മുൻ കേന്ദ്രമന്ത്രിയും ജമ്മു-കശ്മീരിലെ കോൺഗ്രസ് നേതാവുമായ സൈഫുദ്ദീൻ സോസിനുവേണ്ടി ഭാര്യ മുംതാസുന്നിസ സുപ്രീംകോടതിയിൽ ഹേബിയസ് കോർപസ് ഹരജി സമർപ്പിച്ചു. സോസിനെ ജമ്മു-കശ്മീർ ഭരണകൂടം തടങ്കലിലിട്ടിരിക്കുന്നു എന്നവർ ആരോപിച്ചു. കഴിഞ്ഞ ബുധനാഴ്ച ഹരജി പരിഗണിച്ച ബെഞ്ചിന് മുമ്പാകെ കേന്ദ്രസർക്കാർ വിശദീകരിച്ചത് സോസ് തടങ്കലിലല്ല എന്നായിരുന്നു.
ആ വിശദീകരണം വിശ്വസിച്ച് കോടതി ഹേബിയസ് കോർപസ് ഹരജി തീർപ്പാക്കി. ഭാര്യയുടെ ഹരജി വെറുതെയായി. പിറ്റേന്ന് സൈഫുദ്ദീൻ സോസിെൻറ വീടിന് മുന്നിലെത്തിയ മാധ്യമപ്രവർത്തകർ കണ്ട കാഴ്ച മറ്റൊന്നാണ്. മുൻ കേന്ദ്രമന്ത്രി വീടിെൻറ ചുറ്റുമതിലിനടുത്തേക്ക് വന്ന് റിപ്പോർട്ടർമാരോട് വിളിച്ചുപറയുന്നു, താൻ സ്വതന്ത്രനല്ല, അന്യായ വീട്ടുതടങ്കലിലാണെന്ന്. അദ്ദേഹത്തിന് ചുറ്റുമുള്ള പൊലീസ് സംഘം അദ്ദേഹത്തെ തടയാൻ ശ്രമിക്കുന്നു.
യൂനിഫോമിലും അല്ലാതെയും ഒരുകൂട്ടം പൊലീസുകാരെ വീട്ടിൽ നിയോഗിക്കുകയും 83കാരനായ മുൻ കേന്ദ്രമന്ത്രിയെ പുറത്തുപോകുന്നതിൽനിന്ന് മാത്രമല്ല റിേപ്പാർട്ടർമാരോട് സംസാരിക്കുന്നതുപോലും തടയുകയും ചെയ്യുന്ന ഭരണകൂടമാണ് ഏതാനും മണിക്കൂർ മുമ്പ് പരമോന്നത കോടതിയോട് പറഞ്ഞത്, സൈഫുദ്ദീൻ സോസ് തടങ്കലിലല്ല എന്ന്. കോടതിയെ സർക്കാർ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണം നിസ്സാരമല്ല.
ഭരണഘടന ഉറപ്പുനൽകുന്ന രണ്ട് മൗലികാവകാശങ്ങൾ-ജീവിക്കാനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം- ഓരോ പൗരനും ലഭ്യമാകുന്നു എന്നതിെൻറ ഗാരൻറിയാണ് ഹേബിയസ് കോർപസ് എന്നിരിക്കെ, തടങ്കലിലാക്കപ്പെട്ടയാളുടെ ഭാര്യ പറഞ്ഞ പരാതി വ്യക്തമായി പരിശോധിക്കാതെ ബെഞ്ച് തള്ളിയത് അധികൃതരെ അത്രമേൽ വിശ്വസിച്ചതുകൊണ്ടാണല്ലോ. സർക്കാറിനെ വിശ്വസിച്ചതുകൊണ്ടുതന്നെയാണ് കഴിഞ്ഞ ഡിസംബറിൽ റഫാൽ ഇടപാട് കേസിൽ തീർപ്പ് നൽകവേ സുപ്രീംകോടതിക്ക് അമ്പരപ്പിക്കുന്ന അബദ്ധം പിണഞ്ഞത്.
