മോദി ചോദിച്ചു, ന്യൂനപക്ഷ മോർച്ചയിൽ എത്ര മുസ്‍ലിംകളുണ്ട്; ആളെക്കൂട്ടാനിറങ്ങി ബി.ജെ.പി

ഈ മാസം ആദ്യമാണ് ഹൈദരാബാദിൽ ബി.ജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗം ചേർന്നത്. സുപ്രധാനമായ തീരുമാനങ്ങളാണ് യോഗത്തിൽ ​കൈക്കൊണ്ടത്. വരുന്ന നാല് പതിറ്റാണ്ട് കൂടി ബി.ജെ.പി ഇന്ത്യ ഭരിക്കുമെന്നും ദക്ഷിണേന്ത്യ അടക്കിവാഴും എന്നുമാണ് യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. അതേസമയം, സുപ്രധാനമായ ഒരു ചോദ്യം യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉയർത്തിയതായി ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നു. രാജ്യത്തെ ബി.ജെ.പിയുടെ ഒ.ബി.സി മോർച്ചയിൽ എത്ര മുസ്‍ലിം അംഗങ്ങൾ ഉണ്ട് എന്നായിരുന്നു മോദിയുടെ ചോദ്യം.

പാർട്ടി ടിക്കറ്റിൽ ഒരൊറ്റ മുസ്‍ലിമിനെയും മത്സരിപ്പിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും കേന്ദ്ര കാബിനറ്റംഗമായ മുഖ്താർ അബ്ബാസ് നഖ്‍വി എന്ന മുസ്‍ലിം നാമധാരിക്ക് രാജ്യസഭയിൽ ഇനിയൊരവസരം നൽകാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ച പാർട്ടിയുടെ പ്രധാനമന്ത്രിയാണ് ഇങ്ങനെ ഒരു ചോദ്യം ഉയർത്തിയത്. രാജ്യത്തിന്റെ ഭരണചക്രത്തിന്റെ അടുത്ത ഘട്ടത്തിൽ ബി.ജെ.പിയും ആർ.എസ്എസും എനതാണ് ലക്ഷ്യംവെക്കുന്നത് എന്നതിന്റെ കൂടി സൂചനയാണ് മോദിയുടെ ഈ ചോദ്യം. ഒ.ബി.സി മോർച്ചയിലെ മുസ്‍ലിംകളുടെ എണ്ണം എടുക്കുക മാത്രമല്ല മോദി ചെയ്തത്, ഉത്ത​രേന്ത്യയിലെ മുസ്‍ലിംകൾക്കിടയിലെ പിന്നാക്ക വിഭാഗമായ പസ്മന്ദ മുസ്‍ലിംകളെ പാർട്ടിയോട് അടുപ്പിക്കണം എന്നും മോദി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

യു.പി, ബീഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇറച്ചിവെട്ട് അടക്കമുള്ള ചെറുകിട തൊഴിലുകൾ ​ചെയ്യുന്ന മുസ്‍ലിം പിന്നാക്ക വിഭാഗമാണ് പസ്മന്ദകൾ. ഉത്തരേന്ത്യയിൽ ആർ.എസ്.എസ്-ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാക്കപ്പെടുന്നതും ഇക്കൂട്ടരാണ്. ഗോവധം ആരോപിച്ച് ഹിന്ദുത്വ തീവ്രവാദികൾ നിരന്തരം ലക്ഷ്യംവെക്കുന്നത് ഇവരെയാണെന്നതും വിസ്മരിച്ചുകൂടാ. ഈ വിഭാഗത്തെ ന്യൂനപക്ഷ മോർച്ചയിൽ എത്തിക്കണം എന്നാണ് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം പാസ്മന്ദ മുസ്‍ലിംകളെ ഒ.ബി.സി മോർച്ചയിൽ ഉൾപ്പെടുത്താൻ ബി.ജെ.പി ഒരുങ്ങുന്നതായി 'ദി പ്രിന്റ്' ആണ് റിപ്പോർട്ട് ചെയ്തത്. ഒ.ബി.സി മോർച്ചയിലെ പ്രാതിനിധ്യം പാർട്ടിയുടെ സംഘടനാ കാര്യങ്ങളിൽ പസ്മന്ദകൾക്ക് ഒരു ശബ്ദം ഉറപ്പുനൽകുന്നില്ലെങ്കിലും പ്രതീകാത്മകതയുടെ കാര്യത്തിൽ അത് പ്രധാനമാണ്.

പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ എത്ര മുസ്‍ലിം സമുദായാംഗങ്ങൾ ഒ.ബി.സി മോർച്ചയുടെ ഭാഗമാണെന്ന് മോദി ചോദിച്ചതായി മുതിർന്ന ബി.ജെ.പി നേതാവ് പറഞ്ഞു. "സംസ്ഥാന തലത്തിൽ ഞങ്ങൾക്ക് കുറച്ച് പ്രാതിനിധ്യമുണ്ട്. പക്ഷേ ദേശീയ തലത്തിൽ അല്ല. പാസ്മന്ദ സമുദായത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് പ്രധാനമന്ത്രി അന്വേഷിച്ചതിന് ശേഷം, ദേശീയ തലത്തിൽ ഒ.ബി.സി മോർച്ചയിൽ സമുദായത്തിൽ നിന്നുള്ള അംഗങ്ങളെ ഉൾപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു" -പാർട്ടി നേതാവ് പറഞ്ഞു.

