ജനാധിപത്യ ഇന്ത്യയുടെ മഹാനേട്ടമെന്ന് ഘോഷിക്കപ്പെട്ടിരുന്ന വിവരാവകാശ നിയമം (ആർ.ടി.ഐ) ഒക്ടോബർ 12ന് 17 വർഷം പൂർത്തിയാക്കി. വർഷങ്ങളുടെ ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് 2005ൽ നിയമം നിർമിക്കപ്പെട്ടത്. എന്നാൽ അതിപ്പോൾ, മൂർച്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മറ്റൊരു ജനകീയായുധമാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വസ്തുത പരിശോധക സൈറ്റായ 'ഫാക്ട് ചെക്കറി'ന്റെ കണക്കനുസരിച്ച് ആർ.ടി.ഐ അപേക്ഷകൾ തള്ളുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും വിവരം ലഭിക്കുന്നതിലും അപ്പീൽ തീർപ്പാക്കുന്നതിലുമുള്ള കാലവിളംബവും തടസ്സങ്ങളും വർധിക്കുകയാണ്. ആർ.ടി.ഐ പ്രവർത്തകർക്കുനേരെ ആക്രമണങ്ങൾ കൂടിവരുന്നതായി കോമൺവെൽത്ത് ഹ്യൂമൻറൈറ്റ്സ് ഇനീഷ്യേറ്റിവ് ചൂണ്ടിക്കാട്ടുന്നു. സതർക് നാഗരിക് സംഘടൻ (എസ്.എൻ.എസ്) കഴിഞ്ഞദിവസം വിവര കമീഷണർമാരുടെ കാര്യക്ഷമതയടക്കം വിലയിരുത്തിയതിന്റെ റിപ്പോർട്ട് ആശങ്കയുണർത്തണം. കേന്ദ്ര-സംസ്ഥാന കമീഷണർമാരുടെ നിയമനരീതിതന്നെ അധികാരസ്ഥാനങ്ങളോട് ചേർന്നുനിൽക്കാൻ പ്രേരിപ്പിക്കുന്നതാണ്. പല സംസ്ഥാന കമീഷനുകളിലും മുഖ്യ കമീഷണർ ഇല്ല; കമീഷണർമാരുടെ തസ്തികകൾ ധാരാളം ഒഴിഞ്ഞുകിടക്കുന്നുമുണ്ട്. ഝാർഖണ്ഡിലും ത്രിപുരയിലും വിവരാവകാശ കമീഷൻ ജഡാവസ്ഥയിലാണ്. കെട്ടിക്കിടക്കുന്ന അപേക്ഷകളും അപ്പീലുകളും പെരുകിക്കൊണ്ടിരിക്കുന്നു. 26 കമീഷനുകൾക്കു കീഴിലായി 3.15 ലക്ഷം ആർ.ടി.ഐ പരാതികൾ തീർപ്പ് കാത്ത് കെട്ടിക്കിടക്കുന്നു. സുതാര്യതക്കുവേണ്ടി സ്ഥാപിതമായ ആർ.ടി.ഐ കമീഷനുകളിൽതന്നെ സുതാര്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓരോ കമീഷണറും പ്രതിവർഷം 3200 കേസുകൾ തീർപ്പാക്കണമെന്ന് കേന്ദ്ര വിവരാവകാശ കമീഷൻ നിർണയിച്ചിട്ടുണ്ടെങ്കിലും 2600ഓളമേ തീർപ്പാക്കുന്നുള്ളൂ- അലംഭാവവും നിരുത്തരവാദിത്തവുമടക്കം അതിന് കാരണമാണത്രെ. ഓരോ വർഷവും ഓരോ കമീഷനും പ്രവർത്തന റിപ്പോർട്ട് പാർലമെന്റിന്/അസംബ്ലിക്ക് സമർപ്പിക്കണമെന്ന് നിയമം അനുശാസിക്കുന്നു. എന്നാൽ, എസ്.എൻ.എസ് ചൂണ്ടിക്കാട്ടുന്നതനുസരിച്ച്, കഴിഞ്ഞവർഷം 29 കമീഷനുകളിൽ ഇരുപതും (69 ശതമാനം) അത് ചെയ്തിട്ടില്ല.
