അപ്രതീക്ഷിതമായ പ്രകൃതിദുരന്തം തീർത്ത പ്രളയക്കയത്തിന് നടുവിലാണിപ്പോൾ കേരളം. പേമാരിയും മണ്ണിടിച്ചിലും ഉരുൾപൊട്ടലുമെല്ലാം ഇൗ ദേശത്തെ തുടർച്ചയായ നാലാം വർഷവും ദുരന്തഭൂമിയാക്കിമാറ്റിയിരിക്കുന്നു. 2018ൽ, 480ലധികം പേരുടെ മരണത്തിൽ കലാശിച്ച മഹാപ്രളയം; 2019ൽ, മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലുമുണ്ടായ ഉരുൾപൊട്ടൽ; കഴിഞ്ഞവർഷം ഇടുക്കിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ. ഇേപ്പാഴിതാ സമാനമായ വാർത്തകൾ കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽനിന്നും ഇടുക്കിയിലെ കൊക്കയാറിൽനിന്നും കേട്ടുകൊണ്ടിരിക്കുന്നു. ഇൗ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയിലും ഉരുൾപൊട്ടലിലുമായി ഇതിനകം 28 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്.
മുൻവർഷങ്ങളിൽ ദുരന്തമുഖങ്ങളിലെല്ലാം കേരളം സാക്ഷിയായ കാഴ്ചകൾ ഇവിടെയും ആവർത്തിക്കപ്പെടുകയാണ്. കാണാതായവർക്കായുള്ള തിരച്ചിലിെൻറയും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകുന്ന വാഹനങ്ങളുടെയും നിലംപൊത്തിയ കെട്ടിടങ്ങളുടെയുമെല്ലാം ദൃശ്യങ്ങൾ ഏതൊരാളുടെയും നെഞ്ച് തകർക്കും. വിവിധ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ മഴയുടെ തീവ്രത അൽപം കുറഞ്ഞിരിക്കുന്നുവെന്നത് ആശ്വാസത്തിന് വകനൽകുന്നുണ്ട്. എങ്കിലും, വരും ദിവസങ്ങളിൽ തീവ്രമഴക്കുള്ള സാധ്യത പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ, അപകടത്തിെൻറ കാർമേഘങ്ങൾ പൂർണമായും ഒഴിഞ്ഞുവെന്ന് പറയാനായിട്ടില്ല. അതിനാൽ, വിദഗ്ധ നിർദേശങ്ങൾ പൂർണമായും അനുസരിച്ച് ജാഗ്രതയോടെ നിലയുറപ്പിക്കുകയും ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുകയുമാണ് ഇൗ സന്ദർഭത്തിൽ നമുക്ക് ചെയ്യാവുന്ന കാര്യം.
തുടർച്ചയായ വർഷങ്ങളിൽ സംഭവിച്ച സാഹചര്യത്തിൽ ഇൗ ദുരന്തത്തെ നമുക്ക് ഇനിയും 'അപ്രതീക്ഷിതം' എന്ന് വിളിക്കാനാകുമോ എന്നൊരു േചാദ്യം പല കോണുകളിൽനിന്നും ഇതിനകം ഉയർന്നിരിക്കുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ, നമ്മുടെ കാലാവസ്ഥയിൽ വലിയതരത്തിലുള്ള മാറ്റങ്ങൾ വന്നിട്ടുണ്ട്. കാലവർഷംതന്നെ സാധാരണ രീതിയിൽ കിട്ടിക്കൊണ്ടിരുന്ന രീതിക്ക് വലിയ മാറ്റം വന്നിരിക്കുകയാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ഇടവപ്പാതി മഴയും പിന്നീടുള്ള തുലാവർഷവുമെല്ലാം ഏറക്കുറെ കൃത്യമായി പ്രവചിക്കാവുന്ന തരത്തിൽ സന്തുലിതമായിരുന്നു. കഴിഞ്ഞ 200 വർഷത്തെ കണക്ക് എടുത്തുനോക്കിയാൽ ഇതിൽ വലിയ വ്യത്യാസമൊന്നും കാണാൻ കഴിയില്ല. എന്നാൽ, 2001നുശേഷം കാര്യമാകെ മാറിയിരിക്കുന്നു. ഇപ്പോൾ ജൂൺ, ജൂലൈ മാസങ്ങളിൽ പലപ്പോഴും മേഘങ്ങൾപോലുമില്ലാത്ത തെളിഞ്ഞ ആകാശമാണ്; മഴ കുറഞ്ഞുനിൽക്കേണ്ട ആഗസ്റ്റ്്, സെപ്റ്റംബർ മാസങ്ങളിൽ വർഷം കനക്കുകയും ചെയ്യുന്നു. ഇതാണ് പലപ്പോഴും പ്രളയത്തിന് വഴിവെക്കുന്നത്. ആകെ കിട്ടുന്ന മഴയിൽ കാര്യമായ വ്യത്യാസമുണ്ടാവുന്നില്ലെങ്കിലും വിതരണത്തിെൻറ തോത് മുഴുവനായും മാറി. ഇൗ മാറ്റത്തിെൻറ വലിയ പ്രത്യാഘാതങ്ങളാണ് പ്രളയമായും ഉരുൾപൊട്ടലായുമൊക്കെ നാമനുഭവിച്ചുകൊണ്ടിരിക്കുന്നത്.
മഴയുടെ വിതരണത്തിലുള്ള ഇൗ വ്യത്യാസം മറുവശത്ത് വരൾച്ചക്കും കാരണമാകുന്നുണ്ട്. ഇത് കേരളത്തിൽ മാത്രമായി ദൃശ്യമാകുന്ന പ്രതിഭാസമല്ല. കാലാവസ്ഥയിലെ ഇൗ മാറ്റം ആഗോളതലത്തിൽതന്നെ പ്രകടമാകുന്നതിെൻറ എത്രയോ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. മഹാപ്രളയമുണ്ടായ 2018ൽ, അതിന് സമാനമോ അതിലും ഭീകരമോ ആയ എത്രയോ പ്രകൃതി പ്രതിഭാസങ്ങൾ ഇന്ത്യയിൽതന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ വർഷം 18 സംസ്ഥാനങ്ങളിലാണ് പ്രളയമുണ്ടായത്. ഹിമപാതവും ഉഷ്ണതരംഗങ്ങളുമടക്കം വേറെയും പ്രകൃതിദുരന്തങ്ങളുണ്ടായി. തീർച്ചയായും, ആഗോളതാപനത്തിെൻറയും കാലാവസ്ഥ വ്യതിയാനത്തിെൻറയും അനുരണനങ്ങൾ നമ്മുടെ രാജ്യത്തും ദൃശ്യമായിത്തുടങ്ങിയിരിക്കുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. 2017നുശേഷം, ഒാരോ വർഷവും ഇൗ അപകട കാലാവസ്ഥയിൽ 2500 പേർക്കെങ്കിലും ജീവൻ നഷ്ടമാകുന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്; 22 ലക്ഷം പേരെ അത് നേരിട്ട് ബാധിക്കുകയും ചെയ്യുന്നുണ്ട്.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഒരേ സമയം രൂപംകൊണ്ട ന്യൂനമർദമാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമായി പറയുന്നത്.ലഘു മേഘവിസ്ഫോടനം മഴയുടെ തോത് വർധിപ്പിച്ചുവെന്നും ഗവേഷകർ വിലയിരുത്തുന്നു. ഇൗ രണ്ട് ഘടകങ്ങളും കാലാവസ്ഥ വ്യതിയാനത്തിെൻറ വ്യക്തമായ നിദർശകങ്ങളാണ്. ആഗോള താപനം പ്രാഥമികമായി പ്രതിഫലിക്കുക സമുദ്രങ്ങളിലാണ്. യഥാർഥത്തിൽ അവിടെയുണ്ടാകുന്ന മാറ്റങ്ങളുടെ അനുരണനങ്ങളാണ് പ്രളയമായും ഉഷ്ണതരംഗങ്ങളായും ഹിമപാതങ്ങളായും പെയ്തുകൊണ്ടിരിക്കുന്നത്. അറബിക്കടലിലെ വെള്ളത്തിെൻറ ചൂട് ക്രമാതീതമായി വർധിക്കുന്നതുകൊണ്ടുകൂടിയാണ് അപ്രതീക്ഷിതമായ ന്യൂനമർദവും തുടർന്ന് ഇവ്വിധമുള്ള മേഘങ്ങളും രൂപംകൊള്ളുന്നത്. മറ്റൊരർഥത്തിൽ, കാലാവസ്ഥ വ്യതിയാനമെന്നത് നമ്മെ സംബന്ധിച്ച് മറ്റു രാജ്യങ്ങളിൽനിന്നുള്ള വാർത്തയല്ല; മറിച്ച് നമ്മുടെതന്നെ അനുഭവമായിരിക്കുന്നു. ഇൗ അനുഭവങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്നതാണ് ചോദ്യം.
നിർഭാഗ്യവശാൽ, ഒാരോ പ്രളയകാലത്തും രക്ഷാപ്രവർത്തനങ്ങളുടെ 'കേരള മോഡലി'െൻറ താൻപോരിമയിൽ അഭിരമിക്കാനാണ് നമ്മുടെ അധികാരികൾക്കിഷ്ടമെന്ന് തോന്നുന്നു. പ്രളയ പ്രതിരോധത്തിനായി പ്രഖ്യാപിച്ച വലിയ വാഗ്ദാനങ്ങളെല്ലാം ഇപ്പോഴും കടലാസിലുറങ്ങുകയാണ്. മറുവശത്ത്, പ്രകൃതിദുരന്തത്തിന് വഴിവെക്കുന്ന മനുഷ്യകരങ്ങളുടെ ഇടപെടൽ തടയാനും ഭരണകൂടം തയാറാകുന്നില്ല. മനുഷ്യകരങ്ങൾക്കുകൂടി പങ്കുള്ള ഇൗ അപകടത്തെ ചെറുക്കാൻ അതേ കരങ്ങൾതന്നെ ഇനിയും പണിയെടുക്കേണ്ടിവരും. ആഗോളതലത്തിൽതന്നെ ഉയർന്നുകേൾക്കുന്ന ഹരിത രാഷ്ട്രീയത്തിെൻറ ആ മുദ്രാവാക്യത്തിന് ചെവികൊടുക്കാനും ഏറ്റുവിളിക്കാനും 'പ്രബുദ്ധകേരളം' ഇനിയും തയാറാകാത്തതിെൻറ ദുരന്തംകൂടിയാണ് നാമിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.