അസം ലെജിസ്ലേറ്റിവ് കൗൺസിലിെൻറ പ്രഥമ ഡെപ്യൂട്ടി സ്പീക്കറായിരുന്നു മൗലാന മുഹമ്മദ് അമീറുദ്ദീൻ. സ്വതന്ത്ര എം.എൽ.എയായിരുന്ന അദ്ദേഹം 1937 മുതൽ ’46 വരെ ഇൗ പദവിയിലിരുന്നിട്ടുണ്ട്്. ദേശീയ സ്വാതന്ത്ര്യസമരത്തിൽ പെങ്കടുക്കുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്ത മൗലാന, വിഭജനാനന്തരം അസമിനെ ഇന്ത്യയുടെ ഭാഗമാക്കി നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു എന്നതിന് ചരിത്രരേഖകൾ സാക്ഷ്യംപറയും.
അസമിലെ മോറിഗാവ് ജില്ലയിലെ കാലിഖജാരി ചെറുഗ്രാമത്തിൽ ഇപ്പോഴും അദ്ദേഹത്തിെൻറ വീട് കാണാം. അതിനു സമീപത്തായി, അദ്ദേഹത്തിെൻറ പിൻഗാമികൾ താമസിക്കുന്നുണ്ട്. പക്ഷേ, സർക്കാർ കണക്കിൽ അവരൊക്കെ ‘വിദേശി’കളാണ്. പൗരത്വം തെളിയിക്കാൻ വർഷങ്ങളായി കോടതി കയറിയിറങ്ങുകയാണ് മൗലാനയുടെ നൂറിലധികം വരുന്ന ബന്ധുക്കൾ. ഒൗദ്യോഗിക ചരിത്രരേഖകളിൽ സ്ഥാനംപിടിച്ച ഒരു മഹാെൻറ പിൻഗാമികളുടെ അവസ്ഥ ഇതാണെങ്കിൽ അന്നാട്ടിലെ സാധാരണക്കാരുടെ അവസ്ഥ ഉൗഹിക്കാവുന്നതേയുള്ളൂ. ആ ഗ്രാമത്തിലെ 150ലധികം വീടുകളിൽ ഇതിനകം ഫോറിൻ ട്രൈബ്യൂണലിെല ഉദ്യോഗസ്ഥരെത്തി പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മോറിഗാവ് ഗ്രാമങ്ങളിെല ജനങ്ങൾ ‘ഞങ്ങൾ ഇന്ത്യക്കാരാണെ’ന്ന് അധികാരികളോട് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷേ, തിങ്കളാഴ്ച പുറത്തിറക്കിയ രണ്ടാമത്തെയും അവസാനത്തെയും അസം പൗരത്വപ്പട്ടികയിലും (നാഷനൽ രജിസ്റ്റർ ഒാഫ് സിറ്റിസൺസ് -എൻ.ആർ.സി) ഇവരുടെ പേരില്ല. 3.29 കോടി ജനങ്ങൾ അധിവസിക്കുന്ന അസമിൽ അധികാരികൾ തയാറാക്കിയ പൗരത്വപ്പട്ടികയിൽ 2.89 കോടി ജനങ്ങളുടെ വിവരങ്ങൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ബാക്കിയുള്ള 40 ലക്ഷത്തിലധികം പേരെ ‘അനധികൃത കുടിയേറ്റ’ക്കാരായാണ് കണക്കാക്കിയിരിക്കുന്നത്. പുറത്താക്കപ്പെട്ട ഇൗ ജനലക്ഷങ്ങളുടെ ഭാവിയെക്കുറിച്ച് ഇനിയും ഭരണകൂടം വ്യക്തത വരുത്തിയിട്ടില്ല.
