''എട്ടുമാസം മുമ്പ് എനിക്ക് സ്വന്തമായി തിന്നാമായിരുന്നു. കുറച്ചൊക്കെ എഴുതാനും നടക്കാനും സ്വയം കുളിക്കാനും കഴിഞ്ഞിരുന്നു. എന്നാൽ, ഇൗ ശേഷിയൊക്കെ ഒന്നിനു പിറകെ ഒന്നായി മാഞ്ഞുപോകുന്നു. ജയിൽവാസം എഴുത്തും നടത്തവുമൊക്കെ അവസാനിപ്പിച്ചു. ഇപ്പോൾ ആരെങ്കിലും വാരിത്തന്നിട്ടുവേണം തിന്നാൻ. എെൻറ നില അറുവഷളാണെന്ന കാര്യം പരിഗണിക്കണം. ഇക്കണക്കിനു പോയാൽ ഞാൻ വൈകാതെ മരിക്കും. ജാമ്യം നൽകുന്നില്ലെങ്കിൽ ഇനിയും എന്നെ ആശുപത്രിയിലേക്ക് കെട്ടിെയടുക്കേണ്ട. ജയിലിൽ കിടന്നു മരിച്ചോളാം'' -കേൾവി ഏതാണ്ട് പൂർണമായി നഷ്ടപ്പെട്ട്, കാഴ്ച മങ്ങി, പാർകിൻസൺസ് ബാധിച്ച് ഇരുകൈയും വിറയാർന്നു, പലവട്ടം ജയിലിൽ കുഴഞ്ഞുവീണ എൺപത്തിനാലുകാരനായ ഒരു വയോവൃദ്ധൻ ജനാധിപത്യരാഷ്ട്രത്തിലെ നീതിപീഠത്തിനു മുമ്പിൽ കെഞ്ചിനോക്കി. ഇൗശോസഭയിലെ വന്ദ്യവയോധികനായ ആ പുരോഹിതന് ഒരപേക്ഷയേ ഉണ്ടായിരുന്നുള്ളൂ, മരണമെത്തുന്ന നേരത്ത് ഇത്രടം സേവിച്ച സ്വന്തക്കാരുടെ അരികിൽ ഇത്തിരിനേരം ഇരിക്കാൻ ഒരു ഇടക്കാല ജാമ്യം.
എന്നാൽ, നീതിപീഠം കണ്ണുതുറക്കാൻ പിന്നെയും സമയം നീണ്ടു -ഒന്നര മാസം. ഒടുവിൽ തിങ്കളാഴ്ച ഉച്ചക്ക് 2.30ന് ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കും മുേമ്പ സ്റ്റാൻ സ്വാമി മരിച്ചു. മുംബൈ േഹാളി ഫാമിലി ആശുപത്രിയിലെ ഡോ. ഡിസൂസയുടെ വെളിപ്പെടുത്തലിനു മുമ്പിൽ കോടതി ഉപചാരപൂർവം അനുശോചനം മൊഴിഞ്ഞു: ''അദ്ദേഹത്തിെൻറ മരണവിവരത്തിൽ സങ്കടമുണ്ട്. ഞങ്ങൾ ഞെട്ടിപ്പോയി''. ആദ്യനാളിലേ അദ്ദേഹത്തിെൻറ ആശുപത്രിപ്രവേശനത്തിനു ഞങ്ങൾ ഉത്തരവിട്ടു എന്നു കോടതി സമാശ്വാസവും പ്രകടിപ്പിച്ചു. ബോംബെ ഹൈകോടതിക്ക് അങ്ങനെ നേരിയ ആശ്വാസമാകാം. എന്നാൽ, ജനാധിപത്യരാജ്യത്തെയും അതിെൻറ സംവിധാനങ്ങളെയും വിശ്വസിച്ചുപോരുന്ന പൗരസഞ്ചയത്തിന് അതിനാവില്ല. ജനസേവനത്തിനു ജീവിതം ഉരുക്കിത്തീർത്ത ഒരു വൃദ്ധപാതിരിയോട് ഇത്ര മനുഷ്യപ്പറ്റില്ലാതെ പെരുമാറാൻ ഒരു രാജ്യത്തിന് എങ്ങനെ കഴിയുന്നുവെന്ന ആധി അവരിലേക്കു പടർത്തുന്ന ആശങ്ക അത്ര നിസ്സാരമല്ല.
