ജനങ്ങളുടെ വീടും കെട്ടിടവും വസ്തുക്കളും ഇടിച്ചുനിരത്തുന്ന ഭരണകൂടത്തിന്റെ ബുൾഡോസർ നീതി അനുവദിക്കാനാവില്ലെന്നും തടയാൻ മാർഗനിർദേശങ്ങൾ കൊണ്ടുവരുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നു. ഒരാളെ ഒരു കേസിൽ പ്രതിചേർത്താൽ എന്നല്ല, കുറ്റവാളിയാണെന്ന് കണ്ടെത്തിയാൽപോലും വീടും സ്ഥാവര ജംഗമ വസ്തുക്കളും പൊളിച്ചുകളയാനാവില്ലെന്നും പരമോന്നത കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏത് കെട്ടിടവും ഇടിച്ചുനിരത്തും മുമ്പ് ഈ...
ജനങ്ങളുടെ വീടും കെട്ടിടവും വസ്തുക്കളും ഇടിച്ചുനിരത്തുന്ന ഭരണകൂടത്തിന്റെ ബുൾഡോസർ നീതി അനുവദിക്കാനാവില്ലെന്നും തടയാൻ മാർഗനിർദേശങ്ങൾ കൊണ്ടുവരുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നു. ഒരാളെ ഒരു കേസിൽ പ്രതിചേർത്താൽ എന്നല്ല, കുറ്റവാളിയാണെന്ന് കണ്ടെത്തിയാൽപോലും വീടും സ്ഥാവര ജംഗമ വസ്തുക്കളും പൊളിച്ചുകളയാനാവില്ലെന്നും പരമോന്നത കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏത് കെട്ടിടവും ഇടിച്ചുനിരത്തും മുമ്പ് ഈ മാർഗനിർദേശങ്ങൾ പാലിക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ബുൾഡോസർ രാജിനെതിരെ ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാനും മേൽവിഷയത്തിൽ കോടതിയെ സമീപിച്ച ഹരജിക്കാരോട് നിർദേശിച്ചിട്ടുണ്ട്.
സംഘ്പരിവാറിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന സർക്കാറുകളും പ്രാദേശിക ഭരണകൂടങ്ങളും സമീപകാലത്തായി വ്യാപകരീതിയിൽ ഉപയോഗിച്ച അതിക്രമരീതികളിലൊന്നാണ് ബുൾഡോസർ പ്രയോഗം. പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയോ ഏതെങ്കിലും കുറ്റകൃത്യത്തിൽ പ്രതികളാണെന്ന് ആരോപിക്കപ്പെടുകയോ ചെയ്താൽ, ബീഫ് കണ്ടെത്തിയെന്ന് ആരോപണമുയർന്നാൽ വീടുകൾ, കെട്ടിടങ്ങൾ ഇടിച്ചുനിരത്തി നിലംപരിശാക്കുന്ന ഈ നിയമവിരുദ്ധ നടപടിക്ക് ഇരയായവരിൽ തൊണ്ണൂറു ശതമാനത്തിലേറെയും മുസ്ലിംകളാണ്, ബാക്കി മറ്റു പിന്നാക്ക സമൂഹങ്ങളിൽ നിന്നുള്ളവരും. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ തുടങ്ങിവെച്ച ഈ അതിക്രമ രീതി ഡൽഹി നഗരസഭയും മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, അസം, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് സർക്കാറുകളും ഏറ്റെടുക്കുകയായിരുന്നു. ഈ സംസ്ഥാനങ്ങളുടെ സാംസ്കാരിക ഘോഷയാത്രകളിൽപ്പോലും അലങ്കരിച്ച ബുൾഡോസറുകൾ ഇടംപിടിച്ചു, ‘ബുൾഡോസർ മാമ’യെന്നും ‘ബുൾഡോസർ ബാബ’യെന്നുമുള്ള അണികളുടെ പ്രകീർത്തനം അലങ്കാരമായി കരുതുന്ന മുഖ്യമന്ത്രിമാർ ഇത് തങ്ങളുടെ ഭരണനേട്ടമാണെന്ന് തെരഞ്ഞെടുപ്പ് റാലികളിൽ വീരസ്യം പറയുന്നു. ഡൽഹി ജഹാംഗീർ പുരിയിലും ഹരിയാനയിലെ നുഹിലും മുസ്ലിംകളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഇടിച്ചുനിരത്തിയതിനെതിരെ ജംഇയ്യത്തുൽ ഉലമായെ ഹിന്ദും രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഇരകളും സമർപ്പിച്ച ഹരജികൾ പരിഗണിച്ചാണ് സുപ്രീംകോടതി ഇടപെടൽ. ഹരജിക്കാരുടെ നിർദേശങ്ങൾ ശേഖരിക്കാനും അവ ക്രോഡീകരിച്ച് നൽകാനും സുപ്രീംകോടതി അഭിഭാഷകയെയും നിയോഗിച്ചിട്ടുണ്ട്.
