ത്രാലയം ഭീഷണിപ്പെടുത്തിയതോടെ വഴങ്ങുകയല്ലാതെ സർക്കാറിന് വേറെ വഴിയുണ്ടായിരുന്നില്ല.

ഭക്ഷ്യ ​പൊതുവിതരണ പദ്ധതിയെ സാങ്കേതികവിദ്യയിലൂടെ ആധുനീകരിക്കുന്നതിനും പരിഷ്കരിക്കുന്നതിനുമുള്ള നടപടിക്രമമായ ‘സ്മാർട്ട്​ പി.ഡി.എസ്​ പദ്ധതി’യിൽ എല്ലാ സംസ്ഥാനങ്ങളും അണിനിരക്കണമെന്ന്​ കഴിഞ്ഞ വർഷം മാർച്ച്​ രണ്ടിന്​ സംസ്ഥാന ഭക്ഷ്യമന്ത്രിമാരു​ടെ സമ്മേളനത്തിൽ കേന്ദ്ര ഭക്ഷ്യ ​പൊതുവിതരണ, ഉപഭോക്തൃമന്ത്രി പിയൂഷ്​ ഗോയൽ ആവശ്യപ്പെട്ടിരുന്നു. മനുഷ്യ ഇടപെടൽ കുറച്ചും ഓട്ടോമേഷൻ സംവിധാനം നടപ്പാക്കിയും സുതാര്യവും വിശ്വസനീയവുമായ സംവിധാനത്തിലേക്ക്​ രാജ്യത്തെ മുഴുവൻ​ റേഷൻ ഉപഭോക്താക്കളെയും കൊണ്ടുവരാനാണ്​ പരിപാടിയെന്നായിരുന്നു മന്ത്രി നൽകിയ വിശദീകരണം. ഭക്ഷ്യധാന്യങ്ങളുടെ ചോർച്ച തടയുക, വിതരണശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുക, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക്​ കുടിയേറുന്നവർക്കുകൂടി സൗജന്യ നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുക എന്നിവയൊക്കെയാണ്​ ഈ പദ്ധതിക്കു കീഴിൽ ലക്ഷ്യമിടുന്നതെന്നും അറിയിപ്പുണ്ടായി. ജനങ്ങളുടെ ഉപഭോഗരീതിയും മാറിമാറിയുള്ള ഇടംമാറ്റവും സംബന്ധിച്ച വിശ്വസനീയവും സജീവവുമായ ഡേറ്റയുടെ അഭാവം നിർണായകമായ കേന്ദ്ര ക്ഷേമപദ്ധതികളുടെ ഫലപ്രദമായ വിതരണത്തിന്​ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നാണ്​ കേന്ദ്രത്തിന്‍റെ കണ്ടെത്തൽ. ഭക്ഷ്യ ​പൊതുവിതരണം സ്മാർട്ട്​ പദ്ധതിയുടെ കീഴിലാക്കുന്നതിലൂടെ മറ്റു കേന്ദ്ര, ക്ഷേമപദ്ധതികളുടെ നടത്തിപ്പിനും ഈ ഡേറ്റ ഉപയോഗപ്പെടുത്താമെന്നാണ്​ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടൽ. പൊതുവിതരണ സമ്പ്രദായം സാ​​ങ്കേതികവിദ്യയുടെ സഹായത്തോടെ ​ഏകീകൃതമാനകത്തിലാക്കുകയും അതിനെ ഫുഡ്​ കോർപറേഷൻ ഓഫ്​ ഇന്ത്യ, സെൻട്രൽ വെയർഹൗസിങ്​ കോർപറേഷൻ, റെയിൽ-റോഡ്​ മാർഗേണയുള്ള വിതരണശൃംഖല, വിദ്യാഭ്യാസമന്ത്രാലയം, വനിത ശിശുവികസന മന്ത്രാലയം എന്നിവയുമായി കൂടി ബന്ധിപ്പിച്ചാൽ ഭക്ഷ്യവിതരണം ശാസ്ത്രീയമായി കാലവിളംബമോ ഭംഗമോ കൂടാതെ നടപ്പിൽ വരുത്താനാവുമെന്നുമുണ്ട് അവകാശവാദം.

‘ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്​’ (വൺ നേഷൻ, വൺ റേഷൻ കാർഡ്​-ഒ.എൻ.ഒ.ആർ.സി) നടപ്പിലാക്കിയത്​ ഇതിന്‍റെ ഭാഗമാണ്​. റേഷൻ കാർഡിനെ ആധാറുമായി ബന്ധിപ്പിച്ച്​ ഇലക്​ട്രോണിക്​ പോയന്‍റ്​ ഓഫ്​ സെയിൽ (ഇ-പോസ്​) സംവിധാനം വഴി റേഷൻ വിതരണം ക്രമപ്പെടുത്തുകയായിരുന്നു ഇതിലൂടെ. റേഷൻ കാർഡിന്‍റെ സമ്പൂർണ ഡിജിറ്റൽവത്​കരണം, ഉപഭോക്തൃ​ ഡേറ്റകളുടെ ഓൺലൈൻ മാനേജ്​മെന്‍റ്​, ഭക്ഷ്യധാന്യ വകയിരുത്തലിന്‍റെ കമ്പ്യൂട്ടറൈസേഷൻ, എല്ലാ സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങ​ളും ഉൾക്കൊള്ളുന്ന വിതരണശൃംഖല മാനേജ്​മെന്‍റ്​ എന്നിവയെല്ലാം ഇതുവഴി ക്രമപ്പെടുത്തുകയുണ്ടായി. ഈ അവകാശവാദങ്ങളെല്ലാം പ്രയോഗതലത്തിലെത്തുമ്പോൾ പൂർണമായും ശരിയായിത്തീർന്നില്ല എന്നാണ്​​​ കേരളത്തിൽ ഇക്കഴിഞ്ഞ മാർച്ചിലും ഇ പോസ്​ പണിമുടക്കി റേഷൻ വിതരണം നിർത്തിവെക്കേണ്ടി വന്ന സാഹചര്യം തെളിയിച്ചത്​.

