പാഠപുസ്തകങ്ങളിലൊതുങ്ങില്ല ഈ കർസേവ


പാഠപുസ്തകങ്ങൾക്കു മേൽ സംഘ്പരിവാർ ഭരണകൂടം നടത്തുന്ന കർസേവ കൂടുതൽ ആപത്കരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് അഭിമാനംകൊള്ളുന്ന ഇന്ത്യയിലെ സ്കൂൾ വിദ്യാർഥികൾ ജനാധിപത്യത്തെക്കുറിച്ച് പഠിക്കേണ്ടതില്ല എന്നാണ് പുതിയ നിർദേശം. കോവിഡാനന്തര കാലത്ത് വിദ്യാർഥികളുടെ പഠനഭാരം കുറക്കാനായി പാഠഭാഗങ്ങൾ യുക്തിഭദ്രമായി പരിഷ്കരിക്കുമെന്ന് നാഷനൽ കൗൺസിൽ ഓഫ് എജുക്കേഷൻ റിസർച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) അധികൃതർ പ്രഖ്യാപിച്ചിരുന്നു. വിവിധ ക്ലാസുകളിൽ ആവർത്തിച്ചുവരുന്നത്, പഠിക്കാൻ പ്രയാസമുള്ളത്, കാലഹരണപ്പെട്ടതും അപ്രസക്തമായതും എന്നിവയൊക്കെയാണ് പാഠങ്ങൾ വെട്ടിമാറ്റുന്നതിനുള്ള മാനദണ്ഡങ്ങൾ. എൻ.സി.ഇ.ആർ.ടിയുടെ സ്വന്തം വിദ്വാൻമാർക്കും വിദൂഷികൾക്കും പുറമെ ഡൽഹി സർവകലാശാലയിലെയും വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദഗ്ധർ കൂടി ഉൾക്കൊള്ളുന്ന സമിതിയുടെ ഉപദേശ നിർദേശങ്ങൾ പ്രകാരമാണ് ഒഴിവാക്കേണ്ട അധ്യായങ്ങൾ തീരുമാനിച്ചതത്രേ.

ഈ മഹാപണ്ഡിതർ ഒഴിവാക്കാൻ പറഞ്ഞ പാഠഭാഗങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കുന്ന ആർക്കും വ്യക്തമാകും, അതിനു പിന്നിലെ അജണ്ടകൾ. ആറാം ക്ലാസ് പാഠപുസ്തകങ്ങളിൽനിന്ന് ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങൾ, ഭക്ഷ്യസമ്പത്ത്, കാലാവസ്ഥ, വന്യജീവി വൈവിധ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കി. ഏഴാം ക്ലാസ് പുസ്തകത്തിൽനിന്ന് തുല്യതക്കുവേണ്ടി ആദിവാസി സമൂഹം നടത്തിയ പോരാട്ടത്തിന്റെ ചരിത്രം ഒഴിവാക്കി. പത്താം ക്ലാസ് പാഠപുസ്തകത്തിൽനിന്ന് ജനാധിപത്യവും വൈവിധ്യവും എന്ന അധ്യായമാണ് വെട്ടിമാറ്റപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ ജനകീയ മുന്നേറ്റങ്ങൾ, രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ, ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്നിവയെക്കുറിച്ച് ഹൈസ്കൂൾ ക്ലാസ് മുറികളിൽ പഠനവും ചർച്ചയും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതാണ് ഈ തീരുമാനം.

ദാരിദ്ര്യം, വികസനം, സമാധാനം എന്നിവയെക്കുറിച്ചുള്ള പാഠങ്ങളാണ് 11ാം ക്ലാസ് പുസ്തകത്തിൽനിന്ന് ഒഴിവാക്കിയത്. സ്വതന്ത്ര ഇന്ത്യ സാക്ഷ്യംവഹിച്ച അതിഭയാനകമായ വംശഹത്യകളിലൊന്നായ 2002ലെ ഗുജറാത്ത് വംശഹത്യ സംബന്ധിച്ച പരാമർശങ്ങൾ പാഠപുസ്തകത്തിൽനിന്ന് നേരത്തേതന്നെ മായ്ച്ചുകളഞ്ഞിരുന്നു. നിരവധി നൂറ്റാണ്ടുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭരണം നടത്തുകയും സാമൂഹികവും സാംസ്കാരികവുമായ സംഭാവനകളർപ്പിക്കുകയും ചെയ്ത മുഗൾ രാജവംശത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഏതാണ്ടെല്ലാ ക്ലാസുകളിലെയും പുസ്തകങ്ങളിൽനിന്ന് വെട്ടിമാറ്റി. സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാനാ അബുൽകലാം ആസാദിനെയും പാഠപുസ്തകങ്ങളിൽനിന്ന് തീണ്ടാപ്പാടകലെയാക്കി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വം സംബന്ധിച്ച പാഠങ്ങളും വെട്ടിച്ചുരുക്കി.

ചരിത്ര, രാഷ്ട്രമീമാംസ വിഷയങ്ങളിലൊതുങ്ങുന്നില്ല ഈ കൈക്രിയ. പത്താം ക്ലാസിലെ ശാസ്ത്ര പുസ്തകത്തിൽനിന്ന് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം സംബന്ധിച്ച പാഠഭാഗങ്ങൾ നീക്കംചെയ്യുന്നതിനെതിരെ മുൻനിര ശാസ്ത്രജ്ഞരും വിദ്യാഭ്യാസ വിചക്ഷണരുമുൾപ്പെടെ 1800 വിദഗ്ധർ എഴുതിയ കത്തിനെ ‘പ്രൊപഗണ്ട’ എന്നു പരിഹസിച്ച് അവഗണിച്ച സർക്കാർ ഇപ്പോഴിതാ രസതന്ത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ ആശയമായ ആവർത്തനപ്പട്ടികയും വെട്ടിയിരിക്കുന്നു. ഊർജസ്രോതസ്സുകൾ, മലിനീകരണം, രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള പാഠഭാഗങ്ങളും നീക്കി.

വർഷങ്ങൾക്കു മുമ്പ് രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ഭരണം ലഭിച്ച വേളയിൽ അവിടത്തെ പാഠപുസ്തകങ്ങളിൽ നടത്തിയ അന്യായമായ കൈകടത്തൽ ഒരു മറയും മടിയുമില്ലാതെ ദേശീയ തലത്തിൽ നടപ്പിൽവരുത്തുകയാണ് ഹിന്ദുത്വസർക്കാർ. ലോകത്താദ്യമായി ക്ലോണിങ്ങിലൂടെ ജനിച്ചത് കൗരവരാണെന്നും ആദ്യമായി പ്ലാസ്റ്റിക് സർജറിക്ക് വിധേയനായത് ഗണപതിയാണെന്നുമൊക്കെയാണ് അക്കാലത്ത് രാജസ്ഥാനിലെ സയൻസ് പുസ്തകത്തിൽ പഠിപ്പിച്ചിരുന്നത്. ബി.ജെ.പി സർക്കാർ വീണ ശേഷം വിദ്യാഭ്യാസ-പൗരാവകാശ പ്രവർത്തകർ ഏറെ പണിപ്പെട്ടാണ് അത്തരം ശാസ്ത്രപഠനത്തിൽനിന്ന് വിദ്യാർഥികളെ രക്ഷിച്ചെടുത്തത്.

ബി.ജെ.പി ഭരണകൂടം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം വെച്ചുനോക്കുേമ്പാൾ ജനാധിപത്യം സംബന്ധിച്ച പാഠഭാഗങ്ങൾ അപ്രസക്തവും കാലഹരണപ്പെട്ടതുമാണെന്ന് വാദിച്ചാലും പിശകുപറയാനാവില്ല. ഒരു രാജ്യം, ഒരൊറ്റ പാർട്ടി എന്ന ലക്ഷ്യവുമായി വൈവിധ്യങ്ങളെ അംഗീകരിക്കാതെ മുന്നോട്ടുപോകുന്നവർക്ക് ‘ജനാധിപത്യവും വൈവിധ്യവും’ എന്ന തലക്കെട്ടു തന്നെ തലവേദനയായി തോന്നുന്നുണ്ടാവും. പക്ഷേ, ഇൗ സർക്കാറിന്റെയും അവരെ പിന്നിൽനിന്ന് നിയന്ത്രിക്കുന്നവരുടെയും ചരിത്രമറിയുന്നവർക്ക് ഇൗ കടുംവെട്ട് പാഠപുസ്തകങ്ങളിലൊതുങ്ങും എന്ന് വിശ്വസിക്കാനാവില്ല. ഇന്ത്യൻ മതനിരപേക്ഷതക്കും ജനാധിപത്യത്തിനും ആവുംവിധമെല്ലാം ആഘാതമേൽപ്പിച്ചു

കൊണ്ടിരിക്കുന്ന അവർ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ പദങ്ങൾ ഒഴിവാക്കാനും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അതിന്റെ ഡ്രസ് റിഹേഴ്സലായി വേണം പാഠപുസ്തകങ്ങളിലെ കർസേവയെക്കാണാൻ. വൈവിധ്യങ്ങൾക്കിടയിലെ ഇന്ത്യയുടെ ഏകതയും ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഓരോ മനുഷ്യനും ഇതിനെ ചെറുത്തു തോൽപ്പിക്കാൻ മുന്നിട്ടിറങ്ങേണ്ടതുണ്ട്.

Tags:    
News Summary - Sangh Parivar government's Karseva on textbooks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.