നിർമിത ബുദ്ധിയുടെയും ചാറ്റ് ജി.പി.ടിയുടെയും കാലത്ത് കുറ്റവും ശിക്ഷയുംകൂടി അതിലേക്കു മാറുന്നത് സ്വാഭാവികം. കേരളത്തിൽ അങ്ങോളമിങ്ങോളം വെച്ച 726 നിർമിത ബുദ്ധി കാമറക്കണ്ണുകൾ സംസ്ഥാന ഖജനാവിന് മുതൽക്കൂട്ടാകുമെന്ന് പ്രതിസന്ധികാലത്ത് സർക്കാർ സ്വപ്നംകണ്ടാൽ കുറ്റംപറയാനാകില്ല. പ്രത്യേകിച്ചും കടമെടുപ്പിന് കേന്ദ്രം നിയന്ത്രണംകൊണ്ടുവന്നിരിക്കെ. പക്ഷേ, കാമറകൾ വന്ന രീതി ഞെട്ടിക്കുന്നതാണ്. പിഴയടിക്കൽ മുഖ്യലക്ഷ്യമാക്കി സകല ചട്ടങ്ങളും ലംഘിച്ചും വില കൂട്ടിക്കാണിച്ചും യോഗ്യതയില്ലാത്തവർക്ക് ചുമതല നൽകിയും ടെൻഡർ നടപടി ഒഴിവാക്കിയും ഉപകരാറുകൾ നൽകിയും ആകപ്പാടെ ദുരൂഹത നിറയുന്ന ഇടപാട്. പൊതുപണം തെറ്റായി വിനിയോഗിക്കുന്നതിന്‍റെ, പദ്ധതികൾ നിയമംലംഘിച്ച് നടത്തുന്നതിന്‍റെ ഉത്തമ ഉദാഹരണമാവുകയാണ് എ.ഐ കാമറകൾ. ക്രമക്കേടിന്‍റെ വല്ലാത്ത ദുർഗന്ധം വമിക്കുന്നുണ്ടിതിൽ.
കൊട്ടിഘോഷിച്ചാണ് എ.ഐ കാമറകളുടെ വരവ്. 232.25 കോടി രൂപ ചെലവിൽ സംസ്ഥാനത്തെമ്പാടുമായി 726 എ.ഐ കാമറകൾ സ്ഥാപിച്ച് നിയമലംഘനങ്ങൾ പിടികൂടാനാണ് ലക്ഷ്യം. 675 എണ്ണം ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ഇല്ലാത്ത യാത്രയടക്കം കുറ്റങ്ങൾ പിടിക്കാനും 25 എണ്ണം അനധികൃത പാർക്കിങ് പിടിക്കാനും. വാഹനങ്ങളിൽ ഘടിപ്പിച്ച നാലു കാമറകൾ വേറെ. 14 ജില്ലകളിലും കൺട്രോൾ റൂമുകൾ വഴി ഗതാഗതക്കുറ്റങ്ങൾ പിടികൂടി പിഴ ഈടാക്കുന്നതാണ് പദ്ധതി. റോഡുകളിലെ നിയമലംഘനത്തിന് കുറെയെങ്കിലും തടയിടാൻ കഴിയുമെന്നതിൽ തർക്കമൊന്നുമില്ല. കേട്ടുകേൾവിയില്ലാത്ത വിലക്ക് വാങ്ങിയ കാമറയുടെ പണം ജനങ്ങളിൽനിന്ന് പിഴയായി ഈടാക്കി മടക്കിനൽകുന്ന പരിപാടിയായി അത് തരംതാഴ്ന്നു.