‘അനധികൃത കുടിയേറ്റ’ക്കാരെെച്ചാല്ലി പലതവണ അസമിൽ ചോര വീണതാണ്. ‘അസമി’കളും ‘ബംഗാളി’കളും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരിഹരിക്കുന്നതിന് ഒേട്ടറെ ശ്രമങ്ങളുമുണ്ടായിട്ടുണ്ട്. 1985ൽ, അസം സ്റ്റുഡൻറ്സ് യൂനിയനുമായി (ആസു) രാജീവ് ഗാന്ധി ഒപ്പുവെച്ച അസം ഉടമ്പടിയാണ് അതിലൊന്ന്. ഒന്നാം യു.പി.എ സർക്കാറിെൻറ കാലത്താണ് സംസ്ഥാനത്തെ കോൺഗ്രസ് സർക്കാറുമായി മറ്റൊരു ഉടമ്പടി ഒപ്പിട്ടതിെൻറ അടിസ്ഥാനത്തിൽ ആദ്യ സെൻസസിനോടനുബന്ധിച്ച് (1951) തയാറാക്കിയ പൗരത്വപ്പട്ടിക അടിസ്ഥാന രേഖയാക്കാനും ബംഗ്ലാദേശ് രൂപവത്കരണത്തിന് (1971) മുന്നോടിയായി ഇവിടെയെത്തിയവർക്കും അവരുടെ പിൻഗാമികൾക്കും പൗരത്വം നൽകാനും തീരുമാനിക്കുന്നത്. ഇതിനായി, ഫോറിനേഴ്സ് ട്രൈബ്യൂണൽ എന്ന പ്രത്യേക സ്ഥാപനം തുടങ്ങി. നൂറിലധികം ട്രൈബ്യൂണലുകളാണ് അസമിൽ പ്രവർത്തിക്കുന്നത്. ആവശ്യമായ രേഖകൾ സമർപ്പിച്ചശേഷവും ട്രൈബ്യൂണൽ പലർക്കും പൗരത്വം നിഷേധിച്ചതോടെ വിഷയം ആദ്യം ഹൈകോടതിയിലും പിന്നീട് സുപ്രീംകോടതിയിലും എത്തി. തുടർന്നാണ്, 2014 ഡിസംബറിൽ സുപ്രീംകോടതി അടിയന്തരമായി പൗരത്വപ്പട്ടിക തയാറാക്കാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടത്. മൂന്നര വർഷത്തിനിപ്പുറം നവീകരിച്ച പൗരത്വപ്പട്ടിക പുറത്തുവരുേമ്പാൾ, ഒരു രാജ്യം എങ്ങനെയാണ് അഭയാർഥികളെ സ്വയം സൃഷ്ടിക്കുന്നതെന്നതിെൻറ നേർചിത്രമാകുന്നു അത്.
ഫോറിൻ ട്രൈബ്യൂണലും ഇതര സർക്കാർ സംവിധാനങ്ങളുംകൂടി സംസ്ഥാനത്തെ പൗരന്മാരെ പല തട്ടുകളായി ഇതിനകംതന്നെ തിരിച്ചിട്ടുണ്ട്. ‘ഡി വോട്ടർമാർ’ (ഡൗട്ട്ഫുൾ/ഡൂബിയസ് വോേട്ടഴ്സ്) എന്നൊരു വിഭാഗം ഇങ്ങനെയുള്ളതാണ്. കൃത്യമായ രേഖകളുണ്ടായിട്ടും സംശയത്തിെൻറ പേരിൽ വോട്ടവകാശം നിഷേധിക്കപ്പെടുകയും പലപ്പോഴും ജയിലുകളിൽ കഴിയാൻ വിധിക്കപ്പെടുകയും ചെയ്തവർ. തങ്ങളുടെ ഹിതത്തിന് വഴങ്ങാത്തവരെ പലപ്പോഴും അധികാരികൾ ഇൗ ഗണത്തിൽപെടുത്തിയതിെൻറ ഉദാഹരണങ്ങളുമുണ്ട്. ഏതാനും വർഷങ്ങൾക്കുമുമ്പ്, സന്തോഷ് ശബ്ദാകർ എന്നയാളെയും സഹോദരനെയും ‘ഡി വോട്ടർമാരാ’ക്കി അതിർത്തി കടത്തി. പട്ടികയിൽനിന്ന് പുറത്താക്കിയ 40 ലക്ഷം പേരെയും കാത്തിരിക്കുന്നത് ഇൗ ദുർവിധിതന്നെയാകുമോ? ഒന്നും ഭയപ്പെടാനില്ലെന്നും ആരെയും തടവിലാക്കില്ലെന്നുമൊക്കെ അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ പറയുന്നുണ്ടെങ്കിലും ആശങ്ക പൂർണമായും ഒഴിഞ്ഞുവെന്ന് സമാധാനിക്കാൻ ഒട്ടും വകയില്ല. ഇപ്പോൾ പട്ടികയിൽനിന്ന് പുറത്തായവർക്ക് ആഗസ്റ്റ് 30 മുതൽ ഒരു മാസംകൂടി രേഖകൾ വീണ്ടും സമർപ്പിക്കാൻ അവസരമുണ്ടെന്നാണ് സർക്കാർ ഭാഷ്യം. 2015ൽ എൻ.ആർ.സിയിൽ രജിസ്റ്റർ ചെയ്തവർക്കു മാത്രമാണ് ഇൗ അവസരമെന്നോർക്കണം. അന്ന് അനുവദിച്ച നാലു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർ അപ്പോഴും പടിക്കുപുറത്താകും. ഏതായാലും 40 ലക്ഷത്തിൽനിന്ന് ഇനിയും ഏതാനും ആയിരങ്ങൾ മാത്രമായിരിക്കും ലിസ്റ്റിൽ കയറിപ്പറ്റുകയെന്ന് സാരം.
