ഫ്യൂഡലിസത്തിനും ഭൂദുഷ്പ്രഭുത്വത്തിനും അധികാര വർഗ തേർവാഴ്ചക്കുമെതിരെ, ചൂഷിതരുടെയും തൊഴിലാളികളുടെയും കർഷകരുടെയും പക്ഷത്ത് നിലയുറപ്പിച്ച് സുധീരം പോരാടിയ വിപ്ലവ നായികയാണ് നൂറ്റാണ്ടു പിന്നിട്ട സംഭവബഹുലമായ ജീവിതത്തിനൊടുവിൽ കേരളത്തോട് കഴിഞ്ഞ ദിവസം വിടപറഞ്ഞ കെ.ആർ. ഗൗരിയമ്മ.
സ്ത്രീകൾക്ക് പൊതുരംഗത്തിറങ്ങി പ്രവർത്തിക്കുന്നതുപോയിട്ട് പുറത്തിറങ്ങി നടക്കാൻപോലും വിലക്കുണ്ടായിരുന്ന കാലത്ത് ആചാരങ്ങളെയും പാരമ്പര്യങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സമൂഹമധ്യത്തിലിറങ്ങി നീതി നിഷേധിക്കപ്പെട്ടവർക്കുവേണ്ടി ചോരക്കൊടി പിടിച്ച് പൊലീസിന്റെ ചവിട്ടും ലാത്തിയടിയും തൃണവൽഗണിച്ച് കാരാഗൃഹത്തിൽ കഴിഞ്ഞ ഗൗരിയമ്മ നിശ്ചയമായും കേരള ചരിത്രത്തിൽ സ്വന്തം രക്തത്തിലൂടെ വേറിട്ടൊരധ്യായം എഴുതിച്ചേർത്ത ധീരവനിതയാണ്.
അവരോടും അവർ പ്രവർത്തിച്ച പ്രസ്ഥാനത്തോടും ഭിന്നാഭിപ്രായം പുലർത്തുന്നവർക്കുപോലും നിഷേധിക്കാനാവില്ല ത്യാഗപൂർണമായ ആ ജീവിതത്തിലെ സാമൂഹിക പ്രതിബദ്ധതയും മാറ്റത്തിനായുള്ള ത്വരയും. അതുകൊണ്ടുതന്നെയാണ് 1957ലെ പ്രഥമ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ ചേർത്തല മണ്ഡലത്തിൽനിന്ന് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി വിജയിച്ചുകയറാനും ജനാധിപത്യാടിസ്ഥാനത്തിൽ ഒന്നാമതായി അധികാരം പിടിച്ച കമ്യൂണിസ്റ്റ് പാർട്ടിയുടെ മന്ത്രിസഭാംഗമായി ചരിത്രത്തിൽ ഇടംപിടിക്കാനും ഗൗരിയമ്മക്കായത്.
സംസ്ഥാനാധികാരത്തിന്റെ പരിമിതിയിൽനിന്നുകൊണ്ട് രാജ്യത്തിന്നാകെ മാതൃകയായി ഭൂപരിഷ്കരണ നിയമം െകാണ്ടുവരുകയെന്ന ഐതിഹാസിക ദൗത്യം നിറവേറ്റാനായതും അവിസ്മരണീയ സംഭവമാണ്. തന്റെ സ്വന്തം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വിശാലമായ കൃഷിഭൂമിയിലെ കുടിയാന്മാരിൽ ഒരാളെപോലും ഒഴിപ്പിക്കാതെ നിയമാനുസൃത ഭൂവിഹിതം അവർക്ക് പതിച്ചുകൊടുത്തുകൊണ്ടാണ് കാർഷിക ബന്ധ നിയമം അവർ നടപ്പാക്കാനാരംഭിച്ചതെന്ന ചരിത്ര വസ്തുത അടിവരയിട്ടുവേണം ഓർമിക്കാൻ. അതിരുകളില്ലാത്ത ജന്മിത്വത്തിന്റെ അന്ത്യംകുറിക്കാൻ കമ്യൂണിസ്റ്റ് സർക്കാർ നിയമം കൊണ്ടുവരുന്നു എന്നുകേട്ടപ്പോഴേക്ക് തങ്ങളുടെ കുടിയാന്മാരെ മുഴുവൻ ഒഴിപ്പിച്ചെടുക്കാൻ കുതന്ത്രം പയറ്റിയ ഒട്ടേറെ പ്രമുഖരെക്കുറിച്ച് പിന്നീട് ചരിത്രം പറഞ്ഞുതന്നിട്ടുണ്ട്.
സ്ത്രീശാക്തീകരണത്തെയും വനിത മുന്നേറ്റത്തെയും കുറിച്ച് വാചാലരാവുന്നവരൊക്കെ ചൂണ്ടിക്കാട്ടാറുള്ളതാണ് ഗൗരിയമ്മയുടെ മാതൃക. അതുപക്ഷേ, ആരെങ്കിലും നൽകിയ ഔദാര്യം മൂലമോ വനിതാ സംവരണത്തിലൂടെയോ നേടിയെടുത്തതായിരുന്നില്ല എന്നതാണേറ്റവും ശ്രദ്ധേയം. സ്വന്തം കരുത്തും നിശ്ചയദാർഢ്യവും കൈമുതലാക്കി അവർ പോരാട്ടത്തിലൂടെ നേടിയെടുത്ത സ്ഥാനങ്ങളും പദവികളുമേ അവരുടെ ജീവിതത്തിൽ കാൺമാനാവൂ.
