രാജ്യത്ത് മുൻമാതൃകയില്ലാത്ത വിധമൊരു സ്വകാര്യ ഗണേശോത്സവ ചടങ്ങ് നടന്നു കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയിൽ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയിൽ നടന്ന ഗണേശോത്സവത്തിലും പൂജകളിലും മുഖ്യാതിഥിയായി പങ്കെടുത്തത് സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങിൽ പൂജ ചെയ്യുന്ന ചിത്രങ്ങൾ പ്രധാനമന്ത്രി അത്യാഹ്ലാദപൂർവം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ഗണേശ വിശ്വാസിയായ ഒരാൾ സ്വന്തം വീട്ടിൽ നടത്തിയ ചടങ്ങിൽ മറ്റൊരു വിശ്വാസിയെ ക്ഷണിക്കുകയും ഇരുവരും ചേർന്ന് പൂജ നടത്തുകയും ചെയ്തതിൽ അസ്വാഭാവികതയൊന്നുമില്ല. വിശ്വാസ സ്വാതന്ത്ര്യം എല്ലാവർക്കുമുള്ളതിനാൽ അതിൽ മറിച്ചൊന്നും കാണേണ്ടതുമില്ല. എന്നാൽ, ഒരു മതേതര രാജ്യത്തെ എക്സിക്യൂട്ടിവിന്‍റെയും ജുഡീഷ്യറിയുടെയും തലവന്മാർ ഒരു മതചടങ്ങിൽ ഒന്നിച്ച് അത് പരസ്യപ്പെടുത്തുന്നതിൽ അനൗചിത്യവും അസാംഗത്യവുമുണ്ട്.

എല്ലാം മതത്തിന്റെ കണ്ണിലൂടെ മാത്രം വിശകലനം ചെയ്യപ്പെടുന്ന കാലത്താണിത് എന്നതും വിസ്മരിക്കാവതല്ല. പൂജയിൽ അതിഥിയായി പങ്കെടുക്കുകയും പരസ്യപ്പെടുത്തുകയും ചെയ്ത നരേന്ദ്ര മോദി മതത്തെ രാഷ്ട്രീയവത്കരിക്കുന്നതിൽ ഒട്ടും അനുകരണീയമല്ലാത്ത മാതൃകയും പുതിയ കീഴ്വഴക്കവും സൃഷ്ടിച്ചയാളാന്നെന്നതും ശ്രദ്ധേയം. ഇതൊന്നുമറിയാത്ത ആളല്ല ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്. അതിനാൽ ഇങ്ങനെയൊരു വേദി ഒരുക്കിയത് നിഷ്കളങ്കമായാണെന്ന് കരുതാൻ വയ്യ. രാഷ്ട്രീയ കൗശലക്കാരനായ പ്രധാനമന്ത്രി മതത്തെ കൂട്ടുപിടിച്ച് നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതും നടത്താനിരിക്കുന്നതുമായ എല്ലാ അരുതായ്കകൾക്കുമുള്ള പച്ചക്കൊടി കൂടിയായി ചീഫ് ജസ്റ്റിസിന്‍റെ വീട്ടിലെ സ്വകാര്യചടങ്ങ്. എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലെ അധികാര വേർതിരിവിൽ വിട്ടുവീഴ്ച ചെയ്ത ചീഫ് ജസ്റ്റിസിന്റെ നിഷ്പക്ഷതയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകയും ഭരണഘടന വിദഗ്ധയുമായ ഇന്ദിര ജയ്സിങ് രൂക്ഷമായി പ്രതികരിച്ചത് ഈ അനാരോഗ്യപ്രവണതയുടെ ഗൗരവം വ്യക്തമാക്കുന്നുണ്ട്.

ബാബരി മസ്ജിദ് തകർത്തതുൾപ്പെടെ രാജ്യത്ത് നടന്ന വിവിധ വർഗീയ അതിക്രമ സംഭവങ്ങളിൽ കുപ്രസിദ്ധമായ പങ്കുവഹിച്ച, കലാപങ്ങളിലും ആൾക്കൂട്ടക്കൊലകളിലും ആരോപണം നേരിടുന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ ലീഗൽ സെൽ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗത്തിൽ സുപ്രീംകോടതിയിൽനിന്നും വിവിധ ഹൈകോടതികളിൽനിന്നും വിരമിച്ച 30 ലേറെ ജഡ്ജിമാരാണ് പങ്കാളികളായത്. കേന്ദ്ര നിയമമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ഗ്യാൻവാപി, മഥുര മസ്ജിദ്-മന്ദിർ തർക്കങ്ങൾ, വഖഫ് ബിൽ, മതപരിവർത്തനം, സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് കൈമാറൽ തുടങ്ങിയവയായിരുന്നു ചർച്ചാവിഷയങ്ങൾ. ഇവയിലൊക്കെ സ്വീകരിക്കേണ്ട നിലപാടുകളും നിയമവശങ്ങളുമാണ് യോഗം ചർച്ച ചെയ്തതെന്ന് മന്ത്രിയും വി.എച്ച്.പി നേതാക്കളും വെളിപ്പെടുത്തുകയും ചെയ്തു. മുൻ ന്യായാധിപന്മാരുടെ സംഘ്പരിവാർ ബാന്ധവമറിഞ്ഞ് മതനിരപേക്ഷ സമൂഹം ഞെട്ടിത്തരിച്ച് നിൽക്കെയാണ് അതിന്‍റെ ഇരട്ടി ശേഷിയുള്ള മറ്റൊരു പ്രഹരം.

പുതിയ ഇന്ത്യയിൽ ഇതൊക്കെയും പുതുസാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. ബാബരി മസ്ജിദ് കേസിൽ വിവാദ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് വിരമിച്ച ശേഷം ഭരണകക്ഷിയുടെ ദാക്ഷിണ്യത്തിൽ രാജ്യസഭാംഗത്വം പുൽകിയതും ഇതേ കേസിലെ മറ്റൊരു ജഡ്ജി രാജ്ഭവൻ അന്തേവാസിയായതും രാജ്യം കണ്ടതാണ്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കൊൽക്കത്ത ഹൈകോടതിയിലെ ജഡ്ജി, പദവി രാജിവെച്ച് വാഴ്ത്തുപാട്ടുകളും പാടി ഭരണ കക്ഷിയിൽ ചേർന്നത്. ഇതെല്ലാം ഒരു മതേതര രാജ്യത്തെ ജനങ്ങൾക്ക് നൽകുന്ന സന്ദേശമെന്താണ്?

പരമോന്നത കോടതി ചീഫ് ജസ്റ്റിസ് നടത്തുന്ന പൂജക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതും പങ്കാളിയാവുന്നതും ഒരിക്കലും നല്ല സന്ദേശമല്ല നൽകുന്നത്. ഭരണഘടനയുടെ കാവൽ മാലാഖമാരായാണ് നീതിപീഠം വിശേഷിപ്പിക്കപ്പെടുന്നത്. അതിനാൽ പൊതുവെ ഹൈകോടതി, സുപ്രീംകോടതി ജഡ്ജിമാർ പ്രത്യക്ഷമായോ, പരോക്ഷമായോ രാഷ്ട്രീയ-മത ചടങ്ങുകളിൽ പങ്കെടുക്കുക പതിവില്ലാത്തതാണ്. വ്യക്തിപരമായി വിശ്വാസം സൂക്ഷിക്കുന്നവരും മതാചാരങ്ങളും ആഘോഷ ചടങ്ങുകളും നടത്തിയാലും അതിൽ അതിഥിയായി പ്രധാനമന്ത്രിയെ ക്ഷണിക്കുന്നത് കേട്ടുകേൾവിയേ ഇല്ലാത്ത കാര്യമാണ്. സുപ്രീംകോടതിയിലെ ഏറ്റവും വലിയ കക്ഷിയാണ് കേന്ദ്രസർക്കാർ എന്നതുകൂടി ഓർക്കുക. കേന്ദ്രസർക്കാർ കക്ഷിയായ ഗ്യാൻവാപി, മഥുര, ഓപറേഷൻ താമര കേസുകൾ, കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ തുടങ്ങി നിരവധി കേസുകളിൽ സുപ്രീംകോടതിയിൽ വ്യവഹാരം തുടരുന്നുണ്ട്. ആ സർക്കാറിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രിയും വിധി പറയേണ്ട ചീഫ് ജസ്റ്റിസും ഇത്തരത്തിൽ ഒത്തുചേരുന്നതിൽ അതിഭയാനകമായ അസാംഗത്യങ്ങളുണ്ട്.

അതുകൊണ്ടു തന്നെയാണ് ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ് ചീഫ് ജസ്റ്റിസിന്റെ നടപടിയെന്ന് മുതിർന്ന അഭിഭാഷകരടക്കമുള്ളവർ ചൂണ്ടിക്കാട്ടിയത്. സമത്വവും മതനിരപേക്ഷതയും സമാധാനവും തകർത്ത് സമസ്ത മേഖലകളിലും ഫാഷിസം ഇരമ്പിപ്പാഞ്ഞുകയറവെ, സാധാരണക്കാരും ദുർബല ന്യൂനപക്ഷ സമൂഹങ്ങളുമെല്ലാം അവസാന പ്രതീക്ഷ പുലർത്തുന്നത് നീതിപീഠത്തിലാണ്. അതും സംശയമുനയിലാവുന്നത് ഭാവിയെക്കുറിച്ച ആശങ്കകൾക്ക് ആക്കംകൂട്ടാനിടയാക്കും.

Tags:    
News Summary - Madhyamam Editorial Podcast: Do not doubt the impartiality of the judiciary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT