വോട്ടുയന്ത്രം: കോടതി ഇടപെടുകതന്നെ വേണം

ഇലക്ടറൽ ബോണ്ട് സംവിധാനം എങ്ങനെ ഭരണഘടനക്ക് വിരുദ്ധമാകുന്നു എന്ന് വിശദമായി പ്രതിപാദിച്ച സുപ്രധാന സുപ്രീംകോടതി വിധി, വോട്ടുയന്ത്ര സംവിധാനത്തിന്റെ കാര്യത്തിൽ പരമോന്നത കോടതിതന്നെ സ്വീകരിച്ച നിലപാട് പുനഃപരിശോധിക്കൽ അനിവാര്യമാക്കുന്നുണ്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) 2021ൽ സമർപ്പിച്ച ഒരു ഹരജിയിൽ അടിയന്തര വിചാരണയും തീർപ്പും വേണമെന്നപേക്ഷിച്ചുകൊണ്ട് ആ സംഘടന ഈയിടെ സമർപ്പിച്ച ഹരജി കോടതി തള്ളുകയായിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുപാട് വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടുള്ളതാണ് ആ ഹരജി.

ആ മർമപ്രധാന വിഷയങ്ങളിൽ ഒന്ന്, വോട്ടുയന്ത്രവും വോട്ട് ചെയ്തെന്ന് ഉറപ്പുവരുത്താൻ സമ്മതിദായകനെ സഹായിക്കുന്ന സംവിധാനവും (വിവിപാറ്റ്) എത്രത്തോളം അനുയോജ്യവും നീതിപൂർവകവുമാണ് എന്നതത്രെ. വോട്ടിങ്ങിലെ കാതലായ ഈ ഘടകത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന അനേകം വെളിപ്പെടുത്തലുകൾ അടുത്തകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2019ലെ തെരഞ്ഞെടുപ്പ് ഫലത്തെ സംശയിക്കാൻ പ്രേരിപ്പിക്കുന്ന ചില പഠനഫലങ്ങളും പുറത്തുവന്നു.

വോട്ടുയന്ത്രത്തെ ആശ്രയിക്കുന്നതുവഴി ജനഹിതം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെങ്കിൽ അത് തിരുത്തേണ്ടത് അടിയന്തരാവശ്യമാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിയിരിക്കെ, വർഷങ്ങൾക്കുമുമ്പ് തങ്ങൾ നൽകിയ ഹരജി പരിഗണിക്കാൻ ഇനി വൈകരുതെന്ന അപേക്ഷയാണ് എ.ഡി.ആർ സമർപ്പിച്ചത്. അപേക്ഷ തള്ളിക്കൊണ്ട് സുപ്രീംകോടതി, വോട്ടുയന്ത്രത്തെപ്പറ്റി സംശയമുന്നയിച്ച് വീണ്ടും വീണ്ടും ഹരജികൾ സമർപ്പിക്കുന്നതിൽ നീരസം പ്രകടിപ്പിക്കുക വരെ ചെയ്തു.

ഇലക്ഷൻ കമിഷൻ വോട്ടുയന്ത്ര സംവിധാനത്തിൽ പൂർണവിശ്വാസം അർപ്പിക്കുന്നു എന്നത് സുപ്രീംകോടതിയുടെ തീരുമാനത്തെ സ്വാധീനിച്ചതിനാലാവാം, ഉന്നയിച്ച സംശയങ്ങൾ പരിശോധിച്ച് അടുത്ത തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങുന്നതിനുമുമ്പ് ഹരജിയിൽ തീർപ്പ് നൽകാൻ കോടതി തയാറാകാതിരുന്നത്. എന്നാൽ, സംശയങ്ങൾ മുഴുവൻ തീർക്കാനെന്ന നിലക്ക് ഇലക്ഷൻ കമിഷൻ ഈയിടെ പുറത്തിറക്കിയ സംശയനിവാരണപ്പട്ടികയും (എഫ്.എ. ക്യു-Frequently Asked Questions) അതിന്റെ പരിഷ്കരിച്ച പതിപ്പും സംശയങ്ങൾ പരിഹരിച്ചിട്ടില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിൽ ഒബാമ സർക്കാറിന്റെ കൺസൾട്ടന്റായിരുന്ന സോഫ്റ്റ്​വെയർ വിദഗ്ധൻ മാധവ് ദേശ് പാണ്ഡെ വോട്ടുയന്ത്ര സംവിധാനത്തിൽ ഇപ്പോഴും നിലനിൽക്കുന്ന 11 ഗുരുതര ന്യൂനതകൾ എടുത്തുപറഞ്ഞിട്ടുണ്ട്. കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനീഷ്യറ്റിവിന്റെ ഡയറക്ടറായ വെങ്കടേശ് നായക് ഇലക്ഷൻ കമിഷൻ എഫ്.എ.ക്യുവിൽ നൽകിയ വിശദീകരണങ്ങളിലെ പൊരുത്തക്കേടുകൾ കാണിച്ച്, എന്തുകൊണ്ട് വോട്ടുയന്ത്ര-വിവിപാറ്റ് സംവിധാനം അന്യൂനമല്ല എന്ന് സാ​ങ്കേതിക ഭാഷയിൽ തന്നെ വിശദീകരിച്ചിട്ടുണ്ട്. ഇവ മാത്രമല്ല വോട്ടുയന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന വിദഗ്ധ നിരീക്ഷണങ്ങൾ.

