സുപ്രീംകോടതിയുടെ നുറുങ്ങുവെട്ടം

വാർത്ത തേടിയുള്ള യാത്രക്കിടെ ഉത്തർപ്രദേശ്​ പൊലീസ്​ 2020 ഒക്​ടോബർ 15ന്​ അറസ്റ്റ്​ ചെയ്ത്​ ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ്​ കാപ്പന്​ വെള്ളിയാഴ്ച സുപ്രീംകോടതി ജാമ്യമനുവദിച്ചിരിക്കുന്നു. സിദ്ദീഖിനെ പിടികൂടി തടവിൽ പാർപ്പിക്കാൻ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്‍റെ ബി.ജെ.പി സർക്കാർ പറഞ്ഞ ന്യായങ്ങൾ നിലനിൽപില്ലാത്ത ബാലിശങ്ങളാണെന്നു കണ്ടെത്തിയാണ്​ ചീഫ്​ ജസ്റ്റിസ്​ യു.യു. ലളിതിന്‍റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച്​ സിദ്ദീഖിനെ ജാമ്യത്തിൽ വിട്ടത്​. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ജനാധിപത്യവാദികളും മനുഷ്യാവകാശപ്രവർത്തകരും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന മോചനം യാഥാർഥ്യമായത്​ കാപ്പന്‍റെ കുടുംബങ്ങൾക്കും സഹപ്രവർത്തകർക്കും മാത്രമല്ല, നീതിക്കുവേണ്ടി പോരാടുന്ന എല്ലാവർക്കും സന്തോഷം പകരുന്നതാണ്​. ഒപ്പം രാജ്യത്ത്​ നിലനിന്നുവരുന്ന ജനാധിപത്യധ്വംസനത്തിന്‍റെ ആഴം എത്രത്തോളമെന്നും വൈരനിര്യാതനത്തിനുവേണ്ടി ഭരണകൂടങ്ങളും ഔദ്യോഗിക സംവിധാനങ്ങളും ഏതറ്റംവരെ പോകുമെന്നുകൂടി വെളിപ്പെടുത്തുന്നുണ്ട്​ കോടതി ഉത്തരവ്.

2020 സെപ്​റ്റംബർ 14ന്​ ഉത്തർപ്രദേശി​ലെ ഹാഥറസിൽ ജാതിവെറിയന്മാർ ഒരു ദലിത്​ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുകയും തുടർന്ന്​ മൃ​തദേഹം സ്വന്തം കുടുംബത്തിനു സംസ്കരിക്കാൻപോലും നൽകാതെ പൊലീസ്​ രായ്ക്കുരാമാനം ചുട്ടെരിച്ച് തെളിവ് നശിപ്പിക്കുകയും ചെയ്തത്​ ലോകത്തെ ഒന്നാകെ ഞെട്ടിച്ചു. ലോകത്തിനു മുന്നിൽ ഇന്ത്യയെ മാനംകെടുത്തിയ സംഭവം അന്ന്​ ഏറെ ഒച്ചപ്പാടുകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. അതേ തുടർന്ന്​ സ്ഥിതിഗതികൾ നേരിൽകണ്ട് റിപ്പോർട്ട്​ ചെയ്യാനായി ഹാഥറസിലേക്കു തിരിച്ച വഴിയിലാണ്​ 2020 ഒക്​ടോബർ അഞ്ചിന്​ മഥുര ടോൾപ്ലാസയിൽവെച്ച്​ സിദ്ദീഖ്​ കാപ്പനും പോപുലർ ഫ്രണ്ട്​ പ്രവർത്തകരായ മൂന്നു പേരും പിടിയിലായത്​.