പാർലമെൻറിലെയും നിയമസഭകളിലെയും സ്ത്രീ സംവരണം എന്ന സ്വപ്നം എങ്ങുമെത്താതെ തുടരുന്ന നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഗൗരിയമ്മയിൽനിന്ന് നമ്മുടെ സ്ത്രീ സമൂഹം ഉൾക്കൊള്ളേണ്ട മാതൃകയും അതുതന്നെ. അതേസമയം, പുരുഷമേധാവിത്വം ഗൗരിയമ്മയുടെ മാർഗത്തിൽപോലും തടസ്സം സൃഷ്ടിച്ചുവോ എന്ന ആലോചനക്ക് പ്രസക്തിയുണ്ട്. തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ കേരളത്തിലെ ഇടതുമുന്നണി സർക്കാറിനെ നയിക്കേണ്ടത് ഗൗരിയമ്മ ആയിരുന്നുവെന്നും 'കേരം തിങ്ങും കേരള നാട്ടിനെ കെ.ആർ. ഗൗരി ഭരിച്ചീടും' എന്ന മുദ്രാവാക്യം മുഴക്കി അധികാരത്തിലേറിയ സി.പി.എം മുന്നണി സമയമായപ്പോൾ അവരെ തഴഞ്ഞ് ഇ.കെ. നായനാരെ മുഖ്യമന്ത്രി പദത്തിലേക്ക് കൊണ്ടുവരുകയായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്കാരവും വഴക്കവുമനുസരിച്ച് ആഗ്രഹിക്കുന്നവർക്ക് പദവി നൽകാറില്ലെന്നും കെ.ആർ. ഗൗരിക്കർഹമായത് അപ്പോഴും പാർട്ടി നൽകിയിട്ടുണ്ടെന്നും അവർ മുഖ്യമന്ത്രി പദം മോഹിച്ചതാണ് തെറ്റെന്നുമാണ് താത്ത്വികാചാര്യനും പാർട്ടി സെക്രട്ടറിയുമായിരുന്ന ഇ.എം.എസ് ന്യായീകരിച്ചത്.
ഇപ്പറയുന്നതിലെ തെറ്റും ശരിയും ഇനിയും വിവാദ വിധേയമായി തുടരാനാണിട. എന്തുതന്നെയായാലും ഗൗരിയമ്മക്ക് ഒരിടതുപക്ഷ സർക്കാറിന്റെ സാരഥ്യം വഹിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുമായിരുന്നു എന്നു കരുതുന്നു വലിയൊരു വിഭാഗം.
പാർട്ടിയിൽ നിന്ന് പുറംതള്ളപ്പെട്ട ഗൗരിയമ്മ ജനാധിപത്യ സംരക്ഷണ സമിതി എന്നപേരിൽ രാഷ്ട്രീയകക്ഷി രൂപവത്കരിച്ചതും അത് വലതു മുന്നണിയുടെ ഭാഗമായതും തുടർന്ന് അധികാരത്തിലേറിയ യു.ഡി.എഫ് മന്ത്രിസഭയിൽ അവർ അംഗമായതുമൊക്കെ സംഭവിക്കാൻ പാടില്ലാത്ത ഫൗൾ ആയിരുന്നു എന്നും അവർ കരുതുന്നുണ്ടാവും. സ്ത്രീ ആയത് മാത്രമല്ല, പിന്നാക്ക ജാതിക്കാരിയായതു കൂടിയാണ് സംഭവത്തിലെ ഇരുണ്ടവശമെന്ന് അഭിപ്രായപ്പെടുന്നവർ, മണ്ഡൽ കമീഷൻ റിപ്പോർട്ട് വി.പി. സിങ് സർക്കാർ നടപ്പാക്കുന്ന ഘട്ടത്തിൽ ഇ.എം.എസ് നമ്പൂതിരിപ്പാട് സാമ്പത്തിക സംവരണത്തിനു കൂടി വാദിച്ചതും ഗൗരിയമ്മ അതിനെ എതിർത്തതും ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ഒടുവിൽ കേന്ദ്രത്തിലെ മോദി സർക്കാറിനെപ്പോലെ കേരളത്തിലെ പിണറായി സർക്കാറും സാമ്പത്തിക സംവരണം നടപ്പാക്കിയിരിക്കയാണല്ലോ. ഇന്ത്യയിൽ ഇടതോ വലതോ ആർ അധികാരത്തിൽ വന്നാലും സവർണബോധം അതിന്റെ അന്തർധാരയായുണ്ടാവും എന്നായിരിക്കുമോ ഇതു നൽകുന്ന പാഠം?
ഗൗരിയമ്മയെപ്പോലുള്ള ചരിത്രസ്രഷ്ടാക്കൾ അപൂർവവേളകളിൽ ഉയർന്നുവരുന്നവരാണ്. അവരുടെ ഭൂമികയായിരുന്ന ഇടതുപക്ഷ രാഷ്ട്രീയം ബംഗാളിൽ ദൃശ്യമാവുന്നപോലെ ഉന്മൂലന ഭീഷണി നേരിടുേമ്പാൾ, പലതരം ഒത്തുതീർപ്പുകളിലൂടെ കേരളത്തിൽ നേടിയെടുത്ത വൻ വിജയം അതിജീവനശേഷി കൈവരിക്കുമോ എന്നാണിനി അറിയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.