ആർ.എസ്.എസും ബി.ജെ.പിയും ദലിതർക്കും പിന്നാക്കജാതികൾക്കും നേരെയുള്ള അത്യാചാരങ്ങൾ നിർത്താനും ചൂഷണം അവസാനിപ്പിക്കാനും തയാറായില്ലെങ്കിൽ താനും അനുയായികളും ഹിന്ദുയിസം വിട്ട് ബുദ്ധിസം സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നു ബി.എസ്.പി മേധാവി മായാവതി. നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തുനിന്ന് കഷ്ടിച്ച് ഒരു കി.മീറ്റർ അകലെ സംഘടിപ്പിക്കപ്പെട്ട ബി.എസ്.പി പ്രവർത്തകസംഗമത്തെ അഭിമുഖീകരിക്കുകയായിരുന്ന മായാവതി, 1935ൽ ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഒാർമപ്പെടുത്തുകയും ചെയ്തു. താൻ ഒരു ഹിന്ദുവായിട്ടാണ് ജനിച്ചതെങ്കിലും ഹിന്ദുവായി മരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് തുറന്നടിച്ച അംബേദ്കർ ഹിന്ദുമതത്തെ പരിഷ്കരിക്കാൻ അതിെൻറ നേതാക്കൾക്ക് 21 വർഷം അനുവദിച്ചു. പക്ഷേ, നിലപാടിൽ ഒരു മാറ്റവും വരുത്താൻ അവർ തയാറില്ലാതിരുന്നതിനാൽ 1956ൽ അദ്ദേഹം നാഗ്പൂരിൽവെച്ച് ബുദ്ധമതം സ്വീകരിക്കുകയായിരുന്നുവെന്ന് മായാവതി ചൂണ്ടിക്കാട്ടി. അതേ മാതൃകയിൽ ആർ.എസ്.എസിനും ബി.ജെ.പിക്കും ദലിതരോടും പിന്നാക്ക ജാതികളോടുമുള്ള സമീപനം മാറ്റാൻ ഒരവസരം താൻ നൽകുകയാണെന്നും അവരതിന് സന്നദ്ധരല്ലെങ്കിൽ ഉചിതമായ സമയത്ത് താൻ ബുദ്ധമതം സ്വീകരിക്കുമെന്നും മായാവതി മുന്നറിയിപ്പു നൽകി.
ദലിത്^പിന്നാക്ക ജാതികളുടെ പക്ഷത്തുനിന്ന് സവർണരുടെ മേധാവിത്വ മനോഭാവത്തിനും മുഷ്കിനുമെതിരെ ഇത്തരമൊരു ഭീഷണി പുതിയതല്ല. ഭരണഘടനശിൽപി ബാബാ സാേഹബ് അംബേദ്കർക്കുശേഷം പലരും ഇത്തരമൊരു ഭീഷണി പ്രയോഗിച്ചുനോക്കുകയും ചിലപ്പോൾ മതം മാറുകയും ചെയ്തിട്ടുണ്ട്. ഏറ്റവും കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നല്ലോ പതിറ്റാണ്ടുകൾക്കുമുമ്പ് തമിഴ്നാട്ടിലെ മീനാക്ഷിപുരം ഒന്നടങ്കം ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത് ഗ്രാമത്തിന് റഹ്മത്ത് നഗർ എന്ന് പുനർനാമകരണം ചെയ്തത്. അന്ന് വി.എച്ച്.പിയും സംഘ്പരിവാറും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചപോലെ അധഃസ്ഥിത വിഭാഗത്തിെൻറ ദാരിദ്ര്യം ചൂഷണംചെയ്ത് മുസ്ലിംകൾ പണമിറക്കി കളിച്ച കളിയായിരുന്നില്ല അത്. മേൽജാതിക്കാരുടെ സാമൂഹിക ബഹിഷ്കരണവും അയിത്തവും ഉച്ചനീചത്വവും സഹിക്കാനാവാതെ ഡോക്ടർമാരും എൻജിനീയർമാരും സർക്കാർ ഉദ്യോഗസ്ഥരുമെല്ലാം അടങ്ങിയ താഴ്ന്നജാതിക്കാർ സമത്വത്തിെൻറ മതമായ ഇസ്ലാമിലേക്ക് പരസ്യമായിത്തന്നെ പ്രവേശിക്കുകയായിരുന്നു. ഉടനെ സർക്കാറും ഹൈന്ദവ സംഘടനകളും ഉണർന്നെഴുന്നേറ്റ് വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയും പണം യേഥഷ്ടം വാരിയെറിഞ്ഞും പുറമെ ഭീഷണിപ്പെടുത്തിയുമൊക്കെ ഗ്രാമീണരെ ഘർവാപസിയാക്കാൻ കിണഞ്ഞു ശ്രമിച്ചുവെങ്കിലും യത്നം സഫലമായില്ല. പിന്നീടും ദലിതരും മറ്റു പിന്നാക്ക ജാതികളും തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങൾ അവികസിതത്വത്തിനും അവഗണനക്കുമെതിരെ മതപരിവർത്തന ഭീഷണി മുഴക്കിയ സംഭവങ്ങൾ പലേടത്തും ഉണ്ടായിട്ടുണ്ട്. ബുദ്ധമതത്തിലേക്ക് കൂട്ടായി ചേക്കേറിയ അനുഭവങ്ങളുമുണ്ട്. പക്ഷേ, ബുദ്ധമതത്തിലേക്കുള്ള മാറ്റം സവർണ മേധാവികളും സംഘടനകളും അത്ര ഗൗരവമായി വീക്ഷിക്കുന്നിെല്ലന്നതാണ് വസ്തുത. കാരണം, അവരുടെ ദൃഷ്ടിയിൽ ബുദ്ധമതം ഭാരതീയമാണ്. തത്ത്വത്തിൽ അഹിംസയാണ് ബുദ്ധമതം ഉദ്ഘോഷിക്കുന്നതെങ്കിലും മറ്റ് ഏതു സമുദായങ്ങളിലുമെന്നപോലെ ബുദ്ധിസ്റ്റുകളിലുമുണ്ട് ഹിംസയോടാഭിമുഖ്യം പുലർത്തുന്നവർ. ശ്രീലങ്കയിലും മ്യാന്മറിലുമൊക്കെ ബുദ്ധഭിക്ഷുക്കൾ ക്രൂരമായ ഹിംസയുടെ മാർഗത്തിൽ ബഹുദൂരം മുന്നോട്ടുപോയത് ലോകംകണ്ടു. ചരിത്രത്തിലെ ഒരുഘട്ടത്തിൽ പുരാതന ഹൈന്ദവ മേധാവികളും രാജാക്കന്മാരും ബുദ്ധമതത്തെ ഇന്ത്യയിൽനിന്ന് നാടുകടത്തി; ഇന്ത്യയിൽ ബുദ്ധിസ്റ്റുകളുടെ എണ്ണം ഇന്ന് ഒരു ശതമാനത്തിലും താഴെയാണെന്നത് സത്യമാണെങ്കിലും ബുദ്ധമതത്തിെൻറ നേരെ പഴയ വിരോധമോ അസഹിഷ്ണുതയോ ഹിന്ദുത്വശക്തികൾക്കില്ല. റോഹിങ്ക്യൻ മുസ്ലിംകളെ ആബാലവൃദ്ധം പുറത്താക്കിയ മ്യാന്മറിെൻറ നടപടിക്കെതിരെ മോദി സർക്കാർ ഒരക്ഷരം ഉരിയാടിയില്ലല്ലോ. അതിനാൽ, ബി.എസ്.പി അധ്യക്ഷ മായാവതിയും അനുയായികളും ബുദ്ധമതത്തിലേക്കു പരിവർത്തനം ചെയ്യുന്നതായി പ്രഖ്യാപിച്ചാലും ഇന്നത്തെ സാഹചര്യത്തിൽ അത് വലിയ കോളിളക്കമൊന്നും ഉളവാക്കില്ല. ക്രിസ്തുമതത്തിലേക്കോ ഇസ്ലാമിലേക്കോ പരിവർത്തനം ചെയ്യുമെന്നാണ് ഭീഷണിയെങ്കിൽ ചിത്രം മാറും.
ഏതെങ്കിലും മതത്തിെൻറ അധ്യാപനങ്ങൾ മാനവികതക്കും സാമൂഹിക നീതിക്കും ഗുണകരമാണെന്ന് ബോധ്യപ്പെടുന്നവർ സമ്മർദമോ പ്രലോഭനമോ കൂടാതെ ആ മതത്തിലേക്ക് മാറുന്നത് തികച്ചും സ്വാഭാവികവും മനുഷ്യസ്വാതന്ത്ര്യത്തിെൻറ താൽപര്യവുമാണ്. എന്നാൽ, ഭൗതിക താൽപര്യങ്ങൾക്കുവേണ്ടിയോ ന്യായമായ ആവശ്യങ്ങൾക്കായിത്തന്നെയോ മതംമാറ്റ ഭീഷണി ഉയർത്തുന്നത് നല്ല കാര്യമല്ല. കടുത്ത അസഹിഷ്ണുതയും വിവേചനവും അസമത്വവും പൂർവാധികം ശക്തിയിൽ നിലനിൽക്കുന്ന ഇന്ത്യയുടെ വർത്തമാനകാല സാഹചര്യങ്ങളിൽ അതിനെതിരായ പോരാട്ടം മതംമാറ്റത്തിലൂടെയോ വൈകാരിക പ്രക്ഷോഭങ്ങളിലൂടെയോ അല്ല നടക്കേണ്ടത്; ധീരമായ ബഹുജന മുന്നേറ്റത്തിലൂടെയാണ്. അറബ് വസന്തത്തിെൻറയും അണ്ണാഹസാരെയുടെ അഴിമതിവിരുദ്ധ ജനകീയ സമരത്തിെൻറയും മാതൃകകൾ നമ്മുടെ മുമ്പിലുണ്ട്. ഭരണകൂടങ്ങളും അവയുടെ പശ്ചാത്തല ശക്തികളും എന്തുവിലകൊടുത്തും ജനകീയ സമരങ്ങളെ അടിച്ചമർത്തുമെന്നത് ശരിയായിരിക്കെത്തന്നെ ത്യാഗപൂർണമായ സഹനസമരങ്ങൾക്ക് ബദൽ മാർഗങ്ങൾ ഇല്ല. ദലിത്^പിന്നാക്ക^ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തി തുല്യനീതിക്കും അവകാശങ്ങൾക്കുംവേണ്ടി രംഗത്തിറങ്ങാൻ മായാവതി തയാറാണെങ്കിൽ ഭരണകൂട ഭീകരതയെയും സവർണ താണ്ഡവത്തെയും ചെറുത്തുതോൽപിക്കാനാവുമെന്ന് തീർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.