‘കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാൽ തലയും വെട്ടും’ എന്നു വിദ്യാർഥികൾ മുദ്രാവാക്യം വിളിക്കുന്ന ചില ദൃശ്യങ്ങൾ ഞാൻ കണ്ടു. പ്രിൻസിപ്പൽമാരും, അധ്യാപകരും അത്രക്ക് നീചരും വ്യാജരുമാണോ? സ്വകാര്യ കോളജുകളിലും സർക്കാർ കോളജുകളിലും പിന്നെ ദീർഘകാലം കേരള, കാലിക്കറ്റ് സർവകലാശാലകളിലും ഞാൻ അധ്യാപകനായിരുന്നു. പക്ഷേ, ഇന്നു കേൾക്കുന്ന മുദ്രാവാക്യങ്ങൾ കേട്ടിട്ടില്ല
‘കേരളത്തിന്റെ പുനർനിർമിതിയുടെ പുതുയുഗത്തിലേക്ക് നാം കാലുകുത്തുന്നു’ എന്നു പറഞ്ഞാണ് 2021ലെ ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രിക തുടങ്ങുന്നത്. വ്യക്തികളായാലും, സമൂഹമായാലും, രാഷ്ട്രമായാലും, സ്ഥാപനമായാലും പുനർനിർമിക്കപ്പെടണമെങ്കിൽ തങ്ങളുടെ പരിമിതികളെക്കുറിച്ചും, പോരായ്മകളെക്കുറിച്ചും നല്ല ബോധ്യമുണ്ടാകണം. നിലവിലുള്ള സത്യങ്ങളെ ചോദ്യം ചെയ്തിടത്തുനിന്നാണ് നവോത്ഥാനം രൂപംകൊണ്ടത്. ഒരിക്കൽ സത്യമെന്നും, ചോദ്യംചെയ്യാൻ പാടില്ലാത്തതെന്നും കരുതിയിരുന്ന കാര്യങ്ങൾ ചൂഷണത്തിന്റെ ഉപകരണങ്ങളും അടയാളങ്ങളുമാണെന്ന് തിരിച്ചറിയാൻ തക്കവണ്ണം കേരള ജനതയുടെ അവബോധവും സംവേദനക്ഷമതയും ഉത്തേജിപ്പിക്കാൻ പാകത്തിൽ സാഹിത്യസൃഷ്ടികളും, സാമൂഹികപരിഷ്കർത്താക്കളും ഇവിടെ ചലനങ്ങൾ സൃഷ്ടിച്ചു. അപ്പോഴാണ് ആധുനിക കേരളം നാമ്പിട്ടത്.
‘മാറ്റുവിൻ ചട്ടങ്ങളെ’ എന്നു പറയുന്നതിനുമുമ്പ് ‘നെല്ലിൻ ചുവട്ടിൽ മുളക്കും കാട്ടുപുല്ലല്ല സാധു പുലയൻ’ എന്ന് മനസ്സിൽ തട്ടി ആശാൻ നിലവിളിച്ചു. ‘ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ’ എന്നു പതിതരെ ചേർത്ത് നിർത്തി പ്രതികരിക്കാൻ പ്രത്യയശാസ്ത്രത്തെ കൂട്ടുപിടിച്ച് ഒരുപറ്റം വിപ്ലവകാരികൾ മുന്നോട്ടുവന്നതിന്റെ പരിണിതഫലമായിരുന്നു 1957ൽ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സർക്കാർ. നീണ്ട 66 വർഷങ്ങൾ നാം പിന്നിട്ടിരിക്കുന്നു. പുത്തൻ നാളെയുടെ പിറവിക്ക് സമഗ്രദർശനവും, പൊതുയുക്തിയുടെ വ്യാപനവും അനിവാര്യമാണ്. കേരള ‘മാതൃക’ പുനർനിർമിക്കാൻ യുക്തിസഹമായ സമൂഹം, ഗുണനിലവാരവും സാമൂഹികനീതിയിൽ ഊന്നിയതുമായ വിദ്യാഭ്യാസം, ആരോഗ്യമേഖലകൾ അദ്വിതീയമായ പ്രകൃതിസമ്പത്ത് വീണ്ടെടുക്കൽ, വഞ്ചിക്കപ്പെട്ട സഹകരണപ്രസ്ഥാനത്തിന്റെ പുനർജീവനം, മാറാവ്യാധിയായിത്തീർന്നിരിക്കുന്ന അഴിമതി കുറക്കൽ എന്നിങ്ങനെ എണ്ണമറ്റ മേഖലകളുടെ വീഴ്ചകൾ തിരുത്താതെ പുനർവിചാരം സാധ്യമല്ല.
യുക്തിയുടെ പൊതുമണ്ഡലം അനുസ്യൂതം വളരാതെ ജനാധിപത്യവും പുരോഗതിയും സാധ്യമല്ല. നവോത്ഥാനം സർവാശ്ലേഷി ആയിരുന്നു. ഹൈന്ദവ ജാതിവ്യവസ്ഥയും, അയിത്തവും, അനാചാരങ്ങളും മാത്രമായിരുന്നില്ല ക്രൈസ്തവ സഭകളിലും, മുസ്ലിം സമുദായത്തിലും നിലവിലിരുന്ന അന്ധവിശ്വാസങ്ങളും ചോദ്യംചെയ്യപ്പെട്ടു. കേരള പൊതുമണ്ഡലത്തിൽ യുക്തിസഹമായ സംവാദത്തിന് ഇടം വളർത്തിയതാണ് വക്കം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവിയുടെ (1873-1932) സംഭാവനയെന്ന് സജിത ബഷീർ എന്ന വിദ്യാഭ്യാസ വിദഗ്ധ ഈയിടെ രേഖപ്പെടുത്തിയത് ഓർക്കുകയാണ്.
അതേ കേരളത്തിലിന്ന് മന്ത്രവാദവും, നരബലിയും നടക്കുന്നുവെന്നത് വലിയ ഞെട്ടലൊന്നും സൃഷ്ടിക്കുന്നില്ല. മാരക ലഹരിപദാർഥങ്ങൾ യുവതലമുറയെ കീഴ്പ്പെടുത്തുന്നുവെന്നതും വലിയ വിപത്തായി കാണുന്നില്ല. രക്തസമ്മർദത്തിലും, ആത്മഹത്യാനിരക്ക് വർധനയിലും കേരളം മുമ്പിലാണെന്ന കാര്യം നാം മറക്കുന്നു. ഇന്ത്യൻ ജനസംഖ്യയുടെ 2.67 ശതമാനം മാത്രമുള്ള കേരളത്തിൽ ഏകദേശം ആറ് ശതമാനം ആത്മഹത്യനടക്കുന്നുവെന്ന് ക്രൈം റെക്കോഡ് ബ്യൂറോ സാക്ഷിപ്പെടുത്തുന്നു. സ്ത്രീ പീഡനം, ബലാത്സംഗങ്ങൾ, കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങൾ എന്നിവയിലും ഒട്ടും പിറകിലല്ല.
ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ മതമേലധ്യക്ഷന്മാരുടെ സാന്ദ്രത ഇവിടെയാണെന്ന എന്റെ പരികൽപന മുന്നോട്ടുവെക്കുമ്പോൾതന്നെ അവരുടെ ധാർമികതയുടെ പരാജയമാണ് കേരള യുവതലമുറയുടെയിടയിലെ ലഹരി വ്യാപനമെന്നും കൂടി പറഞ്ഞാൽ ചിലരെങ്കിലും നെറ്റിചുളിക്കില്ലെന്നു കരുതുന്നു. വ്യാജന്മാർ വിദ്യാർഥികൾക്കിടയിലോ, ഡോക്ടറന്മാരുടെ ഇടയിലോ, രാഷ്ട്രീയക്കാരുടെ ഇടയിലോ മാത്രമല്ല ആത്മീയമണ്ഡലത്തിലും മൊത്തം സമൂഹത്തിലും ആഴത്തിൽ പടർന്നുപന്തലിച്ചു കിടക്കുന്നു. ശാസ്ത്രീയതയും യുക്തിയും ധാർമികതയും വീണ്ടെടുക്കാതെ അർഥവത്തായ പൊതുമണ്ഡലം പണിയാനാവില്ല. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ മുതൽ പ്രധാനമന്ത്രിവരെ ആത്മവഞ്ചനയിലൂടെ സത്യം തമസ്കരിക്കുമ്പോൾ പരിഹാരം അകലെയാണ്!
മറ്റു വിഷയങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ് ഒരു കാര്യം വിട്ടുപോയത് എടുത്തുപറയട്ടെ. അത് 1970 കളുടെ അവസാനപാദം മുതൽ ഇന്നുവരെയുള്ള അതിഭീമമായ വിദേശ പണമൊഴുക്കും അത് വരുത്തിയ വളർച്ചയും അത് കൈകാര്യം ചെയ്യുന്നതിൽ ഭരണകൂടത്തിനും, സമൂഹത്തിനുമുണ്ടായ വീഴ്ചയുമാണ്. കൊട്ടിഘോഷിക്കപ്പെട്ട, കുറഞ്ഞ പ്രതിശീർഷ വരുമാനമുള്ള കേരളത്തിന്റെ മാനവികനേട്ടമെന്ന മോഡൽ പ്രതിഭാസം എന്നേ അപ്രത്യക്ഷമായി. സാമ്പത്തിക വളർച്ചനിരക്കിൽ, പ്രത്യേകിച്ച് പ്രതിശീർഷ വർധനയിൽ നാം മുൻനിരയിലാണ്. ക്രൈസ്തവസഭ, മുസ്ലിം നേതാക്കൾ, സംസ്കാരികലോകം, രാഷ്ട്രീയക്കാർ എന്നുവേണ്ട സകല മലയാളിക്കും ഗൾഫും അമേരിക്കയും വൻ മേച്ചിൽപുറങ്ങളായി. 1973 ൽ പ്രതിശീർഷ ഉപഭോഗത്തിൽ വളരെ താഴെയായിരുന്ന കേരളം 2000 മുതൽ ഒന്നാം സ്ഥാനത്തായി തുടരുന്നു.
മറ്റു പല സംസ്ഥാനങ്ങളിലെ വ്യവസായ ഉൽപന്നങ്ങളുടെ കമ്പോളമാണ് സംസ്ഥാനം. മോട്ടോർ വാഹനങ്ങൾക്കൊപ്പം റോഡുകൾ വളർന്നില്ല. അന്തരീക്ഷ മലിനീകരണവും, റോഡപകട മരണങ്ങളും അനുദിനം പെരുകുന്നു. സ്വർണക്കടത്തിന്റെ പറുദീസയാണ് കേരളം. നിർമിച്ച മണിമന്ദിരങ്ങളിൽ പലതിലും പാർക്കാൻ ആളില്ല. കേരളത്തിന്റെ മുക്കിലും മൂലയിലും ദേവാലയങ്ങൾ സംസ്കാരത്തിന്റെയും, സമ്പത്തിന്റെയും, ആത്മീയതയുടെയും അടയാളങ്ങളായി തല ഉയർത്തി നിൽക്കുന്നു. നാം എങ്ങോട്ട് എന്ന് മതമേലാളന്മാർ ആലോചിക്കാത്തത് എന്തുകൊണ്ട്? കേരള സർക്കാർ 2023 ജൂണിൽ പ്രസിദ്ധീകരിച്ച കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം 1.5 ലക്ഷം കോടി രൂപ വിദേശനാണയമായി ലഭിച്ചു.
ഒരു യാഥാസ്ഥിതിക മതിപ്പനുസരിച്ച് കഴിഞ്ഞ അമ്പതുവർഷക്കാലം അരലക്ഷം കോടി ഒരു വർഷം എന്ന് കണക്കാക്കിയാൽ 25 ലക്ഷം കോടി വരും. ഇന്നത്തെ നമ്മുടെ ആഭ്യന്തര ഉൽപാദനത്തിന്റെ രണ്ടര ഇരട്ടിയിൽ അധികമാണിത്. അനേകം സിംഗപ്പൂരുകൾ സൃഷ്ടിക്കാനുള്ള വകയുണ്ട്. അടുത്ത ലോകകേരള സഭയിൽ പ്രവാസികളുടെ എത്ര പണം പ്രത്യുൽപാദനപരമായി പ്രയോഗിച്ചുവെന്നതിനെക്കുറിച്ച് ഒരു റിപ്പോർട്ട് നൽകുന്നത് അസ്ഥാനത്താകില്ല.
