ൽഹി മദ്യനയക്കേസിൽ സുപ്രീംകോടതി ജാമ്യമനുവദിച്ചതിനെ തുടർന്ന് ആറുമാസത്തിനു ശേഷം ജയിൽമോചിതനായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സ്ഥാനത്യാഗ പ്രഖ്യാപനം രാഷ്ട്രീയവൃത്തങ്ങളിൽ അമ്പരപ്പുളവാക്കിയത് സ്വാഭാവികം. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ കയറരുത്, ഫയലുകളിൽ ഒപ്പിടരുത് തുടങ്ങിയ കർക്കശ ജാമ്യവ്യവസ്ഥകൾക്ക് അകത്തുനിന്നുകൊണ്ട് പദവിയിൽ തുടരുന്നില്ലെന്നും ജനകീയവിചാരണ നേരിട്ട് അഗ്നിശുദ്ധി വരുത്തിയേ ഇനി മുഖ്യമന്ത്രി പദത്തിലേക്കുള്ളൂ എന്നും കഴിഞ്ഞ ഞായറാഴ്ച ഡൽഹിയിലെ ആം ആദ്മി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധനം ചെയ്യവെയാണ് അദ്ദേഹം തീർത്തു പറഞ്ഞത്. സത്യസന്ധതക്കുള്ള സർട്ടിഫിക്കറ്റ് ജനം തന്ന ശേഷമേ ഇനി മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുകയുള്ളൂ. അഗ്നിപരീക്ഷ നടത്തി, ജനം സത്യസന്ധരെന്നു വിധിയെഴുതിക്കിട്ടിയ ശേഷമായിരിക്കും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമൊക്കെയായി തങ്ങൾ തിരിച്ചുവരിക -കെജ്രിവാൾ നയം വ്യക്തമാക്കുന്നു. മറ്റു മുഖ്യമന്ത്രിമാർ ആരും അഴിമതിയാരോപണം ചമച്ച് അറസ്റ്റിലായാൽ രാജിവെക്കരുതെന്ന് കെജ്രിവാൾ സഹസ്ഥാനീയരെ ഓർമിപ്പിക്കുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും മാനിച്ചാണ് ജയിലിലടക്കപ്പെട്ടപ്പോൾ രാജിവെക്കാതിരുന്നതെന്നും അദ്ദേഹം പറയുന്നു.

അഴിമതിക്കെതിരെ പടനയിച്ച് അധികാരത്തിലേക്കും ദേശീയ രാഷ്ട്രീയത്തിലേക്കും കൊടുങ്കാറ്റായി കയറിവന്ന കെജ്രിവാളിന് അഴിമതിയുടെ പേരിൽ കഴിഞ്ഞ 17 മാസം അഴികൾക്കകത്ത് കഴിയേണ്ടി വന്നതോടെ നേരിട്ട ധാർമികമായ മാനഹാനി നികത്തണമെങ്കിൽ ‘അഗ്നിപരീക്ഷ’ കൂടിയേ തീരൂ. അണ്ണാ ഹസാരെയെ മുന്നിൽ നിർത്തി കെജ്രിവാൾ നയിച്ച പോരാട്ടത്തിന്‍റെ ഫലം ദേശീയ രാഷ്ട്രീയത്തിൽ കൊയ്തെടുത്തത് ബി.ജെ.പിയാണ്. എന്നാൽ, ഡൽഹിയിലും പഞ്ചാബിലും ഹരിയാനയിലും വലിയ തരംഗം സൃഷ്ടിച്ച് രണ്ടു സംസ്ഥാനങ്ങളിൽ ഭരണം നേടിയ ആം ആദ്മി പാർട്ടി അടിത്തട്ടിലുള്ള അവഗണിക്കപ്പെട്ട ജനതയുടെ പ്രശ്നങ്ങളാണ് അജണ്ടയായി എന്നും ഉയർത്തിക്കാട്ടിയത്. അതുകൊണ്ട് പാർലമെന്‍റിലേക്ക് ബി.ജെ.