ഫ്രഞ്ച് കമ്പനിയായ ദസോയിൽനിന്ന് ഇന്ത്യൻ വ്യോമസേനക്കുവേണ്ടി റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുണ്ടാക്കിയ ബഹുകോടികളുടെ കരാർ തുടക്കത്തിൽതന്നെ അഴിമതി ആരോപണങ്ങളിൽ മുങ്ങിയിരുന്നു. ഇടപാടിൽ അനിൽ അംബാനിയുടെ പങ്കായിരുന്നു പ്രധാനപ്പെട്ട ഒരു വിമർശനം. മൊത്തം 126 വിമാനങ്ങൾ സ്വന്തമാക്കാനാണ് പ്രതിരോധ സംഭരണകൗൺസിൽ പദ്ധതി തയാറാക്കിയിരുന്നത്. പൂർണസജ്ജമായ 18 വിമാനങ്ങൾ വാങ്ങാനും ബാക്കി വിമാനങ്ങൾ സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ ഇന്ത്യൻ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് (എച്ച്.എ.എൽ) നിQർമിക്കാനുമായിരുന്നു ആദ്യ തീരുമാനം. എന്നാൽ, 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാരിസിലേക്കു പറന്ന ശേഷമാണ് കരാറിൽ മാറ്റങ്ങൾ ഉണ്ടാവുന്നത്. മോദിയുടെ കൂടെ അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീകർ ഉണ്ടായിരുന്നില്ല. എന്നാൽ, അനിൽ അംബാനി ഉണ്ടായിരുന്നു. പുതിയ കരാർ പുറത്തുവന്നപ്പോൾ എച്ച്.എ.എൽ ചിത്രത്തിലേയില്ല. എന്നാൽ, അംബാനിയുടെ റിലയൻസ് ഡിഫൻസ് ഉണ്ടുതാനും. റഫാൽ കരാർ ഒപ്പിടുന്നതിെൻറ 13 ദിവസം മുമ്പ് മാത്രം രൂപവത്കരിക്കപ്പെട്ട റിലയൻസ് ഡിഫൻസ് എങ്ങനെയാണ് ഇത്രയധികം തുകമൂല്യമുള്ള ഒരു പ്രതിരോധ കരാറിെൻറ ഭാഗമാകുന്നതെന്ന ചോദ്യം സ്വാഭാവികമായും ഉന്നയിക്കപ്പെട്ടു. കരാറിനു പിന്നിൽ എന്തൊക്കെയോ മണക്കുന്നുവെന്ന സംശയം ബലപ്പെട്ടു. 59,000 കോടി രൂപയുടെ ഈ കരാറിൽ സർക്കാറിന് പലതും മറച്ചുവെക്കാനുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതായിരുന്നു ഓരോ നീക്കവും. എന്നാൽ, കരാറുമായി ബന്ധപ്പെട്ടുയരുന്ന വിമർശനങ്ങളെ 'രാജ്യരക്ഷ' എന്ന തങ്ങളുടെ സ്ഥിരം നമ്പറെടുത്തിട്ട് പ്രതിരോധിക്കാനാണ് സർക്കാറും ബി.ജെ.പി കേന്ദ്രങ്ങളും തയാറായത്. പുതിയ കരാർപ്രകാരം ഒരു വിമാനത്തിന് എന്തു വിലയാകുമെന്ന് വെളിപ്പെടുത്താൻപോലും സർക്കാർ സന്നദ്ധമായില്ല. മൊത്തം 59,000 കോടി രൂപയാകും എന്നു പറയുമ്പോൾ ഒരു വിമാനത്തിന് 1670 കോടി രൂപയാകുമെന്ന് കണക്കുകൂട്ടിയെടുക്കാം. എന്നാൽ, ആദ്യ കരാറിൽ ഒരു വിമാനത്തിന് 527 കോടി രൂപയേ വില വരുമായിരുന്നുള്ളൂ. അങ്ങനെ നോക്കുമ്പോൾ 30,000 കോടി രൂപ ഇന്ത്യക്ക് അധികബാധ്യത വരുമെന്ന് കണക്കാക്കാം. പക്ഷേ, എന്തു ചെയ്യാൻ പറ്റും? ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. എന്തു ചോദിച്ചാലും സേനയുടെ മനോവീര്യം കെടുത്തൽ, രാജ്യരക്ഷ, പാകിസ്താൻ തുടങ്ങിയ വാദങ്ങൾ ഉന്നയിച്ച് അതിനെ അടിച്ചമർത്തിക്കളയും. ഇത്തരം ആഖ്യാനങ്ങൾ വരുമ്പോൾ ധൈര്യപൂർവം നേരിടാനുള്ള ദാർഢ്യമൊന്നും പ്രതിപക്ഷത്തിനുമില്ല. രാഹുൽ ഗാന്ധി നിരന്തരമായി ഇത് ഉന്നയിച്ചിരുന്നു എന്നത് മറക്കുന്നില്ല. പക്ഷേ, അദ്ദേഹം ഉന്നയിച്ച സംശയങ്ങളെ ശരിയാംവിധം ഏറ്റെടുക്കാൻ കോൺഗ്രസ് പാർട്ടിക്കുപോലും സാധിച്ചില്ല എന്നതാണ് വാസ്തവം. അങ്ങനെയാണ് സംഗതി കോടതിയിലെത്തുന്നത്. റഫാൽ ഇടപാട് സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. പക്ഷേ, സുപ്രീംകോടതിയും ബി.ജെ.പിയുടെ അതേ നമ്പർ എടുത്തിട്ടു. കരാറിെൻറ വിശദാംശങ്ങൾ പരിശോധിക്കാൻ കഴിയില്ലെന്നും പ്രതിരോധ കരാറുകൾ പരിശോധിക്കുന്നതിൽ പരിമിതിയുണ്ടെന്നും ബഹുമാനപ്പെട്ട കോടതിയും കണ്ടെത്തി!
ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും കോടതികളും റഫാലിനെ മറന്ന സന്ദർഭത്തിലാണ് ഫ്രാൻസിൽ പുതിയ ബോംബ് പൊട്ടുന്നത്. റഫാൽ ഇടപാടിൽ ആയുധവ്യാപാര ദല്ലാളിന് 8.6 കോടിയോളം രൂപ കോഴ ലഭിച്ചെന്ന് ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജൻസി (എ.എഫ്.എ) കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നത് ഏതാനും ദിവസങ്ങൾക്കുമുമ്പാണ്. യു.പി.എ സർക്കാറിെൻറ കാലത്ത് നടന്ന അഗസ്റ്റ വെസ്റ്റ്ലൻഡ് ഹെലികോപ്ടർ ഇടപാട് കേസിൽ പ്രതിയായ സുശേൻ ഗുപ്തയുടെ കമ്പനിക്കാണ് പണം ലഭിച്ചതെന്നാണ് വെളിപ്പെടുത്തൽ. പാരിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്വേഷണാത്മക വെബ്സൈറ്റായ മീഡിയ പാർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സുശേൻ ഗുപ്തയുടെ കമ്പനിക്കാണ് മേൽ തുക കൈമാറിയിരിക്കുന്നതെന്നാണ് വെളിപ്പെടുത്തൽ. ഇടപാടുകാർക്കുള്ള സമ്മാനം എന്ന ഗണത്തിൽ ഇങ്ങനെ തുക കൈമാറിയതിെൻറ രേഖകൾ ദസോയുടെ കണക്കുപുസ്തകത്തിൽതന്നെയുണ്ട്. ഇത്രയും വലിയ തുക എങ്ങനെ ഈ ഗണത്തിൽ നൽകുന്നു എന്ന അന്വേഷണമാണ് അഴിമതിയുടെ ആഴം കണ്ടെത്താൻ സഹായിച്ചത്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ സുശേൻ ഗുപ്ത കൈക്കലാക്കിയെന്ന ആരോപണവും ഉയരുന്നുണ്ട്. രാജ്യരക്ഷാവാദികൾ ഇതേക്കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.
റഫാൽ കരാറിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഫ്രഞ്ച് പബ്ലിക് േപ്രാസിക്യൂഷനിലെ ധനകാര്യ കുറ്റകൃത്യ വിഭാഗം നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. രാജ്യരക്ഷപോലുള്ള നമ്പറുകളിറക്കി ഇത്തരം അന്വേഷണങ്ങളെ ഇല്ലാതാക്കാൻ ഫ്രാൻസിൽ സാധിച്ചുകൊള്ളണമെന്നില്ല. മുൻ ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വാ ഒാലൻഡിെൻറ ഭാര്യ അഭിനയിച്ച സിനിമക്കുവേണ്ടി അനിൽ അംബാനി ഗ്രൂപ് കോടികൾ മുടക്കിയ കാര്യം നേരേത്ത വെളിച്ചത്തുവന്നിരുന്നു. അത് അന്വേഷിക്കാനിറങ്ങിയ ഫ്രഞ്ച് സർക്കാറിതര സംഘടനയായ 'ഷെർപ' കരാറിനെക്കുറിച്ച വിശദ പരിശോധനക്ക് അവിടെ പരാതിയും നൽകിയിട്ടുണ്ട്. ആയുധദല്ലാളന്മാരുടെ ദുരൂഹമായ ഇടപാടുകളെക്കുറിച്ചും ഇന്ത്യയിലെ ഭരണവർഗത്തിെൻറ അതിലുള്ള പങ്കിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ എന്നു ചുരുക്കം. രാജ്യരക്ഷാവാദമുയർത്തി, കോടതിയടക്കം അടച്ചുമൂടാൻ ശ്രമിച്ച വലിയൊരു അഴിമതിയുടെ ഉള്ളറക്കഥകൾ അത്രയെളുപ്പം മറച്ചുവെക്കാൻ കഴിയില്ലെന്ന സന്ദേശമാണ് ഫ്രാൻസിൽനിന്നുള്ള വാർത്തകൾ നൽകുന്നത്. എന്നാൽ, പുതിയ വെളിപ്പെടുത്തലുകളെയും ഗൗരവത്തിൽ എടുത്തുയർത്താൻ ഇന്ത്യയിലെ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. രാജ്യരക്ഷാ കാർഡ് കാണിക്കുമ്പോൾ അവരും വിറച്ചുപോകുകയാണോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.