കാലം കാത്തുവെച്ച നീതി




കേരളത്തിലെ സാമൂഹിക, മത, രാഷ്​ട്രീയമണ്ഡലങ്ങളിൽ ഏറെ കോളിളക്കം സൃഷ്​ടിച്ച സിസ്​റ്റർ അഭയ വധക്കേസിലെ ഒന്നും മൂന്നും പ്രതികൾക്ക്​ തിരുവനന്തപുരം പ്രത്യേക സി.ബി.​െഎ കോടതി യഥാക്രമം ഇരട്ട ജീവപര്യന്തവും ജീവപര്യന്തവും തടവുശിക്ഷ വിധിച്ചിരിക്കുന്നു. നീണ്ട 28 വർഷങ്ങളിലായി നിയമപാലകരുടെയും വിവിധ അന്വേഷണ ഏജൻസികളുടെയും അട്ടിമറിശ്രമങ്ങളെ അതിജീവിച്ചു സ്വാഭാവികനീതിക്കു മുന്നിൽ കീഴടങ്ങിയ അത്യന്തം ഹീനമായ ഒരു കുറ്റകൃത്യവും കുറ്റവാളികളും നിയമചരിത്രത്തിനും നിയമവിദ്യാർഥികൾക്കും ഒന്നാന്തരം പാഠപുസ്​തകമാവുകയാണ്​.

കോട്ടയം ബി.സി.എം കോളജിലെ രണ്ടാം വർഷ ​പ്രീഡിഗ്രി വിദ്യാർഥിനിയും ക്​നാനായ ക​ത്തോലിക്കസഭയുടെ സെൻറ്​ ജോസഫ്​ കോൺഗ്രിഗേഷനിലെ കന്യാസ്​ത്രീയുമായിരുന്ന സിസ്​റ്റർ അഭയ എന്ന ഇരുപത്തൊന്നുകാരിയുടെ മൃതദേഹം 1992 മാർച്ച്​ 27ന്​ കോട്ടയം നഗരമധ്യത്തിലെ പയസ്​ ടെൻത്​ കോൺവെൻറി​െൻറ കിണറ്റിൽ ക​ണ്ടെത്തുകയായിരുന്നു. കൃത്യമായ ഇൻക്വസ്​റ്റോ തെളിവുശേഖരണമോ നടത്തിയില്ലെന്നു മാത്രമല്ല, ഉള്ള തെളിവുകൾ നശിപ്പിച്ചും അത്​ ഉന്നയിക്കാൻ ശ്രമിച്ചവരെ നിശ്ശബ്​ദമാക്കാൻ പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയും ശ്രമിച്ചും സംഭവം വെറുമൊരു ആത്മഹത്യയാക്കി അന്വേഷണം അവസാനിപ്പിക്കാനുള്ള ശ്രമമാണ്​ തുടക്കം തൊ​േട്ട നടന്നത്​. തുടർന്ന്​ ജോമോൻ പുത്തൻപുരയ്​ക്കലി​െൻറ നേതൃത്വത്തിലുള്ള ആക്​ഷൻ കമ്മിറ്റിയുടെ ഇടപെടലുകൾ​ സി.ബി.​െഎ അന്വേഷണത്തിലേക്കും കോടതി ഇട​െപടലുകളിലേക്കും വഴിതെളിച്ചു​.

അഭയയുടെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന്,​ ആത്മഹത്യയായി കേസൊതുക്കിയ ലോക്കൽ പൊലീസി​ൽനിന്ന്​ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും സത്യം പുറത്തുവരാതിരിക്കാൻ ബദ്ധപ്പെടുന്നതാണ്​ കണ്ടത്​. തുടക്കത്തിൽ ഇൻക്വസ്​റ്റിൽ കൃത്രിമം കാണിച്ചതിന്​ പൊലീസ്​ കോൺസ്​റ്റബിൾ വി.വി. അഗസ്​റ്റിൻ കേസിൽ നാലാം പ്രതിയായി. ക്രൈംബ്രാഞ്ച്​ അന്വേഷണത്തിൽ കാര്യമൊന്നുമില്ലാതെ ഇടപെട്ട എസ്​.പി കെ.ടി. മൈക്കിൾ പിന്നീട്​ തെളിവുകൾ നശിപ്പിച്ച്​ കേസ്​ അട്ടിമറിക്കാൻ ശ്രമിച്ചതിന്​ പ്രതിക്കൂട്ടിലായി. ഇൗ അട്ടിമറികൾ അവിടുന്നങ്ങോട്ട്​ അന്വേഷണത്തിലുടനീളം തുടർന്നു. കൊലപാതകത്തി​െൻറ സംശയമുനയിലായ വൈദികരടക്കമുള്ള സഭ പ്രവർത്തകരെ രക്ഷിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളാണ്​ പിന്നീട്​ നടന്നത്​. സംസ്​ഥാന പൊലീസി​െൻറ അന്വേഷണം ഫലപ്രദമാകില്ലെന്നു കണ്ട്​ ദേശീയ അന്വേഷണ ഏജൻസിയായ സി.ബി.​െഎക്കു കൈമാറിയ ശേഷവും ​കൊലപാതകത്തെ ആത്മഹത്യയിലൊതുക്കാനുള്ള അട്ടിമറി നീക്കം തുടർന്നു. ആദ്യ സി.ബി.​െഎ സംഘത്തിന്​ നേതൃത്വം നൽകിയ വർഗീസ്​ പി.തോമസ്​ അഭയയുടേത്​ കൊലപാതകമാണെന്നു കണ്ടെത്തിയതാണ്​. എന്നാൽ, സി.ബി.​െഎ എസ്​.പി ത്യാഗരാജ​െൻറ സമ്മർദത്തെ തുടർന്ന്​ ആ ഉദ്യോഗസ്​ഥന്​ സർവിസിൽ പത്തുവർഷം ബാക്കിനിൽക്കെ രാജിവെച്ച്​ ഒഴിയേണ്ടി വന്നു. ഇതിനെതിരെ ആക്​ഷൻ കൗൺസിൽ ഹൈകോടതിയെ സമീപിക്കുകയും എസ്​.പി ചെന്നൈയിലേക്ക്​ സ്​ഥലം മാറ്റുകയും ചെയ്​തു. തുടർന്ന്​ ഏറ്റെടുത്ത ടീം അഭയയുടേതു കൊലപാതക​മാണെന്നു സ്​ഥിരീകരിച്ചെങ്കിലും പ്രതികളെ കണ്ടെത്താനാവാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കാനൊരു​െമ്പ​െട്ടങ്കിലും കോടതി വിട്ടില്ല. പിന്നെയും രണ്ടുവട്ടം കൂടി അന്വേഷണം അവസാനിപ്പിക്കാൻ കോടതിയുടെ അനുമതി തേ​ടിയെങ്കിലും 2006 ആഗസ്​റ്റിൽ ആവശ്യം തള്ളി പുതിയ അന്വേഷണസംഘത്തെ ഏൽപിച്ചു. അങ്ങനെയാണ്​ 2008 നവംബർ 18ന്​ വൈദികരായ ഫാ. തോമസ്​ കോട്ടൂർ, ഫാ. ജോസ്​ പൂതൃക്കയിൽ എന്നിവരെയും സിസ്​റ്റർ സെഫിയെയും അറസ്​റ്റു ചെയ്​തത്​. ഒന്നും രണ്ടും പ്രതികളായ വൈദികർക്ക്​ സിസ്​റ്റർ സെഫിയുമായുള്ള അവിശ​ുദ്ധബന്ധം അഭയ കണ്ടതിനെത്തുടർന്ന്​ അവരെ കോടാലി കൊണ്ട്​ തലക്കടിച്ചു കൊന്ന്​ കിണറ്റിലി​െട്ടന്നായിരുന്നു കുറ്റപത്രം. മതിയായ തെളിവില്ലെന്ന കാരണം പറഞ്ഞ്​ ഫാ. പൂതൃക്കയിലിനെ പിന്നീട്​ വെറുതെ വിട്ടു. തെളിവു നശിപ്പിച്ചതിന്​ കുറ്റപത്രം നൽകിയ ക്രൈംബ്രാഞ്ച്​ എസ്​.പിയെയും പിന്നീട്​ വിചാരണ കൂടാതെ വിട്ടയച്ചു. അപൂർവങ്ങളിൽ അപൂർവമാണ്​ കേസ്​ എന്ന്​ പ്രോസിക്യൂഷൻ വാദം അഭയകേസ്​ അട്ടിമറിയിൽ തീർത്തും ശരിയാണ്​.

