പാർലമെന്റിലും നിയമസഭകളിലും മൂന്നിലൊന്ന് വനിത സംവരണം വ്യവസ്ഥചെയ്യുന്ന ഭരണഘടന ഭേദഗതി ലോക്സഭ വൻ ഭൂരിപക്ഷത്തോടെയും (454-2) രാജ്യസഭ ഏകകണ്ഠമായും പാസാക്കി. ഈ ഘട്ടത്തിൽ വീണ്ടും ഉയർന്നുവന്ന ആവശ്യമാണ് സംവരണത്തിനകത്ത് ഇതര പിന്നാക്ക ജാതിക്കാർക്കും (ഒ.ബി.സി) സംവരണം വേണമെന്നതും അതിന് ജാതിസംവരണം നടത്തണം എന്നതും. എൻ.ഡി.എ സർക്കാർ പല നിയമനിർമാണത്തിലും ചെയ്തതുപോലെ ധിറുതിയിൽ കൊണ്ടുവന്ന ഈ ബില്ലിനെ സർവാത്മനാ സ്വാഗതംചെയ്യുകയും അതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയും ചെയ്യും മുമ്പേ ഈ ആവശ്യമുന്നയിച്ച് പ്രതിപക്ഷ കക്ഷികൾ, മുഖ്യമായും ഇൻഡ്യ സഖ്യത്തിലെ കക്ഷികൾ, ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമായിരുന്നു ഒ.ബി.സി സംവരണം.
ബിൽ പാസായിക്കഴിഞ്ഞാൽ മറ്റൊരു ഘട്ടത്തിൽ അതിനുവേണ്ടി പ്രത്യേക മുറവിളി കൂട്ടേണ്ടിവരുമെന്ന സാഹചര്യമാണുണ്ടാവുക. ആദ്യമായി 1996ൽ കേന്ദ്രത്തിലെ ഐക്യമുന്നണി മന്ത്രിസഭക്കുകീഴിൽ വനിത സംവരണ ബിൽ അവതരിപ്പിച്ചപ്പോൾതന്നെ ലോക്സഭയുടെ പരിശോധന സമിതി പ്രസ്തുത ആവശ്യം ‘ഉചിതമായ സമയത്ത്’പരിഗണിക്കണമെന്ന് ശിപാർശചെയ്തിരുന്നു. ഒടുവിൽ അത് പാസാകാതെപോയതും അന്നത്തെ ഘടകകക്ഷികൾക്കുതന്നെ ഒ.ബി.സി സംവരണം ഇല്ലാതെ പാസാക്കുന്നതിനോട് യോജിപ്പില്ലാതിരുന്നതുകൊണ്ടാണ്. ഇപ്പോൾ ഈ ആവശ്യംവെച്ച് ബില്ലിനെ എതിർത്താൽ തങ്ങൾ സ്ത്രീസംവരണത്തെ അനുകൂലിക്കുന്നില്ലെന്ന മുദ്ര വരും എന്നു ഭയന്നാകും അതിനവർ മുതിരാതിരുന്നത്. 2010ൽ യു.പി.എ ഭരണകാലത്തും സമാന ബിൽ രാജ്യസഭ പാസാക്കിയശേഷം ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ മതിയായ പിന്തുണകിട്ടാതെ ബിൽ മരവിച്ചുപോയത്, അന്നത്തെ മുഖ്യ ഭരണകക്ഷിയായ കോൺഗ്രസുമായി സൗഹൃദത്തിലായിരുന്ന കക്ഷികൾ തന്നെ ഒ.ബി.സി സംവരണത്തിൽ നിർബന്ധം പിടിക്കുകയും കോൺഗ്രസ് അതിനു വഴങ്ങാതിരിക്കുകയും ചെയ്തതുകൊണ്ടാണ്.
