അപരവത്കരണത്തിെൻറയും പരവിദ്വേഷത്തിെൻറയും അധികാരവാഴ്ച രാജ്യത്തെ ഏത് അരാജകത്വത്തിെൻറ പടുകുഴിയിലേക്കാണ് തള്ളിയിടുകയെന്ന് ചൂണ്ടിക്കാണിക്കുന്നു അനുദിനം വർധിച്ചു കൊണ്ടേയിരിക്കുന്ന ആൾക്കൂട്ട കൊലകൾ. ആരെയും എന്തിനെയും ശത്രുവായി സംശയിക്കാനും വകവരുത്താനും ആൾക്കൂട്ടത്തെ കയറൂരി വിട്ട നിലയാണിപ്പോൾ രാജ്യത്തുള്ളത്. നിയമം കൈയിലെടുത്തുള്ള ഇൗ ആൾക്കൂട്ട വാഴ്ചക്ക് ആശയാനുവാദം നൽകുന്ന നിസ്സംഗ സമീപനമാണ് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സംഘ്പരിവാർ ഭരണകൂടങ്ങൾ സ്വീകരിച്ചുവരുന്നത്. തങ്ങളുടെ വിചാരധാരക്കു പുറത്തായതിനാൽ ആഭ്യന്തര ശത്രുക്കളായി നേരത്തേ പ്രഖ്യാപിച്ച മുസ്ലിംകൾക്കെതിരെ സംഘ്പരിവാർ തുടങ്ങിവെച്ച തല്ലിക്കൊല കൂടുതൽ വിപുലമായിക്കൊണ്ടിരിക്കുന്നത്, സംശയത്തിെൻറ ആനുകൂല്യത്തിൽ കണ്ണിൽ കണ്ടവരെയൊക്കെ തല്ലാനും കൊല്ലാനുമുള്ള അധികാരം ആൾക്കൂട്ടം അവകാശമായി മാറ്റിയെടുക്കുന്ന ഭീകരതയിലേക്ക് രാജ്യത്തെ എത്തിച്ചിരിക്കുന്നു. ഗോമാംസത്തിെൻറ പേരിൽ 2015ൽ ദാദ്രിയിൽ ആരംഭിച്ച മുസ്ലിംവേട്ട കഴിഞ്ഞമാസം ഉത്തർപ്രദേശിലെ ഹാപൂരിൽ വരെ അഭംഗുരം തുടർന്നുവരുന്നു. എല്ലാം ശരിയായി എന്നു ധരിക്കുന്ന കേരളത്തിൽ വരെ പട്ടാപ്പകൽ നടുറോഡിൽ ആളെ കൈകാര്യം ചെയ്യുന്നിടത്തോളമെത്തിയിരിക്കുന്നു ഇൗ പൈശാചിക ബാധ.
രാജ്യത്തിെൻറ മുഖം കെടുത്തുന്ന ഇൗ ഭീകരവൃത്തി തടയാൻ കേന്ദ്ര സർക്കാർ ഇന്നോളം ഒന്നും ചെയ്തില്ല. ജനങ്ങളുമായി സംവദിക്കാനെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചകളിൽ നടത്തുന്ന ‘മൻ കീ ബാത്’ പ്രഭാഷണ പരിപാടി 45 എപ്പിസോഡുകൾ പൂർത്തിയായി. മാനത്തിനു കീഴിലെ സർവകാര്യങ്ങളും പ്രതിപാദിക്കുന്ന ആ പരിപാടിയിൽ മൂക്കിനു മുന്നിൽ നടക്കുന്ന ആൾക്കൂട്ട കൊലകളെ തുറന്നെതിർക്കാനോ മുന്നറിയിപ്പു നൽകാനോ പ്രധാനമന്ത്രി മുതിർന്നിട്ടില്ല. കഴിഞ്ഞയാഴ്ചത്തെ പ്രസംഗത്തിൽ ഇന്ത്യ, അഫ്ഗാൻ ക്രിക്കറ്റ് മത്സരത്തിന് ആശംസ മുതൽ വിവിധ സർക്കാർ പദ്ധതികൾ വരെ പരാമർശിച്ചു. കബീർദാസിെൻറയും ഗുരുനാനാക്കിെൻറയും ചിന്തകൾ അനുസ്മരിച്ച് സമാധാനത്തിനും അക്രമരാഹിത്യത്തിനുമെതിരെ വാചാലനായി. ജൂൺ 13ന് ഝാർഖണ്ഡിലെ ഗോഡയിൽ രണ്ടു മുസ്ലിം യുവാക്കൾ, 18ന് യു.പിയിലെ ഹാപൂരിൽ മാംസവ്യാപാരി ഖാസിം, 19ന് ഝാർഖണ്ഡിലെ രാംഗഢിൽ ഇറച്ചി കൊണ്ടുപോകുന്നുവെന്നു സംശയിച്ച് തൗഹീദ് അൻസാരി എന്നിവരെ ജനങ്ങൾ തല്ലിക്കൊന്നതിെൻറ ചൂടാറും മുമ്പായിരുന്നു മോദിയുടെ പ്രസംഗമെങ്കിലും, അതൊന്നും അദ്ദേഹത്തിന് ‘മൻ കീ ബാത്’ ആയി മാറിയില്ല. പ്രധാനമന്ത്രിയുടെയും ഇൗദൃശ സംഭവങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും മൗനവും നിസ്സാരവത്കരണവും മുസ്ലിംകളെ ആർക്കും എപ്പോഴും എവിടെയും ബീഫിെൻറയോ മറ്റോ പേരിൽ സംശയമെറിഞ്ഞ് തല്ലിക്കൊല്ലാമെന്ന പരുവത്തിലേക്ക് ആൾക്കൂട്ടമനസ്സിനെ പരുവപ്പെടുത്തിയിരിക്കുന്നു. അങ്ങനെ ഭരണകൂടത്തിൽനിന്ന് നിയമവാഴ്ച തെമ്മാടിക്കൂട്ടങ്ങൾ പിടിച്ചെടുക്കുന്ന ദുരന്തത്തിലേക്ക് ഇന്ത്യ നടന്നെത്തിക്കഴിഞ്ഞു. കഴിഞ്ഞ ജൂൺ 28ന് കൊച്ചു സംസ്ഥാനമായ ത്രിപുരയിൽ കിംവദന്തിയുടെ പേരിൽ നടന്ന ആൾക്കൂട്ട കൊലകൾ മുഴക്കുന്നത് ആ ദുരന്തത്തിെൻറ അപായമണിയാണ്.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്ന ഉൗഹാപോഹം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് ഒരൊറ്റ പകലിൽ മൂന്ന് ജില്ലകളിലായി മൂന്നു പേരെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. മോഹൻപൂർ എന്ന സ്ഥലത്ത് 11കാരനെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ദേഹത്ത് മുറിവേറ്റ പാടു കണ്ട ആരോ കുഞ്ഞിെൻറ വൃക്ക മോഷ്ടിച്ചതായി സംശയമുയർത്തി. അത് ജനം ഏറ്റെടുത്തു. കുട്ടിയുടെ വീട്ടിലെത്തിയ ത്രിപുര വിദ്യാഭ്യാസ മന്ത്രി അത് ശരിവെക്കുക മാത്രമല്ല, ‘ത്രിപുര ഇന്നോളം കാണാത്ത ദുരന്തം, വൃക്കമോഷ്ടാക്കൾക്ക് അന്താരാഷ്ട്രബന്ധം’ എന്നൊക്കെ പ്രസ്താവനയിറക്കുകയും ചെയ്തു. മന്ത്രിയുടെ പ്രസ്താവനയുടെ വിഡിയോ ക്ലിപ്പിങ് അടക്കം വാർത്ത കാട്ടുതീ പോലെ പടർന്നു. അതോടെ, കുഞ്ഞുങ്ങളെ റാഞ്ചുന്നവർക്കെതിരെ ജനത്തിനുവേണ്ടി ക്രിമിനലുകൾ രംഗെത്തത്തി. പടിഞ്ഞാറൻ ത്രിപുരയിലെ ഗ്രാമത്തിൽ ചുറ്റിത്തിരിയുന്നുവെന്നു തോന്നിയ 40കാരിയെ കുട്ടിക്കടത്തുകാരിയെന്നു വിളിച്ചുകൂവി അവർ തല്ലിക്കൊന്നു. ഭ്രാന്ത് മൂത്ത ചിലർ പിന്നെ അതുവഴി വന്ന ഉത്തർപ്രദേശുകാരായ മുസ്ലിം വ്യാപാരികൾ സഞ്ചരിച്ച കാറിനെ പിന്തുടർന്നു. കാറിലുള്ളവർ റോഡുവക്കിലെ ഒരു കടയിൽ ചായ കുടിക്കാൻ കയറിയപ്പോൾ ആർക്കോ സംശയം മുളപൊട്ടി. അവർ ആളെ വിളിച്ചുകൂട്ടി. പ്രാണരക്ഷാർഥം തൊട്ടടുത്ത അർധസൈനിക വിഭാഗത്തിെൻറ ക്യാമ്പിന് അകത്തേക്ക് കാർ ഒാടിച്ചുകയറ്റിയെങ്കിലും ആളുകൾ അകത്തുകയറി അവരെ കാറിൽനിന്നു വലിച്ചിട്ട് തല്ലി. സഹീർ ഖാൻ കൊല്ലപ്പെട്ടു. മൂന്നു സുഹൃത്തുക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉൗഹാപോഹങ്ങൾ പടർത്തുന്നതിലെ അപകടം ചൂണ്ടിക്കാട്ടിയവരെ വകവെച്ചില്ല എന്നല്ല, അവരെയും വകവരുത്തി.
അഗർതലയിൽനിന്ന് 130 കി.മീ അകലെ സബ്റൂം ഗ്രാമത്തിൽ ജില്ല ഭരണകൂടത്തിെൻറ നിർദേശപ്രകാരം കിംവദന്തികൾക്കെതിരെ ബോധവത്കരണത്തിനെത്തിയ സുകാന്ത ചക്രവർത്തി എന്ന ഉദ്യോഗസ്ഥനെ ആളുകൾ കല്ലെറിഞ്ഞും അടിച്ചും കൊന്നു. ഇതെല്ലാം നടന്നിട്ടും ത്രിപുരയിലെ പുതിയ ബി.ജെ.പി ഭരണകൂടം ഏതാനും പേരെ ചോദ്യം ചെയ്യാൻ പിടികൂടിയത് ഒഴിച്ചാൽ ഒന്നും ചെയ്തില്ല. എരിതീയിൽ എണ്ണയൊഴിച്ച മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. ജനത്തിന് ഒരു സംശയം തോന്നിയാൽ പിന്നെ അതിനൊപ്പം നിൽക്കുകയല്ലാതെ എന്തുചെയ്യാൻ എന്നായിരുന്നു മന്ത്രിയുടെ നിലപാട്. ആൾക്കൂട്ടത്തിന് ഏത് തോന്ന്യാസത്തിനും അധികാരികൾ കൂട്ട് എന്നു സാരം. കഴിഞ്ഞവർഷം മേയിൽ ഝാർഖണ്ഡിൽ ആറു പേർ, ദക്ഷിണേന്ത്യയിൽ ഒമ്പതുപേർ, രാജസ്ഥാനിൽ ഒരു ഇതര സംസ്ഥാന തൊഴിലാളി എന്നിവർ ഇങ്ങനെ വാട്സ്ആപ് ഉൗഹങ്ങളുടെ പേരിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇങ്ങനെ സംശയത്തിെൻറ പേരിൽ തല്ലാനും കൊല്ലാനും നിയമവാഴ്ച ആളുകൾ കൈയേൽക്കാൻ തുടങ്ങിയാൽ ഏത് അരാജകവാഴ്ചയിലേക്കാണ് നാട് എടുത്തെറിയപ്പെടുകയെന്ന് ത്രിപുര വിളിച്ചുപറയുന്നു. ആൾക്കൂട്ട ഭൂതത്തെ കുടം തുറന്നുവിട്ടാൽ അത് ജനാധിപത്യത്തെ മാത്രമല്ല, ജനത്തെയും കൊണ്ടേപോകൂ എന്ന് എല്ലാവരും ഒാർക്കുന്നതു നന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.