റോഹിങ്ക്യൻ അഭയാർഥികളുടെ പുനരധിവാസത്തിനു വേണ്ടി നൊബേൽ ജേത്രിയായ ഓങ്സാൻ സൂചിയുടെ കാർമികത്വത്തിൽ ബംഗ്ലാദേശും മ്യാന്മറും ഒപ്പുവെച്ച ധാരണപത്രം മഷിയുണങ്ങും മുേമ്പ അസംബന്ധമെന്ന് വിളിച്ചിരിക്കുന്നു യു.എന്നും ആംനസ്റ്റിയും. രണ്ടു മാസത്തിനുള്ളിൽ കുടിയിറക്കപ്പെട്ട ‘മ്യാന്മർ പൗരന്മാരു’ടെ പുനരധിവാസം ആരംഭിക്കുമെന്നതാണ് ധാരണയുടെ കാതൽ. റോഹിങ്ക്യൻ എന്ന പദം പ്രയോഗിക്കാതിരിക്കാൻ കരാറിലുടനീളം മ്യാന്മർ അതിസൂക്ഷ്മത പുലർത്തിയിരിക്കുന്നു. പുനരധിവാസം പൂർത്തിയാകാൻ എത്ര കാലമെടുക്കുമെന്ന ചോദ്യത്തിന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി മഹ്മൂദ് അലി പ്രതികരിച്ചത് ആരംഭിക്കട്ടെയെന്നാണ്. റോഹിങ്ക്യകളുടെ പൈതൃക വാസസ്ഥലമായ രാഖൈനിലെ ഭൂമി തിരിച്ചുകൊടുക്കുമോ അതല്ല അങ്ങേയറ്റം ശോചനീയമായ അഭയാർഥി പാളയങ്ങളിലേക്കാണോ മടക്കമെന്ന പത്രപ്രതിനിധികളുടെ അന്വേഷണത്തിനുള്ള ഉത്തരം മൗനമായിരുന്നു.
അതുകൊണ്ടുതന്നെയാണ് വംശീയ വിവേചനം ഭരണകൂട വ്യവസ്ഥയായ മ്യാന്മറിലേക്കുള്ള തിരിച്ചുപോക്ക് റോഹിങ്ക്യൻ മുസ്ലിംകൾക്ക് അങ്ങേയറ്റം അപകടകരവും ദുരന്തവുമായിരിക്കുമെന്ന് ആംനസ്റ്റി ഡയറക്ടർ കേറ്റി അലൻ മുന്നറിയിപ്പ് നൽകുന്നത്. യു.എൻ ഔദ്യോഗിക വക്താവ് അഡ്രിയാൻ എഡ്വേഡ് പ്രതികരിച്ചത് നിലവിലെ അവസ്ഥയിൽ രാഖൈനിലേക്കുള്ള മടക്കം അചിന്തനീയമാെണന്നാണ്. മ്യാന്മറിലെ ക്യാമ്പുകളിൽ ഇപ്പോഴും കടുത്ത ശാരീരിക മർദനങ്ങളും സംഘടിത മാനഭംഗങ്ങളും മാനസിക പീഡനങ്ങളും നടക്കുകയാണ്. നിലവിലുള്ളവരുടെ സുരക്ഷയെക്കുറിച്ച് മ്യാന്മർ സർക്കാർ ഒരുറപ്പും നൽകാതെ പുതിയ പുനരധിവാസ കരാറിന് എന്ത് വിശ്വാസ്യതയാണുള്ളതെന്നും ചോദിക്കുന്നു അദ്ദേഹം.
യു.എന്നിനെയും റോഹിങ്ക്യൻ മനുഷ്യാവകാശ സംഘടനകളെയും മാറ്റിനിർത്തി ഒരു ആത്മാർഥതയുമില്ലാതെ ഝടുതിയിൽ രൂപപ്പെടുത്തിയ പുനരധിവാസ പദ്ധതിയുടെ പിന്നിൽ അമേരിക്കയുടെ ചൈനാപേടിയും മ്യാന്മറിനെ വരുതിയിൽ നിർത്താനുള്ള രാഷ്ട്രീയ അജണ്ടകളുമാണ്. റോഹിങ്ക്യൻ പ്രശ്ന പരിഹാരത്തിൽ ചൈനയുടെ ഇടപെടൽ മേഖലയിലെ അമേരിക്കയുടെയും ഇന്ത്യയുടെയും താൽപര്യങ്ങൾക്ക് ഹാനികരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിനങ്ങളിൽ റോഹിങ്ക്യൻ പ്രശ്നപരിഹാരത്തിന് െചെനീസ് വിദേശകാര്യമന്ത്രി വാങ് യീ അവതരിപ്പിച്ച വെടിനിർത്തൽ, അഭയാർഥികളുെട പുനരധിവാസം, ദീർഘകാല പദ്ധതികൾ എന്ന മൂന്നിന നിർദേശങ്ങളോട് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ടെല്ലേഴ്സൺ വളരെ വേഗത്തിലാണ് പ്രതികരിച്ചത്. രാഖൈൻ ജില്ലയിലെ അതിക്രമങ്ങൾ പരിഹരിക്കുന്നതിൽ ഇടപെടാത്ത ചൈനയുടെ നിർദേശങ്ങൾ ആത്മാർഥമെല്ലന്നായിരുന്നു അദ്ദേഹത്തിെൻറ വിമർശനം. റോഹിങ്ക്യൻ പ്രശ്നത്തെ വംശീയ ഉന്മൂലനം എന്നുതന്നെ വിളിച്ച ടെല്ലേഴ്സൺ പരിഹാര ചർച്ചക്ക് സൂചിയോടും ബംഗ്ലാദേശിനോടും മുൻകൈയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