അവയെല്ലാം അടിവരയിടുന്ന ഒരു വാദം, തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനാവശ്യമായ സുതാര്യത ഈ സംവിധാനത്തിൽ ഇല്ല എന്നതാണ്. വിദഗ്ധർ ചൂണ്ടിക്കാട്ടിയ ന്യൂനതകൾ ഇല്ലെന്ന് ആധികാരികമായി സ്ഥാപിക്കാൻ ഇലക്ഷൻ കമീഷന് സാധിച്ചിട്ടില്ലെന്ന് വ്യക്തം. കമീഷന്റെ വാക്ക് വിശ്വസിക്കുകയാണോ അതോ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണോ കോടതി ചെയ്യേണ്ടതെന്ന നിർണായക ചോദ്യം ഉയരുന്നുണ്ടിവിടെ.

അതുകൊണ്ടുതന്നെയാണ് സുപ്രീംകോടതിയുടെ ഇലക്ടറൽ ബോണ്ട് വിധി പ്രസക്തമാകുന്നത്. ജനാധിപത്യത്തിൽ ഏറ്റവും പ്രധാനമാണ് കാര്യങ്ങൾ അറിയാനുള്ള ജനങ്ങളുടെ അവകാശം. ഇലക്ടറൽ ബോണ്ട് രീതിയിൽ കോടതി കണ്ട ഏറ്റവും വലിയ ന്യൂനത അത്, അറിയാനുള്ള വോട്ടറുടെ അവകാശം ഹനിക്കുന്നു എന്നതാണ്.

ഭരണഘടനയുടെ 19 (1) (എ) വകുപ്പിൽ അക്കാര്യം ഊന്നിപ്പറഞ്ഞതാണ്. കാര്യങ്ങൾ അറിഞ്ഞുകൊണ്ടുവേണം സമ്മതിദാനം വിനിയോഗിക്കാൻ എന്നും തെരഞ്ഞെടുപ്പ് സംഭാവനകൾ ഭരണകൂട നയങ്ങളെ സ്വാധീനിക്കുകമോ എന്നറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും കോടതി എടുത്തുപറഞ്ഞു. ഇതേ അവകാശം തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ കാര്യത്തിലും ജനങ്ങൾക്കുണ്ടല്ലോ. ഏത് മാനദണ്ഡ പ്രകാരം ഇലക്ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമായി കോടതി പ്രഖ്യാപിച്ചുവോ അതേ മാനദണ്ഡപ്രകാരം വോട്ടുയന്ത്ര സംവിധാനവും ഭരണഘടനാവിരുദ്ധമാണ് എന്നാണ് വിദഗ്ധർ പറയുന്നത്. വോട്ടുയന്ത്രങ്ങളുടെ ഘടനയിലും പ്രവർത്തനത്തിലും കൈകാര്യത്തിലുമടക്കം സുതാരത്യ ഇല്ലായ്മയുടെ അനേകം ഉദാഹരണങ്ങളാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ അടിയന്തരമായി വാദം കേൾക്കാനും തീർപ്പ് നൽകാനും സുപ്രീംകോടതിക്ക് കഴിയാതെ വന്നാൽ അത് നിർഭാഗ്യകരമാകും -ജനാധിപത്യത്തിന് വലിയ നഷ്ടവും.

Tags:    
News Summary - Voting machine Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT