'ദിവസവും അരോചകമായ വാർത്തസമ്മേളനങ്ങൾ നടത്തിയതല്ലാതെ എന്തു ചെയ്തു? വാർത്തസമ്മേളനങ്ങൾ കണ്ടതുകൊണ്ട് ജനം വോട്ട് ചെയ്യില്ല'– തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ചർച്ചചെയ്യാൻ ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഷാനിമോൾ ഉസ്മാൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് മേൽ ഉദ്ധരണി. സമാന വിമർശനങ്ങൾ വേറെ പലരും രേഖപ്പെടുത്തിയതായാണ് വാർത്ത. ഇങ്ങനെത്തന്നെയാണ് പോവുന്നതെങ്കിൽ മറ്റൊരു പരാജയം വിലയിരുത്താൻ വേറൊരു യോഗം ചേരേണ്ടിവരുമെന്ന് പരിഹസിക്കുകയായിരുന്നു വി.ഡി. സതീശൻ.
മുതിർന്ന നേതാക്കളായ കെ. മുരളീധരനും കെ. സുധാകരനും രാഷ്ട്രീയകാര്യ സമിതി യോഗത്തിനു മുന്നേതന്നെ പരസ്യമായി വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനത്തിനും എം.എൽ.എ പദവിക്കും കുപ്പായം തയ്പിച്ചു വെച്ചവർ അത് ഉൗരിവെച്ചേക്കൂ എന്ന് പരിഹസിക്കുകകൂടി ചെയ്തിട്ടുണ്ട് മുരളീധരൻ. മൊത്തത്തിൽ, വായിച്ചു രസിക്കാവുന്ന വാക്കുകകളും പ്രയോഗങ്ങളുമാണ് കോൺഗ്രസ് നേതാക്കളുടേതായിട്ട് പുറത്തുവരുന്നത്. അതേസമയം, ഈ വിമർശിക്കുന്നവരെല്ലാം ചേർന്നതാണ് കോൺഗ്രസ് പാർട്ടി എന്ന യാഥാർഥ്യം അവർ ഓർക്കുന്നില്ലെന്ന് തോന്നുന്നു.
എത്ര വേദനജനകമാണെങ്കിലും ശരിയായ ആത്മപരിശോധന നടത്തി തിരുത്തുക എന്നതാണ് ഏതു പ്രസ്ഥാനത്തിനും മുന്നോട്ടുപോകാനുള്ള വഴി. അത്തരമൊരു സംസ്കാരമൊന്നും കോൺഗ്രസിനില്ല എന്നത് യാഥാർഥ്യമാണ്. അപ്പോൾ പിന്നെ തോൽവി സംഭവിക്കുമ്പോൾ പരസ്പരം ചളിവാരിയെറിയുക സ്വാഭാവികം. തെരഞ്ഞെടുപ്പ് യുദ്ധത്തിെൻറ മൂർധന്യത്തിൽപോലും പരസ്പരം ഏറ്റുമുട്ടിയവർ പരാജയം വിലയിരുത്തുന്ന സന്ദർഭത്തിൽ ചളിവാരിയെറിയുന്നതിൽ അത്ഭുതപ്പെടാനില്ല. വെൽഫയർ പാർട്ടി, ആർ.എം.പി ബന്ധത്തിെൻറ പേരിൽ കെ.പി.സി.സി പ്രസിഡൻറ് ഒരു വശത്തും സഹഭാരവാഹികൾ എതിർവശത്തുമായി പരസ്പരം ഏറ്റുമുട്ടിയതായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ പ്രധാന കൗതുകം.
തങ്ങൾക്കിങ്ങനെ ചക്കളത്തിപ്പോര് നടത്താൻ ജനം വോട്ടു ചെയ്യണമെന്ന് ദയവുചെയ്ത് കോൺഗ്രസ് നേതൃത്വം ആഗ്രഹിക്കരുത്. അതേസമയം, ഇത്തരം കോഴിപ്പോരൊക്കെ കോൺഗ്രസിൽ പുതിയ കാര്യമാണെന്ന് ആരും വിചാരിക്കരുത്. ഇതിലും വലിയ കളികളൊക്കെ ഈ പാർട്ടിക്കകത്ത് നടന്നതാണ്. എന്നിട്ടും പാർട്ടി അതിജീവിക്കുകയും പിടിച്ചുനിൽക്കുകയും വിജയിക്കുകയും ഭരിക്കുകയും ചെയ്തിട്ടുണ്ട്. അത് പലപ്പോഴും കോൺഗ്രസിെൻറ മേന്മകൊണ്ട് എന്നതിനേക്കാൾ ഭരണപക്ഷത്തിെൻറ അസാധാരണ കഴിവുകേടും ധാർഷ്ട്യവും കൊണ്ടും ലഭിക്കുന്നതാണ്.
പക്ഷേ ഇത്തവണ, പിണറായി വിജയൻ ക്ഷേമപദ്ധതികളുടെ കാര്യത്തിലും കോവിഡ് പ്രതിരോധത്തിെൻറ കാര്യത്തിലും കുറെയധികം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അവയെ പൊലിപ്പിച്ച് ജനങ്ങളിലെത്തിക്കുന്നതിൽ അവർ വിജയിച്ചിട്ടുമുണ്ട്. ഭരണവുമായി ബന്ധപ്പെട്ട് ഉയർന്ന കള്ളക്കടത്ത്, അഴിമതി ആരോപണങ്ങളെ ക്ഷേമപദ്ധതികളെ മുൻനിർത്തി പ്രതിരോധിക്കാനാണ് അവർ ശ്രമിച്ചത്. ഒപ്പം, മുസ്ലിംവിരുദ്ധ പൊതുബോധത്തെ വളർത്തി തെരഞ്ഞെടുപ്പിൽ വർഗീയമായി അത് ഉപയോഗപ്പെടുത്തുന്നതിലും സി.പി.എം വിജയിച്ചു.
