ബ്രിട്ടീഷ് ഇന്ത്യയിൽ 1920 മുതൽ നടപ്പിലിരുന്ന തടവുകാരെ തിരിച്ചറിയൽ നിയമം പിൻവലിച്ച് ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ 2022 ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ലോക്സഭയിൽ അവതരിപ്പിച്ചിരിക്കുകയാണ്. എന്തു കാരണത്തിനും കാരണമൊന്നുമില്ലെങ്കിലും അറസ്റ്റിലാവുന്ന ആരുടെയും വിരലടയാളം, കൈപ്പത്തി അടയാളം, കാലടയാളം, ഫോട്ടോ, ബയോളജിക്കൽ സാമ്പിൾ എന്നിവ ശേഖരിക്കാൻ പൊലീസിനും ജയിൽ അധികൃതർക്കും അധികാരം നൽകുന്നതാണ് 58 നെതിരെ 120 വോട്ടുകൾക്ക് അവതരണാനുമതി ലഭിച്ച ബിൽ. ഇനി അത് ഇരുസഭകളിലും വിശദമായ ചർച്ചക്ക് വിധേയമാക്കിയാലും ഇല്ലെങ്കിലും കൊടിയ ഭൂരിപക്ഷത്തോടെ പാസാവുമെന്നുറപ്പ്. തുടർന്ന് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമവുമാവും.
കുറ്റം തെളിയിക്കാൻ പ്രാകൃതരീതികൾ മാത്രം നിലവിലിരുന്ന നൂറ്റാണ്ടുമുമ്പുള്ള സാഹചര്യത്തിൽ നിർമിക്കപ്പെട്ട നിയമം കാലഹരണപ്പെട്ടുവെന്നും അത്യന്താധുനിക സാങ്കേതിക സംവിധാനങ്ങൾ പ്രയോഗത്തിൽ വന്നുകഴിഞ്ഞിരിക്കെ അത് പ്രയോജനപ്പെടുത്തി കുറ്റാന്വേഷണവും കുറ്റം തെളിയിക്കലും കൂടുതൽ ചടുലവും ശാസ്ത്രീയവുമാക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നും കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോൾ അത് ശരിയാണെന്നോ അതിൽ ശരിയുണ്ടെന്നോ തോന്നാം. പക്ഷേ, കുറ്റാന്വേഷണവും തെളിവു ശേഖരണവും സത്യസന്ധവും മുൻവിധികളാൽ സ്വാധീനിക്കപ്പെടാത്തതും നീതിപൂർവകവുമായിരിക്കണമെന്ന് നിഷ്കർഷയുള്ള പൊലീസും അന്വേഷണ ഏജൻസികളും ജയിൽ അധികൃതരുമാണ് രാജ്യത്ത് നിലവിലുള്ളതെങ്കിൽ മാത്രമേ ഇപ്പറഞ്ഞത് പ്രസക്തമാവൂ.
ഹെഡ്കോൺസ്റ്റബിളോ ജയിൽ ഹെഡ് വാർഡനോ മജിസ്ട്രേറ്റിന്റെ അനുമതിയോടെ പ്രയോഗിക്കേണ്ടതാണ് നിർദിഷ്ട നിയമപ്രകാരം ഈയധികാരം. സാമ്പത്തിക പ്രലോഭനത്തിനോ രാഷ്ട്രീയ സമ്മർദത്തിനോ വ്യക്തിവിരോധത്തിനോ വഴങ്ങി കേവലം സംശയത്തിന്റെ പേരിൽ നിരപരാധികളെ പിടികൂടി രാജ്യദ്രോഹമടക്കമുള്ള ഭീകരകുറ്റങ്ങൾ ചുമത്തി അനിശ്ചിതകാലം ജാമ്യംപോലും നിഷേധിച്ച് കാരാഗൃഹങ്ങളിൽ അടക്കപ്പെടുന്ന ആയിരങ്ങളുടെ രാജ്യമാണ് നമ്മുടേത്. പത്തോ പന്ത്രണ്ടോ വർഷങ്ങൾ നീണ്ട വിചാരണ നടപടികൾ പൂർത്തിയാക്കി ഒടുവിൽ നിരപരാധികളെന്ന് കോടതി വിധിച്ച് പുറത്തുവരുന്നവർ നിർഭാഗ്യവശാൽ ഇന്ത്യയിൽ ഒട്ടും കുറവല്ല. ജീവിതത്തിൽ വല്ലതും ചെയ്യാൻ കഴിയുന്ന യൗവനകാലം മുഴുവൻ ജയിലുകളിൽ ഹോമിക്കപ്പെട്ടശേഷം പുറത്തിറങ്ങുന്നവർക്ക് അവശേഷിച്ച കാലം ജീവിതമെന്ന ശിക്ഷ അനുഭവിച്ചുതീർക്കാം എന്നതല്ലാതെ ഒന്നും ചെയ്യാനുണ്ടാവില്ല.
