ഗോരക്ഷക ഗുണ്ടകളെ പിടികൂടി നിയമനടപടിക്ക് വിധേയരാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിയമവാഴ്ച ഉറപ്പുവരുത്താനുള്ള നീക്കമെന്ന നിലക്ക് സ്വാഗതാർഹമാണ്. അതിക്രമം നടത്തുന്ന സംഘങ്ങളെ പിടികൂടി കുറ്റവിചാരണ നടത്തണം. ഇതിന് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ജില്ലാതല നോഡൽ ഒാഫിസർമാരെ നിയമിക്കണം. ഗുണ്ടസംഘങ്ങളെ നിയന്ത്രിക്കണമെന്ന് ഭരണകൂടത്തെ കോടതി ഒാർമിപ്പിക്കേണ്ടി വരുന്നു എന്നതുതന്നെ രാജ്യത്തിെൻറ പരിതാപകരമായ അവസ്ഥ പ്രതിഫലിപ്പിക്കുന്നു. തുഷാർഗാന്ധിയുടെ പൊതുതാൽപര്യ ഹരജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.
സംസ്ഥാനങ്ങളിൽ -വിശേഷിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പശുവിെൻറ പേരിലുള്ള ആൾക്കൂട്ട വാഴ്ച നിയന്ത്രിക്കപ്പെടാതെ പോകുന്നു; കേന്ദ്രമാകെട്ട ഭരണഘടനയുടെ 256ാം വകുപ്പുനൽകുന്ന അധികാരവും ഉത്തരവാദിത്തവും നിർവഹിക്കാതെ എല്ലാറ്റിനും മൗനാനുവാദം നൽകുന്നു. ഇൗ സാഹചര്യത്തിൽ കോടതി നൽകിയ കൽപനയും മുന്നറിയിപ്പും ആശ്വാസകരമാണ്. ബി.ജെ.പി ഭരിക്കുന്ന ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ നടപടിയെടുക്കാമെന്ന് ഏറ്റിട്ടുണ്ട്. സുപ്രീംകോടതി ഇതുസംബന്ധിച്ച് തുടർനടപടികൾ സ്വീകരിക്കാനിരിക്കുന്നു.
കേന്ദ്രത്തിൽ ബി.ജെ.പി ഭരണമേറ്റതിനു ശേഷം രാജ്യത്തുണ്ടായ ഗോരക്ഷകഗുണ്ട ആക്രമണങ്ങൾ നിരന്തരം വാർത്തയാകുേമ്പാഴും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഏറക്കുറെ നിഷ്ക്രിയമായി ഇരിക്കുകയായിരുന്നു. ഇക്കൊല്ലം ഏപ്രിലിൽ രണ്ട് കോൺഗ്രസുകാർ സമർപ്പിച്ച റിട്ട് ഹരജിയിൽ, ഇത്തരം ഗുണ്ടസംഘങ്ങൾക്കെതിരെ സർക്കാറുകൾ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗോ‘സംരക്ഷക’സംഘങ്ങളെ നിരോധിക്കണമെന്ന ഹരജിയിലെ ആവശ്യത്തിന്മേൽ സുപ്രീംകോടതി ഏതാനും സംസ്ഥാനങ്ങളുടെ (ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഝാർഖണ്ഡ്, രാജസ്ഥാൻ, കർണാടക) പ്രതികരണം ആരായുകയുണ്ടായി. സംസ്ഥാനങ്ങൾക്ക് കോടതി നോട്ടീസ് അയച്ചതിന് ശേഷവും ഗുണ്ടസംഘങ്ങൾ അടങ്ങിയില്ല -അവയെ ഒതുക്കാൻ ഭരണകൂടങ്ങൾക്ക് കഴിഞ്ഞതുമില്ല.
പശ്ചിമ ബംഗാളിൽ കാലികളെ മോഷ്ടിച്ചെന്നാരോപിച്ച് മൂന്നു പേരെയും കാലികളെ കടത്തിക്കൊണ്ടുപോയതിന് രണ്ടുപേരെയും ആക്രമികൾ കൊന്നു. ബിഹാറിൽ മൂന്നുപേരെ അടിച്ച് അവശരാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമായി. രാജസ്ഥാനിൽ ഉണ്ടായ ഗുണ്ട ആക്രമണത്തെ കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പാർലമെൻറിൽ നിഷേധിക്കുകപോലും ചെയ്തു. തങ്ങളുടെ ഉത്തരവും നിർദേശവുമുണ്ടായിട്ടും കാര്യങ്ങൾ നേരെയാകുന്നില്ല എന്നതുകൊണ്ടുകൂടിയാവാം ഇപ്പോൾ കോടതി കൂടുതൽ വ്യക്തമായ നിർദേശങ്ങൾ നൽകിയത്. കോടതിയുടെതന്നെ തുടർനിരീക്ഷണവും മേൽനോട്ടവും ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ മെച്ചപ്പെടുമോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ഭരണഘടനയും നിയമവാഴ്ചയും ഭീഷണിക്കിരയാകുേമ്പാൾ ജുഡീഷ്യറിയാണ് അവസാന ആശ്രയം.
അതേസമയം, വ്യക്തമായ ഭരണഘടനവ്യവസ്ഥകൾപോലും നടപ്പായിക്കിട്ടാൻ ഒാരോ ചുവടിലും കോടതി ഇടപെടേണ്ടിവരുന്നതും ആരോഗ്യകരമായ രീതിയല്ല. നിയമലംഘകർക്ക് പരിരക്ഷ നൽകുന്ന ചില ചട്ടങ്ങളും ആശയങ്ങളും കൂടി ജുഡീഷ്യറിയുടെ പരിശോധനയിൽ വരേണ്ടതുണ്ട്. ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ സംസ്ഥാന സർക്കാറുകൾ വീഴ്ചവരുത്തിയത് നിസ്സാരമായി തള്ളേണ്ടതല്ല. ക്രമസമാധാനം സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്നതാണെന്ന വാദമുയർത്തി കേന്ദ്രം കൈകഴുകുന്നു. ഭരണഘടനയുടെ 256ാം വകുപ്പ് കേന്ദ്രത്തിന് ഇടപെടാൻ അധികാരം നൽകുന്നുണ്ട്.
എന്നാൽ, കേന്ദ്രം തന്നെയും ഭരണഘടനയോടുള്ള കൂറിെൻറ കാര്യത്തിൽ എത്രത്തോളം ആത്മാർഥത പുലർത്തുന്നു എന്ന ചോദ്യവുമുണ്ട്. ഇതുവരെയുള്ള രീതി പരിശോധിക്കുേമ്പാൾ കാണാനാവുന്നത്, സംസ്ഥാനങ്ങളുമായുള്ള ബന്ധത്തിൽ ഭരണഘടനയല്ല വിഭാഗീയ രാഷ്ട്രീയ താൽപര്യങ്ങളാണ് കേന്ദ്രത്തെ നയിക്കുന്നത് എന്നാണ്. ഗുണ്ടസംഘങ്ങളെയും ഭരണകർത്താക്കളെയും ബന്ധിപ്പിക്കുന്ന തത്ത്വശാസ്ത്രം വർഗീയതയിലധിഷ്ഠിതമാണെന്നത് കാണാതിരുന്നുകൂടാ. അത്തരം ആശയങ്ങൾക്ക് നിയമസാധുത നൽകുന്ന രീതിയും നീതിനിർവഹണത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ഗോരക്ഷക്കെന്നു പറഞ്ഞ് ചില സംസ്ഥാനങ്ങളിൽ നിർമിച്ച നിയമങ്ങൾ ഫലത്തിൽ ആക്രമികൾക്കാണ് നിയമപരിരക്ഷ നൽകുന്നത്. ‘ഗോരക്ഷകരു’ടെ ചെയ്തി സദുദ്ദേശ്യത്തോടെയാണെന്ന് തെളിഞ്ഞാൽ ശിക്ഷ ഒഴിവാകുമെന്ന വ്യവസ്ഥ ഉദാഹരണം.
ഗുണ്ടായിസത്തിനുള്ള തുറന്ന ക്ഷണമാണ് ഇത്തരം ചട്ടങ്ങൾ. അക്രമം നടന്നാൽ സംസ്ഥാനങ്ങൾ പ്രഥമ വിവരറിപ്പോർട്ട് പോലും സമർപ്പിക്കുന്നില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്; അതിന് അവർക്ക് സാധിക്കുന്നത് നീതിരഹിതമായ നിയമങ്ങൾ ഉള്ളതുകൊണ്ടാണ്. അക്രമങ്ങളിൽ കേസ് വരുന്നത് അത് ചെയ്തവർക്കെതിരെയല്ല, ഇരകൾക്കെതിരെയാണ്. നീതിരഹിതമായ വ്യവസ്ഥകളും ആക്രമികൾക്ക് പരിരക്ഷ നൽകുന്ന ചട്ടങ്ങളും നീക്കം ചെയ്താലേ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്ന സ്ഥിതിവരൂ; അത് വന്നാലേ കുറ്റകൃത്യങ്ങൾ കുറയൂ. നീതിയുടെ അടിസ്ഥാനതാൽപര്യങ്ങൾക്കെതിരായ നിയമങ്ങൾക്ക് നിലനിൽക്കാൻ അർഹതയില്ല. മനുഷ്യാവകാശ കമീഷനുകൾക്ക് എന്താണ് പണിയെന്ന ചോദ്യവും ഇപ്പോഴത്തെ ഗുണ്ടരാജ് ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.