തെരഞ്ഞെടുപ്പുകാലത്തെ തിരച്ചിലുകൾ


വിദേശ നാണയ വിനിമയചട്ട ലംഘനം, കള്ളപ്പണമിടപാടുകൾ തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങൾ കണ്ടെത്തി ഫലപ്രദമായി തടയിടുന്നതിന് രാജ്യത്ത് 1965ൽ രൂപവത്​കൃതമായ കേന്ദ്ര ഏജൻസിയാണ് ഇ.ഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന എൻഫോ​ഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്. കേന്ദ്ര റവന്യൂവകുപ്പിനു കീഴിലെ ഈ സംവിധാനം സ്ഥാപിച്ചപ്പോൾ ലക്ഷ്യംവെച്ചതുപോലെ നിഷ്പക്ഷവും സ്വതന്ത്രവുമായി ഇടപെടലുകൾ നടത്തിയിരുന്നുവെങ്കിൽ രാജ്യത്തെ കള്ളപ്പണ ഇടപാടുകൾക്കു മാത്രമല്ല, അഴിമതികൾക്കും അശാന്തിക്കും ഒരളവുവരെയെങ്കിലും അറുതിവരുത്താൻ കഴിയുമായിരുന്നു എന്നതിൽ ലവലേശമില്ല സംശയം. എന്നാൽ, സമീപവർഷങ്ങളിൽ ഇ.ഡി നടത്തിയ തിരച്ചിലുകളുടെയും അന്വേഷണങ്ങളുടെയും പാറ്റേൺ ഗുരുതര ആശങ്കക്കും സംശയങ്ങൾക്കും വകനൽകുന്ന സ്ഥാപിതതാൽപര്യങ്ങളാണെന്ന് പറഞ്ഞാൽ അധികമാവില്ല.

രാജ്യമെന്നാൽ കേന്ദ്രം ഭരിക്കുന്ന സർക്കാറും അതിനു നേതൃത്വം നൽകുന്ന പാർട്ടിയുമാണ് എന്ന് തോന്നിപ്പിക്കുംവിധത്തിൽ സർക്കാറിനോ ഭരണപാർട്ടിക്കോ എതിരെ ശബ്ദമുയർത്തുന്ന രാഷ്ട്രീയനേതാക്കളുടെയും രാഷ്ട്രീയ-സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മുന്നിൽ ഇ.ഡിയുടെ തിരച്ചിൽസംഘങ്ങൾ ഇരച്ചുകയറുന്നത് പതിവായിരിക്കുന്നു.

മഹാരാഷ്ട്രയിലെ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവും ന്യൂനപക്ഷക്ഷേമ മന്ത്രിയുമായ നവാബ് മാലിക്കിനെ മൂന്നുനാൾ മുമ്പ്​ പിടിച്ചുകൊണ്ടുപോയത് ഇക്കൂട്ടത്തിലെ അവസാനസംഭവം മാത്രം. രാജ്യമൊട്ടുക്ക് പ്രതാപം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമുൾക്കൊള്ളുന്ന മഹാരാഷ്ട്രയിൽ ക്ഷീണം വരുത്തിവെച്ച കൂട്ടുകെട്ടിലെ കൂസലില്ലാത്ത ശബ്​ദങ്ങളിലൊന്നാണ് നവാബ് മാലിക് എന്നതുകൊണ്ടുതന്നെ ഈ അന്വേഷണവും അറസ്റ്റുമൊന്നും അത്ര നിഷ്കളങ്കമോ നിരാക്ഷേപകരമോ ആണെന്ന് കരുതാനാവില്ല.

ഇതേപോലെ കേന്ദ്രഭരണക്കാർ ശല്യക്കാരനായി കണ്ടിരുന്ന മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ് മുഖിനെയും ശിവസേന നേതാക്കളായ യശ്വന്ത് ജാദവ്, രവീന്ദ്ര വൈകർ, ആനന്ദറാവു അദ്സുൽ, അർജുൻ ഖോട്കർ എന്നിവരെയും ഇ.ഡി ഇതേ മട്ടിൽതന്നെ കൈകാര്യംചെയ്തിരുന്നു. ഇതിനു പുറമെ സേന, എൻ.സി.പി നേതാക്കളുടെ ബന്ധുക്കളുമായി ബന്ധപ്പെട്ട വ്യാപാരികളെയും സ്ഥാപനങ്ങളെയും ഉന്നംവെക്കുന്നുണ്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷപാർട്ടികളുടെ ഐക്യനിര വേണമെന്ന് ആഹ്വാനംചെയ്യുന്ന എൻ.സി.പി-ശിവസേന മേധാവികൾക്ക് കൃത്യമായ സന്ദേശം നൽകാനാണ് ഇതുവഴി സർക്കാർ ശ്രമിക്കുന്നത്.