എന്നാൽ ഇന്ന് ചിത്രം മാറി, കോൺഗ്രസും ഒ.ബി.സി സംവരണം ആവശ്യപ്പെടുന്ന ഇതര പ്രതിപക്ഷ കക്ഷികളും ഇക്കാര്യത്തിൽ ഒരേ നിലപാടിലാണെന്നു പറയാം. ഒപ്പം, അതിന് മുന്നുപാധിയായ ജാതി സർവേ നടത്തണമെന്ന കാര്യത്തിലും അവർ ഏകോപിച്ചിരിക്കുന്നു. കോൺഗ്രസിന്റെ മുൻനിര നേതാക്കളുടെ കൂട്ടത്തിൽ രാഹുൽ ഗാന്ധിയും ഇക്കാര്യം ചർച്ചയിൽ ഊന്നിപ്പറഞ്ഞു. പിന്നാക്കക്കാർക്ക് ഭരണരംഗത്തുള്ള നാമമാത്ര പ്രാതിനിധ്യത്തിന്റെ ഉദാഹരണമായി കേന്ദ്ര മന്ത്രാലയങ്ങളിലെ 90 സെക്രട്ടറിമാരിൽ പിന്നാക്കക്കാർ വെറും മൂന്നു പേരു മാത്രമാണ് എന്ന് രാഹുൽ ചൂണ്ടിക്കാട്ടിയതും പ്രസക്തമാണ്.
വനിത സംവരണത്തിലെ ഒരു ചതിക്കുഴിയെന്നുതന്നെ പറയാവുന്ന വശമാണ് അതിൽ ഒ.ബി.സി സംവരണത്തിന്റെ അഭാവം. ലോക്സഭയിലേക്കും ഒരതിരുവരെ സംസ്ഥാന നിയമസഭകളിലേക്കും തിരഞ്ഞെടുക്കപ്പെടേണ്ട വനിത സ്ഥാനാർഥികൾ നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതകളേക്കാൾ, ഉയർന്ന വിദ്യാഭ്യാസ-ആശയവിനിമയ-നേതൃശേഷിയും വൈജ്ഞാനിക നിലവാരവും ഉണ്ടാകേണ്ടവരാണ്. നിലവിലെ അവസ്ഥയിൽ ഒ.ബി.സി വിഭാഗത്തിൽപെട്ടവർ ഈ തുറന്ന മത്സരത്തിൽ മുന്നാക്ക വിഭാഗത്തിലെ സ്ത്രീകളുമായി മത്സരിച്ചാൽ പിന്തള്ളപ്പെടും. ഇതിനു പരിഹാരമാകാൻ പിന്നാക്ക സംവരണം സഹായിക്കുമെന്നു മാത്രമല്ല, ഒരർഥത്തിൽ അതിന്റെ അഭാവത്തിൽ വനിത സംവരണം മുന്നാക്ക വിഭാഗങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ കലാശിക്കുകയും ചെയ്യും. വ്യക്തിതലത്തിലല്ല, രാഷ്ട്രീയപാർട്ടികളാണ് മത്സരിക്കുന്നത് എന്നത് അംഗീകരിച്ചാലും വ്യക്തിപ്രഭാവത്തിന്റെ ഘടകം തെരഞ്ഞെടുപ്പുകളിൽ ഉണ്ടെന്നതും മറന്നുകൂടാ. പിന്നാക്ക ജാതികൾ ഭൂരിപക്ഷമുള്ള പാർട്ടികൾക്കും ഇത് പ്രതികൂല ഘടകമായിവരും. മണ്ഡല പുനർനിർണയത്തിൽ വനിത സംവരണ മണ്ഡലങ്ങൾ നിശ്ചയിക്കുമ്പോൾ സന്തുലിതമായ മത്സരത്തിനുള്ള അവസരങ്ങൾ ഉറപ്പുവരുത്തുകയും വേണ്ടതുണ്ട്.