കേരള ‘മാതൃക’യുടെ മുഖമുദ്രയായി പറയാറുള്ള വിദ്യാഭ്യാസം, ആരോഗ്യം എന്നീ മാതൃകകളെക്കുറിച്ചു നോക്കാം. കേരളത്തിൽ ഇന്ന് 1543 കോളജുകൾ ഉണ്ട്. 2021ലെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജുക്കേഷൻ അനുസരിച്ച് അത് 1448 ആയിരുന്നു. അവയിൽ എത്ര എണ്ണം ശരവേഗത്തിൽ വളരുന്ന ആധുനിക മാറ്റങ്ങളും, സാങ്കേതിക നൈപുണിയും വളർത്തുന്ന ചോദ്യങ്ങൾ ഉയർത്തുന്ന വേദികളായി?. 1972 ൽ സർക്കാർ അധ്യാപകരുടെയും, അനധ്യാപകരുടെയും ശമ്പള ബാധ്യത സർക്കാർ ഏറ്റെടുത്തതോടെ മാനേജ്മെന്റുകൾ ആർട്ട് ആൻഡ് സയൻസ് കോളജുകൾ സൃഷ്ടിച്ച് നിയമനക്കൊള്ള നടത്തിയ അനുഭവം എത്രപാതകമായിരുന്നു. അവർ പഴഞ്ചൻ കോഴ്സുകൾ നൽകി ഭാവിതലമുറയുടെ ഗുണനിലവാരം താഴ്ത്തി.
വെറുതെയല്ല കുട്ടികൾ അന്യദേശങ്ങളിൽ പോകുന്നത്. 2023 ലെ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻ.ഐ.ആർ.എഫ്) അനുസരിച്ച് ഇന്ത്യയിലെ ആദ്യത്തെ 100 റാങ്കിൽ കേരളത്തിലെ 14 കോളജുകളാണുള്ളത്. തമിഴ്നാട്ടിലെ 35 കോളജുകൾ ഈ പട്ടികയിലുണ്ടെന്ന് ഓർക്കണം. കോളജുകളിൽ 50 ശതമാനത്തിന്റെയെങ്കിലും ഗുണനിലവാരം ഉയരാതെ നാം എങ്ങുമെത്തില്ല. വ്യാജ ഡിഗ്രിക്കാരുടെ അനുപാതം ഒട്ടും കുറവല്ല. വ്യാജനും, നിർവ്യാജനും, പാലിൽ വെള്ളം പോലെ തുടരുന്നുവെന്നുവന്നാൽ കഷ്ടപ്പെട്ടു പഠിക്കുന്ന കുട്ടികളുടെ ധൈര്യവും ഉത്സാഹവും ചോർന്നുപോകും.
പണമുള്ളവർ നാടുവിടും. ഏതാണ്ട് ആയിരത്തോളം അഫിലിയേറ്റഡ് കോളജുകൾ കേരള കാലിക്കറ്റ്, എം.ജി, കണ്ണൂർ യൂനിവേഴ്സിറ്റികളുടെ കീഴിലുണ്ട്. ഓട്ടോണമസ് കോളജുകളുടെയും നിലവാരമുള്ള യൂനിവേഴ്സിറ്റികളുടെയും എണ്ണം വർധിപ്പിക്കുകയാണ് വേണ്ടത്. വ്യാജ പി.എച്ച്.ഡിക്കാരെയും, ഗെസ്റ്റ് അധ്യാപകരെയും കൊണ്ട് ഗുണനിലവാരം വർധിപ്പിക്കാൻ പറ്റുകില്ലെന്ന് ഓർക്കണം. കുടുംബം പണയപ്പെടുത്തിപ്പോലും കുട്ടികളെ വിദേശത്തേക്ക് പഠിക്കാൻ വിടുന്നത് അങ്ങോട്ടു കുടിയേറാൻ കൂടിയാണ്.
‘കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാൽ തലയും വെട്ടും’ എന്നു വിദ്യാർഥികൾ മുദ്രാവാക്യം വിളിക്കുന്ന ചില ദൃശ്യങ്ങൾ ഞാൻ കണ്ടു. പ്രിൻസിപ്പൽമാരും, അധ്യാപകരും അത്രക്ക് നീചരും വ്യാജരുമാണോ? ഒരു കോളജിലെ പ്രിൻസിപ്പൽ ശിഷ്യനുമൊത്ത് ആൾമാറാട്ടം നടത്തിയത് ഒറ്റപ്പെട്ട സംഭവമായി കരുതുകയാണ്. സ്വകാര്യ കോളജുകളിലും, സർക്കാർ കോളജുകളിലും, പിന്നെ ദീർഘകാലം കേരള, കാലിക്കറ്റ് സർവകലാശാലകളിലും ഞാൻ അധ്യാപകനായിരുന്നു.
പക്ഷേ ഇന്നു കേൾക്കുന്ന മുദ്രാവാക്യങ്ങൾ കേട്ടിട്ടില്ല. ഞാൻ യൂനിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോൾ എന്റെ സഹപാഠി ശാരദാമണിയും, അന്നു മലയാളം വിഭാഗത്തിൽ പഠിച്ച ഒ.എൻ.വി കുറുപ്പുമായിരുന്നു സ്റ്റുഡന്റ്സ് ഫെഡറേഷൻ നേതാക്കൾ. കുറുപ്പ് ഒന്നാം ക്ലാസും ഒന്നാം റാങ്കും വാങ്ങിയാണ് ജയിച്ചത്. ഞങ്ങളുടെ സീനിയറായിരുന്ന വെങ്കിടരമണൻ, ഐ.എ.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയെങ്കിലും ഇടതുവിദ്യാർഥി നേതാവായിരുന്നതിനാൽ ആദ്യം ജോലി നിഷേധിക്കപ്പെട്ട കഥ പ്രസിദ്ധമാണ്. എങ്ങനെയും ഡിഗ്രി കടന്നുകിട്ടി നേതാവായി വിലസാനല്ല അവർ പ്രസ്ഥാനത്തിൽ കയറിയത്.
നമുക്ക് ഭേദപ്പെട്ട സ്കൂൾ സമ്പ്രദായമുണ്ട്. ഉന്നത വിദ്യാഭ്യാസമാണ് വാസ്തവത്തിൽ സമൂഹത്തിന്റെ കർമശേഷി പണിയുന്നത്. അധ്യാപകരും വിദ്യാർഥികളും ചേർന്ന് വിജ്ഞാനത്തിന്റെ ചക്രവാളം വിപുലപ്പെടുത്തുന്ന പ്രക്രിയയാണ് ഉന്നതവിദ്യാഭ്യാസം. അഹോരാത്രം പഠനത്തോടൊപ്പം ഗവേഷണവും സംവാദങ്ങളും നടക്കുന്ന വേദികളാണ് നല്ല സർവകലാശാല കാമ്പസുകൾ. യേൽ, പ്രിൻസ്റ്റൺ, ഹാർവഡ്, ഓക്സ് ഫഡ് തുടങ്ങിയ സർവകലാശാലകളിൽ അധ്യാപകരും, വിദ്യാർഥികളും ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കുമ്പോൾ നടത്തുന്ന ചൂടേറിയ ചില സംവാദങ്ങൾ കാമ്പസ് സന്ദർശനവേളകളിൽ കണ്ടിട്ടുണ്ട്. എന്റെ നാട്ടിൽ അതില്ലല്ലോ എന്നോർത്ത് സങ്കടപ്പെട്ടിട്ടുമുണ്ട്.
പരിണാമസിദ്ധാന്തം സിലബസിൽ നിന്നു മാറ്റിയല്ല, അതിനെതിരെ ഗവേഷണം നടത്തി വെല്ലുവിളിക്കുമ്പോഴാണ് അറിവിന്റെ അതിരുകൾ വളരുക. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസമേഖല 2023 ലെ എൻ.ഐ.ആർ.എഫ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണം 4.8 ശതമാനം മാത്രമെ സംഭാവന ചെയ്യുന്നുള്ളൂ. ചൈനയുടെ 2018 ലെ സംഭാവന 26 ശതമാനമാണ്. സത്യം മുഴുവനും തങ്ങളുടെ പക്കലാണെന്ന് ശഠിക്കുന്ന അൽപന്മാർക്ക് കൂവാനും, കൊലവിളിക്കാനും മാത്രമെ സാധിക്കുകയുള്ളൂ.