ക്രൈസ്തവ, ഹിന്ദു സവർണവിഭാഗങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുത്ത മുസ്ലിം ഭീതി അവരുടെ വിജയത്തിൽ നിർണായകഘടകമാണ്. വെൽഫയർ പാർട്ടിയെ മുൻനിർത്തിയുള്ള ഭീതിപ്പെടുത്തൽ കാമ്പയിൻ ഇതിെൻറ ഭാഗമായിരുന്നു. യഥാർഥത്തിൽ, യു.ഡി.എഫിനു മുേമ്പ വെൽഫയർ പാർട്ടിയുമായി ധാരണയുണ്ടാക്കുകയും തദ്ദേശഭരണത്തിൽ അവരെ പങ്കാളികളാക്കുകയും ചെയ്തത് എൽ.ഡി.എഫാണ്. അത് ശരിയാംവിധം ഉന്നയിക്കാൻപോലും പറ്റാത്തവിധം ദുർബലമായിരുന്നു കോൺഗ്രസ് ക്യാമ്പ്. സി.പി.എം ഉയർത്തിവിടുന്ന വർഗീയാഖ്യാനങ്ങളുടെ കുഴിയിൽ വീണ് വിചിത്രമായ പ്രസ്താവനകൾ ഇറക്കുക എന്നത് മാത്രമായിരുന്നു കെ.പി.സി.സി പ്രസിഡൻറ് ചെയ്തുകൊണ്ടിരുന്നത്. സി.പി.എമ്മാവട്ടെ, ഇതിനെ മുൻനിർത്തി ക്രൈസ്തവ, ഹിന്ദുവോട്ടർമാർക്കിടയിൽ മുസ്ലിം വിരുദ്ധത പരത്തുന്നതിൽ വിജയിക്കുകയും ചെയ്തു.
ഒരു തെരഞ്ഞെടുപ്പിൽ തങ്ങളുയർത്തുന്ന പ്രചാരണം/ആഖ്യാനം നിർണയിക്കുക എന്നതാണ് തെരഞ്ഞെടുപ്പ് നേരിടുന്നതിെൻറ ഒന്നാമത്തെ പടി. അതിനുപോലും സാധിക്കാതെ ഓരോരുത്തരും വായിൽ തോന്നിയത് വിളിച്ചുപറയുന്നതാണ് വോട്ടർമാർ കണ്ടത്. അങ്ങനെയൊരു കൂട്ടർക്ക് വോട്ട് ചെയ്യണമെന്ന് സാധാരണ മനുഷ്യർക്ക് തോന്നേണ്ട കാര്യമില്ല.
അതിനാൽ, കോൺഗ്രസ് പ്രാഥമികമായി ചെയ്യേണ്ടത് തങ്ങൾ ജനങ്ങളോട് പറയുന്നതെന്താണെന്ന്, ആഖ്യാനമെന്താണ് എന്നൊക്കെ കൃത്യപ്പെടുത്തുകയാണ്. ആ ആഖ്യാനം നാട്ടുകാർക്ക് മനസ്സിലാവുന്ന ഭാഷയിൽ പറയുകയും വേണം. എൺപതുകളുടെ തുടക്കത്തിൽ അവസാനിച്ചുകഴിഞ്ഞ ഭാഷാപ്രയോഗങ്ങളുമായി സംസാരിക്കുന്ന കെ.പി.സി.സി പ്രസിഡൻറ് ഈ തെരഞ്ഞെടുപ്പ് കാലത്തെ അരോചകകാഴ്ചയായിരുന്നു എന്നെങ്കിലും അവർ മനസ്സിലാക്കണം.
താഴെ തട്ടിലുള്ള സംഘടനാപ്രവർത്തനത്തിെൻറ അഭാവത്തെ കുറിച്ച് കോൺഗ്രസ് നേതാക്കൾതന്നെ പറയുന്നുണ്ട്. ടെലിവിഷൻ സ്ക്രീനിൽ മാത്രമേ കോൺഗ്രസ് നേതാക്കളെ കാണുന്നുള്ളൂ എന്ന വിമർശനം പ്രസക്തമാണ്. പ്രാദേശിക തലങ്ങളിൽ ജനങ്ങളെ സംഘടിപ്പിക്കാനും അവർക്ക് വേണ്ടി പ്രവർത്തിക്കാനും തയാറാവാതെ, സ്വപ്നയും ഇ.ഡിയുമൊക്കെ കൊണ്ടുവന്നു തരുന്ന വിവാദങ്ങളുടെ സൗജന്യത്തിൽ രാഷ്ട്രീയം വിജയിപ്പിക്കാമെന്ന് വിചാരിക്കരുത്.
അതിനാൽ പണിയെടുക്കണം. നന്നായി പണിയെടുക്കണം. അധികാരമില്ലെങ്കിൽ നിലനിൽക്കാൻ പ്രയാസമുള്ള പാർട്ടിയാണ് കോൺഗ്രസ്. അടുത്ത നിയമസഭയിലും ഇതുതന്നെയാണ് ആവർത്തിക്കുന്നതെങ്കിൽ േകാൺഗ്രസിനെ അപ്പാടെ ബി.ജെ.പി വിഴുങ്ങുന്ന അവസ്ഥയായിരിക്കും. അതിനാൽ വെറുതെ തമ്മിലടിക്കാതെ പണിയെടുക്കാൻ തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.