പിയെ ജയിപ്പിച്ചു വിട്ടപ്പോഴും സംസ്ഥാനഭരണത്തിന് അനുയോജ്യകക്ഷിയായി വോട്ടർമാർ ആം ആദ്മി പാർട്ടിയെ കണ്ടുവെച്ചു. വെള്ളം, വൈദ്യുതി, അടിസ്ഥാന വിദ്യാഭ്യാസം, സ്ത്രീക്ഷേമം തുടങ്ങിയ ജനകീയവിഷയങ്ങളിൽ പരിഹാരവും പുരോഗമനവും ലക്ഷ്യംവെച്ചുള്ള പാർട്ടിയുടെ ഭരണരീതിക്ക് ജനം അംഗീകാരം നൽകി. ദേശീയ രാഷ്ട്രീയത്തിലെ സന്ദിഗ്ധസാഹചര്യങ്ങളിലും വിഷയങ്ങളിലുമൊന്നും കൃത്യമായ നിലയോ നിലപാടോ വ്യക്തമാക്കിയില്ലെങ്കിലും ജനജീവിതത്തിന്‍റെ നാനാപ്രശ്നങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് ദേശീയ രാഷ്ട്രീയരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാനായി എന്നതാണ് അരവിന്ദ് കെജ്രിവാളിന്‍റെയും ആം ആദ്മി പാർട്ടിയുടെയും വ്യതിരിക്തത. ഈയൊരു കരുത്തിൽ പിടിച്ചുതന്നെയാണ് നഷ്ടമായ രാഷ്ട്രീയ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള കെജ്രിവാളിന്‍റെ പുതിയ നീക്കങ്ങൾ. ഡൽഹി സംസ്ഥാന സർക്കാറിന്‍റെ മദ്യനയത്തിലും കള്ളപ്പണമിടപാടിലും അഴിമതി ‘കണ്ടെത്തി’ അഴിമതി വിരുദ്ധ പ്രതിച്ഛായയുടെ മികവിൽ നിന്ന പാർട്ടിയെയും ഭരണത്തെയും വെറും മറ്റൊരു അഴിമതിപ്പാർട്ടിയായി ചളിവാരിയെറിഞ്ഞ ബി.ജെ.പിയുടെ ദുഷ്ടലാക്ക് ഏൽപിച്ച പരിക്ക് മാരകമാണ് എന്നു കെജ്രിവാളും പാർട്ടിയും തിരിച്ചറിയുന്നുണ്ട്. അതിൽനിന്നു കരകയറാനുള്ള രാഷ്ട്രീയ ചതുരുപായങ്ങൾ എ.എ.പിക്ക് തേടിയേ തീരൂ. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ‘ഇന്‍ഡ്യ’ സഖ്യത്തെ കുടഞ്ഞെറിഞ്ഞ് സ്വന്തം നിലയിൽ മത്സരിക്കുന്ന പാർട്ടിക്ക് അതിന്‍റെ ഫലം കാണിച്ചുകൊടുത്തേ മതിയാകൂ. ദേശീയതലത്തിൽ ഇൻഡ്യ സഖ്യത്തിൽ നിൽക്കുമ്പോഴും സ്വന്തം നിലയെക്കുറിച്ച് ഏറിയ ആത്മവിശ്വാസമുള്ളതിനാൽ തനിച്ചു മത്സരിക്കാനാണ് ഹരിയാനയിൽ പാർട്ടി തീരുമാനിച്ചത്. അതുകൊണ്ടാണ് അഴിമതിക്കെതിരെയും ജനക്ഷേമത്തിലൂന്നിയുമുള്ള തന്‍റെയും ആം ആദ്മി പാർട്ടിയുടെയും പോരാട്ടത്തിനു നൽകേണ്ടിവന്ന വിലയായി മദ്യനയ കേസിനെ ഉയർത്തിക്കാട്ടാനും അതുവഴി വോട്ടർമാർക്കിടയിൽ സഹതാപമുയർത്തി അതിനെ വോട്ടാക്കി മാറ്റാനുമുള്ള തന്ത്രത്തിന് കെജ്രിവാൾ മുതിരുന്നതും. സുപ്രീംകോടതിയുടെ ജാമ്യവിധിയിൽ എടുത്തുകാട്ടിയ കേന്ദ്ര ഏജൻസികളുടെ അനാവശ്യവും അവിഹിതവുമായ തിടുക്കവും നിഗൂഢ രാഷ്ട്രീയനീക്കങ്ങളുമൊക്കെ ബി.ജെ.പിയുടെ ‘പ്രതികാര രാഷ്ട്രീയ’ത്തിന് തെളിവായി അദ്ദേഹത്തിന് ഉയർത്തിക്കാട്ടാനാവും. രാജി പ്രഖ്യാപിച്ച പാർട്ടി പരിപാടിയിൽ അടുത്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കണ്ടുവെച്ച ഇത്തരം വിഷയങ്ങൾ കെജ്രിവാൾ അക്കമിട്ടു പറയുകയുണ്ടായി. കേസ് തുടരുമ്പോഴും ജാമ്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നേടിയ ജയത്തിന്‍റെ ചൂടാറും മുമ്പ് ജനത്തിനു വേണ്ടി നടത്തിയ ഭരണത്തിന്‍റെ പേരിൽ ക്രൂശിക്കപ്പെട്ട അനുഭവം എടുത്തുകാട്ടി ‘അഗ്നിപരീക്ഷ’ക്ക് ഒരുങ്ങാനുള്ള ദൃഢനിശ്ചയത്തിലാണ്.

