ഒക്ടോബർ 24ന് ഐക്യരാഷ്ട്ര ദിനം ശരിക്കും ആഘോഷിക്കാൻ ലോകത്തിന് ഇക്കൊല്ലം ഒരു കാരണം കിട്ടിയിരുന്നു. എന്നാൽ, ആ സന്തോഷത്തിനുമേൽ കരിനിഴൽ വീഴ്ത്തുന്നതാണ് വൻശക്തികളെന്ന് അറിയപ്പെടുന്നവരുടെ തുടർന്നുള്ള സമീപനം. ഹോണ്ടുറസ് എന്ന രാജ്യംകൂടി യു.എന്നിെൻറ ആണവായുധ നിരോധന ഉടമ്പടി ഏറ്റെടുത്തതാണ് ആഘോഷിക്കാൻ വകനൽകുന്ന വാർത്ത.
രണ്ടാം ലോകയുദ്ധത്തിനൊടുവിൽ അമേരിക്ക ജപ്പാനിൽ അണുബോംബിട്ടതോടെ ആ ആയുധത്തിെൻറ, തലമുറകൾ നീണ്ടുനിൽക്കുന്ന സംഹാരശേഷി ലോകം കണ്ടറിഞ്ഞു. അന്നു തുടങ്ങിയതാണ് അണുബോംബ് നിരോധിക്കാനുള്ള ആണവേതര രാഷ്ട്രങ്ങളുടെ ശ്രമം. മറ്റു കൂട്ട നശീകരണായുധങ്ങൾ (രാസായുധവും ജൈവായുധവും) നേരത്തെ നിരോധിച്ചു കഴിഞ്ഞിട്ടുള്ളതുമാണ്. എന്നാൽ, ആണവശക്തികൾക്ക് ന്യൂക്ലിയർ ബോംബ് നിരോധിക്കാൻ സമ്മതമല്ല.
കൈവശം ആണവായുധമുണ്ടെങ്കിലേ എതിരാളി ആണവയുദ്ധത്തിന് മുതിരാതിരിക്കൂ (ഡിറ്ററൻസ്) എന്ന വാദമാണ് അവരുയർത്തുന്നത്. അതുകൊണ്ട് നിരോധന ഉടമ്പടിക്കായുള്ള കൂടിയാലോചനകൾ യു.എസ്, യു.കെ, റഷ്യ, ഫ്രാൻസ്, ചൈന എന്നീ ആണവശക്തികൾ ബഹിഷ്കരിക്കുകയായിരുന്നു. പിന്നീട് ആണവായുധം വികസിപ്പിച്ച ഇന്ത്യ, പാകിസ്താൻ, ഇസ്രായേൽ, ഉത്തര കൊറിയ എന്നിവയും നിസ്സഹകരിച്ചു. ഇത്തരം തടസ്സങ്ങളെ മറികടന്നാണ് 50 രാജ്യങ്ങൾ വിനാശപാതയിൽനിന്ന് ലോകത്തെ പിന്തിരിപ്പിക്കാനുള്ള യത്നം തുടരുന്നത്. 2017ൽ ഒപ്പുവെച്ച ഉടമ്പടി 122 രാജ്യങ്ങൾ അംഗീകരിച്ചിരുന്നെങ്കിലും 50 രാജ്യങ്ങളെങ്കിലും അതിന് നിയമസാധുത നൽകുന്നതോടെയാണ് അത് പ്രാബല്യത്തിലാവുക എന്ന് നിശ്ചയിച്ചു.
അങ്ങനെ ഉടമ്പടിയുടെ പ്രയോക്താക്കളിൽ ഹോണ്ടുറസ്കൂടി ചേർന്നതോടെ എണ്ണം തികഞ്ഞ്, ഉടമ്പടി പ്രാബല്യത്തിലായിരിക്കുന്നു. നിയമ പ്രാബല്യത്തിന് 90 ദിവസം തികയുന്ന ജനുവരി 22ന് ഉടമ്പടി നടപ്പാകും: ആണവായുധ പ്രയോഗത്തിെൻറ 75ാം വാർഷികത്തിൽ, ആദ്യത്തെ ഭീകരായുധ വിരുദ്ധ നീക്കം. ഇതനുസരിച്ച് ആണവായുധം വികസിപ്പിക്കാനോ പരീക്ഷിക്കാനോ കൈമാറാേനാ കൈവശം വെക്കാനോ പാടില്ല. അതു കാട്ടി ഭീഷണിപ്പെടുത്താനും അതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ സ്ഥാപിക്കാനും പാടില്ല.
ആണവായുധ നിരോധന ഉടമ്പടി (ടി.പി.എൻ.ഡബ്ല്യു) ഇത്തരത്തിലുള്ള ആദ്യത്തെ ബഹുരാഷ്ട്ര നിയമമാണ്. ഇടക്കാലത്ത് നിലവിൽവന്ന ആണവ നിർവ്യാപനക്കരാർ (എൻ.പി.ടി) ആയുധവ്യാപനം ഇല്ലാതാക്കാൻ മാത്രമാണ് ലക്ഷ്യമിടുന്നത് എന്നതിനാൽ ആണവശക്തികൾക്ക് അന്യായമായ ആനുകൂല്യം നൽകുന്നതാണ്. അതുകൊണ്ടുതന്നെയാണ് പുതിയ ഉടമ്പടിയോട് ആണവശക്തികൾ പുറംതിരിഞ്ഞുനിൽക്കുന്നത്. ആണവശക്തികളായ, ഇന്ത്യ അടക്കമുള്ള ഒമ്പത് രാജ്യങ്ങളും ഉടമ്പടി അംഗീകരിച്ചിട്ടില്ല.