റഫാൽ കരാറിൽ നിർണായകമാറ്റം വരുത്തി മോദിസർക്കാർ ഒപ്പിട്ടതിനു പിന്നിൽ ക്രമക്കേടുണ്ടെന്ന് കാണിച്ച് നാല് ഹരജികൾ സുപ്രീംകോടതിയിൽ വന്നു. ഇടപാടിനെപ്പറ്റി കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. അത് തള്ളി കോടതി നൽകിയ വിധിയിൽ, വിലനിർണയത്തിെൻറ കാര്യങ്ങൾ സർക്കാർ കംട്രോളർ-ഓഡിറ്റർ ജനറലുമായി (സി.എ.ജി) പങ്കുവെച്ചിട്ടുണ്ടെന്നും സി.എ.ജി അത് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിശോധനക്ക് നൽകിയിരുന്നുവെന്നും പറഞ്ഞിരുന്നു.
ഈ അവാസ്തവം കോടതിവിധിയിൽ വരാനിടയായത്, സർക്കാർ സമർപ്പിച്ച വിവരങ്ങൾ അപ്പടി വിശ്വസിച്ചത് മൂലമായിരുന്നു. കേട്ടുകേൾവിയില്ലാത്ത ഈ അവസ്ഥ പരിഹരിക്കാൻ കേന്ദ്രം പിന്നീട് ഒരു തിരുത്ത് ഫയൽ ചെയ്യേണ്ടിവന്നു. ഏതായാലും റഫാൽ ഇടപാട് ജുഡീഷ്യൽ പരിശോധനക്ക് വിധേയമാക്കാതിരിക്കുക എന്ന സർക്കാറിെൻറ ആഗ്രഹം നടന്നുകഴിഞ്ഞിരുന്നു.
ബോധപൂർവം തെറ്റിദ്ധരിപ്പിക്കാനുള്ളതെന്ന് വിശേഷിപ്പിക്കാവുന്ന അനേകം നീക്കങ്ങളും പ്രസ്താവനകളും മോദിസർക്കാറിൽനിന്ന് തുടർച്ചയായി വരുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. വിവിധ പദ്ധതികളുടെ പരിസ്ഥിതി പ്രത്യാഘാത പരിശോധന സംബന്ധിച്ച് ഈയിടെ വിജ്ഞാപനം ചെയ്ത കരട് ചട്ടം (ഇ.ഐ.എ 2020) ആണ് മെറ്റാരു ഉദാഹരണം. പരിസ്ഥിതി നിയമത്തിലെ സുരക്ഷ മാനദണ്ഡങ്ങളിൽ സാരമായ കലർപ്പ് ചേർക്കുന്ന ഈ പുതിയ വിജ്ഞാപനത്തെപ്പറ്റി പൊതുസമൂഹത്തിൽ വിശദമായ ചർച്ച നടത്താൻ കൂടുതൽ സമയമനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സന്നദ്ധസംഘടന കർണാടക ഹൈകോടതിയിൽ ഹരജി നൽകി.
ഇതിനുള്ള എതിർവാദം സമർപ്പിക്കുന്ന കൂട്ടത്തിൽ കേന്ദ്രം ബോധിപ്പിച്ചത്, ഒരുവർഷം മുമ്പ് വിജ്ഞാപനത്തിെൻറ ആദ്യകരട് (സീറോ ഡ്രാഫ്റ്റ്) സംസ്ഥാനങ്ങൾക്ക് അയച്ചുകൊടുത്തിരുന്നു എന്നാണ്. വാസ്തവത്തിൽ, 2020ലെ വിജ്ഞാപനമല്ല ഇങ്ങനെ അയച്ചുകൊടുത്തത്. കോവിഡ് മഹാമാരി കൈകാര്യം ചെയ്ത രീതിയെപ്പറ്റി പലതരം അവാസ്തവ പ്രസ്താവനകൾ കേന്ദ്രസർക്കാറിൽനിന്നുണ്ടായി-ചിലത് കോടതികൾക്ക് മുമ്പാകെ തന്നെ.
സോളിസിറ്റർ ജനറൽ തുഷാർമേത്ത സുപ്രീംകോടതിയിൽ കോവിഡിനെപ്പറ്റി ചുരുങ്ങിയത് രണ്ട് അസത്യം പറഞ്ഞു. തൊഴിലാളികൾക്ക് ട്രെയിൻ യാത്ര സൗജന്യമാണെന്ന സർക്കാർ വാദം മാത്രമല്ല, വണ്ടികളിൽ എല്ലാവർക്കും മതിയായ ഭക്ഷണവും വെള്ളവും നൽകുന്നുണ്ടെന്ന് പറഞ്ഞതും നേരായിരുന്നില്ല. നിരത്തിൽ ആരും നടക്കേണ്ടിവരുന്നില്ലെന്നും പുറത്തുണ്ടായിരുന്നവരെയെല്ലാം അഭയകേന്ദ്രങ്ങളിലാക്കിയിട്ടുണ്ടെന്നും സുപ്രീംകോടതിയിൽ ബോധിപ്പിച്ച മാർച്ച് 31ന് തന്നെ നാലഞ്ച് സംസ്ഥാനങ്ങളിൽ റോഡിലൂടെ ദുരിതപൂർണമായ കാൽനടയാത്ര ചെയ്യുന്നതിെൻറ ധാരാളം തെളിവുകൾ പത്രങ്ങളിൽ വന്നു.
നിർഭാഗ്യകരമായ കാര്യം, സർക്കാർ ഇത്തരം തെറ്റായ പ്രസ്താവനകൾ നടത്തുന്നു എന്നത് മാത്രമല്ല. കോടതി അവ വിശ്വസിക്കുന്നതിന് മുമ്പ് ആവശ്യമായ നിജസ്ഥിതി പരിശോധനക്ക് മുതിരുന്നില്ല എന്നതുകൂടിയാണ്. മാത്രമല്ല, സർക്കാർ അസത്യം പറയുന്നത് സമർഥമായിട്ടാണ്; പറഞ്ഞുനിൽക്കാൻ എന്തെങ്കിലും സാങ്കേതികന്യായം ബാക്കിവെച്ചുകൊണ്ട്. സൈഫുദ്ദീൻ സോസിനെ സാങ്കേതികാർഥത്തിൽ 'തടങ്കലി'ലാക്കിയിട്ടില്ല; അദ്ദേഹം വീട്ടുതടങ്കലിൽ മാത്രമാണ്.
റഫാൽ ഇടപാടിൽ തെറ്റായ വാങ്മൂലം നൽകിയതിനും കേന്ദ്രത്തിന് ന്യായീകരണമുണ്ട്: ചെയ്ത കാര്യമല്ല, ചെയ്യാറുള്ള രീതിയാണ് വിവരിച്ചതേത്ര. പക്ഷേ േകാടതി അടക്കം തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്നത് വസ്തുത. ഇ.ഐ.എ കരട് ഒരുവർഷം മുമ്പ് സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നു എന്നത് വസ്തുത. എന്നാൽ ഇക്കൊല്ലം കാതലായ മാറ്റം വരുത്തിയാണ് അത് വിജ്ഞാപനം ചെയ്തത്; പുതിയത് മതിയായ പരിശോധനകൾക്ക് ലഭ്യമാക്കിയിട്ടില്ലതാനും.
ഇങ്ങെന, സാങ്കേതികതയുടെയും നിയമ സങ്കീർണതയുടെയും മറവിൽ രാജ്യരക്ഷ മുതൽ വ്യക്തിസ്വാതന്ത്ര്യം വരെയും പരിസ്ഥിതി മുതൽ രോഗപ്രതിരോധം വരെയും തെറ്റായി അവതരിപ്പിക്കപ്പെടുേമ്പാൾ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ചുമതല ജുഡീഷ്യറിക്കുണ്ട്. സർക്കാറിനെ കണ്ണടച്ച് വിശ്വസിക്കേണ്ട ബാധ്യത കോടതികൾക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.