മറുവശത്ത്, സുപ്രീംകോടതി ചുമത്തിയ കർശനമായ ജാമ്യവ്യവസ്ഥകൾ കെജ്രിവാളിന് മുഖ്യമന്ത്രിയെന്ന നിലയിൽ അധികാരവിനിയോഗത്തിന് വലിയ തടയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജയിലിനു പുറത്തുള്ള കെജ്രിവാളിന് ഓഫിസിൽ കയറാത്ത റിമോട്ട് കൺട്രോൾ മുഖ്യമന്ത്രിയായി ഏറെ തുടരാനാവില്ല. ഇപ്പോൾ അധികാരമാറ്റത്തിൽ വിസ്മയം പ്രകടിപ്പിക്കുന്ന രാഷ്ട്രീയ പ്രതിയോഗികളെല്ലാം ജയിലിലിരുന്നും ഭരിച്ച കെജ്രിവാൾ ഇനിയെന്തു ചെയ്യും എന്നു ഉറ്റുനോക്കുമ്പോഴാണ് കെജ്രിവാളിന്‍റെ മിന്നൽപ്രഖ്യാപനം. ദേശീയ തലസ്ഥാനത്തെ ഡൽഹി ഗവൺമെന്‍റിന്‍റെ അധികാരങ്ങൾ വെട്ടിക്കുറച്ച പുതിയ ഭേദഗതിയനുസരിച്ച് ലഫ്. ഗവർണർക്ക് വമ്പിച്ച അധികാരങ്ങളാണ് വന്നുചേർന്നിരിക്കുന്നത്. കെജ്രിവാളടക്കം രാഷ്ട്രീയ പ്രതിയോഗികളായ മുഖ്യമന്ത്രിമാർക്ക് മൂക്കുകയറിടാൻ കൊണ്ടുവന്ന ഭേദഗതിയിൽ ബ്യൂറോക്രസിയുടെ നിയന്ത്രണമടക്കം ലഫ്. ഗവർണറുടെ കൈകളിലാണ്. ഈ അധികാരനിയന്ത്രണങ്ങളും സുഗമമായ ഭരണമികവിനുള്ള ശ്രമത്തിൽ കെജ്രിവാളിന് വിനയാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പുതിയ മുഖ്യമന്ത്രിയെ വെച്ച് വേഗം തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന അഗ്നിപരീക്ഷയുടെ അസ്ത്രം കെജ്രിവാൾ തൊടുത്തത് ഉന്നത്തിൽ തന്നെ കൊണ്ടു എന്നു പ്രതികരണങ്ങൾ തെളിയിക്കുന്നു. എന്നാൽ മുന്നോട്ടുള്ള വഴിയിൽ, രാഷ്ട്രീയ കണക്കുതീർക്കലിനുള്ള കൂട്ടലിലും കിഴിക്കലിലും ആര് ജയിക്കും എന്ന് വരും നാളുകളിലറിയാം.

Tags:    
News Summary - Madhyamam editorial Aravind Kejriwal resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.