ഗുസ്തി സമരത്തിലെ ടൈം ഔട്ട്




കഴിഞ്ഞ മാസം ഏഴു മുതൽ ദേശീയ ഗുസ്തി ഫെഡറേഷന്‍റെ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ അറസ്റ്റും നിയമനടപടിയും ആവശ്യപ്പെട്ടു സമരം നടത്തുന്ന ദേശീയ ഗുസ്തി താരങ്ങൾ ഇക്കഴിഞ്ഞ ചൊവ്വാഴ്ച തലസ്ഥാനനഗരിയിൽ ജന്തർ മന്തറിലെ സമരപ്പന്തലിൽനിന്നു ഹരിദ്വാറിൽ ഗംഗാ തീരത്തെത്തി തങ്ങൾ രാജ്യത്തിനുവേണ്ടി നേടിയ മെഡലുകൾ ഗംഗയിലൊഴുക്കാൻ തയാറെടുത്തു. എന്നാൽ, ആ മെഡലുകൾ രാഷ്ട്രത്തിന്‍റെയും ജനതയുടെയും പൈതൃകത്തിന്‍റെ ഭാഗമാണെന്നും അത് പൊടുന്നനെ എറിഞ്ഞുകളയരുത് എന്നും ഉപദേശിച്ചു അവരെ പിന്തിരിപ്പിക്കുകയും അഞ്ചു ദിവസത്തെ സാവകാശത്തിനു നിർബന്ധിക്കുകയും ചെയ്തിരിക്കുകയാണ് കിസാൻ മോർച്ച നേതാവ് രാകേഷ് ടികായത്ത്. ഗുസ്തി താരങ്ങളായ ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് , സാക്ഷി മലിക് എന്നിവരായിരുന്നു മെഡൽ എറിയാൻ തയാറായി വന്നത്. തൽക്കാലം രാകേഷിന്‍റെ നിർബന്ധത്തിനു വഴങ്ങുകയാണെന്നും ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്നും പ്രതിഷേധിക്കുന്ന താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്​.

ഞായറാഴ്ച പുതിയ പാർലമെൻറ് കെട്ടിടം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നപ്പോൾ പ്രതിഷേധക്കാർ വേദിക്കരികിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിക്കവേ പൊലീസ് തടയുകയും അതിനിടയിൽ ജന്തർ മന്തറിലെ സമരപ്പന്തലുകൾ പൊളിച്ചുനീക്കുകയും ചെയ്തു. വനിത ഗുസ്തിതാരങ്ങളെയടക്കം തെരുവിൽ വലിച്ചിഴച്ചാണ് അറസ്റ്റ്​ ചെയ്തതും വൈകുന്നേരം വരെ തടവിൽ നിർത്തിയതും. അതിനിടയിൽ പുരുഷ പൊലീസുകാർ തങ്ങളെ പിടിക്കരുതെന്നു ശഠിച്ചപ്പോഴാണ്​ വനിത പൊലീസ് സ്ഥലത്തെത്തുന്നത്. ഞായറാഴ്ചയിലെ സംഭവങ്ങളോടെ താരങ്ങൾക്ക് കൂടുതൽ പിന്തുണ ലഭിച്ചു. നേരത്തെതന്നെ വിഷയത്തിൽ ശ്രദ്ധ കാണിച്ച ലോക ഗുസ്തി സംഘടന ലൈംഗികാരോപണങ്ങളിൽ ആശങ്ക രേഖപ്പെടുത്തുകയും ഫെഡറേഷൻ തെരഞ്ഞെടുപ്പ് സമയത്തിന് നടത്തുന്നതിനെ കുറിച്ച് താക്കീതു നൽകുകയും ചെയ്തിരുന്നു. ഞായറാഴ്ചത്തെ പൊലീസ് നടപടികളോട് കൂടുതൽ കടുത്ത ഭാഷയിലാണ് അവർ പ്രതികരിച്ചത്.

ജനുവരിയിൽ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ പ്രതിഷേധിച്ചപ്പോൾ ഒരു അന്വേഷണസമിതിയെ നിയമിച്ചു സമരം തൽക്കാലം നിർത്തിവെപ്പിക്കുകയായിരുന്നു ഭരണകൂടം -ഒരു മാസത്തിനകം റിപ്പോർട്ട് തേടി വേണ്ടത് ചെയ്യാമെന്ന ഉറപ്പിന്മേൽ. മുൻ വനിത ബോക്സിങ് താരം മേരി കോമിന്‍റെ നേതൃത്വത്തിൽ ആറംഗ സംഘം അന്വേഷണം നടത്തി, വൈകിയാണെങ്കിലും ഏപ്രിൽ ആദ്യം റിപ്പോർട്ട്​ നൽകി. പക്ഷേ, അതിന്‍റെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. ആകെ അറിവായത് പൊതുവായ വീഴ്ചകളായിരുന്നു അതിലുള്ളത് എന്നുമാത്രം. രാഷ്ട്രീയമാനങ്ങൾകൂടി ഇടകലർന്ന ഒരു വിഷയമായി മാറിയിരിക്കുന്നു ഇത്. അതിനു മുഖ്യകാരണം ആരോപണവിധേയനായ ബ്രിജ് ഭൂഷൺ സിങ്​ തന്നെ. 1999 മുതൽ ആറു തവണ എം.പിയായ ഈ ബി.ജെ.പി പാർലമെന്റംഗം രാഷ്ട്രീയ ഗുസ്തിയിലും വീരനായാണ്​ അറിയപ്പെടുന്നത്. അദ്ദേഹം തന്നെയാണ് ഗുസ്തി സംഘാടനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതും. രാമജന്മഭൂമി പ്രസ്ഥാനത്തിലും സജീവമായ ബ്രിജ് ഭൂഷൺ ബാബരി മസ്‌ജിദ്‌ തകർത്ത കേസിലും ഉൾപ്പെട്ടിരുന്നത്രെ. രാഷ്ട്രീയ സമ്മർദവും സ്വാധീനവും കാരണം ഡൽഹി പൊലീസ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ മടിക്കുകയാണ്.

