വയറ്റത്തടിക്കുന്ന സെർവർ തകരാർ


ഇന്ധനവിലയിൽ മാത്രമല്ല, മലയാളിയുടെ മുഖ്യാഹാരമായ അരിയുടെ വിലയിലും കഴിഞ്ഞ രണ്ടു വർഷത്തിനിടെ വലിയ വർധനവാണുണ്ടായിരിക്കുന്നത്. സാധാരണക്കാരുടെ വരുമാനത്തിലാവട്ടെ കോവിഡാനന്തര കാലത്ത് വൻ ഇടിവും സംഭവിച്ചിരിക്കുന്നു. ഈ ഘട്ടത്തിൽ ജനങ്ങൾക്ക് ആശ്വാസം പകരുന്നത് പൊതുവിതരണ സംവിധാനം വഴി ലഭ്യമാവുന്ന അരിയാണ്. പണ്ടത്തേതുപോലെ ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ എന്നിവക്കായി റേഷൻ കടയിൽ ചെന്നിട്ട് കാര്യമില്ലെങ്കിലും മുൻകാലങ്ങളിൽനിന്ന് ഭിന്നമായി അരിവാങ്ങാൻ റേഷൻ കടകളിലെത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് സമീപകാലത്ത് കാണാനാവുന്നത്.

റേഷനരിയോട് മുഖം തിരിക്കുന്ന സമീപനത്തിൽനിന്ന് മധ്യവർഗവും പ്രവാസി കുടുംബങ്ങളുമെല്ലാം മാറിയിരിക്കുന്നു, പൊതുവിപണിയിലെ അരിവില വർധനയും വരുമാനത്തകർച്ചയും അവരെ അതിന് നിർബന്ധിതരാക്കുന്നു എന്നുവേണം പറയാൻ. ഇത്തരമൊരു സാഹചര്യത്തിൽ അവശ്യ ഭക്ഷ്യവസ്തു ആവശ്യാനുസരണം ലഭ്യമാക്കാൻ സൗകര്യമൊരുക്കുക എന്നത് ഭരണകൂടത്തിന്റെ മിനിമം ബാധ്യതയാണ്. സന്ദർഭത്തിനൊത്ത് ഉയരുക എന്നതാണ് ഒരു ജനകീയ സർക്കാറിന്റെ അടിസ്ഥാന ഗുണം. എന്നാൽ, അരി വിതരണത്തിന്റെ കാര്യത്തിൽ അതു പാലിക്കാൻ സംസ്ഥാന സർക്കാറിന് കഴിയുന്നില്ല എന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്.

കഴിഞ്ഞ മൂന്നു ദിവസമായി സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങിയിരിക്കുകയാണ്. റേഷൻ വാങ്ങുന്ന ഉപഭോക്താക്കളുടെ കൈവിരൽ പതിപ്പിക്കേണ്ട ഇലക്ട്രോണിക് പോയന്റ് ഓഫ് സെയിൽ (ഇപോസ്) മെഷീനുകളുടെ സെർവർ തകരാറാണ് ജനങ്ങളുടെ അന്നംമുട്ടിച്ചത്. സംസ്ഥാനത്തെ 93.53 ലക്ഷം കാർഡുടമകളിൽ നാലര ലക്ഷം പേരാണ് സാധാരണഗതിയിൽ പ്രതിദിനം റേഷൻ വാങ്ങുന്നതെങ്കിൽ തിങ്കളാഴ്ച 1.61 ലക്ഷം പേർക്ക് മാത്രമാണ് റേഷൻ നൽകാൻ കഴിഞ്ഞത്. തിങ്കളാഴ്ച ഈ പ്രശ്നം സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടു. പൊള്ളുന്ന ചൂടത്ത് മണിക്കൂറുകളോളം കാത്തുനിന്നിട്ടും റേഷൻ ലഭിക്കാതെ വന്നതോടെ ഉപഭോക്താക്കളും വ്യാപാരികളും തമ്മിൽ വാക്കേറ്റവും ചിലയിടങ്ങളിൽ കൈയേറ്റവുമുണ്ടായി.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട തേവൻകോട് റേഷൻ സാധനങ്ങൾ ലഭിച്ചില്ലെന്ന പേരിൽ കടയിലെ ജീവനക്കാരിയെ മർദിച്ച സംഭവം പോലുമുണ്ടായി. കോഴിക്കോട് കൊളത്തൂരിൽ കടയുടെ മുന്നിൽ കഞ്ഞിവെച്ചാണ് ഉപഭോക്താക്കൾ പ്രതിഷേധമറിയിച്ചത്. അടിയന്തരമായി ഇടപെട്ട് സെർവർ തകരാർ പരിഹരിക്കാൻ ഭക്ഷ്യവകുപ്പ് തയാറാകാതെ വന്നതോടെ ചൊവ്വാഴ്ചയും റേഷൻ വിതരണം സാധ്യമായില്ല. തേവൻകോട് സംഭവിച്ചത് സംസ്ഥാനത്ത് മറ്റു പലയിടത്തും ആവർത്തിച്ചേക്കും എന്ന അവസ്ഥയായി. റേഷൻ വാങ്ങാനെത്തുന്നവരോട് മറുപടിയേതും പറയാനില്ലാത്തതിനാൽ കടകളുടെ ഷട്ടർ താഴ്ത്തിയിടുക മാത്രമേ വ്യാപാരികൾക്ക് നിർവാഹമുണ്ടായിരുന്നുള്ളൂ.

