ബു​ൾ​ഡോ​സ​ർ ക​യ​റ്റി​യി​റ​ക്കി​യ വീ​ട്ടി​ന്​ മു​ന്നി​ൽ ശൈ​ഖ്​ അ​ബ്​​ദു​ൽ മ​ന്നാ​ൻ

'ഞങ്ങളെ അകത്തിട്ട് പൂട്ടി, വീട്ടിൽ ബുൾഡോസർ കയറ്റി'

വീടിനടുത്ത് കനത്ത ശബ്ദവും പൊലീസ് സന്നാഹവും കണ്ട് എന്താണ് സംഭവിക്കുന്നതെന്നറിയാൻ വാതിൽ തുറക്കാൻ നോക്കിയതാണ് ശൈഖ് അബ്ദുൽ മന്നാൻ. എത്ര ശ്രമിച്ചിട്ടും പുറത്തുകടക്കാൻ കഴിയുന്നില്ല. അപ്പോഴാണ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഞങ്ങളെ വീടിനകത്താക്കി വാതിൽ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നു എന്നറിഞ്ഞത്. തങ്ങളെ അകത്താക്കി പൂട്ടിയിട്ട വീട് ബുൾഡോസറുകൾ കയറ്റി ഇടിച്ചുപൊളിക്കാൻ തുടങ്ങിയയേതാടെ ജീവൻ അപകടത്തിലാകുമെന്ന ഭയപ്പാടിലായി മന്നാനും കുടുംബവും. ഉള്ളിലുള്ള മനുഷ്യജീവനുകൾക്കുപോലും വില കൽപിക്കാത്ത തരത്തിലാണ് രണ്ട് മുറി വീടിന്‍റെ നേർപകുതി പൊളിച്ചുമാറ്റിയത്. വീടിന്‍റെ മുൻഭാഗം പൂർണമായും ഇടിച്ചുപൊളിച്ചതോടെ വൈദ്യുതി നിലച്ചു. കുടിവെള്ള പൈപ്പും മുറിച്ചുമാറ്റിയാണ് അവർ പോയത്.


പൊളിക്കുമെന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നുവെന്നാണ് കോർപറേഷൻ ഭരിക്കുന്ന ബി.ജെ.പി ഭാരവാഹികൾ ഇപ്പോൾ പറയുന്നത്. എന്നാൽ, പതിറ്റാണ്ടുകളായി ജഹാംഗീർപുരിയിൽ താമസിക്കുന്ന തനിക്കും അയൽക്കാർക്കും വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷനിൽനിന്ന് നോട്ടീസുകളേതും ലഭിച്ചിട്ടില്ലെന്ന് മന്നാൻ പറഞ്ഞു. രാവിലെ ഒമ്പത് ബുൾഡോസറുകളുമായി പൊലീസും ഉദ്യോഗസ്ഥരും ജഹാംഗീർപുരിയിൽ വന്നപ്പോൾ മാത്രമാണ് സംഭവം അറിഞ്ഞത്. 1980ൽ ജഹാംഗീർപുരിയിൽ ജനിച്ചു. ഇവിടെ തന്നെ വളർന്ന മന്നാന്‍റെ പിതാവ് 70കളിൽ ഡൽഹിയിലേക്ക് കുടിയേറിയതാണ്.