2012 മുതൽ 2022 വരെ നടന്ന സംഭവങ്ങളാണ് ആരോപണങ്ങളായി വന്നത്. സാമ്പത്തിക ക്രമക്കേടുകളും തന്നിഷ്ടം നടപ്പാക്കലും ഭീഷണിപ്പെടുത്തലും അതിൽപെടുമെങ്കിലും മുഖ്യമായത് ലൈംഗികാതിക്രമമാണ്. അവയിൽ ചിലത് നടന്നത് പാർലമെന്‍റ്​ അംഗത്തിന്‍റെ ബംഗ്ലാവിൽ വെച്ചും നാട്ടിലും വിദേശത്തും നടന്ന ടൂർണമെന്‍റുകൾക്കിടയിലുമാണ്; ഇരകളിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെട്ടിരുന്നു എന്നുമുണ്ട് ആരോപണം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്വകാര്യത സംരക്ഷിക്കാൻ ഈ കുട്ടിയുടെ പേര് ജുഡീഷ്യൽ രേഖകളിൽ ഉണ്ടാവരുതെന്ന് നിർദേശിച്ചിരുന്നു. ബ്രിജ് ഭൂഷണെ സ്ഥാനത്തുനിന്നു മാറ്റി നിയമത്തിനു വിധേയമാക്കുക, നിലവിലെ ഫെഡറേഷൻ പിരിച്ചുവിടുക എന്നിവയാണ് ഇ​പ്പോൾ താരങ്ങളുടെ ആവശ്യം. 2012 മുതൽ നടന്ന സംഭവങ്ങൾ തിരിച്ചടി ഭയന്ന് മിണ്ടാതിരുന്നതാണെന്നാണ്​ താരങ്ങൾ പറയുന്നത്​.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ഡൽഹി പൊലീസാണ് ലൈംഗികാരോപണങ്ങളിൽ നടപടി എടുക്കേണ്ടത്. കേന്ദ്രം ഇക്കാര്യത്തിൽ ആകെ ചെയ്തത് അന്വേഷണ കമീഷനെ വെച്ചതും ഇപ്പോൾ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഫെഡറേഷൻ തെരഞ്ഞെടുപ്പ് മാറ്റിവെപ്പിച്ചു 45 ദിവസത്തേക്ക് ഒരു താൽക്കാലിക കമ്മിറ്റിയെ നിയോഗിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് ആവശ്യപ്പെട്ടതുമാണ്​. മൂന്നു ഊഴം കഴിഞ്ഞ ബ്രിജ് ഭൂഷണിന് ഇനി ഫെഡറേഷനിലേക്ക് മത്സരിക്കാൻ അർഹതയില്ല. ഏതന്വേഷണവും നേരിടാൻ തയാറാണെന്നും ആരോപണം തെളിഞ്ഞാൽ തൂക്കിക്കൊല്ലാം എന്നുമാണ് ജനുവരിയിൽ അദ്ദേഹം പറഞ്ഞത്. പക്ഷേ, രാജിവെക്കാൻ തയാറല്ല; രാജിവെച്ചാൽ ആരോപണങ്ങൾ ശരിയാണെന്ന് അംഗീകരിക്കലാവുമെന്നാണ്​ അ​ദ്ദേഹത്തിന്‍റെ ന്യായം. രാജ്യാഭിമാനത്തെക്കുറിച്ച് വാതോരാതെ വാചകമടിക്കുന്ന കേന്ദ്ര ഭരണകൂടം രാജ്യത്തിനു അന്താരാഷ്‌ട്ര പ്രശസ്തി നേടിത്തന്ന യുവ താരങ്ങളുടെ അഭിമാനപ്രശ്‍നം വരുമ്പോൾ ധാർമിക പരിഗണനകളേതുമില്ലാതെ രാഷ്ട്രീയം സംരക്ഷിക്കുകയാണ്. മാത്രമല്ല, ലൈംഗികാതിക്രമത്തിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ട താരങ്ങൾക്കെതിരെ കലാപ ശ്രമത്തിനു കേസെടുക്കുകയാണ് സർക്കാർ ചെയ്തത്. മൗലികമായി പിഴച്ച ഈ സമീപനത്തിൽനിന്ന് മാറി സംഗതിയുടെ ഗൗരവം ഉൾക്കൊണ്ട് ബ്രിജ് ഭൂഷണെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനും നീതി നടപ്പാക്കാനും അതു രാജ്യത്തെ ബോധ്യപ്പെടുത്താനും കേന്ദ്രസർക്കാർ തയാറാവണം. അഞ്ചു ദിവസത്തെ ടൈം ഔട്ട് കഴിഞ്ഞാൽ താരങ്ങൾ വീണ്ടും ഗോദയിലിറങ്ങേണ്ടി വരുമോ എന്നു തീരുമാനി​ക്കേണ്ടത്​ ​കേന്ദ്രത്തിലെ സർക്കാറും അതിനെ നയിക്കുന്ന പാർട്ടിയുമാണ്​.

Tags:    
News Summary - Time out in wrestlers protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.