തീവ്രവാദി വിളി ഒരു തമാശയല്ല


നവംബർ 26. രാജ്യത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനിക്കാനും സകല ജനങ്ങൾക്കും സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങളിലും അവസരങ്ങളിലും സമത്വം എന്നിവ ഉറപ്പാക്കാനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യവും ഏവരിലും വളർത്താനും ദൃഢനിശ്ചയം ചെയ്ത ഇന്ത്യൻ ഭരണഘടന തയാർ ചെയ്തതിന്റെ വാർഷികദിനം.

നാടു മുഴുവൻ ഭരണഘടനമൂല്യങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് പ്രഭാഷണങ്ങളും പ്രചാരണങ്ങളും നടന്നുകൊണ്ടിരുന്ന അതേ ദിവസമാണ്, ഒരു വിദ്യാർഥിയുടെ പേരു കേട്ട് അവൻ ഭീകരവാദിയുടെ ആളാണെന്ന് ശാസ്ത്ര-സാങ്കേതികവിദ്യ പഠിപ്പിക്കുന്ന കർണാടകയിലെ വിഖ്യാത കലാലയത്തിലെ അധ്യാപകൻ സംശയം പ്രകടിപ്പിച്ചത്; ചോദ്യമുയർന്നപ്പോൾ തമാശയെന്നു പറഞ്ഞ് തടിയൂരാൻ ശ്രമിച്ചത്.

അധ്യാപകനും ഒട്ടനവധി സഹപാഠികൾക്കും മുന്നിൽ ഞൊടിയിട കൊണ്ട് ആ വിദ്യാർഥി അന്യനായിത്തീരുന്നു, ഭീകരവാദിയല്ല എന്നു തെളിയിക്കേണ്ട, വർത്തമാനകാല ഇന്ത്യയിലെ ഏറ്റവും ഭാരമേറിയ ബാധ്യത അവനു മാത്രമാണെന്ന് ഒരുപറ്റം കൂട്ടുകാരുടെ നിശ്ശബ്ദതയും മറ്റൊരു പറ്റത്തിന്റെ ഇളകിച്ചിരികളും വ്യക്തമാക്കുന്നു. ആരോ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ പുറത്തുവന്നതുകൊണ്ടു മാത്രം ഇക്കാര്യം പുറംലോകമറിഞ്ഞു, ഇത്തരമൊരു സംഭവം ആദ്യത്തേതല്ല, അവസാനത്തേതാവണമെന്ന് ആഗ്രഹിക്കാമെന്നല്ലാതെ സാധിക്കണമെന്നുമില്ല.

മതേതര ജനാധിപത്യ ഇന്ത്യയുടെ പല ഭാഗങ്ങളിൽ (വിശിഷ്യാ യു.പി, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ) സ്കൂളുകളിൽ വർഷങ്ങൾക്ക് മുമ്പുതന്നെ എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞുങ്ങൾപോലും പലപ്പോഴും അധ്യാപകരാലും സഹപാഠികളാലും അഭിസംബോധന ചെയ്യപ്പെടുന്നത് ഭീകരവാദി, പാകിസ്താനി തുടങ്ങിയ വിളിപ്പേരുകളാലാണ്; അവരുടെ പേരോ, താമസിക്കുന്ന സ്ഥലങ്ങളോ ആണ് അത് നിശ്ചയിച്ചിരുന്നത്. ആരെങ്കിലും പരാതി പറഞ്ഞാൽ അതിശയോക്തിയെന്നോ ഒറ്റപ്പെട്ട സംഭവമെന്നോ പറഞ്ഞ് അവഗണിച്ച് ഒതുക്കുകയായിരുന്നു പൊതുരീതി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമല്ല, തൊഴിലിടങ്ങളിൽ, പൊതുസ്ഥലങ്ങളിൽ, തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ എന്നുവേണ്ട സമൂഹമാധ്യമ കമൻറുകളിൽ വരെ മുസ്ലിംകൾക്കെതിരെ ഇന്നീ വിളിയൊരു അസാധാരണത്വമില്ലാത്ത സംഗതിയാണ്. കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പാർലമെൻറ് അംഗങ്ങളുമെല്ലാം മൈക്ക് കെട്ടി നടത്തുന്ന അധിക്ഷേപം ഒരു 'അംഗീകൃത ദേശീയ കുറ്റകൃത്യ'മായി അവരുടെ അണികളും ഏറ്റെടുക്കുന്നു. വിദ്വേഷവിളിക്കു പിന്നാലെ പലയിടങ്ങളിലും അതിക്രമങ്ങളും നടമാടുന്നു. രാജ്യത്തെ പൗരജനങ്ങളെ ഭീകരരെന്നും അയൽരാജ്യത്തോട് കൂറു പുലർത്തുന്നവരെന്നും ആക്ഷേപിക്കുന്നവർക്ക് തമിഴ്നാട്ടിലോ ബിഹാറിലോ ഛത്തിസ്ഗഢിലോ അല്ലാതെ കേരളത്തിൽപോലും കേസെടുക്കുമെന്ന് കരുതാനാവില്ല.