ഇതു പുതിയ അനുഭവമല്ല. കോവിഡ്​ വ്യാപനകാലത്ത്​ ഒഡിഷ സർക്കാർ ഇ പോസ്​ സംവിധാനം നിർത്തിവെക്കുകയുണ്ടായി. തമിഴ്​നാട്ടിൽ ഈ സംവിധാനം സൈബർ ആക്രമണത്തിന് വിധേയമാകുകയും 31 ദശലക്ഷം ആളുകളുടെ വിലാസമടക്കമുള്ള സ്വകാര്യവിവരങ്ങൾ ചോരുകയും ചെയ്ത സംഭവമുണ്ടായി. മനുഷ്യരുടെ നേരിട്ടുള്ള കൈകടത്തലിന് ഇടംനൽകാതെ തയാറാക്കിയ സംവിധാനവും എല്ലാവിധ സാ​ങ്കേതികതകരാറുകളും പ്രകടിപ്പിച്ചു എന്നു ചുരുക്കം. അതുപോലെ ആധാറിന്‍റെയും ഡിജിറ്റൽ സാ​ങ്കേതികവിദ്യയുടെയും ലോക​ത്തേക്ക്​ ഇനിയും കടന്നുവന്നിട്ടില്ലാത്ത പതിനായിരക്കണക്കിന്​ ദരിദ്രവാസികൾ ഈ സംവിധാനത്തിൽനിന്ന് പുറന്തള്ളപ്പെടുമെന്നതും ഇതിന്‍റെ കോട്ടങ്ങൾ ചൂണ്ടിക്കാണിക്കുന്നവർ എടുത്തുപറയുന്ന കാര്യമാണ്​.

എന്നാൽ, കേരളം ഇക്കാര്യത്തി​ൽ ആശങ്കപ്പെടുന്നതു മറ്റൊന്നാണ്​. പൊതുവിതരണ സംവിധാനം ഏകീകരിക്കപ്പെടുകയും ഡിജിറ്റൽവത്​കരിക്കുകയും ചെയ്യുന്നതോടെ, കേരളത്തിന്​ അർഹമായ വിഹിതം നഷ്ടപ്പെടു​മെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. റേഷൻ വിതരണത്തിലെ മുൻഗണനക്കുള്ള മാനദണ്ഡങ്ങൾ ഏകീകരിക്കപ്പെടുന്നതോടെ ജീവിതനിലവാരത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽനിന്ന്​ വലിയൊരു ഭാഗം പുറത്താകും. മറ്റു സർക്കാർ, ക്ഷേമപദ്ധതികൾ കൂടി ഇതേ ഡേറ്റ ഉപയോഗപ്പെടുത്തി പുനഃക്രമീകരിക്കപ്പെടുമ്പോൾ കേരളത്തിന്‍റെ നഷ്ടം കേവലം റേഷൻ ആനുകൂല്യങ്ങളിൽ മാത്രം ഒതുങ്ങില്ല എന്നുറപ്പ്​.

കേന്ദ്രസഹായത്തിനും സംസ്ഥാനങ്ങളുടെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിക്കാതെ ഏകീകൃതനിയമം നടപ്പാക്കിയാൽ അവിടെയും ‘വികസിത കേരള’ത്തിന്‍റെ വിഹിതം വെട്ടിച്ചുരുക്കും. അതോടെ കേന്ദ്രസഹായത്തിന്‍റെ പിൻബലത്തിലുള്ള സംസ്ഥാന സർക്കാറിന്‍റെ വിവിധ ക്ഷേമപദ്ധതികളുടെ നടത്തിപ്പ്​ അവതാളത്തിലാകും. അങ്ങനെ പദ്ധതിയുടെ ഗുണങ്ങളായി എണ്ണപ്പെടുന്നതെല്ലാം കേരളത്തിന്​ ദോഷമായി കലാശിക്കുകയാണ്​ ചെയ്യുക. അതിനാൽ സംസ്ഥാനങ്ങളിൽനിന്ന്​ ഡേറ്റ കൈക്കലാക്കി, സുതാര്യതയുടെയും കാര്യക്ഷമതയുടെയും പേരുപറഞ്ഞ്​ കൊണ്ടുവരുന്ന ഈ പരിഷ്കരണം ഒന്നിനുമേൽ ഒന്നായി കേരളത്തിന്‍റെ പ്രാരബ്​ധം കൂട്ടുമെന്നുതന്നെ കരുതണം.

Tags:    
News Summary - Public Distribution System

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.