ഇത്തരമൊരു പരിതഃസ്ഥിതിയിൽ ജൈവസാമ്പിൾ മുതൽ അധികൃതർക്ക് യുക്തമെന്ന് തോന്നുന്ന അടയാളങ്ങൾ മുഴുവൻ രേഖപ്പെടുത്തിവെക്കുന്നത് നിരപരാധികളെ വീണ്ടും വേട്ടയാടാനുള്ള കുതന്ത്രമായേ വിലയിരുത്തപ്പെടുകയുള്ളൂ. ക്രിമിനൽ പശ്ചാത്തലമില്ലാത്ത ഒരു വ്യക്തി, വിചാരണ കൂടാതെയോ കോടതി നിരപരാധിത്വം അംഗീകരിച്ചതുകൊണ്ടോ ജയിൽമുക്തനായാൽ അടയാളങ്ങൾ മുഴുവൻ രേഖകളിൽനിന്ന് നീക്കം ചെയ്യണമെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ, കുറ്റാന്വേഷണവും വിചാരണയും വിധിയുമൊക്കെ നീതിയുക്തവും സത്യസന്ധവും മുൻവിധികളില്ലാത്തതുമാണെങ്കിൽ മാത്രമേ ഇരയുടെ അടയാളങ്ങൾ നശിപ്പിക്കപ്പെടൂ. രേഖകൾ നശിപ്പിക്കപ്പെടുവോ ഇല്ലേ എന്ന് പരിശോധിക്കാൻപോലും ശാസ്ത്രീയ സംവിധാനമോ അതിലുപരി മനുഷ്യസ്നേഹമോ ഇല്ലാത്ത നിലവിലെ ഘടനയിൽ വഴിപാടിന് എഴുതിച്ചേർത്ത ഖണ്ഡികയിൽ കവിഞ്ഞ പ്രസക്തി അതിനില്ല.
മറുവശത്ത്, ഏതു കുറ്റത്തിനും പിടിയിലാവുന്ന വ്യക്തിയോട് സാമ്പിൾ നൽകണമെന്ന് മജിസ്ട്രേറ്റിന് ആവശ്യപ്പെടാമെന്ന് ബിൽ അനുശാസിക്കുന്നു. പ്രതിയാക്കപ്പെട്ടയാൾ അതിന് വിസമ്മതിച്ചാൽ ഐ.പി.സി 186ാം വകുപ്പു പ്രകാരം അതു ശിക്ഷാർഹമായിരിക്കും. ഇങ്ങനെയൊരു ഡെമോക്ലസിന്റെ വാൾ തലക്കുമീതെ തൂങ്ങിക്കിടക്കെ ഒരുമാതിരിപ്പെട്ടവരാരും വിസമ്മതിക്കുന്ന പ്രശ്നമേയില്ല. സർക്കാറിന്റെ നയനിലപാടുകളിലോ അന്യായനിയമങ്ങളിലോ നടപടികളിലോ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുക ഭരണകൂടങ്ങളുടെ ഹോബിയായി കഴിഞ്ഞ നിലവിലെ ചുറ്റുപാടിൽ ദുർവിനിയോഗം ചെയ്യപ്പെടാൻ ഏറെ സാധ്യതയുള്ളതാണ് പാർലമെന്റിന്റെ പരിഗണനയിലുള്ള ബിൽ.
അത് തിരിച്ചറിഞ്ഞുതന്നെയാവും ബിൽ അന്യായമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അതിന്റെ അവതരണത്തെ എതിർത്തത്. ഭരണഘടനയുടെ 20, 21 വകുപ്പുകൾക്ക് വിരുദ്ധമായ ഇത്തരമൊരു നിയമനിർമാണത്തിന് പാർലമെന്റിന് അധികാരമില്ലെന്ന് കോൺഗ്രസ് എം.പി മനീഷ് തിവാരി ചൂണ്ടിക്കാട്ടിയപ്പോൾ, ബിൽ ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്നാണ് ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടത്. പൊലീസിന് അമിതാധികാരം നൽകുന്ന ബിൽ മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റത്തിന് ഭരണകൂടത്തിനവസരം നൽകുമെന്ന് കോൺഗ്രസിന്റെ ലോക്സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷും വ്യക്തമാക്കി.
അധിർ രഞ്ജൻ ചൗധരി, സൗഗത റോയ് തുടങ്ങിയ പല പ്രതിപക്ഷ നേതാക്കളും ബില്ലിനെതിരെ രംഗത്തുവന്നെങ്കിലും കനത്ത ഭൂരിപക്ഷത്തിന്റെ തണലിൽ കേന്ദ്ര സർക്കാർ, ഡീപ് സ്റ്റേറ്റിന്റെ വഴിയെത്തന്നെ പോവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ജയിലുകളിൽ ദലിതർക്കും മുസ്ലിംകൾക്കും ജനസംഖ്യാനുപാതത്തിൽ എത്രയോ കൂടുതൽ പ്രാതിനിധ്യമുണ്ടെന്ന് കണക്കുകൾ സംസാരിക്കുമ്പോഴും അവരിൽ വലിയൊരു പങ്ക് വെറും വിചാരണത്തടവുകാരാണെന്ന വസ്തുതയോർക്കുമ്പോഴും ഭരണഘടനയുടെ അന്തസ്സത്തക്ക് ചേരാത്ത മനുഷ്യാവകാശ ധ്വംസന നിയമങ്ങൾ ഇനിയുമിനിയും പ്രതീക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.