സിറിയയില്‍ യുദ്ധവിരാമം?

തുനീഷ്യയിലും തുടര്‍ന്ന് ഈജിപ്തിലും ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ 2011ല്‍ വീശിയടിച്ച ജനകീയ പ്രക്ഷോഭങ്ങളുടെ വിജയകരമായ പരിസമാപ്തിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അക്കൊല്ലം മാര്‍ച്ചില്‍ സിറിയയില്‍ ബഅസ് സര്‍വാധിപതി ബശ്ശാര്‍ അല്‍അസദിനെ പുറത്താക്കാന്‍ തുടങ്ങിയ ജനകീയ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ സര്‍ക്കാര്‍ തുടരുന്ന സമീപകാല ചരിത്രത്തില്‍ തുല്യതയില്ലാത്ത സംഹാരതാണ്ഡവം അതിന്‍െറ അന്ത്യത്തോടടുക്കുകയാണോ? അങ്കാറയില്‍നിന്നും മോസ്കോയില്‍നിന്നും ഒരേസമയം ലഭിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് അങ്ങനെയൊരു സംശയത്തിന് പ്രേരകമാവുന്നത്. ഒന്നുകില്‍ താന്‍ അനിഷേധ്യനായി അധികാരത്തില്‍ തുടരുക, അല്ളെങ്കില്‍ തന്നോടൊപ്പം സിറിയയും നശിക്കുക എന്ന ശാഠ്യത്തില്‍ കുറഞ്ഞ ഒരൊത്തുതീര്‍പ്പിനും വഴങ്ങാത്ത ബശ്ശാര്‍ അല്‍അസദിനെ ഒരുവിധ മാനുഷിക പരിഗണനയോ നീതിബോധമോ കൂടാതെ സ്വന്തം താല്‍പര്യങ്ങളുടെ പേരില്‍ മാത്രം സൈനികമായി സഹായിച്ചുകൊണ്ടിരിക്കുന്ന വ്ളാദിമിര്‍ പുടിന്‍െറ റഷ്യ, അസദിനെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താതെ സിറിയയില്‍ സമാധാനം സ്ഥാപിക്കുക സാധ്യമല്ളെന്ന നിലപാട് സ്വീകരിച്ചുവന്ന തുര്‍ക്കിയുമായി ചേര്‍ന്ന് ഒരു യുദ്ധവിരാമ പ്രഖ്യാപനത്തിനൊരുങ്ങുകയാണെന്ന വാര്‍ത്ത വരുമ്പോള്‍ അത് മുഖവിലക്കെടുക്കാന്‍ ഞെരുങ്ങുന്നവരാവും ലോകത്തധികപേരും. പക്ഷേ, നിമിഷംപ്രതി മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രാന്തരീയ രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ സിറിയയിലെ യുദ്ധവിരാമ വാര്‍ത്തക്കും വിശ്വാസ്യത പകരുന്നുണ്ടെന്നതാണ് വാസ്തവം.

ബശ്ശാര്‍ വിരുദ്ധരുടെ അധീനതയിലായിരുന്ന സിറിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ അലപ്പോയെ റഷ്യന്‍ വ്യോമാക്രമണങ്ങളുടെ പിന്‍ബലത്തില്‍ പൂര്‍ണമായും മോചിപ്പിക്കാന്‍ സര്‍ക്കാര്‍ സേനക്ക് സാധിച്ചിരിക്കെ ഒരു യുദ്ധവിരാമം ആവാമെന്ന് ബശ്ശാറിനെക്കൊണ്ട് സമ്മതിപ്പിക്കാന്‍ റഷ്യക്ക് കഴിഞ്ഞിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. മറുഭാഗത്ത് ബശ്ശാര്‍ സ്ഥാനമൊഴിയാതത്തെന്നെ ഒരൊത്തുതീര്‍പ്പിലേക്ക് നീങ്ങാമെന്ന് വിമതവിഭാഗത്തെ സമ്മതിപ്പിച്ചതായി തുര്‍ക്കി വിദേശകാര്യ മന്ത്രിയും പറയുന്നു. യുദ്ധവിരാമം യാഥാര്‍ഥ്യമായാല്‍ റഷ്യ, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ സിറിയന്‍ സര്‍ക്കാറും പ്രതിപക്ഷവും തമ്മില്‍ സമാധാന പുന$സ്ഥാപന ചര്‍ച്ചകള്‍ നടക്കുമെന്നാണത്രെ രൂപപ്പെട്ട ധാരണ. സിറിയയില്‍ ഇപ്പോള്‍ മുന്‍ഗണന ബശ്ശാറിന്‍െറ സ്ഥാനമൊഴിയലിനല്ല, ഭീകരതയോടുള്ള പോരാട്ടത്തിനാണെന്ന കാര്യത്തില്‍ തുര്‍ക്കിയും ഇറാനും യോജിച്ചതായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് വ്യക്തമാക്കിയിരുന്നു. റഷ്യ ഭീകരരെന്ന് മുദ്രകുത്തുന്നത് ആഗോളതലത്തില്‍ ഭീകരരായി പ്രഖ്യാപിക്കപ്പെട്ട ഐ.എസിനെ മാത്രമല്ല, ബശ്ശാറിനെതിരെ സായുധപോരാട്ടത്തിലേര്‍പ്പെട്ട എല്ലാ വിഭാഗങ്ങളെയുമാണെന്ന് വ്യക്തം. ഇക്കാര്യത്തില്‍ തുര്‍ക്കിയുടെ നിലപാട് വ്യത്യസ്തമായിരുന്നു ഇതേവരെ. സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളോടൊപ്പം തുര്‍ക്കിയും ബശ്ശാര്‍ വിരുദ്ധ ജനാധിപത്യപ്രക്ഷോഭകരെ പിന്തുണക്കുകയായിരുന്നു.

അമേരിക്കയുടെ സഹായവും പ്രതിപക്ഷത്തിന് ലഭിച്ചിരുന്നു. എന്നാല്‍, പൊടുന്നനെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. തുര്‍ക്കിയില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറ സര്‍ക്കാറിനെ സൈനികമായി അട്ടിമറിക്കാന്‍ നടന്ന ശ്രമത്തെ ജനങ്ങള്‍ തെരുവിലിറങ്ങി പരാജയപ്പെടുത്തിയതോടെ സങ്കീര്‍ണമായ സാഹചര്യമാണ് സംജാതമായത്. അമേരിക്കയില്‍ കഴിയുന്ന തന്‍െറ പ്രതിയോഗി ഫത്ഹുല്ല ഗുലനാണ് അട്ടിമറിക്കു പിന്നിലെന്നും അയാളുടെ പിന്നില്‍ അമേരിക്കതന്നെയെന്നും ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്ന ഉര്‍ദുഗാന്‍ ഒബാമ ഭരണകൂടത്തിന്‍െറ അപ്രീതിക്ക് കാരണമായത് സ്വാഭാവികമാണ്. ഉര്‍ദുഗാനോ, ശത്രുവിന്‍െറ ശത്രു മിത്രം എന്ന മാറ്റമില്ലാത്ത രാഷ്ട്രീയ സമവാക്യത്തെ സാധൂകരിച്ച്, ഒബാമ സര്‍ക്കാറിനുനേരെ വിപ്രതിപത്തി പുലര്‍ത്തുന്ന റഷ്യന്‍ പ്രസിഡന്‍റ് പുടിനോട് പെട്ടെന്നടുക്കുകയാണ് ചെയ്തത്. അത് അനിവാര്യമായും സിറിയന്‍ പ്രശ്നത്തിലും നയംമാറ്റത്തിന് വഴിവെച്ചിരിക്കാനാണിട. സിറിയയില്‍ തീവ്രവാദി വിഭാഗങ്ങളെ സഹായിക്കുന്നത് അമേരിക്കയാണെന്ന് തുര്‍ക്കിയും റഷ്യയും ഒരുപോലെ കുറ്റപ്പെടുത്തുമ്പോള്‍ അതിലടങ്ങിയ സൂചന വ്യക്തമാണ്. ഐ.എസ് ഉള്‍പ്പെടെയുള്ള സംഘടനകളെ അമേരിക്ക സഹായിക്കുന്നതിന്‍െറ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് തുര്‍ക്കി പ്രസിഡന്‍റ് പറയുന്നു.

അമേരിക്കയും അവരുടെ സഖ്യസേനയും ഐ.എസിനെ സഹായിക്കുന്ന വിഡിയോകളും മറ്റു രേഖകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടത്രെ. മധ്യപൗരസ്ത്യ ദേശത്തെ തളര്‍ത്താനും തകര്‍ക്കാനും അമേരിക്കതന്നെ വളര്‍ത്തിയെടുത്തതാണ് ദാഇശെന്ന കാഴ്ചപ്പാട് നേരത്തത്തേന്നെ പ്രബലമായി നിലനില്‍ക്കെ ഉര്‍ദുഗാന്‍െറ അവകാശവാദം നിരാകരിക്കേണ്ടതല്ല. വന്‍ശക്തികളുടെ മനുഷ്യത്വരഹിതമായ ഈ കള്ളക്കളിക്ക് ബലിയാടുകളാവുന്നത് നിരപരാധികളായ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങിയ ജനലക്ഷങ്ങളാണെന്നതാണ് പരിതാപകരം. നാലരലക്ഷം പേരെ ഇതിനകം കൊന്നൊടുക്കുകയും 10 ലക്ഷം പേരെ പരിക്കേല്‍പിക്കുകയും ഒരു കോടി ഇരുപത് ലക്ഷം പേരെ വഴിയാധാരമാക്കുകയും ചെയ്ത സിറിയന്‍ ആഭ്യന്തരയുദ്ധത്തിന് ഇനിയെങ്കിലും ഒരു വിരാമം വേണമെന്ന മാനവികബോധമല്ല, അവസാന നിമിഷംവരെ തങ്ങള്‍ക്കീ മാനുഷികദുരന്തത്തില്‍നിന്ന് എന്തു ലാഭമുണ്ടാക്കാം എന്നുമാത്രം ചിന്തിക്കുന്നവരെക്കുറിച്ച് എത്ര കുറച്ചു പറയുന്നുവോ അത്രയും നല്ലത്. തങ്ങളൊരിക്കലും പക്ഷംമാറുന്നതിനെക്കുറിച്ചല്ല ചിന്തിക്കുന്നതെന്നും റഷ്യക്കും അമേരിക്കക്കുമിടയില്‍ ആരോഗ്യകരമായൊരു സന്തുലനമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നുമുള്ള തുര്‍ക്കി പ്രസിഡന്‍റിന്‍െറ ന്യായീകരണം എത്രത്തോളം ശരിയാണെന്ന് തെളിയിക്കേണ്ടത് കാലമാണ്. എവ്വിധമെങ്കിലും ഒരു യുദ്ധവിരാമവും തുടര്‍ന്ന് സമാധാനവും സിറിയയില്‍ നിലവില്‍ വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നവരാവും ലോകത്തിലെ എല്ലാ മനുഷ്യസ്നേഹികളും.

Tags:    
News Summary - syrian war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.