താജ്മഹൽ സംരക്ഷിക്കാൻ താൽപര്യമില്ലെങ്കിൽ പൊളിച്ചുകളഞ്ഞേക്കൂ എന്ന സുപ്രീംകോടതിയുടെ പരിഹാസം കാര്യത്തിലായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാവാം ആ പരിഹാസത്തിന് ഇരകളായ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ. ആ ചോദ്യം ഉന്നയിച്ച ജഡ്ജിയോട് ‘താങ്കളുടെ ആ ചുറ്റികയൊന്ന് കടം തരാമോ’ എന്ന് ചോദിക്കുന്നുണ്ട് ഒരു കാർട്ടൂണിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി. താജ്മഹൽ വിദേശങ്ങളിൽ ഇന്ത്യയുടെതന്നെ പ്രതീകമാണ്; യുനെസ്കോ അംഗീകൃത ലോക പൈതൃകസ്വത്തുക്കളിൽ ഉൾപ്പെടുന്നതും ‘നവസപ്താത്ഭുതങ്ങളി’ൽ ഒന്നായി പ്രഖ്യാപിക്കപ്പെട്ടതുമായ ഇൗ മന്ദിരവിസ്മയംതന്നെയാണ് ഇന്ത്യയിലെ ചരിത്രസ്മാരകങ്ങളിൽവെച്ച് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്നത്. സുപ്രീംകോടതി ചൂണ്ടിക്കാണിച്ചപോലെ, ‘ടി.വി ടവർ പോലിരിക്കുന്ന ഇൗഫൽ ഗോപുരത്തെക്കാൾ’ മനോഹരമായ താജിെൻറ വിനോദസഞ്ചാര സാധ്യതകൾ തന്നെ അപാരമാണ്. എട്ടു കോടി സഞ്ചാരികൾ ഇൗഫൽ ടവർ കാണാൻ ഒാരോ വർഷവും ചെല്ലുേമ്പാൾ ഇവിടെ നാം നമ്മുടെ ഏറ്റവും വിലപ്പെട്ട പൈതൃകത്തെ നശിക്കാനനുവദിക്കുകയാണ്. താജ്മഹൽ സംരക്ഷണത്തിന് ഒരു ദർശനരേഖ സമർപ്പിക്കാൻ ഇതുവരെയും യു.പി സർക്കാർ തയാറാകാത്തതിനെയും കോടതി വിമർശിച്ചു. സംരക്ഷണക്കാര്യത്തിൽ സർക്കാറുകളെ നിർബന്ധിക്കാനായി കോടതി തുടർച്ചയായി വാദംകേൾക്കാനും നിശ്ചയിച്ചിട്ടുണ്ട്. താജിെൻറ പരിപാലനവുമായി ബന്ധപ്പെട്ട ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. ഇതാകെട്ട, ആദ്യമായിട്ടല്ലതാനും പരമോന്നത കോടതി ഇൗ വിഷയത്തിൽ ഇടപെടുന്നത്. ആർക്കിയേളാജിക്കൽ സർവേ ഒാഫ് ഇന്ത്യ (എ.എസ്.െഎ)യെ പലതവണ കോടതി വിമർശിച്ചിട്ടുണ്ട്. മഥുര-ഡൽഹി റെയിൽപാതക്കുവേണ്ടി താജ്മഹൽ പ്രദേശത്തെ കുറേ മരങ്ങൾ വെട്ടിമാറ്റാനുള്ള അനുവാദത്തിനായി കോടതിയെ സമീപിച്ച അധികൃതരെ കോടതി രൂക്ഷമായി വിമർശിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. ‘ലോകപ്രശസ്തമായ താജ്മഹലിനെ നശിപ്പിക്കലാണോ നിങ്ങളുടെ ഉദ്ദേശ്യ’മെന്നാണ് സർക്കാർ അഭിഭാഷകനോട് ബെഞ്ച് ചോദിച്ചത്.