വൈകിയെത്തുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്കു തുല്യമാണെന്ന പൊതുതത്ത്വത്തിൽ നിന്നു അഭയകേസിനും മോചനമുണ്ടായില്ല. മൂന്നു പതിറ്റാണ്ടടുക്കെ കുറ്റവാളികൾക്കുള്ള ശിക്ഷാവിധി വരു​േമ്പാൾ മകളുടെ കൊലയാളികളെ കണ്ടെത്താൻ നീതിന്യായസംവിധാനങ്ങളുടെ വാതിലിൽ മുട്ടിത്തളർന്ന ആ മാതാപിതാക്കളുണ്ടായിരുന്നില്ല. എങ്കിലും മൂന്നു പതിറ്റാണ്ടുകാലം നീതിയുടെ പുലർച്ചക്കു​േവണ്ടി പൊരുതിയവർക്കും അതിൽ പ്രതീക്ഷയർപ്പിച്ചവർക്കും ആഹ്ലാദം നൽകുന്നതാണ്​ വിധി. ആത്മീയ സാമൂഹികസേവനത്തിനു ദൈവവഴിയിൽ ഇറങ്ങിപ്പുറപ്പെട്ട പാവം പെൺകുട്ടിയെ, സംരക്ഷകരാകേണ്ടവർ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റവാളികളെ നിയമത്തിനേൽപിച്ചുകൊടുത്ത്​ കളങ്കം കഴുകിക്കളയുകയായിരുന്നു മതനേതൃത്വം ചെയ്യേണ്ടിയിരുന്നത്​. എന്നാൽ, കേസുണ്ടാക്കിയ കളങ്കം മൂടിവെക്കാനും തേച്ചുമായ്​ച്ചുകളയാനുമുള്ള വ്യഗ്രതയിൽ സ്വന്തം വിശ്വാസികളെപ്പോലും തള്ളിക്കളയുകയായിരുന്നു അഭയയും ആവലാതിക്കാരും ഉൾപ്പെട്ട സഭാനേതൃത്വം. നീതിദേവതയുടെ കണ്ണുതുറക്കാൻ ഇരകൾ ഒാരോ വാതിലും മുട്ടിവിളിക്കു​േമ്പാൾ മറുഭാഗത്ത്​ ​കുറ്റവാളികളുടെ രക്ഷക്കു​ വേണ്ടിയുള്ള മുട്ടിപ്പായി പ്രാർഥനകളുയരുന്ന വിരോധാഭാസവും നാടു കണ്ടു. ഒടുവിൽ ഇരയുടെ കണ്ണീരിനു മറുപടിയായി കാലം കാത്തുവെച്ച നീതി പുലർന്നിരിക്കുന്നു​. പണത്തിനും അധികാരത്തിനും മീതെ അന്തിമവിജയം സത്യത്തിനു തന്നെ എന്ന പ്രതീക്ഷക്ക്​ മാറ്റുകൂട്ടുന്നതു കൂടിയാണ്​ ഇൗ നീതിയുടെ വിജയം.

Tags:    
News Summary - time reserved justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.