സെർവർ മെയിന്റനൻസ് ചുമതലയുള്ള ഹൈദരാബാദിലെ നാഷനൽ ഇൻഫർമാറ്റിക് സെന്ററിന് (എൻ.ഐ.സി) ബുധനാഴ്ചയും പ്രശ്നം പരിഹരിക്കാൻ കഴിയാതെ വന്നതോടെ ആഴ്ചയിലെ അവശേഷിക്കുന്ന ദിവസങ്ങളിലും കടകൾ അടഞ്ഞു കിടക്കും, റേഷനും മുടങ്ങും. സാങ്കേതിക തകരാർ പരിഹരിക്കാൻ മൂന്നു ദിവസമെടുക്കുമെന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിക്കുന്നത്. കാർഡ് ഉടമകളെ തിരിച്ചറിഞ്ഞ് കൃത്യമായ അളവിൽ റേഷൻ വിഹിതം ലഭ്യമാക്കാനും അനർഹമായ കരങ്ങളിലേക്ക് റേഷൻ വസ്തുക്കൾ പോകാതിരിക്കാനും ലക്ഷ്യമിട്ടാണ് പൊതുവിതരണ സംവിധാനം ഡിജിറ്റൽവത്കരിച്ചതും 2018 മുതൽ ഇപോസ് നിലവിൽവന്നതും. ഇക്കാലമിത്രയായിട്ടും ഈ സംവിധാനം കുറ്റമറ്റതാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല എന്നതുതന്നെ വലിയ പോരായ്മയാണ്. ഈ വർഷം ഇത് മൂന്നാം തവണയാണ് വ്യാപകമായ രീതിയിൽ സെർവർ തകരാർ റിപ്പോർട്ട് ചെയ്യപ്പെടുന്നത്; ഒറ്റയും തെറ്റയുമായി ഇപോസ് പണിമുടക്കുമൂലം റേഷൻ മുടങ്ങുന്നത് അതിനു പുറമെ.

സാങ്കേതിക തകരാറിനെ തുടർന്ന് രാവിലെയും ഉച്ചയുമായി സമയക്രമീകരണം നടത്തിയാണ് കുറെ നാളുകൾ റേഷൻ വിതരണം നടത്തിപ്പോന്നത്. ഭക്ഷ്യധാന്യവിതരണത്തിന്റെ കാര്യത്തിൽ ഇത്ര ലാഘവബുദ്ധി പുലർത്താൻ ഒരു സർക്കാറിന് എങ്ങനെ സാധിക്കുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. യുദ്ധകാലാടിസ്ഥാനത്തിൽ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനും എത്രയും പെട്ടെന്ന് റേഷൻ വിതരണം പുനഃസ്ഥാപിക്കാനും സത്വര നടപടി സ്വീകരിച്ചേ തീരൂ. റേഷൻ വ്യാപാരികൾ മുന്നോട്ടുവെക്കുന്ന ആകുലതകൾ കേൾക്കാനും അധികൃതർ തയാറാവണം. വിശക്കുന്ന വയറിന്റെ പിടപ്പ് യന്ത്രങ്ങൾക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. പക്ഷേ, ഒരു ജനകീയ സർക്കാർ മനസ്സിലാക്കിയേ തീരൂ.

Tags:    
News Summary - Ration Shop EPOS machine Server complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT