ചണ്ഡിഗഢ് നഗരസഭയുടെ മേയർ തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫിസറെ ഉപയോഗിച്ച് നഗ്നമായ കൃത്രിമം കാണിച്ച ഭാരതീയ ജനതാപാർട്ടിക്ക് പരമോന്നത നീതിപീഠത്തിന്റെ കനത്തപ്രഹരം. ബി.ജെ.പി. സ്ഥാനാർത്ഥി മനോജ് സോങ്കർ വിജയിച്ചെന്ന പ്രഖ്യാപനം റദ്ദാക്കിയ കോടതി പ്രിസൈഡിങ് ഓഫിസർ അസാധുവാക്കി മാറ്റിയ എട്ട് വോട്ട് സാധുവാണെന്ന് കണ്ടെത്തി എണ്ണാന്‍ ആവശ്യപ്പെട്ടു. അതോടെ ഇൻഡ്യ സഖ്യ സ്ഥാനാര്‍ഥിയായി മത്സരിച്ച ആംആദ്മി പാർട്ടി അംഗം കുൽദീപ് കുമാർ മേയറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
കേസ് പരിഗണനക്കെത്തിയ ഘട്ടത്തിൽത്തന്നെ ‘ജനാധിപത്യത്തെ കൊലചെയ്യാൻ അനുവദിക്കുകയില്ല’എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. പ്രിസൈഡിങ് ഓഫിസർ അനിൽ മസീഹിനെ പ്രോസിക്യൂട്ട് ചെയ്യാനും തെരഞ്ഞെടുപ്പ് നടപടികളുടെ മുഴുവൻ വിഡിയോ ദൃശ്യങ്ങളും ഹാജരാക്കാനും അന്ന് ഉത്തരവിട്ടിരുന്നു. ഫെബ്രുവരി 19ന് കേസ് വീണ്ടും പരിഗണിക്കുമ്പോഴേക്ക് മൂന്ന് ആപ് കൗൺസിലർമാർ രായ്ക്കുരാമാനം ബി.ജെ.പിയിൽ ചേർന്നതായ മാധ്യമവാർത്ത വന്നു. അത് ശ്രദ്ധയിപ്പെട്ട ചീഫ് ജസ്റ്റിസ് അന്നേരം പ്രതികരിച്ചതിങ്ങനെ: "കുതിരക്കച്ചവടമാണ് നടക്കുന്നത് എന്നതിൽ കോടതി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുന്നു".
35 അംഗ നഗരസഭയിൽ ബി.ജെ.പിക്ക് ഒരു പാർലമെന്റ് അംഗത്തിന്റേത് ഉൾപ്പെടെ 15 വോട്ടുകളാണുണ്ടായിരുന്നത്. മേയർ തെരഞ്ഞെടുപ്പിൽ ആപ്, കോൺഗ്രസ് സഖ്യത്തിന് 20 വോട്ടുകളുമുണ്ടായിരുന്നു. സ്വാഭാവികമായും മേയറായി വിജയിക്കുക ആപ് സ്ഥാനാർഥിയാണ്. എന്നാൽ, ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെ സെക്രട്ടറി ജനറലായിരുന്ന അനിൽ മസീഹിനെ രായ്ക്കുരാമാനം സ്ഥാനത്തുനിന്ന് നീക്കി ചണ്ഡിഗഢ് നഗരസഭയിലേക്ക് നാമനിർദേശംചെയ്ത് മേയർ തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫിസറാക്കി. ഈ വിദ്വാൻ മേയർ തെരഞ്ഞെടുപ്പിൽ രേഖപ്പെട്ട വോട്ടുകൾ പരിശോധിച്ച് എട്ട് ബാലറ്റ് പേപ്പറുകൾ പ്രത്യേകം അടയാളപ്പെടുത്തി മാറ്റിവെച്ചു. ശേഷിച്ച വോട്ടുകൾ മാത്രം എണ്ണിയപ്പോൾ ബി.ജെ.പിയുടെ നോമിനി മനോജ് സോങ്കർ വിജയിയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. നഗ്നമായ ഈ കൃത്രിമവും തട്ടിപ്പും സ്വാഭാവികമായും പഞ്ചാബ്-ഹരിയാന ഹൈകോടതിയിലും തുടർന്ന് സുപ്രീംകോടതിയിലും പരാതിരൂപത്തിലെത്തിയപ്പോൾ മേയർസ്ഥാനത്തുനിന്ന് മനോജ് സോങ്കർ സ്ഥാനം രാജിവെച്ച് നാടകത്തിന്റെ അടുത്ത രംഗത്തേക്ക് കടക്കുകയായിരുന്നു. മൂന്ന് ആപ് കൗൺസിലർമാരെ കൂറുമാറ്റി ബി.ജെ.പിയിൽ ചേർത്തുകൊണ്ടാണ് നഗരപിതാവ് പദവി സ്വന്തമാക്കാൻ ബി.ജെ.പി ദ്രുതഗതിയിൽ കരുക്കൾ നീക്കിയത്. ഈ നീക്കങ്ങളെല്ലാം നീതിപീഠത്തിന്റെ ചടുലമായ ഇടപെടലിനെത്തുടർന്ന് വിഫലമായിരിക്കുന്നു.
സാധാരണഗതിയിൽ ദേശീയപ്രാധാന്യമുള്ള വാർത്തയല്ല ചണ്ഡിഗഢ് നഗരസഭ മേയർതെരഞ്ഞെടുപ്പിലെ മറിമായങ്ങൾ. പക്ഷേ, ജനാധിപത്യത്തിന്റെ അറുകൊലയെന്നും കുതിരക്കച്ചവടമെന്നും ഇന്ത്യയുടെ പരമോന്നത കോടതി സംഭവത്തെ വിശേഷിപ്പിക്കുമ്പോൾ അതിന് വൻ പ്രാധാന്യം കൈവരുന്നു; ഇന്നത്തെ സാഹചര്യത്തിൽ വിശേഷിച്ചും. തുറന്നുപറഞ്ഞാൽ ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ ഹിന്ദുത്വശക്തികൾക്ക് ജനാധിപത്യത്തോടോ തദടിസ്ഥാനത്തിലുള്ള ഭരണഘടനയോടോ കടുകിട ആദരവില്ലെന്നതിന്റെ ആദ്യത്തെയോ രണ്ടാമത്തെയോ ഉദാഹരണമല്ല ഉപര്യുക്ത സംഭവം. ഗോവയിലും കർണാടകയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമൊക്കെ നടന്ന കുതിരക്കച്ചവടത്തിന്റെ ലഘു ഉദാഹരണം മാത്രമാണ് ചണ്ഡിഗഢ് നഗരസഭ മേയറുടെ തെരഞ്ഞെടുപ്പിൽ കാണാനായത്. പരമോന്നത നീതിപീഠം യഥാസമയം യഥാവിധി ഇടപെട്ട ഒറ്റക്കാരണത്താൽ ജനാധിപത്യത്തിന്റെ കൂട്ടക്കശാപ്പ് ഇക്കുറി നടപ്പായില്ലെന്ന് മാത്രം.
ദേശീയ മാധ്യമങ്ങളെ ഏതാണ്ട് മുഴുവനായും കൈപ്പിടിയിലൊതുക്കി സമൂഹമാധ്യമങ്ങളിലൂടെ കോടികൾ ചെലവിട്ട് വ്യാജങ്ങളും കെട്ടിച്ചമച്ച കഥകളും വഴി ജനത്തെ തെറ്റിദ്ധരിപ്പിച്ചും അധികാരം പിടിച്ചടക്കിയ തീവ്ര വലതുപക്ഷം അതിനെയൊക്കെ അതിജീവിച്ച് തെരഞ്ഞെടുപ്പിൽ ജയിച്ചുവരുന്ന പ്രതിപക്ഷത്തെ സർക്കാർ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടിയും ജയിലറകൾ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയും കൂറുമാറ്റുന്ന സംഭവങ്ങൾ നിരന്തരം ആവർത്തിക്കുന്നു. കോൺഗ്രസിനെപ്പോലുള്ള പ്രധാന പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളെയും ജനപ്രതിനിധികളെയും സ്ഥാനമാനങ്ങൾ വെച്ചുനീട്ടിയും അഴിമതി കേസുകളിൽ പ്രതികളാക്കിയും സ്വന്തം പാളയത്തിലേക്ക് തെളിക്കുന്ന വർത്തമാനമാണിപ്പോൾ നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നംവരെ ജനവികാരത്തെ ദുഃസ്വാധീനിക്കാൻ ഉപയോഗപ്പെടുത്തുന്നതാണ് ഒടുവിലത്തെ അടവുകൾ.
എന്തിനേറെ, ശുദ്ധഗതിക്കാരായ ഭൂരിപക്ഷ സമുദായാംഗങ്ങളുടെ മതവിശ്വാസത്തെ പരമാവധി ചൂഷണം ചെയ്യാനുള്ള ആസൂത്രിതശ്രമത്തിന്റെ ഭാഗമാണല്ലോ പാർലമെന്റിനകത്തും പുറത്തും കൊട്ടിഗ്ഘോഷിക്കപ്പെടുന്ന രാമക്ഷേത്ര മഹാമഹം.
മഹാത്മ ഗാന്ധിയുടെ രാമരാജ്യമെവിടെ, മോദിഗാരന്റിയിലൂടെ വാഗ്ദാനം ചെയ്യപ്പെടുന്ന രാമരാജ്യമെവിടെ? കൂറുമാറ്റത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും ചാക്കിട്ടുപിടിത്തത്തിലൂടെയും തട്ടിക്കൂട്ടി പിടിച്ചെടുക്കുന്ന അധികാരം ഒരിക്കലും രാജ്യത്തിന് നന്മയോ ജനങ്ങൾക്ക് സമാധാനപൂർണമായ ജീവിതമോ നേടിത്തരുകയില്ലെന്നുറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.