ഭരണകർത്താക്കൾ മുതൽ കോടതികൾ വരെ ജനങ്ങളുടെ അവകാശത്തിനെതിരെ നിലപാടെടുത്ത സന്ദർഭങ്ങളുണ്ട്. കമീഷണർമാരുടെ തസ്തികകളിൽ നാലിലൊന്ന് നികത്തപ്പെടാതെ കിടക്കുന്നതുപോലും വിവരാവകാശത്തിനെതിരായ ഭരണകൂടതന്ത്രമാണെന്ന് വിലയിരുത്താം. കമീഷനുകളുടെ ഇ-ഫയലിങ് സംവിധാനം പലയിടത്തും പ്രവർത്തിക്കുന്നില്ല. വിവരം നൽകാത്തതിന് പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ടെങ്കിലും 95 ശതമാനം കേസുകളിലും കമീഷനുകൾ ബന്ധപ്പെട്ടവരെ ശിക്ഷിക്കാതെ വിടുന്നു. വിവരം നൽകാതിരിക്കാൻ പലതരം കാരണങ്ങൾ ഭരണകർത്താക്കൾ കണ്ടെത്തുന്നു; കമീഷനുകൾ അവ മിക്കവാറും സമ്മതിച്ചുകൊടുക്കുന്നു; ജുഡീഷ്യറി ചിലപ്പോഴെങ്കിലും വേണ്ടത്ര അവധാനത പുലർത്താതെ ഭരണപക്ഷത്തോട് ചേർന്നുനിൽക്കുന്നു. കോവിഡ്-19 ഇരകളെപ്പറ്റിയോ ലോക്ഡൗൺ കാലത്ത് വഴിയിൽ മരിച്ച തൊഴിലാളികളെപ്പറ്റിയോ കണക്കുകളില്ലെന്ന് പാർലമെന്റിനോടുപോലും പറയാൻ സർക്കാറിനു കഴിയുന്ന കാലത്ത് ആർ.ടി.ഐ കമീഷനുകൾ സ്വതന്ത്രമോ സുതാര്യമോ ആകാതെ പോകുന്നതിൽ അത്ഭുതമില്ല. കമീഷണർമാരുടെ നിയമനത്തിലും ശമ്പളനിർണയത്തിലും കേന്ദ്രസർക്കാറിന് അധികാരം നൽകുംവിധം 2019ൽ നിയമം ഭേദഗതി ചെയ്തതിനുശേഷം ഇത് കൂടുതൽ പ്രകടമാണ്. ചീഫ് ജസ്റ്റിസിനെ വരെ ആർ.ടി.ഐയുടെ പരിധിയിൽ പെടുത്തിക്കൊണ്ട് സുപ്രീംകോടതി മാതൃക കാട്ടിയപ്പോഴും ആ നിയമത്തിന്റെ വരുതിയിൽനിന്ന് കൂടുതൽ പദവികളെയും സ്ഥാപനങ്ങളെയും ഒഴിവാക്കുന്ന സമീപനമാണ് സർക്കാർ കൈക്കൊള്ളുന്നത്. അനാവശ്യ ചോദ്യങ്ങൾ വഴി സർക്കാർ ഓഫിസുകൾക്ക് ശല്യമുണ്ടാക്കുന്നതായി ആക്ഷേപിച്ചുകൊണ്ട് 10 പേരെ ആർ.ടി.ഐ ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് ഗുജറാത്ത് സംസ്ഥാന കമീഷൻ വിലക്കിയ സംഭവം വരെ ഉണ്ടായി; അങ്ങനെ വിലക്കാൻ കമീഷന് നിയമം അധികാരം നൽകുന്നില്ല. മാത്രമല്ല, 'അനാവശ്യ' ചോദ്യങ്ങളിൽ ഉൾപ്പെടുത്താവുന്നവ, മൊത്തം ആർ.ടി.ഐ ചോദ്യങ്ങളുടെ നൂറിലൊന്നുമാത്രമേ വരൂ എന്ന് ആക്ടിവിസ്റ്റുകൾ വസ്തുതകൾ കാട്ടി തെളിയിച്ചതാണ്. വിവരാവകാശപ്രവർത്തകരെ ഉപദ്രവിക്കാനായി എടുക്കുന്ന വ്യാജ കേസുകൾ മുതൽ പ്രതികാരക്കൊലകൾ വരെ ആർ.ടി.ഐ പ്രസ്ഥാനം ഇന്ന് നേരിടുന്ന വെല്ലുവിളികളാണ്. കഴിഞ്ഞ 17 വർഷങ്ങളിൽ 50ലേറെ ആർ.ടി.ഐ ആക്ടിവിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.
അറിയാനുള്ള അവകാശം പൗരന്റെ അടിസ്ഥാനപരമായ അധികാരമാണ്. ജനങ്ങളുടെ ആധിപത്യം സ്ഥാപിക്കപ്പെടുന്ന ഉരകല്ലാണത്. അത് വെല്ലുവിളി നേരിടുകയാണ്. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യതയെപ്പറ്റി (അദ്ദേഹം പരസ്യമായി അവകാശവാദമുന്നയിച്ചശേഷം) അന്വേഷിച്ചപ്പോൾ വിസമ്മതിച്ച ഡൽഹി യൂനിവേഴ്സിറ്റിയോട്, അത് നൽകിയേ പറ്റൂ എന്ന് വിവരാവകാശ കമീഷൻ കൽപിച്ചിട്ടും യൂനിവേഴ്സിറ്റി തയാറായില്ല-പൂർവ വിദ്യാർഥിയുടെ സ്വകാര്യതയെ ബാധിക്കുമത്രെ. വൻകിടക്കാരെടുത്ത കടബാധ്യതകൾ വെളിപ്പെടുത്താൻ പൊതുമേഖല ബാങ്കുകൾ തയാറല്ല, ചെറുകിടക്കാരെ ജപ്തിനോട്ടീസുമായി പരസ്യമായി വിരട്ടുമെങ്കിലും. ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനയുടെ വിവരം 'പൊതുതാൽപര്യ'ത്തിൽപെടില്ലെന്ന് വിധിച്ചത് കേന്ദ്ര ഇൻഫർമേഷൻ കമീഷനാണ്. കഴിഞ്ഞ മൂന്നുനാലു വർഷമായി 'പൊതുതാൽപര്യ'വിവരമെന്ന നിലക്ക് ഒറ്റയൊന്നുപോലും വെളിപ്പെടുത്താൻ കമീഷൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ, ജനങ്ങൾതന്നെ വേണം സ്വന്തം അവകാശം നിലനിൽക്കുന്നു എന്ന് ഉറപ്പുവരുത്താൻ. ജനാധിപത്യ സമൂഹത്തിന്റെ അടിത്തട്ടിലെ പ്രസ്ഥാനമായി ശക്തമായ ആർ.ടി.ഐ നിര വളർത്തിയെടുക്കേണ്ടിയിരിക്കുന്നു. അഴിമതി പോലുള്ള രോഗാണുക്കളെ നശിപ്പിക്കാൻ പോന്ന സൂര്യവെളിച്ചമാണ് വിവരാവകാശം. അത് കെട്ടുപോയിക്കൂടാ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.