തീർഥാടനം വഴി പാപമുക്തി പ്രാപ്തമാകുന്നതുപോലെ പാർട്ടി മാറിയാൽ സകല സാമ്പത്തിക കുറ്റാരോപണങ്ങളിൽനിന്നും ക്ഷിപ്രമോക്ഷം ലഭിക്കുന്ന കാഴ്ചയും കാണാനുണ്ട്. ഏതാനും വർഷംമുമ്പ്​ കോൺഗ്രസിലായിരിക്കെ സദാ എൻഫോ​ഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റിന്റെ നോട്ടപ്പുള്ളിയായിരുന്ന നേതാവാണ് നാരായൺ റാണെ. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന് രാജ്യസഭാംഗവും സഹമന്ത്രിയുമായി മാറിയ അദ്ദേഹമിപ്പോൾ എതിരാളികളെ ഇ.ഡി റെയ്ഡ് പറഞ്ഞ് പേടിപ്പിക്കുന്നു. മാതോശ്രീ (മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതി)യിലെ നാലുപേർക്കെതിരെ ഇ.ഡി നോട്ടീസ് തയാറായതായി തനിക്ക് വിവരം ലഭിച്ചുവെന്നാണ് റാണെ ഈയിടെ മുന്നറിയിപ്പ് നൽകിയത്.

മഹാരാഷ്ട്രയിൽ ഒതുങ്ങുന്ന പ്രതിഭാസമല്ലിത്. രാഷ്ട്രീയമായി പിടിച്ചുനിൽക്കാൻ കഴിയാത്ത പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും കേരളത്തിൽതന്നെയും ഇ.ഡിയെ നിർലജ്ജം ബി.ജെ.പി ഉപകരണമാക്കിമാറ്റുന്നു. ജമ്മു-കശ്മീരിലെ മുഖ്യധാരാ നേതാക്കളുടെ ​വീടുകളിൽ നടക്കുന്ന ഇ.ഡി റെയ്ഡുകൾ ഇപ്പോൾ പുതുമയല്ലാതായി. ഭരണകൂടത്തിന് അഹിതമായ വാർത്ത നൽകിയ ന്യൂസ് ക്ലിക് ഡോട്ട്കോം, ദൈനിക് ഭാസ്കർ, ദ ക്വിന്റ് തുടങ്ങിയ മാധ്യമങ്ങളുടെ ഓഫിസുകളിലും ​മാരത്തൺ തിരച്ചിലാണ് കഴിഞ്ഞവർഷങ്ങളിലായി ഇ.ഡി നടത്തിയത്. ഗുജറാത്ത് വംശഹത്യ മുതൽ രാജ്യത്തെ വിദ്വേഷക്കൊലകൾക്കെതിരെ വരെ ശക്തമായ നിലപാടെടുക്കുന്ന ഹർഷ് മന്ദർ ഉൾപ്പെടെയുള്ള പൗരാവകാശപ്രവർത്തകർക്കു നേരെയും ഇ.ഡിയുടെ ചൂരൽവടി വീശിനോക്കി.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന യു.പിയിലും പഞ്ചാബിലും ​സമാജ്‍വാദി, കോൺഗ്രസ് പാർട്ടികളുടെ നേതാക്കളെയും അവരുടെ ബന്ധുക്കളെയും സാമ്പത്തികസ്രോതസ്സുകളായ വ്യവസായികളെയും ഇ.ഡി തിരയാനെത്തി. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ അനന്തരവനെ അറസ്റ്റുചെയ്തു. സർക്കാറിന്റെ റിമോട്ട് കൺട്രോളനുസരിച്ച് ചരിക്കുംതോറും സ്വതന്ത്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയും മാന്യതയും ദ്രവിച്ച് ദുർബലമാവുകയാണ്.

ഇ.ഡിയും സി.ബി.ഐയും ബി.ജെ.പിക്കൊപ്പം തെരഞ്ഞെടുപ്പ് രംഗത്തുണ്ട് എന്നാണ് ഈ അന്യായ ഇടപെടലുകളെ ആഴ്ചകൾക്കു മുമ്പുതന്നെ സമാജ്‍വാദി പാർട്ടി ​അധ്യക്ഷൻ അഖിലേഷ് യാദവ് വിശേഷിപ്പിച്ചത്. സർവിസിലിരിക്കെ 'അതി ഗുരുതര'മെന്ന് സു​പ്രീംകോടതി വിശേഷിപ്പിച്ച വിധത്തിലെ ആരോപണങ്ങൾ നേരിട്ട ഇ.ഡി മുൻ ജോയന്റ് ഡയറക്ടർ രാജേശ്വർ സിങ് വി.ആർ.എസ് എടുത്ത് ബി.ജെ.പിയിൽ ചേർന്ന് യു.പി നിയമസഭയിലേക്ക് മത്സരിക്കുന്നതുകൂടി കാണുമ്പോൾ ചിത്രം പൂർണമാവുന്നു.

Tags:    
News Summary - raid conducted by Enforcement directorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.