യു.പി ​പൊലീസ്​ അവരെ യു.എ.പി.എ ചുമത്തി ജയിലിലടച്ചു. ഹാഥറസിൽ സമാധാനവും സൗഹാർദവും തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടു എന്നായിരുന്നു പൊലീസ്​ ചുമത്തിയ കുറ്റം. ഹാഥറസ്​ ഭീകരകൃത്യത്തിൽ മുഖം നഷ്ടപ്പെട്ട യു.പി സർക്കാർ ജനശ്രദ്ധ തിരിക്കാൻ തല്ലിപ്പടച്ചതായിരുന്നു കേസും നടപടികളുമെന്ന്​ അന്നേ ആരോപണമുയർന്നിരുന്നു​. അറസ്റ്റിനു കാരണമായി പറഞ്ഞ കാര്യങ്ങൾക്കു പുറമെ പുതിയ കുറ്റങ്ങൾ ഒന്നൊന്നായി സിദ്ദീഖിനുമേൽ ചുമത്തുന്നതാണ്​ പിന്നീട്​ കണ്ടത്​. ജാമ്യം കിട്ടാനുള്ള സാധ്യത കൊട്ടിയടക്കാൻ വേണ്ടിയുള്ളതായിരുന്നു ഇവയിലധികവും. ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹത്തിനുള്ള 124 എ വകുപ്പ്​, ഭിന്നമതവിഭാഗങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിച്ചതിനുള്ള 153 എ, മതവികാരങ്ങൾ വ്രണപ്പെടുത്താൻ മനഃപൂർവം ശ്രമിച്ചതിനുള്ള 295 എ, ഐ.ടി നിയമത്തിന്‍റെ 65, 72, 75 വകുപ്പുകൾ എന്നിവയും എഴുതിച്ചേർത്തു. അമേരിക്കയി​ൽ കറുത്ത വർഗക്കാർക്കുനേരെ നടന്ന വിവേചനാതിക്രമങ്ങൾക്കെതിരായ പോസ്റ്ററും ലഘുലേഖകളും കൈവ​ശംവെച്ചു, അത്​ ഹാഥറസിൽ പ്രചരിപ്പിച്ച് കലാപം ഇളക്കിവിടാൻ ഗൂഢാലോചന നടത്തി, പോപുലർ ഫ്രണ്ട്​ എന്ന സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു, അവരുടെ ഫണ്ടുകൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്തു...

അങ്ങനെ ബാലിശവും അവാസ്​തവവുമായ ഒട്ടേറെ കുറ്റങ്ങളാണ്​ യു.പി സർക്കാറും ബി.ജെ.പിയും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും സിദ്ദീഖിനെതിരെ വ്യാപകമായി പ്രചരിപ്പിച്ചത്​. സിദ്ദീഖിന്‍റെ കൈവശം കണ്ടെത്തിയ ലഘുലേഖകൾ നിരോധിക്കപ്പെട്ടതാണോ, അദ്ദേഹം ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംഘടന നിരോധിക്കപ്പെട്ടതോ ഭീകരപ്പട്ടികയിലുൾപ്പെട്ടതോ ആണോ തുടങ്ങിയ ന്യായാന്യായങ്ങൾക്കൊന്നും ആരും മറുപടി പറഞ്ഞില്ല. അലഹബാദ്​ ​ഹൈകോടതി വരെ ന്യായാസനങ്ങളും ഈ ദുർന്യായങ്ങളെ ജാമ്യം നിഷേധിക്കാനുള്ള നിമിത്തമായി കണ്ടു എന്നതാണ്​ അത്യന്തം ദൗർഭാഗ്യകരം.

എന്നാൽ, വെള്ളിയാഴ്ച സുപ്രീംകോടതി ചീഫ്​ ജസ്റ്റിസ്​ ബി.ജെ.പി സർക്കാറിന്‍റെ ഈ കുയുക്തികളെയെല്ലാം പൊളിച്ചടുക്കിയാണ്​ ജാമ്യവിധി പുറപ്പെടുവിച്ചത്​. ഇരകളുടെ നീതിക്കുവേണ്ടി ശബ്​ദിക്കുന്നതും അന്യായത്തിനെതിരെ പ്രതിഷേധിക്കുന്നതും എങ്ങനെയാണ്​ കുറ്റകരമായിത്തീരുക എന്നാണ്​ പരമോന്നത നീതിപീഠം ചോദിച്ചത്​. കാപ്പൻ കൈവശംവെച്ച നോട്ടീസുകളും ലഘുലേഖകളും അക്രമത്തിനുള്ള ടൂൾകിറ്റ്​ ആണെന്നും അക്രമത്തിനു തിരികൊളുത്തിയശേഷം രംഗം വിടാനും തനിനിറം മറച്ചുവെക്കാനുമുള്ള ശ്രമമാണ്​ പിടിയിലായവർ നടത്തിയത്​ എന്നുമാണ്​ യു.പി സർക്കാറിന്‍റെ അഭിഭാഷകൻ വാദിച്ചത്​. എന്നാൽ, അഭിപ്രായപ്രകടനത്തിന്​ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്ന് ഓർമപ്പെടുത്തിയ കോടതി ഹാഥറസ്​ ഇരക്കു നീതി ലഭ്യമാക്കാൻ ശബ്​ദമുയർത്താൻ നടത്തിയ ആഹ്വാനം ഒരു കുറ്റമായി മാറുന്നതെങ്ങനെ എന്നു മറുചോദ്യം ഉന്നയിച്ചു. 2012ൽ രാജ്യതലസ്ഥാനത്തെ ഇന്ത്യാ ഗേറ്റിൽ നിർഭയ ​​പെൺകുട്ടിയുടെ വിഷയത്തിൽ നിയമം മാറ്റാൻ വേണ്ടി പ്രതിഷേധസമരങ്ങൾ നടന്നതും അങ്ങനെ നിയമം മാറിയതും കോടതി ചൂണ്ടിക്കാട്ടി. എവിടെയെങ്കിലും ​പോരായ്മകളുണ്ടെങ്കിൽ അത് എടുത്തുകാട്ടാൻ പ്രതിഷേധങ്ങൾ അത്യാവശ്യമായി വരുമെന്നും അതു പ്രകോപനമായി കാണാനാവില്ലെന്നുംകൂടി സുപ്രീംകോടതി നിരീക്ഷിച്ചു.

പരമോന്നത നീതിപീഠത്തിന്‍റെ ഇടപെടലിലൂടെ സിദ്ദീഖ്​ പുറത്തെത്തു​മ്പോഴും അകാരണമായി അറസ്റ്റ്​ ചെയ്ത് തടവിലിട്ട നിരവധി പേർ യു.പിയിലും രാജ്യത്തിന്‍റെ ഇതര ഭാഗങ്ങളിലും ജയിലിൽ കഴിയുകയാണ്​. സർക്കാർ അപ്പീൽ തീർപ്പാക്കാത്തതുകൊണ്ടു മാത്രം 853 വിചാരണത്തടവുകാർ 10 കൊല്ലത്തിലേറെയായി തടവിൽ കഴിയുന്നുണ്ട്​. ജാമ്യമാണ്​ നിയമം എന്ന് ആവർത്തിച്ചുകൊണ്ടിരിക്കുന്നതാണ്​ നീതിപീഠങ്ങൾ. എന്നിട്ടും അലഹബാദ്​ ഹൈകോടതി പല കേസുകളിലും ജാമ്യം അനുവദിക്കാതിരിക്കാനുള്ള യു.പി സർക്കാറിന്‍റെ നിക്ഷിപ്തതാൽപര്യങ്ങൾക്ക്​ വഴങ്ങുകയായിരുന്നു. ഹൈകോടതി നടപടിയെയും അന്നു സുപ്രീംകോടതി വിമർശിച്ചു. ഇപ്പോൾ കാപ്പന്‍റെ കേസിൽ സംസ്ഥാന ഭരണകൂടവും ഹൈകോടതിയും അറച്ചുനിന്നിടത്ത്​ സുപ്രീംകോടതി നീതിന്യായത്തിന്‍റെ വഴി കണ്ടെത്തുകയായിരുന്നു. ഇന്ത്യൻ ജയിലുകളിലെ 4,88,511 തടവുകാരിൽ 76 ശതമാനം (3,71,848) പേരും വിചാരണത്തടവുകാരായിരിക്കെ, സിദ്ദീഖിന്‍റെ വിധി ആ ഹതഭാഗ്യർക്കുകൂടി വിമോചനത്തിന്‍റെ വഴികാണിക്കുമെന്നു പ്രതീക്ഷിക്കാം. 

Tags:    
News Summary - Suprem court on siddiq kappan issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT