ഈയിടെ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ പാർലമെൻറ് മന്ദിരത്തിൽ 888 സീറ്റുകളുണ്ട്. അതൊരു നിസ്സാര വിവരമല്ലേ എന്ന് തോന്നാമെങ്കിലും ഒരു രാഷ്ട്രീയ ഹിമപാതം സൃഷ്ടിക്കാനുള്ള കരുത്തുണ്ടെന്ന് മനസ്സിലാക്കുക. അടുത്ത തവണ പാർലമെന്റ് മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയം നടത്തുന്നതിനൊപ്പം ഓരോ സംസ്ഥാനത്തിലെയും സീറ്റുകളുടെ എണ്ണവും പുനഃക്രമീകരിക്കാൻ ബി.ജെ.പിക്ക് വലിയ താൽപര്യമുണ്ടെന്ന ഊഹാപോഹവും സജീവമായിട്ടുണ്ട്. അത് വെറുമൊരു ഊഹമല്ല, സാധ്യതതന്നെയാണ്.
543 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നാമനിർദേശം ചെയ്യപ്പെട്ട രണ്ട് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളുമാണ് നിലവിൽ ലോക്‌സഭയുടെ അംഗബലം. ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിരിക്കുന്ന പരമാവധി സീറ്റുകളുടെ എണ്ണം 552 ആണ്. ഈ സീറ്റുകൾ ജനസംഖ്യവിഹിതാനുസരണം വിവിധ സംസ്ഥാനങ്ങൾക്കിടയിൽ എങ്ങനെ വീതിക്കണം എന്നത് ആർട്ടിക്കിൾ 81 വിശദീകരിക്കുന്നുമുണ്ട്. അപ്പോൾ ചോദ്യമിതാണ്: രാജ്യ ജനസംഖ്യയിൽ വിവിധ സംസ്ഥാനങ്ങളുടെ പങ്ക് മാറ്റത്തിന് വിധേയമാകുമ്പോൾ എന്ത് സംഭവിക്കും?
പത്തുവർഷം കൂടുമ്പോൾ നടത്തുന്ന ജനസംഖ്യാ കണക്കെടുപ്പിന് ആനുപാതികമായി ഒരു പുനഃപരിശോധനക്ക് ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ട്. 1961ലെയും 1971ലെയും ജനസംഖ്യാ കണക്കെടുപ്പിന് ശേഷം അതിൻപ്രകാരം മണ്ഡല പുനർവിഭജനം നടത്തുകയുണ്ടായി. എന്നാൽ, 1976ൽ ഒരു ഭരണഘടനാ ഭേദഗതിയിലൂടെ അത് അവസാനിപ്പിച്ചു. ഓരോ സംസ്ഥാനത്തിന്റെയും സീറ്റ് വിഹിതം 2001ലെ സെൻസസ് കഴിയുംവരെ മരവിപ്പിച്ചതായി വ്യവസ്ഥ ചെയ്തു. പിന്നീടത് 2026 കഴിയുംവരെ നീട്ടി.
ഈ മരവിപ്പിക്കൽ തീരുമാനം നിലനിൽക്കുമെന്നാണ് അവസാനത്തെ വിപുലീകരണശേഷം പരക്കെ വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാൽ, പുതിയ സീറ്റുകൾ അനുവദിക്കണമെന്ന നിർദേശം പരിഗണിക്കുന്നതിൽ അതീവ താൽപര്യമാണ് ബി.ജെ.പി പ്രകടിപ്പിക്കുന്നത്. ഒന്നുകിൽ ചില സംസ്ഥാനങ്ങൾക്ക് അധികം സീറ്റ് അനുവദിക്കുന്നതിനായി മറ്റു ചില സംസ്ഥാനങ്ങളിലെ ലോക്‌സഭ സീറ്റുകൾ വെട്ടിച്ചുരുക്കിയേക്കാം. അതല്ലെങ്കിൽ ലോക്‌സഭയുടെ അംഗസംഖ്യ വർധിപ്പിച്ച് ഒരു സംസ്ഥാനത്തിന്റെയും സീറ്റുകളിൽ കുറവുവരുത്താതെ ജനസംഖ്യാവർധനയുള്ള ചില സംസ്ഥാനങ്ങൾക്ക് അധിക സീറ്റുകൾ നൽകിയേക്കാം.
കേരളത്തിനിപ്പോഴുള്ള 20 സീറ്റുകൾ നിലനിർത്തിനൽകാൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ, രണ്ടാമത് പറഞ്ഞ രീതി പ്രകാരം ലോക്‌സഭയുടെ അംഗസംഖ്യ 850 സീറ്റുകൾക്കപ്പുറം വികസിപ്പിക്കേണ്ടതുണ്ട്. പുതിയ മന്ദിരത്തിലെ സീറ്റുകളുടെ എണ്ണക്കൂടുതൽ കാണുമ്പോൾ ബി.ജെ.പി എന്തൊക്കെയോ കോപ്പുകൂട്ടുന്നുണ്ട് എന്ന ഊഹം ബലപ്പെടാനും കാരണമിതാണ്.
ഈ നിർദേശത്തിന് വലിയ പ്രത്യാഘാത സാധ്യതകളുണ്ട്. 2026ൽ ഓരോ സംസ്ഥാനത്തിലെയും ജനസംഖ്യയുടെ ആനുപാതികമായി ലോക്‌സഭ സീറ്റുകൾ പുനർനിർണയിക്കപ്പെട്ടാൽ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കെല്ലാംതന്നെ വൻ നഷ്ടമാണ് സംഭവിക്കുക. ഏറ്റവും വലിയ നഷ്ടക്കാർ കേരളമല്ലാതെ മറ്റാരുമാവില്ല. നിലവിലെ 20 സീറ്റുകളിൽനിന്ന് എട്ടെണ്ണം കുറഞ്ഞേക്കും.
മറ്റു പ്രധാന നഷ്ടക്കാരായ സംസ്ഥാനങ്ങളും അവർക്ക് നഷ്ടമായേക്കാവുന്ന സീറ്റുകളും ഇനി പറയുന്നു. തമിഴ്നാട് (എട്ട്), ആന്ധ്ര+തെലങ്കാന (എട്ട്), പശ്ചിമബംഗാൾ (നാല്), ഒഡിഷ (മൂന്ന്), കർണാടക (രണ്ട്), പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് (ഒന്നുവീതം) സീറ്റുവർധനാനേട്ടമുണ്ടാക്കുന്നത് മുഴുവൻ വടക്കേ ഇന്ത്യയിലെ ഹിന്ദി സംസ്ഥാനങ്ങളാണ്. ഉത്തർപ്രദേശ് (11 സീറ്റ്), ബിഹാർ (10), രാജസ്ഥാൻ (ആറ്), മധ്യപ്രദേശ് (നാല്) എന്നിങ്ങനെയാണ് മാറ്റം. ഡൽഹി, ഹരിയാന, ഗുജറാത്ത്, ഛത്തിസ്ഗഢ്, ഝാർഖണ്ഡ് സംസ്ഥാനങ്ങൾക്ക് ഓരോ സീറ്റ് വീതം വർധിക്കും. മഹാരാഷ്ട്ര, അസം, ജമ്മു-കശ്മീർ എന്നിവിടങ്ങളിൽ സീറ്റുനിലയിൽ മാറ്റമുണ്ടാവില്ല.
ജനസംഖ്യാനുപാതികമായി സീറ്റുകൾ പുനർവിതരണം നടത്തിയാൽ ഹിന്ദി സംസ്ഥാനങ്ങൾക്ക് ഇതരസംസ്ഥാനങ്ങളുടെ ചെലവിൽ 33 സീറ്റുകളുടെ നേട്ടമുണ്ടാകും. ഇവിടെയാണ് പ്രശ്നത്തിന്റെ മർമം. ഇപ്പോൾ തന്നെ ആകെയുള്ള 543 സീറ്റിൽ 259 എണ്ണവും ‘ഹിന്ദി ഹൃദയഭൂമി’യിലാണ്.
സീറ്റുകൾ കുറക്കാതെ അംഗസംഖ്യ 848 ആക്കി ഉയർത്തി ജനസംഖ്യാനുപാതിക വർധന വരുത്തിയാലോ? കേരളത്തിന്റെ 20 നിലനിൽക്കും. അതേസമയം, യു.പിയുടെ വിഹിതം 143ഉം ബിഹാറിന്റേത് 79ഉം രാജസ്ഥാന്റെ സീറ്റുകൾ 50ഉം ആയി ഉയരും. ഇതുകൊണ്ട് ആർക്കാണ് നേട്ടമുണ്ടാവുക എന്നത് ആലോചിച്ച് തലപുണ്ണാക്കേണ്ടതില്ലല്ലോ.നേരുപറഞ്ഞാൽ ഈ നിർദേശം യുക്തിരഹിതമൊന്നുമല്ല, മറിച്ച് ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം എന്ന പരമോന്നത ജനാധിപത്യ തത്ത്വത്തിന് അനുസൃതമാണുതാനും.
നിലവിലെ സീറ്റുനിർണയ രീതി ആ തത്ത്വത്തിന് എതിരാണെന്നും വേണമെങ്കിൽ വാദിക്കാം. യു.പിയിലെ 30 ലക്ഷം ആളുകൾക്ക് ഒരു പാർലമെൻറ് അംഗമാണുള്ളതെങ്കിൽ തമിഴ്നാട്ടിലെ 18 ലക്ഷം പേർക്ക് ഒരു ലോക്സഭാംഗമുണ്ടെന്ന് പറയാം. അത്തരം സാഹചര്യം പരിഗണിച്ചാണ് പത്തു വർഷം കൂടുമ്പോൾ പുനരവലോകനം നടത്താൻ ഭരണഘടന വ്യവസ്ഥ ചെയ്തത്. സാധാരണഗതിയിൽ ഒരു ജനാധിപത്യവാദി ഇത്തരം വ്യവസ്ഥയെയും മണ്ഡല പുനർവിന്യാസത്തെയും പിന്തുണക്കുകയാണ് വേണ്ടത്.
കുടുംബാസൂത്രണ പദ്ധതികൾ വിജയകരമായി നടപ്പാക്കി സംസ്ഥാനങ്ങൾക്ക് ദോഷമായി മാറുമെന്നുള്ള, മണ്ഡല പുനർവിന്യാസത്തിനെതിരെ ഉയരുന്ന ഏറ്റവും വലിയ വാദം മോശമായ ഒന്നാണ്.ജനന-മരണനിരക്കുകളിലെ പ്രവണതകൾ സമൃദ്ധിയുടെയും സാക്ഷരതയുടെയുമെല്ലാം ഭാഗമായി രൂപപ്പെടുന്നതാണ്. അല്ലാതെ കേവലമൊരു കുടുംബാസൂത്രണ നയം കൊണ്ട് സംഭവിക്കുന്നതല്ല. മാത്രമല്ല, ഈ വാദഗതി പട്ടികജാതി-വർഗങ്ങൾ, ദലിതുകൾ, മുസ് ലിംകൾ, ദരിദ്രർ തുടങ്ങി സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കെതിരെയും ഉപയോഗിക്കപ്പെട്ടേക്കാം. ആഗോളതലത്തിൽ സംസാരിക്കുമ്പോൾ ഇന്ത്യപോലുള്ള ദരിദ്രരാജ്യങ്ങൾക്കെതിരെയും.
ഈ നീക്കം എതിർക്കപ്പെടേണ്ടതിന്റെ ഏറ്റവും വലിയ കാരണം അത് ഭരണഘടനയുടെ അടിസ്ഥാനഘടനയായി അംഗീകരിക്കപ്പെട്ട ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണ് എന്നതാണ്. ഈ വിലപേശലിൽ നേട്ടമുണ്ടാക്കുന്നവരും നഷ്ടംപറ്റുന്നവരും സമകാലിക ഇന്ത്യയിലെ ഭൂമിശാസ്ത്രപരവും ഭാഷാപരവും സാമ്പത്തിക-രാഷ്ട്രീയപരവുമായ ഭിന്നരേഖയുടെ രണ്ട് വശങ്ങളിൽ കുടികൊള്ളുന്നവരാണ്.
നേട്ടക്കാരെല്ലാം ഇന്ത്യയുടെ വടക്കുഭാഗങ്ങളിലാണ്. നഷ്ടക്കാരാവട്ടെ, തെക്കും കിഴക്കും കഴിയുന്നവർ. നേട്ടമുണ്ടാക്കുന്നവർ ഭൂരിഭാഗവും ഹിന്ദി സംസാരിക്കുന്നവർ. അഹിന്ദിക്കാർ (ഒഡിയ, ബംഗാളി, പഞ്ചാബി ഉൾപ്പെടെ) നഷ്ടവശത്താണ്.സാമ്പത്തികവളർച്ചയുടെ എൻജിനുകളായി വിലയിരുത്തപ്പെടുന്ന ഈ സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ വിവേചനപരമായ നികുതിവ്യവസ്ഥയാണ് നിലനിൽക്കുന്നത് എന്ന വൈമുഖ്യം പുലർത്തുന്നവരാണ്. വിശിഷ്യാ ജി.എസ്.ടി നിലവിൽവന്നശേഷം.
അവസാനമായി, കൂടുതൽ സീറ്റുകൾ സ്വന്തമാവാൻ സാധ്യതയുള്ള മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസും ബി.ജെ.പിയും (അല്ലെങ്കിൽ പ്രത്യയശാസ്ത്രപരമായി പ്രാദേശികമല്ലാത്ത സംസ്ഥാന പാർട്ടികൾ) തമ്മിൽ നേർക്കുനേരാണ് മത്സരം. അതേസമയം നഷ്ടം പറ്റുന്ന സംസ്ഥാനങ്ങളിലധികവും പ്രാദേശിക പാർട്ടികൾക്ക് ആധിപത്യമുള്ളവയാണ്.
ഈ ഘടകങ്ങൾ പാരസ്പര്യത്തോടെ വന്നിരുന്നുവെങ്കിൽ അത് വൈവിധ്യങ്ങളുടെ രാഷ്ട്രീയ മാനേജ്മെന്റിനെ സഹായിക്കുമായിരുന്നു. എന്നാൽ, ഒന്ന് മറ്റൊന്നിനുമേൽ കവിഞ്ഞുകിടക്കുന്നത് നല്ല കാര്യമല്ല. ഈ പശ്ചാത്തലത്തിൽ ജനസംഖ്യാടിസ്ഥാനത്തിലെ സീറ്റുവിഭജനം ഇതിനകംതന്നെ അമിതമെന്ന് വിലയിരുത്തപ്പെടുന്ന ഉത്തരേന്ത്യൻ/ ഹിന്ദി ആധിപത്യം എന്ന ധാരണയെ ശക്തിപ്പെടുത്തും.
ഏതെങ്കിലും ഘടകത്തിന് മറ്റൊന്നിനുമേൽ ആധിപത്യമില്ല എന്നതുൾപ്പെടെ ഇന്ത്യൻ യൂനിയനെ ബന്ധിപ്പിച്ചുനിർത്തുന്ന ഒരു അലിഖിത ഫെഡറൽ ഉടമ്പടിയുടെ ലംഘനമാകുമിത്. അതുപോലെ, സഭയിൽ ഹിന്ദി സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ സംഖ്യാപരമായ മുൻതൂക്കം ഫെഡറൽ തുല്യതക്ക് ഭീഷണിയാവും.
രാഷ്ട്രീയം എന്നത് ഒരൊറ്റ തത്ത്വത്തിന്റെ ലളിത പ്രയോഗമല്ല. ഗൗരവമേറിയ ഏതൊരു ധാർമിക തെരഞ്ഞെടുപ്പിലും തത്ത്വങ്ങൾക്കിടയിൽ തീർപ്പുകൽപിക്കപ്പെടേണ്ടതുണ്ട്. ഈ വിഷയത്തിൽ ജനാധിപത്യ തത്ത്വത്തേക്കാൾ തൂക്കം കൽപിക്കേണ്ടത് ഫെഡറൽ തത്ത്വത്തിനാണ്. നമ്മുടെ രാജ്യം എത്തിനിൽക്കുന്ന ഈ ചരിത്രസന്ധിയിൽ ഫെഡറൽ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുകതന്നെ വേണം.
ഈ ഘട്ടത്തിൽ ഒരുവിസമ്മതം അല്ലെങ്കിൽ അവ്യക്തതപോലും ഇന്ത്യയുടെ ഐക്യത്തെ തകർക്കും. പ്രത്യേകിച്ച്, നമ്മുടെ ദേശീയ ഐക്യം കനത്ത വർഗീയ അതിക്രമത്തെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ. ഒരു ഹ്രസ്വകാല തെരഞ്ഞെടുപ്പ് പ്രലോഭനത്തിനുവേണ്ടി ഇന്ത്യ എന്ന സമൂഹത്തിന് മേൽ ഒരു മുറിവുകൂടി സൃഷ്ടിക്കുന്ന നടപടിക്ക് ബി.ജെ.പി വഴങ്ങില്ല എന്ന് നമുക്ക് പ്രത്യാശിക്കാം.
(പ്രമുഖ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും ആക്ടിവിസ്റ്റുമായ ലേഖകൻ theprint.inൽ എഴുതിയതിന്റെ സംഗ്രഹ വിവർത്തനം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.