അതിനെക്കുറിച്ച കൂടിയാലോചനകൾ തുടക്കം മുതലേ ബഹിഷ്കരിക്കുകയും അതിനെ തുറന്നെതിർക്കുകയും ചെയ്ത പാരമ്പര്യമാണ് വൻശക്തികൾക്കുള്ളത്. ഇതേ കാലത്ത് യു.കെയും യു.എസും കൈവശമുള്ള ആണവായുധങ്ങളുടെ എണ്ണം എൻ.പി.ടി പ്രകാരം കുറക്കുേമ്പാഴും കൈവശമുള്ളത് അപ്ഗ്രേഡ് ചെയ്യുന്നുമുണ്ട്.
ഉത്തര കൊറിയ പുതിയ ആണവായുധങ്ങൾ വരെ നിർമിക്കുന്നു. ഇതൊന്നും പോരാഞ്ഞ്, ഇപ്പോഴത്തെ ഉടമ്പടി ഒപ്പുവെച്ച രാജ്യങ്ങൾക്ക് ട്രംപ് സർക്കാർ കത്തെഴുതിയിരിക്കുകയാണ്- ഉടമ്പടി തെറ്റായ നീക്കമാണെന്നും അതിൽനിന്ന് പിന്മാറണമെന്നുമാണ് ഭീഷണിസ്വരത്തിലുള്ള കത്ത് പറയുന്നത്. അരനൂറ്റാണ്ട് പ്രായമുള്ള എൻ.പി.ടിയെ പുതിയ ഉടമ്പടി തകിടംമറിക്കുമത്രേ. ഈ വാദം ബാലിശമാണ്. ആണവായുധങ്ങൾ വ്യാപിക്കുന്നത് തടയുകയും ക്രമേണ നിർമാർജനം ചെയ്യുകയുമാണ് എൻ.പി.ടിയുടെ ലക്ഷ്യമെന്നിരിക്കെ അതേ ലക്ഷ്യം കൂടുതൽ സമഗ്രമായും ഫലപ്രദമായും വേഗത്തിലും സാധിച്ചെടുക്കാനാണ് ഉടമ്പടി ശ്രമിക്കുന്നത്. ഇതിനെ എതിർക്കുന്നവരുടെ ഗൂഢലക്ഷ്യം, ആണവായുധമുള്ളവരും ഇല്ലാത്തവരുമെന്ന ഉച്ചനീചത്വം നിലനിർത്തുകയാണ്. അരനൂറ്റാണ്ടായി ഒച്ചിെൻറ വേഗത്തിൽ ഇഴയുന്ന എൻ.പി.ടി വിവേചനപരം മാത്രമല്ല നിഷ്ഫലവുമാണ് എന്ന് തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു.
ആണവ നിർമാർജനത്തെ നേരിട്ടെതിർക്കാൻ രംഗത്തുള്ളത് യു.എസും മറ്റു നാറ്റോ രാഷ്ട്രങ്ങളുമാണ്. ആണവ ഭീകരതക്ക് ഇരയായ ജപ്പാൻപോലും അക്കൂട്ടത്തിലുണ്ടായത് ആഗോള രാഷ്ട്രീയത്തിലെ വൈചിത്ര്യംതന്നെ. ഒപ്പം ആസ്ട്രേലിയ, ദക്ഷിണ കൊറിയ തുടങ്ങിയവയുമുണ്ട്. ഇന്ത്യ അടക്കമുള്ള എല്ലാ ആണവ രാഷ്ട്രങ്ങളും ഉടമ്പടിയിൽനിന്ന് വിട്ടുനിൽക്കുന്നു. അതിെൻറ ഫലപ്രാപ്തിക്ക് ഇതെല്ലാം തടസ്സമാണ്. അതേസമയം, രാഷ്ട്രീയ നേതൃത്വങ്ങൾക്കുമാത്രം നിയന്ത്രിക്കാവുന്നിടത്തല്ല കാര്യങ്ങൾ.
ആണവായുധ നിർമാണ വിദ്യയും പണമടക്കമുള്ള മറ്റു വിഭവങ്ങളും പുതിയ ഉടമ്പടിക്ക് വിധേയമാകുന്നമുറക്ക് ദീർഘകാലാടിസ്ഥാനത്തിൽ ആയുധനിർമാർജനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. നൂറിലധികം രാജ്യങ്ങളിലെ 600ഓളം കമ്പനികൾ പുതിയ ഉടമ്പടിയോട് കൂറു പ്രഖ്യാപിച്ചിട്ടുണ്ട്. സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും ധനസമാഹരണ സ്ഥാപനങ്ങളുമെല്ലാം ഉടമ്പടിയുടെ സമ്മർദത്തിന് വഴങ്ങേണ്ടി വരും. ജനങ്ങളുടെ ഭാഗത്തുനിന്നുള്ള സമ്മർദംകൂടി ഇതിനാവശ്യമാണ്. സർക്കാറുകളുടെ ആയുധ ഭ്രാന്തിനപ്പുറം കാണാനും ചെലവും നഷ്ടവും മാത്രം തരുന്ന ഭീകരായുധങ്ങൾ ഇനി വേണ്ടെന്ന് തീർത്തുപറയാനും വിവിധ രാജ്യങ്ങളിലെ ജനസമൂഹങ്ങൾ മുന്നോട്ടുവരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.