വീടെന്ന അഭയവും സുരക്ഷിതത്വവും മാത്രമല്ല ഒരു മനുഷ്യായുസ്സിന്റെ മുഴുവൻ സമ്പാദ്യങ്ങൾ കൂടിയാണ് ഭരണകൂടം തച്ചുതകർക്കുന്നത്. പൗരത്വ സമരത്തിനു ശേഷമാണ് ഈ രീതി വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. ഇഷ്ടമില്ലാത്ത സമൂഹങ്ങളിൽ നിന്നുള്ള ജനങ്ങളെ മാനസികമായും സാമ്പത്തികമായും തകർക്കുക എന്നതാണ് പ്രധാന ലക്ഷ്യം. രണ്ടുവര്ഷത്തിനിടെ മാത്രം ബുൾഡോസർ കയറ്റി തകര്ത്ത വീടുകൾ ഒന്നരലക്ഷം വരുമെന്നാണ് കണക്ക്. ഭവനരഹിതരായത് ഏഴര ലക്ഷത്തിലധികം പേർ. കുഞ്ഞുകുട്ടി പരാധീനങ്ങളടങ്ങിയ ആ മനുഷ്യരിന്ന് വഴിയരികിലോ താൽക്കാലിക ടെന്റുകളിലോ ആണ് മഴയും മഞ്ഞുമേറ്റ് അന്തിയുറങ്ങുന്നത്. ഇവരുടെ പുനരധിവാസം അജണ്ടയിലില്ലാത്ത കാര്യമാണ്. വ്യാജ പരാതികൾ സൃഷ്ടിച്ചും അനധികൃത നിർമാണമെന്നാരോപിച്ചും പൊളിച്ചതിനുശേഷം ന്യായവും തെളിവും ചമക്കുകയാണ് ഏതാണ്ടെല്ലാ കേസുകളിലും ചെയ്തിരിക്കുന്നത്. നിത്യോപയോഗത്തിനു വേണ്ട സാധനസാമഗ്രികൾ എടുത്തു മാറ്റുന്നതിന് ആവശ്യമായ സമയം പോലും നൽകാതെയായിരുന്നു അതിക്രമങ്ങൾ. ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്ര നടത്തിയ തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ മുസ്ലിംവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി പ്രകോപനം സൃഷ്ടിച്ചതിനെ തുടർന്നാണ് സംഘർഷവും കല്ലേറുമുണ്ടായത്. കുഴപ്പം സൃഷ്ടിച്ചവർക്കെതിരെ നടപടിയെന്നപേരിൽ ബുൾഡോസർ കയറ്റിയതേറെയും മുസ്ലിംകളുടെ വീടുകൾക്കും കടകൾക്കും നേരെയായിരുന്നു. പല സ്ഥലങ്ങളിലും നിയമപരമായ സാധ്യതകൾ തേടുന്നത് തടയാൻ വൈകുന്നേരമോ, അവധി ദിവസങ്ങളിലോ ആണ് പൊളിക്കൽ അരങ്ങേറുന്നതും. സ്റ്റേ ഉത്തരവുകളെപ്പോലും അവഗണിച്ച് ഇടിച്ചുനിരത്തപ്പെട്ട വീടുകളുമുണ്ട് നിരവധി.