വിദേശപ്പണത്തിന്റെ ദുര്യോഗം ഏറെ ഏറ്റുവാങ്ങിയ മേഖലയാണ് ആരോഗ്യം. ആരോഗ്യമേഖലയുടെ അതിരുകടന്ന കമ്പോളവത്കരണം സർക്കാർ മേഖലയെ ബലഹീനമാക്കി. സാധാരണക്കാരുടെ ഒരു നല്ല പങ്ക് സേവനത്തിനും മരുന്നുകൾക്കും അതീവ വിലകൊടുക്കേണ്ടിവരുന്നതിനാൽ കടക്കെണിയിൽ അകപ്പെടുന്നു. അവയവദാനംപോലും അമ്പരപ്പിക്കുന്ന കച്ചവടമായി. പണംകൊടുത്ത് മെഡിക്കൽ അഡ്മിഷൻ വാങ്ങി ജയിച്ചു വരുന്ന ഗുണനിലവാരമില്ലാത്ത ആരോഗ്യവിദഗ്ധർ രോഗശമനത്തേക്കാൾ അപകടങ്ങൾ വിളിച്ചു വരുത്തുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിശീർഷ ഉപഭോഗമുള്ള കേരളത്തിൽ ഖര, ദ്രവമാലിന്യങ്ങൾ കുന്നുകൂടാൻ തുടങ്ങി. ആശുപത്രികളുടെ എണ്ണം പെരുകിയതോടെ മെഡിക്കൽ മാലിന്യം പെരുകി. ഇലക്ട്രോണിക് മാലിന്യങ്ങളുടെ കഥപറയാനില്ല. പാറശ്ശാല മുതൽ കാസർകോടുവരെ മാലിന്യക്കൂമ്പാരങ്ങൾ കെട്ടിക്കിടക്കുന്നു. നദികളും, കായലും കടലും മലീമസമായിരിക്കുന്നു. മാലിന്യങ്ങൾ അക്രമാസക്തമായ ഒരുവൻ ശുനകപ്പട വളരുന്ന നാടാക്കി.
ജനങ്ങളുടെ ജീവനും, സ്വൈരജീവിതവും തകരാറിലാകുന്നു. ബ്രഹ്മപുരം പോലെയുള്ള പരിഹാരങ്ങൾ രോഗത്തെക്കാൾ പ്രശ്നകാരിയാണ്. മാത്രമല്ല മഴക്കാലത്ത് മാലിന്യം മഴയിൽ കുതിർന്നു പലതരം പനികൾ പടർന്നു പിടിക്കുന്നു. 1980 മുതൽ ഇത് ആണ്ടുതോറും അനേകം ജീവൻ അപഹരിക്കുകയാണ്. ഇതിനു പുറമെ പുതിയ ജീവിതശൈലീരോഗങ്ങളും പെരുകുന്നു. അർബുദം, ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക് തുടങ്ങിയവ മാത്രമല്ല പൊണ്ണത്തടി പ്രകടമായി വർധിക്കുന്നുവെന്നു ബസ് സ്റ്റോപ്പിൽ നിന്നാലും മനസ്സിലാകും.
പൊതുവെ ലോകത്തിലെ മറ്റൊരു രാജ്യമില്ലാത്ത ജനസംഖ്യ ലാഭ വിഹിതം (demographic divident) കൊയ്യുന്ന നാടാണ് ഇന്ത്യ. 15-64 വരെയുള്ള തൊഴിൽ സേനയുടെ എണ്ണം 2041 വരെ വർധിക്കുന്ന രാജ്യമാണ് ഇന്ത്യ. കേരളത്തിൽ കഥ മറിച്ചാണ്. കേരളത്തിൽ 2021-ൽ തൊഴിൽ സേനയിലുള്ള (15-59 വയസ്സ്) 100 പേർക്ക് 26 വൃദ്ധരെ പരിപാലിക്കേണ്ടി വരുന്നു. ഈ ആശ്രിതാനുപാതം (dependency ratio) 2031ൽ 34 ൽ കൂടുതലായിരിക്കും. സർക്കാർ ജീവനക്കാർക്കും, സ്കൂൾ കോളജ് അധ്യാപകർക്കും ഭേദപ്പെട്ട പെൻഷനുള്ളതു കൊണ്ട് സ്വന്തംകാലിൽ നിൽക്കാനുള്ള കഴിവുണ്ട്.