കേരളത്തിൽ കഴിഞ്ഞ ദിവസവും കേട്ടു ഒരു തീവ്രവാദി വിളി, അതുമൊരു മന്ത്രിക്കെതിരെ. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കേരളം ഭരിക്കുന്ന ഇടതുമുന്നണി സർക്കാറും കൈകോർത്തുനിന്നാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഏതാണ്ടെല്ലാ ബി.ജെ.പി നേതാക്കളും ഇടതുപക്ഷ മന്ത്രിമാരും നേതാക്കളും സമരസമിതിക്കെതിരെ ആരോപണങ്ങളും ആക്ഷേപങ്ങളുമായി രംഗത്തുവരുന്നു, എന്നാൽ, മത്സ്യബന്ധനവകുപ്പിന്റെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാൻ നടത്തിയ പ്രസ്താവനയെ സമരസമിതി നേതാവായ വൈദികൻ ആക്ഷേപിച്ചത് ആ മന്ത്രിയുടെ പേരിൽതന്നെ തീവ്രവാദിയുണ്ട് എന്നായിരുന്നു.

മുസ്ലിം ജനസംഖ്യ കൂടുതലുള്ള മലപ്പുറത്തും പുന്നോൽ പെട്ടിപ്പാലത്തും കോതിയിലും ആവിക്കലുമെല്ലാം നടക്കുന്ന ജനകീയ സമരങ്ങളെ ഇടതുപക്ഷ നേതാക്കളും മന്ത്രിസഭയിലെ ചങ്ങാതിമാരും തീവ്രവാദി ഇടപെടലായി ചിത്രീകരിക്കവെ ക്ലാസിൽ ആക്ഷേപം സഹിക്കേണ്ടിവന്ന വിദ്യാർഥിയുടെ നിസ്സംഗരായ സഹപാഠികളെപ്പോലെ മൗനംപൂണ്ട് കേട്ടുനിന്ന മന്ത്രിക്ക് ഒരുപക്ഷേ ഇതൊരു അധിക്ഷേപമായി തോന്നുന്നില്ലായിരിക്കാം, മന്ത്രിക്കെതിരായ അധിക്ഷേപത്തിൽ മലപ്പുറത്തെ സമരക്കാരെ തീവ്രവാദികൾ എന്ന് ആക്ഷേപിച്ച സഹപ്രവർത്തകരും ഈ വിഷയത്തിൽ പ്രസ്താവനയിറക്കാൻ അറച്ചു നിന്നേക്കാം. എന്നാൽ, വെറുപ്പിൻ വാക്മുനയാൽ ഓരോ ദിവസവും വേദനിപ്പിക്കപ്പെടുന്ന രാജ്യത്തെ കോടിക്കണക്കിനു വരുന്ന സാധാരണക്കാരായ മുസ്ലിം ജനസാമാന്യത്തിന്റെ അവസ്ഥ അതല്ല.

'ആ വിളി ഒരു മനോഭാവമാണ്'-കർണാടകയിലെ വിദ്യാർഥി അധ്യാപകന്റെ മുഖത്തുനോക്കി ആർജവത്തോടെ പറഞ്ഞ ആ വാക്കുകൾ അവൻ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തെ പ്രബലന്യൂനപക്ഷത്തിന്‍റെ ആത്മഗതമാണ്. ഈ രാജ്യത്തിന്‍റെ നിർമാണപ്രക്രിയയിൽ സജീവപങ്കാളികളായിരിക്കെ ദൈനംദിനം നേരിടേണ്ടിവരുന്ന ഇതുപോലുള്ള അനുഭവങ്ങൾ മുസ്ലിംകൾക്ക് വെറുമൊരു തമാശയല്ല. 

Tags:    
News Summary - 'Terrorist' Remark Is Not Funny

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.