അന്താരാഷ്ട്ര സമ്മർദങ്ങൾ ശക്തമായ സാഹചര്യത്തിൽ മുഖം രക്ഷിക്കാനുള്ള സൂചിയുടെ മുന്നിലെ അവസാന വഴിയായിരുന്നു ബംഗ്ലാദേശുമായുള്ള കരാർ. ഫ്രാൻസിസ് മാർപാപ്പയുടെ മ്യാന്മർ, ബംഗ്ലാദേശ് സന്ദർശനത്തിനു മുമ്പ് റോഹിങ്ക്യൻ വിഷയത്തിൽ അനുകമ്പാപൂർവമായ തീർപ്പുകളുണ്ടാകണമെന്ന് വത്തിക്കാെൻറ സമ്മർദവും മ്യാന്മറിനും ബംഗ്ലാദേശിനും മേൽ ശക്തമായിരുന്നു. തെക്കൻ കോക്സസ് ബസാർ മേഖലയിൽ വർധിച്ചുവരുന്ന അഭയാർഥി പ്രവാഹത്തെ തടഞ്ഞുനിർത്താൻ മ്യാന്മർ സൈന്യത്തെ നിർബന്ധിക്കാൻ ബംഗ്ലാദേശും കുറച്ചുനാളുകളായി ആഗ്രഹിക്കുന്നു. അമേരിക്കയുടെ ഇംഗിതവും അന്തർദേശീയ സമ്മർദങ്ങളും പ്രയോജനപ്പെടുത്തി റോഹിങ്ക്യകൾക്ക് ഒരു പ്രയോജനവും ഉറപ്പുവരുത്താത്ത കരാറിലൂടെ മുഖം മിനുക്കിയെടുക്കാനും താൽക്കാലിക രാഷ്ട്രീയ വിജയങ്ങൾ നേടിയെടുക്കാനുമുള്ള ഉഭയകക്ഷി തന്ത്രം മാത്രമാണ് മ്യാന്മറിനും ബംഗ്ലാദേശിനും റോഹിങ്ക്യൻ ധാരണപത്രം.
ആംനസ്റ്റി സൂചിപ്പിച്ചതുപോലെ, റോഹിങ്ക്യൻ പ്രശ്നങ്ങളുടെ പരിഹാരത്തിെൻറ വേരുകൾ കിടക്കുന്നത് മ്യാന്മർ സൈനിക ഭരണകൂടം 1982ൽ ഭേദഗതി വരുത്തിയ പൗരത്വ നിർണയ നിയമത്തിലാണ്. പൗരന്മാരെ മൂന്നായി വിഭജിക്കുന്ന ഭരണഘടന ഖണ്ഡിക റദ്ദാക്കാൻ തയാറാകാതെ പുനരധിവാസവും സമവായ ചർച്ചകളും നിഷ്ഫലമാണ്. 1978ലെ കരാർ അന്നത്തെ 2,50,000 റോഹിങ്ക്യൻ അഭയാർഥികൾക്ക് ഒരു പ്രയോജനവും നൽകിയില്ല. 1992ലെ കരാർ അതിനുമുമ്പുണ്ടായ കലാപങ്ങളുടെ ഇരകളായ രണ്ടു ലക്ഷം അഭയാർഥികളെയും സഹായിച്ചില്ല. വെടിപ്പാക്കൽ പ്രക്രിയ (Clearance Operation) എന്ന് സൈന്യം വിളിക്കുന്ന വംശീയ ഉന്മൂലനം സൃഷ്ടിച്ച പുതിയ ആറു ലക്ഷം അഭയാർഥികൾക്ക് പുതിയ കരാറും ഒരു പ്രയോജനവും ഉണ്ടാക്കാൻ പോകുന്നില്ല. പ്രശ്നപരിഹാരത്തിന് സൂചിക്കും അമേരിക്കക്കും ചൈനക്കും ആത്മാർഥതയുണ്ടെങ്കിൽ ശ്രമം തുടരേണ്ടത് റോഹിങ്ക്യകളുെട പൗരത്വം പുനഃസ്ഥാപിക്കുന്നതിലൂടെയാണ്; രാഖൈനിൽ അവശേഷിക്കുന്നവരുടെ സുരക്ഷയും പൂർണ പൗരത്വവും ഉറപ്പുവരുത്തുന്നതിലൂടെയാണ്. റോഹിങ്ക്യൻ എന്ന പദമുപയോഗിക്കാതിരിക്കുന്നതിൽ ബദ്ധശ്രദ്ധാലുവായ ഓങ്സാൻ സൂചിയിൽനിന്ന് സമവായവും പരിഹാരവും പ്രതീക്ഷിക്കുന്നതല്ലേ ശരിക്കും അസംബന്ധം?!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.