തോട്ടം തൊഴിലാളികളും ആദിവാസികളും മത്സ്യത്തൊഴിലാളികളും വീണ്ടും പ്രാന്തവത്കരിക്കപ്പെടും. എന്തായാലും കേരളം നേരിടാൻ പോകുന്ന ഒരു വലിയപ്രശ്നം വയോജന പരിപാലനമാണ്. വർധിച്ചുവരുന്ന ഭീമമായ ആരോഗ്യച്ചെലവും വയോജന പരിപാലന സൗകര്യക്കുറവും, സംസ്ഥാനത്തിന്റെ ധനകാര്യശേഷിക്കുറവും ഗുരുതരപ്രശ്നങ്ങൾ സൃഷ്ടിക്കും. വിശ്വാസത്തെ ചൂഷണം ചെയ്യാതെ ആഡംബരങ്ങൾ കുറച്ചാൽ ആത്മീയ മണ്ഡലത്തിലൂടെ ഈ രംഗത്തെ അപര്യാപ്തതകൾ മറികടക്കാനുള്ള ശേഷി കേരളത്തിനുണ്ട്.
നവകേരള നിർമിതിയിൽ ഓർക്കേണ്ട രണ്ടു പ്രശ്നങ്ങളാണ് വികസനത്തെ പങ്കുപറ്റ് രാഷ്ട്രീയത്തിന്റെ ഭാഗമായി നടത്തുന്ന വൻകൊള്ള. മറ്റൊന്ന് കേരളത്തെ ഒന്നാംകിട മാതൃകയാക്കാൻ സാധ്യതയുണ്ടായിരുന്ന സഹകരണപ്രസ്ഥാനത്തെ കുറെ കശ്മലർ നശിപ്പിച്ചു കളഞ്ഞു. അക്കഥകൾ ഇവിടെ ചർച്ച ചെയ്യുന്നില്ല. ഗൾഫ് പണത്തിന്റെ ഒഴുക്ക് അവധാനപൂർവം നിയന്ത്രിക്കാത്തതിനാൽ അത് പരിസ്ഥിതിയുടെ നാശത്തിനു വഴിതെളിച്ച ഘടകമായി മാറി. ലോകത്തിലെ അപൂർവ പരിസ്ഥിതി മൂല്യമുള്ള കേരളത്തിലെ പുഞ്ചപ്പാടങ്ങളും നെൽവയലുകളും പാടെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇതിന്റെയൊക്കെ സ്ഥിതിവിവരക്കണക്കുകൾ ഒരു മുന്നണിയും വെളിയിൽ വിട്ടിട്ടില്ല.
ഗൾഫ് പണം കെട്ടിടനിർമാണത്തിൽ കേന്ദ്രീകരിച്ചതുകൊണ്ടാണ് ക്വാറികളും, മണലൂറ്റും രാഷ്ട്രീയക്കാരുടെ ആശീർവാദത്തോടെ വൻവ്യവസായമായി വളർന്നത്. പ്രകൃതിയുടെ അപൂർവ വരദാനമായ കേരളം ഇന്നു വലിയ പ്രതിസന്ധി നേരിടുന്ന പരിസ്ഥിതി ലോലപ്രദേശമാണ്. ആരാധ്യനായ മാധവ് ഗാഡ്ഗിലിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പുച്ഛിച്ചു പുറന്തള്ളിയത് പ്രബുദ്ധ കേരളീയരല്ല. (ക്രാന്തദർശിയായ പി.ടി. തോമസിനെ ഞാൻ പലതവണ അഭിനന്ദിച്ചിട്ടുണ്ട്). സമൂഹത്തിനു വഴികാട്ടികളാകേണ്ട ബിഷപ്പന്മാർ വിവേകത്തോടെ പ്രതികരിച്ചുവെന്നുപറയാൻ പ്രയാസം.
കേരളത്തിന് ഒരു സമഗ്രദർശനം പ്രദാനം ചെയ്യുന്ന ഒരു പുത്തൻ രാഷ്ട്രീയമില്ലാതെ, ഒരു പൊതുയുക്തിയുടെ മണ്ഡലം ശക്തമായി വളരാതെ ഒരു കർമപദ്ധതിയും വിജയിക്കില്ല. ഒരു പുനർവായനയുടെ ചരിത്ര സന്ദർഭത്തിന് ഇനിയുമെത്രനാൾ കാക്കണം?.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.