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന സമുദായത്തിലെ ഒ.ബി.സി മുസ്‌ലിംകളെയാണ് 'പസ്മന്ദ' എന്ന പദം സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ മുസ്ലീം ജനസംഖ്യയുടെ 80-85 ശതമാനവും പസ്മന്ദകൾ ആണെന്നാണ് റിപ്പോർട്ട്. സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ പസ്മന്ദ മുസ്ലീങ്ങളെപ്പോലുള്ള അഹിന്ദുക്കൾക്കിടയിലെ മറ്റ് അവശതയുള്ള വിഭാഗങ്ങളിലേക്ക് എത്തിച്ചേരാൻ മോദി തന്റെ പാർട്ടി സഹപ്രവർത്തകരെ നേരത്തെ ഉപദേശിച്ചിരുന്നു.

"രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പാർശ്വവൽക്കരിക്കപ്പെട്ട മുസ്‍ലിംകളിലെ പിന്നാക്ക ജാതിക്കാർക്ക് ഇടം നൽകുന്നതിലൂടെ, അവർ പാർട്ടികളുടെ വോട്ട്ബാങ്കല്ലെന്നും അവരെ പ്രധാനപ്പെട്ടതും പ്രാധാന്യമുള്ളവരുമായി കണക്കാക്കുന്നുവെന്നുമുള്ള സന്ദേശം മുഴുവൻ പസ്മന്ദ സമുദായത്തിനും നൽകാം. അവർക്ക് നേതൃസ്ഥാനങ്ങളും ലഭ്യമാക്കാം" -ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാൻ അതിഫ് റഷീദ് പ്രിന്റിനോട് പറഞ്ഞു.

പാർട്ടിയിലോ സർക്കാരിലോ കമ്മീഷനുകളിലോ ചില സ്ഥാനങ്ങൾ നൽകി അവരെ ബി.ജെ.പിയുമായി ബന്ധിപ്പിക്കുന്നത് നല്ല നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ ഹൈദരാബാദിൽ നടന്ന പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ, പസ്മന്ദ സമുദായത്തിൽ സർക്കാർ നയങ്ങൾ ചെലുത്തുന്ന സ്വാധീനം വിശകലനം ചെയ്യാനും പദ്ധതി ആവിഷ്‌കരിക്കാനും പാർട്ടിയുടെ ഉത്തർപ്രദേശ് ഘടകത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. അവർക്കായി ഒരു ഔട്ട്റീച്ച് പ്രോഗ്രാം പ്ലാൻ ചെയ്യാനും ആവശ്യപ്പെട്ടു.

ഒ.ബി.സി മോർച്ചയിൽ പസ്മന്ദ സമുദായത്തിന് പ്രാതിനിധ്യം ഉണ്ടെന്ന് ഉറപ്പാക്കാൻ, നിയമനങ്ങൾ എത്രയും വേഗം നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മറ്റൊരു ഭാരവാഹി പറഞ്ഞു. "സവർണ്ണ മുസ്‌ലിംകൾ വർഷങ്ങളായി പസ്മന്ദ സമുദായത്തെ കീഴടക്കി. സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്നവരാണ് അവർ. മുൻ സർക്കാരുകൾ അവരുടെ ക്ഷേമത്തിനായി കാര്യമായൊന്നും ചെയ്തിട്ടില്ല. അവർക്ക് ശബ്ദം നൽകാൻ മാത്രമല്ല, അവരെ ഉയർത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു" -അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ യോഗി സർക്കാരിൽ മുഹ്‌സിൻ റാസക്ക് പകരം പസ്മന്ദ സമുദായത്തിൽപ്പെട്ട ഡാനിഷ് അൻസാരിയെ മന്ത്രിയാക്കിയത് ബി.ജെ.പിയാണ്. ഇത് മാത്രമല്ല, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, മദ്രസ ബോർഡ് എന്നിവയുടെ അധ്യക്ഷന്മാരും പസ്മന്ദ സമുദായത്തിൽപ്പെട്ടവരാണ്. കഴിഞ്ഞ മാസം അസംഗഡിലേക്കും രാംപൂരിലേക്കും നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വിജയിച്ചതിന് ശേഷമാണ് ഇത് സംഭവിച്ചത്. രണ്ടിടത്തും ഗണ്യമായ മുസ്‍ലിം ജനസംഖ്യയുണ്ട്.

സർക്കാരിലും പാർട്ടിയിലും തങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനു പുറമേ, എം.പിമാർ, എം.എൽ.എമാർ എന്നിവരിലൂടെ പസ്മന്ദ സമുദായത്തെ സമീപിക്കാനും മോദി സർക്കാരിന്റെ ക്ഷേമപദ്ധതികളെക്കുറിച്ച് അവരെ ബോധവാന്മാരാക്കാനും ബി.ജെ.പി പദ്ധതിയിടുന്നുണ്ട്.

Tags:    
News Summary - Modi asked how many Muslims are there in the Minority Morcha; BJP came together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.