തലസ്ഥാനനഗരത്തിൽ രണ്ടു കുട്ടികളുടെ മാതാവ് സ്കൂട്ടറിൽ കൊച്ചുകുട്ടിയെ മുൻഭാഗത്ത് പ്ലാറ്റ്ഫോമിൽ ഒടിച്ചുമടക്കി പുറത്തുകാണാത്തവിധം ഇരുത്തി യാത്രചെയ്ത ദൃശ്യങ്ങൾ കേരളം മറന്നിട്ടില്ല. നിർമിത ബുദ്ധി കാമറകൾക്ക് മാനുഷികതയില്ലാത്തതിനാൽ പിഴ വരുമെന്ന് ആ അമ്മ ഭയന്നിരുന്നു. കാറില്ലാത്ത, ഇരുചക്രവാഹനം മാത്രമുള്ള ലക്ഷക്കണക്കിന് മലയാളികളെ നോവിച്ച ദൃശ്യം. രണ്ടാമത്തെ കുട്ടിയെ ചാക്കിലും കവറുകളിലുമൊക്കെയാക്കി യാത്രചെയ്യുന്ന ട്രോളുകൾ തമാശക്കപ്പുറം യാഥാർഥ്യത്തിലേക്ക് വിരൽചൂണ്ടുന്നുണ്ട്.
രണ്ടു കുട്ടികളെ കൊണ്ടുപോകുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് ഗതാഗത വകുപ്പുകാർ കാർക്കശ്യം പുലർത്തുമ്പോൾ സാമൂഹിക സാഹചര്യം അവർ തീരെ പരിഗണിക്കുന്നേയില്ല. ഒരു പിഴസാധ്യതയും നഷ്ടപ്പെട്ടുപോകരുതെന്ന വാശി ഉള്ളതുപോലെ. പുതിയ സാമൂഹിക സാഹചര്യത്തിൽ ഒരു കുട്ടിയെ ഒറ്റക്ക് വീട്ടിൽ നിർത്തി പോകാൻ കഴിയില്ല. ആരെയെങ്കിലും ഏൽപിക്കൽ അത്ര സുരക്ഷിതവുമല്ല. സ്കൂൾ അവധികൂടിയായതിനാൽ പലപ്പോഴും മാതാപിതാക്കൾ പുറത്തുപോകുമ്പോൾ കുട്ടികളെയും ഒപ്പം കൂട്ടും. സ്കൂളിൽതന്നെ രണ്ടു കുട്ടികളെയും ഇരുചക്രവാഹനത്തിൽ ഒന്നിച്ചിരുത്തി കൊണ്ടുവിടുന്നത് പതിവാണ്. പുതിയ സാഹചര്യത്തിൽ ഇതൊക്കെ പിഴസാധ്യതയാണ്. അവർ ഒരാളെ വിട്ടിട്ട് അടുത്ത ആളെ കൊണ്ടുവരുകയോ ഓട്ടോയെയോ മറ്റു ഗതാഗതമാർഗങ്ങളെയോ ആശ്രയിക്കുകയോ വേണം. ദമ്പതികൾക്ക് കൈക്കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനുവരെ എ.ഐ കാമറ മറികടക്കണം. കുഞ്ഞുങ്ങളുടെ കാര്യത്തിൽ റോഡ്നിയമത്തിലും ചട്ടത്തിലുമെല്ലാം ചൂണ്ടി കാർക്കശ്യം പിടിക്കുന്ന മോട്ടോർ വാഹന വകുപ്പ്, പക്ഷേ വി.ഐ.പികളുടെ കാര്യത്തിൽ കണ്ണടക്കുകയാണ്. കാമറകൾ വി.ഐ.പികളെ പിടിക്കില്ലത്രെ. അവർക്ക് എത്ര വേഗത്തിലും പായാം. കൈക്കുഞ്ഞിനെ വരെ കുരുക്കിയിടുന്ന നിയമക്കണ്ണ് പക്ഷേ ഏമാന്മാരുടെ കാര്യത്തിൽ കണ്ണടക്കും. കുഞ്ഞുമായി രക്ഷിതാക്കൾ സഞ്ചരിക്കുന്ന അതേ നിരത്തിലൂടെയാണ് വി.ഐ.പി വാഹനങ്ങളും ചീറിപ്പായുന്നത്. പക്ഷേ, അവർക്കു മാത്രം നിർമിത ബുദ്ധിയെപ്പോലും അമ്പരപ്പിക്കുന്ന ‘വിചിത്രമായ നിയമപരിരക്ഷ’.
ഇരുചക്രവാഹനങ്ങളിൽ ട്രിപ്ൾ അനുവദിക്കണമെന്നല്ല പറഞ്ഞു വരുന്നത്. നിർമിത ബുദ്ധി കാമറകൾക്ക് മാനുഷികത ഉണ്ടാകില്ല. എന്നാൽ, പിഴ ഈടാക്കുമ്പോൾ മാനുഷികത ഉണ്ടായില്ലെങ്കിൽ അതിനെ കൊള്ളയെന്നും പിടിച്ചുപറിയെന്നും വിശേഷിപ്പിക്കേണ്ടിവരും. വാഹനാപകടങ്ങളും ഗതാഗതക്കുറ്റങ്ങളും കുറച്ചുകൊണ്ടുവരുകയും നല്ലൊരു ഗതാഗത സംസ്കാരം വളർത്തിക്കൊണ്ടുവരാൻ പരിശ്രമിക്കുകയും ചെയ്യുന്നത് നല്ലതുതന്നെ. അതിന് സർക്കാർ ഭാഗത്തുനിന്നുണ്ടാകുന്ന പരിശ്രമങ്ങളെ പിന്തുണക്കുകതന്നെ വേണം. എന്നാൽ, അത് പിഴയിടാനുള്ള വഴിയായി മാത്രം കാണരുത്.
കാമറ പദ്ധതിക്കെതിരെ പുറത്തുവന്ന രേഖകളിൽ പ്രതിപക്ഷമടക്കം ഉയർത്തുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ സർക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സർവ ചട്ടങ്ങളും ലംഘിച്ചാണ് കാമറകൾ സ്ഥാപിച്ചത്. ഒരു സർക്കാർ പദ്ധതി നടപ്പാക്കുന്നതിന്‍റെ നിബന്ധനകൾ തീരെ പാലിച്ചിട്ടില്ല. പൊതുമേഖല സ്ഥാപനമായ കെൽട്രോൺ നോക്കുകൂലി വാങ്ങുന്നുവെന്നു മാത്രമല്ല, ഉപകരാർ നൽകി സ്വകാര്യ മേഖലക്കും നേട്ടംകൊയ്യാൻ അവസരം ഒരുക്കുകയും ചെയ്യുന്നു. കൺസൽട്ടൻസിതന്നെ ടെൻഡർ വിളിച്ചു.
നിർമിച്ച് സ്വന്തമാക്കുകയും നിശ്ചിതകാലം പ്രവർത്തിപ്പിച്ച് കൈമാറുകയും (ബി.ഒ.ഒ.ടി) ചെയ്യുന്ന രീതിയിലാണ് പദ്ധതിക്ക് കെൽട്രോൺ മോട്ടോർ വാഹന വകുപ്പിന് പദ്ധതിരേഖ സമർപ്പിച്ചത്. 235.82 കോടിയായിരുന്നു കെൽട്രോൺ കണക്കാക്കിയ തുക. ധനകാര്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ചർച്ചനടത്തിയാണ് ഇത് 232.25 കോടിയായി കുറച്ചത്. ഇത് 2023ൽ അന്യുറ്റി സ്കീമിലേക്കു മാറ്റി. 75.42 കോടിയെങ്കിലും കമീഷൻ ഇനത്തിൽ കണക്കാക്കിയെന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. സർക്കാറിൽനിന്ന് കരാർ ഏറ്റെടുത്ത കെൽട്രോൺ ഇത് എസ്.ആർ.ഐ.ടി എന്ന കമ്പനിക്ക് മറിച്ചുനൽകി. കെൽട്രോണിനെ ഏൽപിച്ച എല്ലാ ചുമതലകളും എസ്.ആർ.ഐ.ടിക്ക് നൽകിയാണ് ഉപകരാർ. 151.22 കോടിക്കാണ് ഇത് നൽകുന്നത്. ഇതേ കരാർ എസ്.ആർ.ഐ.ടി രണ്ടു കമ്പനികൾക്കായി വീണ്ടും മറിച്ചുനൽകുന്നു. ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ, പ്രെസാഡിയോ ടെക്‌നോളജി എന്നിവയാണ് ഈ കമ്പനികൾ. 9.07 കോടി രൂപയാണ് ഇതിലൂടെ മെയ്യനങ്ങാതെ എസ്.ആർ.ഐ.ടിക്ക് ലഭിക്കുന്നത്. ചുരുക്കത്തിൽ, 232 കോടി രൂപയുടെ പദ്ധതി കെൽട്രോൺ വഴി സർക്കാർ നടപ്പാക്കിയപ്പോൾ കെൽട്രോണിനും എസ്.ആർ.ഐ.ടിക്കും കമീഷനായി മറിയുന്നത് വൻ തുക.
കെൽട്രോൺ എസ്.ആർ.ഐ.ടിക്ക് കരാർ നൽകിയതുതന്നെ ചോദ്യംചെയ്യപ്പെടുകയാണ്. എസ്.ആർ.ഐ.ടി വ്യവസ്ഥകൾക്ക് വിപരീതമായി ഉപകരാർ നൽകി. കാമറ രംഗത്ത് പ്രവർത്തിക്കാത്ത ചില കമ്പനികൾകൂടി ഇതിൽ ടെൻഡർ നൽകാൻ മുന്നിട്ടുവന്നുവെന്നതും കൗതുകമാണ്.
കെൽട്രോണിനെയാണ് മോട്ടോർ വാഹനവകുപ്പ് പദ്ധതിയുടെ കൺസൽട്ടന്‍റായി നിയമിച്ചത്. ആ കെൽട്രോൺതന്നെ ടെൻഡർ നടപടികളും നടത്തി. ടെൻഡറിൽ വരുന്ന കമ്പനിയുമായി കരാറിലേർപ്പെടേണ്ടത് കൺസൽട്ടന്‍റല്ല, മോട്ടോർ വാഹനവകുപ്പാണ്. എ.ഐ കാമറകളുടെ കാര്യത്തിൽ കൺസൽട്ടന്‍റായ കെൽട്രോൺതന്നെ കരാറിലേർപ്പെട്ടുവെന്നതാണ് വിചിത്രവും പൊരുത്തക്കേടും. തങ്ങൾക്കൊന്നും അറിയില്ലെന്നും കെൽട്രോണാണ് വിശദീകരിക്കേണ്ടത് എന്ന ഒഴുക്കൻ നിലപാടാണ് സർക്കാറിന്. തെറ്റുകൾ തിരുത്തുന്നതിന് കോടികളുടെ പൊതുപണം ചെലവഴിക്കുന്നത് ന്യായീകരിക്കാവുന്നതുമല്ല. പദ്ധതി രാഷ്ട്രീയ വിവാദവും പൊതുമധ്യത്തിൽ സംശയാസ്പദവുമായ സാഹചര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോപണങ്ങൾക്ക് മറയിടാൻ ശ്രമിച്ചതുകൊണ്ട് കാര്യങ്ങൾ കെട്ടടങ്ങില്ല.
പദ്ധതിയാകെ കുഴപ്പത്തിലാണെന്ന് മന്ത്രിസഭക്ക് നല്ല തിട്ടമുണ്ടായിരുന്നു. എന്നാൽ, അടിമുടി പിഴവുകൾ നിറഞ്ഞ കരാറിനോട് മന്ത്രിസഭയും കണ്ണടച്ചു. ഏപ്രിൽ 18ന് സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നത് ‘പണം മുടക്കിപ്പോയതുകൊണ്ടും ഗതാഗത കമീഷണറുടെ ഉത്തരവ് റദ്ദാക്കാൻ ഇനി സാധിക്കാൻ കഴിയാത്തതുകൊണ്ടും പദ്ധതിക്ക് അനുമതി കൊടുക്കുന്നു’ എന്നാണ്. സർക്കാർ അറിയാതെ ഗതാഗത കമീഷണർക്ക് ഇത്തരത്തിൽ സുപ്രധാനമായ ഉത്തരവുകൾ ഇറക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടിയില്ല. കരാറിലേർപ്പെട്ട കെൽട്രോണിനെ പ്രോജക്ട് മാനേജ്മെന്‍റ് കൺസൽട്ടന്‍റായി തുടരാൻ അനുവദിക്കാമോ?, തേർഡ് പാർട്ടിക്ക് കെൽട്രോൺ കൊടുത്ത കരാർ അനുവദിക്കാമോ?, കെൽട്രോണിന് ഫെസിലിറ്റി മാനേജ്മെന്‍റ് സർവിസിനുള്ള അംഗീകാരം നൽകാമോ എന്നീ മൂന്നു വിഷയങ്ങൾ മന്ത്രിസഭക്കു മുന്നിൽ എത്തിയതിൽ ആദ്യ രണ്ടിനും അനുമതി നൽകി. മൂന്നാമത്തെ വിഷയത്തിൽ മൗനം. പദ്ധതിയുടെ അടുത്ത അഞ്ചു വർഷത്തേക്കുള്ള നടത്തിപ്പ്, ചെലവ്, അറ്റകുറ്റപ്പണികൾ തുടങ്ങി ചലാൻ ഡൗൺലോഡ് ചെയ്യുന്നതുവരെയുള്ള ചെലവുകൾ ഫെസിലിറ്റി മാനേജ്മെന്‍റ് സർവിസിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സർക്കാറിന്‍റെ ഇത്തരം പദ്ധതികൾ ചില സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന രീതിയാണിപ്പോൾ. ടെൻഡർ ചെയ്താൽ വൻ തുക സർക്കാറിന് ലാഭിക്കാമെന്നതു മാത്രമല്ല, കൂടുതൽ മികച്ച സേവനങ്ങൾ ലഭിക്കുകയും ചെയ്യും. എന്നാൽ, ചില പൊതുമേഖല സ്ഥാപനങ്ങൾ ഇടനിലക്കാരായി നിന്ന് കമീഷൻ വാങ്ങി കരാർ മറ്റ് ഏജൻസികൾക്ക് മറിച്ചുനൽകുന്നതാണ് രീതി. ഇങ്ങനെ ചെയ്യുന്നവർ യോഗ്യതയുള്ളവരാണോ എന്ന പരിശോധനപോലും നടക്കുന്നില്ല. ഇഷ്ടക്കാർക്ക് കരാർ കിട്ടുകയും ചെയ്യുന്നു. പൊതുമേഖല സ്ഥാപനങ്ങൾക്ക് നൽകുന്ന ഇളവ് ഖജനാവിന് ക്ഷതമേൽക്കുന്നതാകാൻ പാടില്ല. എ.ഐ കാമറയിൽ സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. കെൽട്രോൺ ഇടപാടുകളെക്കുറിച്ച് വ്യവസായ സെക്രട്ടറിയുടെ വഴിപാട് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിൽ ഒരു ഉദ്യോഗസ്ഥനെതിരായ വിജിലൻസ് അന്വേഷണത്തിൽ എ.ഐ കാമറ വിഷയംകൂടി ഉൾപ്പെടുത്തുകയും ചെയ്തു. കാര്യങ്ങൾ പുറത്തുവരാൻ, സർക്കാറിന് നഷ്ടം ഉണ്ടാകുന്നതിന് തടയിടാൻ, കുറ്റക്കാർ ശിക്ഷിക്കപ്പെടാൻ, ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാൻ സമഗ്രമായ അന്വേഷണംതന്നെ വേണം. നിർമിത ബുദ്ധിയെക്കുറിച്ച് മനുഷ്യബുദ്ധിയിലെ അന്വേഷണംതന്നെ സാഹചര്യം ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.