സർക്കാറുകൾ പ്രതികാരബുദ്ധിയോടെ ബുൾഡോസർ നീതി നടപ്പാക്കിയ നിരവധി സംഭവങ്ങളുണ്ട്. പൗരത്വസമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന വിദ്യാർഥി നേതാവ് അഫ്രീൻ ഫാത്തിമയുടെ യു.പി പ്രയാഗ് രാജിലെ വീട് തകർത്തതുതന്നെ വലിയ ഉദാഹരണം. ബി.ജെ.പി ദേശീയവക്താവായിരുന്ന നുപുർ ശർമ നടത്തിയ പ്രവാചക നിന്ദാ പരാമർശത്തിനെതിരെ നഗരത്തിൽ നടന്ന പ്രതിഷേധത്തിന്റെ കുറ്റംചാർത്തിയാണ് പ്രയാഗ് രാജിൽ അഫ്രീന്റെ മാതാവിന്റെ പേരിലുള്ള എല്ലാ നികുതികളും അടച്ചുവരുന്ന, വ്യവസ്ഥാപിതമായി നിർമിച്ച വീട് പൊളിച്ചുകളഞ്ഞത്. അയൽവാസികൾ നൽകിയ പരാതി എന്ന വ്യാജേനയായിരുന്നു പൊളിക്കൽ. പരാതിക്കാർപോലും വ്യാജമായിരുന്നു. അനുബന്ധമായി രേഖകൾ തല്ലിപ്പടക്കുകയും ചെയ്തു. മകനുമായി ബന്ധപ്പെട്ട് സ്കൂളിൽ സംഘർഷമുണ്ടായതിനാണ് രാജസ്ഥാനിൽ വീടു തകർത്തത്. പിതാവിന് വഴങ്ങാത്ത മകനുണ്ടാകാമെന്ന് കരുതി അതിന്റെ പേരിൽ ആ വീട് ഇടിച്ചുനിരത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അതു സംബന്ധിച്ച് കോടതി ചൂണ്ടിക്കാട്ടിയത്. ഒരാൾ തെറ്റു ചെയ്താൽതന്നെ കുടുംബത്തെ മുഴുവൻ തെരുവിലിറക്കുന്നത് എന്തിന്റെ പേരിലാണെങ്കിലും ന്യായീകരിക്കാനാവില്ല.
ഏറെ വൈകിയെങ്കിലും അരക്ഷിതാവസ്ഥ നേരിടുന്ന നിരവധി പേർക്ക് ആശ്വാസമേകുന്നതാണ് കോടതിയുടെ ഈ സുപ്രധാന ഇടപെടൽ. തികഞ്ഞ മൗലികാവകാശ ലംഘനമായ വിഷയത്തിൽ ജുഡീഷ്യറി തുടർന്ന കുറ്റകരമായ മൗനവും പൗരാവകാശ സമൂഹത്തെ ആശങ്കപ്പെടുത്തിയിരുന്നു. നിർമാണം അനധികൃതമാണെങ്കിൽ പോലും കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചല്ലാതെ പൊളിക്കാൻ പാടില്ലെന്നാണ് കോടതിയിപ്പോൾ നിർദേശിച്ചിരിക്കുന്നത്. വൈകിയെത്തുന്ന നീതി, നീതി നിഷേധം തന്നെയാണ്. എന്നിരുന്നാലും, ഏതുനിമിഷവും ഇടിച്ചുനിരത്തപ്പെട്ടേക്കാമെന്ന ആശങ്കയില്ലാതെ ഇന്നാട്ടിലെ മനുഷ്യർക്ക് ഇനിയെങ്കിലും കിടന്നുറങ്ങാനായാൽ, ഒട്ടേറെ ജീവിതങ്ങൾ നഷ്ടമായ ശേഷമാണെങ്കിൽപ്പോലും ഈ വിധി സ്വാഗതാർഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.