അതേസമയം, കോടതി സൂചിപ്പിച്ചപോലെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ താജ്മഹലിനെ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല. താജ് ഉൾപ്പെടെ മുഗൾ സ്മാരകങ്ങളോടുള്ള ഇന്നത്തെ ഭരണപക്ഷത്തിെൻറ നിലപാട് വൈരുധ്യങ്ങളുടേതാണ്. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലും വരുമാന സ്രോതസ്സെന്ന നിലയിലും താജിെൻറയും മറ്റും മൂല്യം അവർ തിരിച്ചറിയുന്നുണ്ട്. എന്നാലോ തങ്ങളുടെ സങ്കുചിത രാഷ്ട്രീയത്തിനുവേണ്ടി ചരിത്രത്തെ വളച്ചൊടിക്കേണ്ടിവരുേമ്പാൾ അവ തടസ്സമാകുന്നുവെന്ന് അവർ കാണുന്നുണ്ട്. യു.പി വിനോദസഞ്ചാര വകുപ്പ് ഇൗയിടെ പുറത്തിറക്കിയ ‘അപാർ സംഭാവനായേം’ (അപാരസാധ്യതകൾ) എന്ന ലഘുലേഖയിൽ, സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ എണ്ണിപ്പറഞ്ഞ കൂട്ടത്തിൽ താജ്മഹലിനെ വിട്ടുകളഞ്ഞത് ഉദാഹരണം. രാജ്യത്തെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രത്തെ ഇങ്ങനെ തള്ളിയതിലെ പരിഹാസ്യത പലരും ചൂണ്ടിക്കാട്ടിയപ്പോൾ സർക്കാർ സ്വരം മാറ്റി. പുതിയ പദ്ധതികൾക്കായി കണ്ടുവെച്ച കേന്ദ്രങ്ങളാണ് ലഘുലേഖയിൽ എന്നായി വിശദീകരണം. ‘പുതിയ പദ്ധതികളി’ൽ താജ്മഹൽ ഉൾപ്പെടാത്തതും മറ്റൊരു വിവാദം തന്നെ. യോഗി ആദിത്യനാഥ് സർക്കാറിെൻറ ആദ്യ ബജറ്റിൽ അയോധ്യ, വാരാണസി, മഥുര, ചിത്രകൂട് എന്നിവയുടെ വികസനത്തിന് വൻതുക വകയിരുത്തിയപ്പോൾ താജിനുവേണ്ടി ഒരുപൈസ പോലും നൽകിയില്ല. രാജ്യത്തിെൻറ അമൂല്യ പൈതൃകങ്ങളെപ്പോലും വിഭാഗീയമായ കണ്ണിലൂടെ നോക്കുന്നവർ രാജ്യത്തെ തന്നെയാണ് പരിക്കേൽപിക്കുന്നത്. ചെേങ്കാട്ടയുടെ പരിപാലനം ഡാൽമിയ ഗ്രൂപ്പിന് നൽകിയ നടപടിയിലും ചരിത്ര പൈതൃകത്തെ അംഗീകരിക്കാതെ അതിെൻറ വിനോദസഞ്ചാര സാധ്യത മുതലെടുക്കാനുള്ള നീക്കം കാണുന്നവരുണ്ട്.
ചരിത്രത്തെ ഉന്മൂലനം ചെയ്തുകൊണ്ടോ അതിനെ മാറ്റിയെഴുതിക്കൊണ്ടോ ചരിത്രസ്മാരകങ്ങൾ നിലനിർത്താനാവില്ല എന്ന പ്രാഥമിക പാഠമാണ് ബി.ജെ.പിയും സംഘ്പരിവാറും ഉൾക്കൊള്ളേണ്ടത്. ബ്രിട്ടീഷുകാർ ദുഷ്ടലാക്കോടെ ‘മുസ്ലിം കാലഘട്ട’മെന്ന് (ബ്രിട്ടീഷ് ഭരണകാലത്തെ അവർ ‘ക്രിസ്ത്യൻ കാലഘട്ട’മെന്ന് വിളിച്ചിട്ടില്ല) മുദ്രകുത്തിയ നൂറ്റാണ്ടുകൾ ഇന്ത്യക്ക് നൽകിയത് സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും ചിഹ്നങ്ങളുമാണ്. അവയെ തള്ളിപ്പറയുന്നത് ഏറ്റവുമധികം ഹനിക്കുക രാജ്യത്തെ തന്നെയാണെന്ന് അറിയേണ്ടതുണ്ട്. താജ്മഹൽ, ചെേങ്കാട്ട, ഖുതുബ്മിനാർ, ജുമാമസ്ജിദ് തുടങ്ങിയ മുഗൾകാല പൈതൃകങ്ങളെ തള്ളിപ്പറയാൻ ചരിത്രം അനുവദിക്കുന്നില്ലെന്ന ആധിയിലാണ് തീവ്രവർഗീയവാദികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സ്വാതന്ത്ര്യദിനത്തിൽ പ്രസംഗിക്കാൻ ചെേങ്കാട്ടതന്നെ വേണം. ചരിത്രം മാറ്റാൻ ശ്രമിക്കാതെയല്ല, അതിനായി ഒരു ഇൻസ്റ്റിറ്റ്യൂട്ട് തന്നെ പി.എൻ ഒാക് സ്ഥാപിച്ചിട്ടുണ്ട്. ഖുതുബ്മിനാർ വിഷ്ണുസ്തംഭമാണെന്നും ചെേങ്കാട്ട ഹിന്ദുകൊട്ടാരമാണെന്നും താജ്മഹൽ തേജോ മഹാലയക്ഷേത്രമാണെന്നുമൊക്കെയുള്ള വാദങ്ങൾ ആ പക്ഷത്തെ ചരിത്രകാരന്മാർ പോലും വിശ്വസിച്ചിട്ടില്ല. ‘ഭാവനാവിലാസ’മെന്ന് അതിനെ വിളിച്ചത് ഹിന്ദുത്വപക്ഷക്കാരനായ കോൺറാഡ് എൽസ്റ്റ് ആണ്. ഷാജഹാനെയും ഒൗറംഗസീബിനെയും തമ്മിൽ വേർതിരിച്ചറിയാത്ത ബി.ജെ.പി എം.എൽ.എ സംഗീത് സോമിനെപ്പോലുള്ളവരാണ് ഇന്ന് താജിനെ ചോദ്യം ചെയ്യുന്ന ചരിത്ര ‘പണ്ഡിതർ’. ഏതായാലും ചരിത്രം അപ്പടി മാറ്റാനാവില്ലെന്ന് ഇവരൊക്കെ മനസ്സിലാക്കിക്കാണും. കുൽദീപ്കുമാർ ചൂണ്ടിക്കാണിക്കുന്നപോലെ, പൈതൃകങ്ങളുടെ ചരിത്രം മാറ്റാനാവില്ലെന്ന് കണ്ടപ്പോഴാണ് സംഘ്പരിവാർ അവയെ വിലകുറച്ച് കാണാനും അവഗണിക്കാനും തുടങ്ങിയത്. താജ്മഹൽ ഇന്ത്യൻ പാരമ്പര്യത്തിൽ പെടില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞതും അതിനോട് പുലർത്തുന്ന വൈരാഗ്യവും അത് സൂചിപ്പിക്കുന്നു. താജിനെ സംരക്ഷിക്കാൻ ‘താജ് ട്രപീസിയം സോൺ’ എന്നറിയപ്പെടുന്ന വിശാലമായ പരിസ്ഥിതി മേഖല കൂടി പരിരക്ഷിക്കേണ്ടതുണ്ട്. എന്നാൽ, അത് പോയിട്ട് പുണ്യനദിയായ യമുനയെപ്പോലും വൃത്തിയായി സൂക്ഷിക്കാൻ യോഗി സർക്കാറിന് കഴിയുന്നില്ല. അത് ചെയ്താൽ അത്രയെങ്കിലും താജ്മഹൽ രക്ഷപ്പെേട്ടനെ. ഭൂതകാലത്തെ തള്ളിക്കൊണ്ട് വർത്തമാനത്തെ നിർണയിക്കാനാകില്ല എന്ന് ഇവർ എന്ന് മനസ്സിലാക്കുന്നോ അന്ന് താജ് രക്ഷപ്പെടും-നാടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.