ഈ യുദ്ധത്തിൽ പുടിന് ആര് തടയിടും?


യുക്രെയ്ൻ യുദ്ധത്തിന്​ ഒരു പുതിയ തലംകൂടി നൽകി യുക്രെയ്​നിലെ നാലു പ്രവിശ്യകളിൽ ഈ മാസം 27ന് റഷ്യൻ ആശിർവാദത്തോടെ ഹിതപരിശോധന നടന്നു. അതിൽ 87 മുതൽ 99 വരെ ശതമാനം വരുന്ന വമ്പിച്ച ഭൂരിപക്ഷം, തങ്ങളുടെ മേഖലയെ റഷ്യയിൽ ലയിപ്പിക്കണമെന്ന് ഹിതം രേഖപ്പെടുത്തിയെന്നാണ് റഷ്യയുടെ അവകാശവാദം. ഒക്ടോബർ നാലിന് റഷ്യൻ പാർലമെന്റ് ലയനം എന്ന് വിളിക്കപ്പെടുന്ന കൂട്ടിച്ചേർക്കലിന് അംഗീകാരം നല്കുമത്രെ. ഇതൊരു കൃത്രിമ പരിപാടിയാണെന്നും യുദ്ധം മൂർച്ഛിപ്പിക്കാനേ ഇതുപകരിക്കൂവെന്നും യു.എസും യൂറോപ്യൻ യൂനിയനും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

2014ൽ ക്രീമിയയെ ഫലത്തിൽ റഷ്യയുടെ അനുകൂല മേഖലയാക്കി യു​​ക്രെയ്നിൽനിന്ന് വേർപെടുത്തിയശേഷം 2019ലാണ് സെലൻസ്കി ഭരണകൂടം നിലവിൽവന്നത്. റഷ്യയുടെ സൽപുസ്തകത്തിൽപെടാത്ത സെലൻസ്കി ഭരണകൂടത്തോടുള്ള ശാത്രവത്തോടൊപ്പം നാറ്റോ സഖ്യവുമായുള്ള റഷ്യയുടെ പകയും വർധിച്ചുവന്നു. തങ്ങളുടെ അതിർത്തിരാജ്യങ്ങളെല്ലാം നാറ്റോ അംഗങ്ങളായി മാറുമ്പോൾ ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട അവസ്ഥ നേരിടേണ്ടിവരും എന്നതാണ്​ റഷ്യൻ ആശങ്ക. അയൽരാഷ്ട്രങ്ങളായ ഫിൻലൻഡും സ്വീഡനും, റഷ്യൻ എതിർപ്പ് അവഗണിച്ച് നാറ്റോ അംഗത്വം എടുക്കുന്നതിന്റെ നടപടികൾ അന്ത്യഘട്ടത്തിലെത്തി നിൽക്കുന്നതാണ് ഒരു പ്രകോപനം. ഇതിനുപുറമെയാണ് യുക്രെയ്ൻ രംഗത്തുവരുന്നത്​. അതിനെതിരെ റഷ്യ എതിർപ്പുയർത്തിയതും സ്വാഭാവികം. ഫെബ്രുവരി 24ന് യുദ്ധം തുടങ്ങുമ്പോൾതന്നെ അത് മുഖ്യവിഷയമായി കത്തിനിന്നെങ്കിലും പ്രസിഡന്‍റ്​ സെലൻസ്കി തൽക്കാലം പ്രസ്തുതനീക്കം മരവിപ്പിക്കാൻ തയാറായിരുന്നു. ഒരതിരുവരെ അന്താരാഷ്‌ട്ര സമൂഹവും യുദ്ധസാഹചര്യം ഒഴിവാക്കാൻ തൽക്കാലം അതിനു സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ, ഉഭയകക്ഷി ചർച്ചകളോ യു.എൻ പോലുള്ള ശക്തമായ മധ്യസ്ഥന്‍റെ ഇടപെടലോ ഇല്ലാതെപോയി അന്ന്. റഷ്യ പടയോട്ടത്തിൽ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞുമിരുന്നു. ചൈന ഇക്കാര്യത്തിൽ പ്രകടമായ റഷ്യൻ അനുകൂല നിലപാട് എടുത്തിരുന്നില്ല. എങ്കിലും അമേരിക്കയുമായും യൂറോപ്യൻ യൂനിയനുമായും ഒട്ടേറെ സാമ്പത്തിക ബന്ധങ്ങൾ നഷ്ടപ്പെട്ടേക്കാവുന്ന ചൈന, സുരക്ഷ സമിതിയിലെ റഷ്യൻ വിരുദ്ധ പ്രമേയത്തിൽ നിശ്ശബ്ദത പാലിക്കുകയാണ് ചെയ്തത്.