അസമിലെ ‘കുടിയേറ്റ’പ്രശ്നത്തെ യാഥാർഥ്യബോധത്തോടെ കാണുന്നതിനുപകരം അതിനെ രാഷ്ട്രീയ മുതലെടുപ്പിനുള്ള വജ്രായുധമാക്കുകയായിരുന്നു ദേശീയ രാഷ്ട്രീയ പാർട്ടികളൊക്കെയും. ചില പരിഹാരനീക്കങ്ങളൊക്കെ കോൺഗ്രസിെൻറ ഭാഗത്തുനിന്നുണ്ടായെങ്കിലും രാഷ്ട്രീയ ചുവടുവെപ്പിനപ്പുറം അതൊന്നും വിജയിച്ചില്ല. ബംഗ്ലാദേശിൽനിന്നുള്ള ഹിന്ദുകുടിയേറ്റക്കാർക്ക് പൗരത്വം നൽകുമെന്നത് കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പ് കാലത്ത് എൻ.ഡി.എയുടെ വാഗ്ദാനമായിരുന്നു. അതിൽ പ്രതീക്ഷയർപ്പിച്ച് ഇപ്പോഴും അമുസ്ലിംകൾ അതിർത്തി കടക്കുന്നുണ്ട്. 40 ലക്ഷത്തിൽ 10 ശതമാനമെങ്കിലും അവരാണെന്നോർക്കണം. 2016ലെ സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോദി ഒരുപടികൂടി കടന്ന്, ബംഗ്ലാദേശികൾ രാജ്യംവിടേണ്ടിവരുമെന്ന് മുസ്ലിം ‘കുടിയേറ്റ’ക്കാരെ ഉന്നമിട്ട് പ്രസ്താവിച്ചതും വോട്ട് ലക്ഷ്യമാക്കി മാത്രമായിരുന്നു. തിങ്കളാഴ്ച എൻ.ആർ.സി പാർലമെൻറിൽ ചർച്ചയായപ്പോൾ, അതിനെ ആശങ്കയോടെ വീക്ഷിച്ചതും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ തുറന്നടിച്ചതും തൃണമൂൽ കോൺഗ്രസ് മാത്രമാണ്. മോദി സർക്കാർ രാജ്യത്ത് അഭയാർഥികളെ ഉൽപാദിപ്പിക്കുകയാണെന്ന മമത ബാനർജിയുടെ പ്രസ്താവനയെ ഏറെ ഗൗരവത്തോടെതന്നെ കാണണം. പൗരത്വപ്പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുന്നതോടെ ഒരാൾ സാേങ്കതികമായി അഭയാർഥിയാണ്. അത്തരം 40 ലക്ഷം അഭയാർഥികളാണ് ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പൗരത്വത്തിെൻറ പേരിൽ മ്യാന്മറും ബംഗ്ലാദേശും പരസ്പരം തട്ടിക്കളിച്ചതിെൻറ പരിണതഫലമാണ് റോഹിങ്ക്യൻ അഭയാർഥികൾ. റോഹിങ്ക്യകളിൽനിന്ന് ഒട്ടും അകലെയല്ല വഴിയാധാരമായ ഇൗ 40 ലക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.