സ്റ്റാൻ സ്വാമി ചെയ്ത തെറ്റ് എന്താണ്? മോദി ഗവൺമെൻറിനെ സായുധപ്രവർത്തനത്തിലൂടെ അട്ടിമറിക്കാനും പ്രധാനമന്ത്രിയെ അപായപ്പെടുത്താനും ശ്രമിച്ചു എന്നാണ് യു.എ.പി.എ ചുമത്തി അദ്ദേഹത്തെ തടവിലിടാൻ ദേശീയ അന്വേഷണ ഏജൻസി പറഞ്ഞ ന്യായം. തെളിവെന്താണ്? 2017 ഡിസംബർ 31ന് മഹാരാഷ്ട്രയിലെ പുണെ ശനിവാർവാഡ കോട്ടയിൽ നടന്ന ഭീമകൊറേഗാവ് യുദ്ധത്തിെൻറ ഇരുനൂറാം വാർഷികാഘോഷമായ എൽഗാർ പരിഷത്തിെൻറ മുഖ്യ സൂത്രധാരനായത്രേ. 1818 ജനുവരി ഒന്നിന് കൊറേഗാവിൽ നടന്ന മേൽജാതിക്കാരായ പേഷ്വാമാർക്കെതിരെ മഹർ വിഭാഗക്കാരായ ദലിത്സൈനികർ കൂടി ചേർന്ന് നടത്തിയ യുദ്ധവിജയത്തിെൻറ ഇരുനൂറാം വാർഷികം 250ഒാളം ഇടത്, അംബേദ്കറിസ്റ്റ് സന്നദ്ധസംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയതായിരുന്നു എൽഗാർ പരിഷത്.
ദലിത്, പിന്നാക്കശാക്തീകരണം വെളിപ്പെടുത്തിയ പരിപാടിയിൽ അസ്വസ്ഥരായ സംഘ്പരിവാർ കാര്യങ്ങൾ സംഘർഷത്തിലെത്തിച്ചു. എന്നാൽ, കേസ് കറങ്ങിത്തിരിഞ്ഞ് എത്തിയത് ദലിത് യുദ്ധവിജയാഘോഷം സംഘടിപ്പിച്ചവർക്കെതിരെ. മാവോവാദികളാണ് സംഭവത്തിനു പിറകിലെന്ന് ആരോപിച്ചു ആരംഭിച്ച ഭരണകൂട വേട്ട പതിനഞ്ചോളം ആക്ടിവിസ്റ്റുകളുടെ അറസ്റ്റിലേക്കും തടവിലേക്കും എത്തി. 2018 ജൂൺ ആറിന് പുണെ പൊലീസ് ആദ്യ അഞ്ചുപേരെ അറസ്റ്റു ചെയ്തത്, രാജ്യത്തെ അസ്ഥിരപ്പെടുത്താനും രാജീവ് ഗാന്ധി മോഡലിൽ നരേന്ദ്ര മോദിയെ കൊലപ്പെടുത്താനും പദ്ധതിയിട്ടു എന്നു 'കണ്ടെത്തി'യാണ്. തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ഭരണം മാറിയതോടെ കേസ് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് സഖ്യകക്ഷി നേതാവ് ശരദ് പവാർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തെഴുതി. എന്നാൽ പിറ്റേന്നാൾ തെന്ന പുണെ പൊലീസ് അന്വേഷണം എൻ.െഎ.എക്ക് കൈമാറി. അതോടെ കേസിെൻറ ഗതിമാറി.
രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഭീകരരായതിനാൽ പിന്നെ അവർ മനുഷ്യാവകാശങ്ങൾപോലും അർഹിക്കുന്നില്ലെന്നായി. അവർക്കെതിരായ ഗൂഢാലോചന തെളിവുകൾ ൈസബർ കൃത്രിമങ്ങളിലൂടെ കെട്ടിയേൽപിക്കപ്പെട്ടതാണെന്ന വിദഗ്ധരുടെ കണ്ടെത്തലൊന്നും എൻ.െഎ.എയുടെ പ്രത്യേക കോടതിയിൽ വിലപ്പോയില്ല. അവരിൽ രോഗിയായവർക്ക് വേണ്ട പരിചരണമോ ചികിത്സയോ ലഭ്യമായില്ല. പാർകിൻസൺ മൂലം കൈവിറക്കുന്നതിനാൽ ഗ്ലാസ് പിടിക്കാൻ കഴിയാതെ താൻ ഉപയോഗിച്ചിരുന്ന ഒരു സ്ട്രോ തിരികെ കിട്ടാൻ സ്റ്റാൻ സ്വാമിക്ക് ഒരു മാസത്തിലേറെ നീണ്ട കോടതി നടപടിക്രമത്തിനു കാത്തിരിക്കേണ്ടി വന്നു. സ്വന്തം വകാലത്ത്നാമയിൽ ഒപ്പിടാനാവാത്ത നിലയിലാണ് സ്വാമി എന്നും വിചാരണത്തടവുകാരെ മാനുഷികപരിഗണനയിൽ ജാമ്യത്തിലിറക്കുന്നതിൽ തെറ്റില്ലെന്നും അഭിഭാഷകൻ വാദിച്ചുനോക്കി. കോവിഡ് കാലത്ത് ജയിലുകളിൽ തിരക്കുകുറക്കാനുള്ള സുപ്രീംകോടതി നിയമിച്ച ഉന്നതാധികാരസമിതി ശിപാർശകൾ ഉദ്ധരിച്ചു. എന്നാൽ 'മഹാമാരി ചൂഷണം ചെയ്യുകയാണ് കുറ്റാരോപിതരെന്നും ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ച സ്റ്റാൻ സ്വാമിയുടെ വ്യക്തിസ്വാതന്ത്ര്യത്തേക്കാൾ സമൂഹത്തിെൻറ സംഘതാൽപര്യമാണ് പ്രധാനമെന്നും' ചൂണ്ടിക്കാട്ടി പ്രത്യേക കോടതിയിൽ ജാമ്യത്തിന് എതിരുനിൽക്കുകയായിരുന്നു എൻ.െഎ.എ. ഇക്കഴിഞ്ഞ മേയിൽ ബോംബെ ഹൈകോടതിയെ സമീപിച്ച ശേഷമാണ് ആശുപത്രിയിൽ ചികിത്സിക്കാനുള്ള സൗകര്യമൊത്തത്.
ധാതുസമ്പുഷ്ടമായ ഝാർഖണ്ഡിൽ ഖനിക്കുത്തകകൾക്കുവേണ്ടി കുടിയിറക്കപ്പെട്ട ആദിവാസികളിൽ അവകാശബോധമുണ്ടാക്കി ചൂഷണത്തിനെതിെര സമരസജ്ജരാക്കി എന്നതാണ് സ്റ്റാൻ സ്വാമി ചെയ്ത പാതകം. അന്യായമായി ജയിലിലടക്കപ്പെട്ട മൂവായിരം ആദിവാസികളുടെ കഥ 2010ൽ ഗ്രന്ഥരൂപത്തിൽ പുറത്തുകൊണ്ടുവന്നതോടെ അദ്ദേഹം 'അർബൻ നക്സലാ'യി. വിമോചന ദൈവശാസ്ത്രത്തിൽ ആകൃഷ്ടനായ അദ്ദേഹത്തിന് പക്ഷേ, സഭാപിന്തുണപോലും വേണ്ടത്ര കിട്ടിയോ എന്നു സംശയം. ഭരണകൂടം ഭീകരനായി മുദ്രകുത്തിയപ്പോഴും സഭ സ്വാമിയെ കൈവിട്ടില്ല. എന്നാൽ പ്രധാനമന്ത്രിയെ കണ്ടു സമുദായപരിദേവനങ്ങളുണർത്തിയ ക്രൈസ്തവ സഭാനേതാക്കൾ സ്റ്റാൻ സ്വാമിയുടെ കാര്യത്തിൽ ഭരണകൂടഭാഷ്യത്തിനു വഴങ്ങി മൗനമാചരിക്കുകയായിരുന്നു. ഭരണകൂട ഭീകരതക്കിരയാകുന്ന സാധുജനത്തിനും ചൂഷണത്തിെൻറ ഇരകൾക്കും വേണ്ടി ഇറങ്ങിപ്പുറപ്പെട്ടതിെൻറ പേരിൽ ക്രൂശിതനായ സ്റ്റാൻ സ്വാമി വിജയിച്ചിരിക്കുന്നു. മനുഷ്യപ്പറ്റ് ഇറ്റുമില്ലാതെ അദ്ദേഹത്തെ കുരിശിലയച്ചവർ അേമ്പ പരാജയത്തിലുമാണ്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.