എന്നാൽ, തുടക്കത്തിലെ റഷ്യൻ മേൽക്കൈ ഇന്നില്ല. ഖാർകിവ് പ്രദേശത്തെ റഷ്യൻ മേധാവിത്വം ഏതാണ്ട് പൂർണമായും അവസാനിച്ചുവെന്നും ഭീമമായ ആൾനാശം കാരണം റഷ്യൻ ജനസംഖ്യയിൽനിന്ന് പുതുതായി നിർബന്ധ സൈനിക സേവനത്തിന് റിക്രൂട്ട്​മെൻറ് നടക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കൻ, യൂറോപ്യൻ സൈനിക സഹായവും സാമ്പത്തിക പിന്തുണയും കൂടുതൽ യുക്രെയ്നിനു ലഭിച്ചുവരുകയും ചെയ്യുന്നു. ഏറ്റവും അവസാനമായി 1.1 ബില്യൺ ഡോളറിന്റെ സഹായമാണ് അമേരിക്ക പ്രഖ്യാപിച്ചത്. മറുവശത്ത് ഭീമമായ റഷ്യൻ ജനസംഖ്യയിൽനിന്ന് രണ്ടരക്കോടി ആളുകളെ സൈനിക സേവനത്തിനു വിളിക്കുന്നത് പ്രശ്നമുള്ള കാര്യമല്ല എന്നും എന്നാൽ, അതിന്റെ ഒരു ശതമാനമേ ഇപ്പോൾ വിളിക്കുന്നുള്ളൂവെന്നും പുടിനും പ്രതിരോധ മന്ത്രിയും പറയുന്നു. പ്രതികൂലമായ ഇത്തരം ഘടകങ്ങൾക്കിടയിലാണ് പുടിൻ വീണ്ടും ആണവാക്രമണ ഭീഷണി മുഴക്കുന്നത്. അതു വെറും വാചകമടിയല്ലെന്ന് അദ്ദേഹം ആവർത്തിക്കുകയും ചെയ്യുന്നു.

റഷ്യ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യമായ യുക്രെയ്ന്‍റെ വർത്തമാനവും ഭൂതവുമൊന്നും സമാധാനത്തിന്റെ ശുഭസൂചനകൾ നൽകുന്നതല്ല. യുക്രെയ്ൻ യുദ്ധം കാരണം ഇതിനകംതന്നെ വമ്പിച്ച ആൾനാശമുണ്ടായി. സാമ്പത്തിക ഉപരോധം കൊണ്ടുണ്ടായ ഇന്ധനക്ഷാമം, ഭക്ഷ്യധാന്യ ദൗർലഭ്യം, പലായനം തുടങ്ങിയ ദുരിതങ്ങൾ വേറെയും. 9,000 യുക്രെയ്നികൾ മരിച്ചുവെന്ന കണക്കിനൊപ്പം റഷ്യൻ പക്ഷത്ത് 25,000 മരണമുണ്ടായെന്നും 6.6 ദശലക്ഷം പേർ അഭയാർഥികളായെന്നുമാണ് കണക്ക്. ഇന്ധനക്ഷാമം, എണ്ണവിലയിലെ കുതിപ്പ്​, ഭക്ഷ്യധാന്യക്കമ്മി, സാമ്പത്തിക ക്രയവിക്രയങ്ങളിൽ പ്രതിസന്ധി എന്നിവയും രൂക്ഷം. ഇതിനകം ഡോളറിന്‍റെ മേൽക്കൈ തകർത്ത്​ യൂറോ വിനിമയ മാധ്യമമായി കൂടുതൽ സ്വീകാര്യത നേടുമോ എന്ന ജിജ്ഞാസയും സാമ്പത്തിക മേഖലയിലുണ്ട്. പക്ഷേ, മൊത്തത്തിൽ ലോകയുദ്ധത്തിനുശേഷം യൂറോപ്പിൽ ഉരുണ്ടുകൂടിയിരിക്കുന്ന ഏറ്റവും വലിയ ഈ യുദ്ധത്തിന്റെ കാർമേഘം നീക്കാൻ പുടിൻ എന്ന ഒരാൾക്കേ കഴിയൂ. കൂട്ടത്തിൽ റഷ്യാവിരുദ്ധ സൈനിക തയാറെടുപ്പിൽ അയവുവരുത്താനും സാമ്പത്തിക ഉപരോധങ്ങൾ പുനരാലോചിക്കാനും അമേരിക്കയും യൂറോപ്യൻ സഖ്യരാഷ്ട്രങ്ങളും മനസ്സുവെക്കുകയും വേണം. എങ്കിൽ മാത്രമേ ഈ യുദ്ധത്തിന്റെ കെടുതിയിൽനിന്ന് ബന്ധപ്പെട്ട രാജ്യങ്ങളിലെ ജനങ്ങൾക്ക് മോചനമുണ്ടാവൂ.



Tags:    
News Summary - Who will stop Putin in this war?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.