പ്രതിപക്ഷത്തെ പല എം.പിമാരും ഉന്നയിച്ച ആവശ്യമായിരുന്നു ജാതി സെൻസസ്. ഇവ്വിഷയകമായി ബിഹാർ സർക്കാർ തുടങ്ങിവെച്ചതും പട്ന ഹൈകോടതിയിലൂടെ കടന്ന് അവസാനം ഇപ്പോൾ സുപ്രീംകോടതിയിൽ എത്തിയതുമായ ഒരു പ്രക്രിയ അപൂർണമായി നിൽക്കുന്നുണ്ട്. മാത്രമല്ല ‘ഇൻഡ്യ’സഖ്യം ഈയിടെയായി കൂട്ടായും ഇപ്പോൾ വെവ്വേറെയും ഈ ആവശ്യമുന്നയിച്ചിരിക്കുന്നു. ദേശീയാടിസ്ഥാനത്തിൽ നടക്കേണ്ടിയിരുന്ന 2021ലെ സെൻസസ് കോവിഡ് കാരണം വൈകിയതിനുപുറമെ കേന്ദ്രത്തിന്റെ അനാസ്ഥ കാരണം ഇതുവരെയും മുന്നോട്ടുപോയിട്ടില്ല. അതിനിടയിലാണ് ബിഹാർ സംസ്ഥാനതലത്തിൽ ആ ഉദ്യമത്തിനിറങ്ങിയത്. സെൻസസ് നൽകുന്ന ജനസംഖ്യ കണക്കുകളും സാമൂഹിക-വിദ്യാഭ്യാസ-സാമ്പത്തിക അവസ്ഥയെക്കുറിച്ച സ്ഥിതിവിവരങ്ങളുംവെച്ചു വേണം യഥാർഥ പിന്നാക്കാവസ്ഥ നിർണയിക്കാൻ. എന്നാൽ, ബിഹാർ നീക്കത്തെ കോടതിയിൽ എതിർക്കുന്നവർ സെൻസസ് നടത്താൻ കേന്ദ്ര സർക്കാറിന് മാത്രമേ അധികാരമുള്ളൂ തുടങ്ങിയ എതിർപ്പുകൾ ഉയർത്തുന്നതും കേന്ദ്രത്തിന്റെതന്നെയും അത്തരം എതിർപ്പും മുന്നിലുണ്ട്. എന്നിരിക്കെ, ബിൽ പാസായിക്കഴിഞ്ഞാലുള്ള സാഹചര്യങ്ങളിൽ നടപടികൾ എത്രമാത്രം ജാതിവിവരങ്ങൾ അടിസ്ഥാനമായി ആവും എന്നത് ഒരു ചോദ്യചിഹ്നമാണ്.
സെൻസസിനും മണ്ഡല പുനർനിർണയത്തിനുംശേഷം മാത്രമേ ബിൽ നടപ്പാക്കൂ എന്ന് സർക്കാർ പറയുന്നത് അംഗീകരിച്ചാലും 1931നുശേഷം ഇന്ത്യയിൽ ജാതിയടക്കമുള്ള ഒരു സെൻസസ് നടന്നിട്ടില്ല എന്നതും ഓർക്കണം. ശേഷമുള്ള ദശവർഷ സെൻസസുകളിൽ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ കണക്കെടുപ്പുകളേ നടന്നിട്ടുള്ളൂ. ഒ.ബി.സി വിഭാഗങ്ങളുടേതില്ല. 1931ൽ രാജ്യത്തെ ജനസംഖ്യ 54 കോടി ആയിരുന്നത് ഇന്ന് 140 കോടിയാണ്. അതോടൊപ്പം ജാതികളുടെ കണക്കുകളിലും ഏറെ വിവരം പുതുക്കൽ അനിവാര്യമാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു ജാതി സെൻസസ് നടത്തുകയും തദടിസ്ഥാനത്തിൽ വനിത സംവരണ മണ്ഡലങ്ങൾ നിർണയിക്കുകയും ഒപ്പം, പിന്നാക്ക സമുദായങ്ങൾക്കടക്കം സംവരണം ഉൾപ്പെടുത്തുകയും ചെയ്താലേ വനിത സംവരണത്തിന്റെ ഉദ്ദിഷ്ട ഗുണം ലഭ്യമാകൂ. ഇല്ലെങ്കിൽ വനിതകൾക്ക് കിട്ടുന്ന സംവരണത്തിലൂടെ കുറച്ചുകൂടി മുന്നാക്ക വിഭാഗങ്ങളിലെ അംഗങ്ങൾ ലോക്സഭയിലും നിയമസഭകളിലും എത്തിയെന്നുവരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.