'ജുഡീഷ്യറിയിലെ സ്ത്രീപ്രാതിനിധ്യക്കുറവ് ഒരു ചെറുവിഷയമല്ല, ആയിരക്കണക്കിന് വര്ഷങ്ങളുടെ അടിച്ചമര്ത്തലിെൻറ ഫലമായി സംഭവിച്ചതാണ്. തികഞ്ഞ രോഷത്തോടെ സ്ത്രീകൾ വിളിച്ചുപറയണം- ഞങ്ങൾക്ക് 50 ശതമാനം സംവരണം വേണമെന്ന്. രാജ്യത്തെ 17 ലക്ഷം അഭിഭാഷകരിൽ 15 ശതമാനം മാത്രമാണ് വനിതകൾ. ബാർ കൗൺസിൽ ഓഫ് ഇന്ത്യയിൽ ഒരൊറ്റ വനിത അംഗംപോലുമില്ല. ഇത് അടിയന്തര തിരുത്തലിന് വിധേയമാക്കപ്പെടണം. ആരും നിങ്ങളോട് ദീനാനുകമ്പ കാണിക്കുകയില്ല. സർവരാജ്യ സ്ത്രീകളേ സംഘടിക്കുവിന്. നിങ്ങള്ക്ക് നഷ്ടപ്പെടാന് ഒന്നുമില്ല, ചങ്ങലകളല്ലാതെ' -ഏതെങ്കിലും മനുഷ്യാവകാശപ്രവർത്തകരുടെ, അല്ലെങ്കിൽ സ്ത്രീ അവകാശ സംഘടനകളുടെയോ വനിത അഭിഭാഷക കൂട്ടായ്മയുടെയോ പ്രസ്താവനയോ പ്രമേയമോ ആയിത്തോന്നിയേക്കാം മുകളിൽ ഉദ്ധരിച്ച വാക്കുകൾ. പക്ഷേ, ഇതു പറഞ്ഞത് ഇന്ത്യൻ പരമോന്നത നീതിപീഠത്തിെൻറ ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ്. സുപ്രീംകോടതിയിലെ വനിത അഭിഭാഷകർ ചേർന്നൊരുക്കിയ സ്വീകരണത്തിലാണ് അദ്ദേഹമിത് പറഞ്ഞത്.
കൈയടി കിട്ടാനോ വാർത്താ തലക്കെട്ടിൽ ഇടംകണ്ടെത്താനോ മുഴക്കിയ പഞ്ച് ഡയലോഗുകളല്ല ഇവയെന്ന് കുറഞ്ഞ കാലത്തിനിടെ ചീഫ് ജസ്റ്റിസ് നടത്തിയ നീതിപൂർവമായ ഇടപെടലുകൾ സാക്ഷിപറയും. ഇതേ ചടങ്ങിൽ സംബന്ധിച്ച, ഭാവി ചീഫ് ജസ്റ്റിസ് ആകുമെന്ന് കരുതപ്പെടുന്ന സുപ്രീംകോടതി ജഡ്ജി പി.എസ്. നരസിംഹ വനിതാ പ്രാതിനിധ്യം 50 ശതമാനത്തിൽ കൂടുതലായാലും നല്ലതുതന്നെയെന്ന് പറഞ്ഞതിനൊപ്പം ഊന്നൽ നൽകിയത് കൊളോണിയൽകാല നിയമങ്ങളിൽനിന്ന് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ മോചിപ്പിച്ചെടുക്കേണ്ട ആവശ്യകതകളെക്കുറിച്ചാണ്. നിയമങ്ങളുടെ അപകോളനിവത്കരണം ജഡ്ജിമാർ ഏറ്റെടുക്കേണ്ട ദൗത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നീതിനിർവഹണം എളുപ്പത്തിലാക്കുന്നതിന് ജുഡീഷ്യറിയുടെ ഇന്ത്യൻവത്കരണം ആവശ്യമാണെന്ന് ഏതാനും ആഴ്ച മുമ്പ് മറ്റൊരു ചടങ്ങിൽ ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശത്തിെൻറ ചുവടുപിടിച്ചായിരുന്നു ഈ പ്രസ്താവന.ഇരു ന്യായാധിപന്മാരും മുന്നോട്ടുവെച്ചത് ഏറെ പ്രസക്തവും കാലഘട്ടത്തിെൻറ ആവശ്യവുമായ നിർദേശങ്ങളാണ്.
സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ദുർബല സമൂഹങ്ങൾക്കും നീതി ഉറപ്പാക്കുന്നതിനും വ്യവസ്ഥയെയും സമൂഹത്തെയും കൂടുതൽ ആർദ്രവും മാനുഷികവുമാക്കുന്നതിനും ജുഡീഷ്യറിയിലെ വർധിത സ്ത്രീസാന്നിധ്യം വഴിയൊരുക്കുമെന്ന് ഏറെക്കാലമായി നാമേവരും ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ പിന്നിടുേമ്പാഴും നമ്മുടെ നിയമപുസ്തകങ്ങളിലും കോടതിമുറികളിലും കോളനിഭരണകാലത്ത് പറ്റിപ്പിടിച്ച വിഷച്ചിലന്തിവലകൾക്ക് ഇളക്കംതട്ടിക്കാതെ നിലനിർത്തിപ്പോരുകയാണെന്ന് പൗരാവകാശ പ്രവർത്തകരും നിയമജ്ഞരും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതുമാണ്. പ്രശ്നകാരണവും പരിഹാരവും തിരിച്ചറിഞ്ഞിട്ടും എന്തുകൊണ്ട് പ്രയോഗവത്കരിക്കുന്നില്ല എന്ന് പരിശോധിക്കുേമ്പാൾ ഒരു കാര്യം വ്യക്തമാവും- ഭരണകൂടം അതാഗ്രഹിക്കുന്നില്ല എന്നതുതന്നെ. എതിർശബ്ദങ്ങളുയർത്തുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തി നീതിയുടെ സൂര്യപ്രകാശംപോലും തട്ടിക്കാതെ തടങ്കൽപാളയങ്ങളിൽ അടച്ചിടാൻ അവർക്ക് ഈ പറഞ്ഞ കൊളോണിയൽ നിയമങ്ങളും വകുപ്പുകളും വേണം. തങ്ങൾക്ക് അനഭിമതരായ സമൂഹങ്ങളെ കുറ്റവാളികളെന്ന മുൻവിധിയുടെ തുരുമ്പുപിടിച്ച ചങ്ങലയിൽ പൂട്ടാൻ കൊളോണിയൽ ഭരണകൂടം പടച്ചുവെച്ച നിയമങ്ങളും വ്യാഖ്യാനങ്ങളും വേണം.
രാജ്യത്തെ അടക്കി നിയന്ത്രിക്കുന്ന അധികാരികളിലൊരാൾക്ക് അനുകൂലമല്ലാത്ത വിധിപ്രസ്താവ്യം പണ്ടെന്നോ നടത്തിയിട്ടുണ്ടെന്ന പേരിൽ നീതിമാനായൊരു ന്യായാധിപന് തീർത്തും അർഹമായ സുപ്രീംകോടതി ജഡ്ജി പദവി കൊളീജിയം ശിപാർശകളെയെല്ലാം തള്ളിക്കളഞ്ഞ് നിഷേധിക്കുന്ന ഒരു ഭരണവ്യവസ്ഥയിൽ ചട്ടങ്ങളുടെ മാറ്റം 'കിനാശ്ശേരി'യായി അവശേഷിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.
ഏതാനും വർഷം മുമ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഉയർന്ന ലൈംഗികപീഡനക്കേസ് പരിഗണിച്ച രീതി ഒാർത്താൽ, ഞങ്ങൾക്ക് ഇടമില്ലാത്ത ഒരിടമാണീ നീതിപീഠമെന്ന് രാജ്യത്തെ സ്ത്രീസമൂഹത്തിന് തോന്നിയാലും കുറ്റം പറയാനാവില്ല. രാജ്യത്തെ ആറായിരം വിചാരണക്കോടതികളിൽ 22 ശതമാനത്തിലും സ്ത്രീകൾക്കുവേണ്ടി ശുചിമുറിപോലുമില്ലെന്ന സത്യം ബഹുമാന്യനായ ചീഫ് ജസ്റ്റിസ് തന്നെ വെളിപ്പെടുത്തുേമ്പാൾ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളുടെ കാര്യവും വ്യക്തം. ആൺകൂട്ടങ്ങളുടെ കേന്ദ്രമായി കോടതിയെയും നിയമവ്യവസ്ഥയെയും രൂപകൽപന ചെയ്തവർ വരുത്തിയ പിഴവാണത്, പിന്നെയാരും തിരുത്തിയതുമില്ല. എന്നിട്ടും നിയമകലാലയങ്ങളിൽ ചേർന്നു പഠിക്കാനും ജുഡീഷ്യറിയുടെ ഭാഗമാകാനും വിദ്യാർഥിനികൾ കൂടുതൽ കൂടുതലായി മുന്നോട്ടുവരുന്നത് മറ്റൊരു ലോകം സാധ്യമാക്കണമെന്ന നിശ്ചയം ഉള്ളിൽ സൂക്ഷിക്കുന്നതുകൊണ്ടാണ്.
ചരിത്രത്തിലാദ്യമായി സുപ്രീംകോടതിയിലിപ്പോൾ നാലു വനിത ജഡ്ജിമാരുണ്ട് എന്നത് ആശ്വാസവും അഭിമാനകരവുമാണെങ്കിലും വർഷങ്ങളായി സ്ത്രീസമൂഹത്തോട് ചെയ്തുകൂട്ടിയ അനീതികൾക്കുള്ള തീർത്തും ചെറുതായ പ്രായശ്ചിത്തമേ ആവുന്നുള്ളൂ. ഭരണഘടനയെയും ഭരണഘടന സ്ഥാപനങ്ങളെയും വെല്ലുവിളിച്ചും മറികടന്നും അന്യായ വഴികളിലൂടെ ഭരണനിർവഹണം നടമാടുന്നതിനിടെ നീതിന്യായ മേഖലയിലെ പരിഷ്കരണങ്ങൾ വിചാരിക്കുന്ന എളുപ്പത്തിൽ സാധ്യമാവുന്നതല്ല. എങ്കിൽപോലും എല്ലാ നിരാശചിന്തകൾക്കിടയിലും ചീഫ് ജസ്റ്റിസിെൻറ പ്രഖ്യാപനം നീതിന്യായം പുലരണമെന്ന് ആഗ്രഹിക്കുന്ന രാജ്യത്തെ ജനങ്ങൾക്കൊന്നാകെ പ്രതീക്ഷയുടെ പുതുശ്വാസം പകരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.