മന്നാന്‍റെ തൊട്ടയൽക്കാരൻ മുഹമ്മദ് ശൈഖ് ഉത്തർപ്രദേശിലെ ബദായുനിൽനിന്ന് 30 വർഷം മുമ്പ് ജഹാംഗീർപുരിയിൽ കുടിയേറിയതാണ്. ഇദ്ദേഹത്തിന്റെ ഇരുമുറി വീടിനുനേരെ ബുൾഡോസർ നീങ്ങിയതും ഒരു വിധ മുന്നറിയിപ്പുമില്ലാതെയാണ്. പഴയ ബോട്ടിലുകളും ബക്കറ്റുകളും പാത്രങ്ങളും ശേഖരിച്ച് തരം തിരിച്ച് വിറ്റ് അതിൽനിന്നുള്ള വരുമാനംകൊണ്ടാണ് 12 പേരുള്ള കുടുംബത്തെ പോറ്റുന്നത്. വിൽക്കാൻ കൂട്ടിവെച്ച പതിനായിരത്തോളം രൂപയുടെ സാധനങ്ങളും ബുൾഡോസറിൽപെട്ട് മണ്ണോടു ചേർന്നു. കോർപറേഷൻ പറയുന്നതുപോലെ മുൻകൂർ നോട്ടീസ് കിട്ടിയിരുന്നെങ്കിൽ അവ മാറ്റിവെക്കുകയോ വിറ്റൊഴിവാക്കുകയോ ചെയ്യുമായിരുന്നില്ലേ എന്ന് ശൈഖ് ചോദിച്ചു. ഒന്നും അവർ ബാക്കിവെച്ചില്ല.

ഇരകളെ ബന്ദികളാക്കി മാറ്റിയ ജഹാംഗീർപുരി 'നിയന്ത്രണരേഖ'

അനുമതിയില്ലാതെ ഹനുമാൻ ജയന്തി ഘോഷയാത്ര നടത്തി സംഘർഷം സൃഷ്ടിച്ച വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ താമസിക്കുന്ന ജഹാംഗീർപുരി 'ജി' ബ്ലോക്കിനോടുള്ള സമീപനമല്ല സംഘർഷത്തിനും തുടർന്ന് ബുൾഡോസിങ്ങിനും ഇരയായ 'സി' ബ്ലോക്കിലെ താമസക്കാരോട് പൊലീസ് പുലർത്തുന്നത്. ഇരകളാക്കപ്പെട്ട മനുഷ്യരോട് ഒരാളും സംസാരിക്കരുതെന്ന നിർബന്ധബുദ്ധിയിൽ അവിടേക്കുള്ള ഓരോ റോഡും ബാരിക്കേഡുകൾ വെച്ച് അടച്ചിരിക്കുകയാണ് ഡൽഹി പൊലീസ്. ജഹാംഗീർപുരി സന്ദർശിക്കുന്ന നേതാക്കളെല്ലാം നാലും കൂടിയ കവലയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് വടംകെട്ടി അടയാളപ്പെടുത്തിയ 'നിയന്ത്രണരേഖ'യിൽ വന്ന് പൊയ്ക്കൊള്ളണം. മാധ്യമപ്രവർത്തകരെന്നല്ല, പാർലമെന്‍റ് അംഗങ്ങളാണെങ്കിൽപോലും 'സി' ബ്ലോക്കിലുള്ള മനുഷ്യരോട് മിണ്ടരുത് എന്നാണ് കൽപന.

 ജ​ഹാം​ഗീ​ർ​പു​രി​യി​ലെ 'നി​യ​ന്ത്ര​ണ രേ​ഖ'​യി​ൽ ബി​നോ​യ്​ വി​ശ്വ​വും

ഉ​ഷ​ രം​ഗ്​​നാ​നി​യും ത​മ്മി​ൽ​ന​ട​ന്ന വാ​ക്​​പോ​ര്​

അതേ കവലയിൽ പൊലീസിന് ഇട്ടുകൊടുത്ത പന്തലുകളിലൊന്ന് മാധ്യമപ്രവർത്തകർക്ക് മാത്രമാക്കി മാറ്റിയിരിക്കുന്നു. നേതാക്കളെ നിയന്ത്രണരേഖയിൽ തടയുന്ന നേരത്ത് മാധ്യമപ്രവർത്തകർക്ക് അത് റിപ്പോർട്ട് ചെയ്യാം. കുറുക്കുവഴികളിലൂടെ മറികടന്ന് മാധ്യമപ്രവർത്തകരും നേതാക്കളും എത്തുന്നത് തടയാൻ ഓരോ ഗലിയിലേക്കുമുള്ള ഗേറ്റുകളും അടച്ചിട്ട് അതിനു മുന്നിൽ നാലും അഞ്ചും പൊലീസുകാരെയും അർധസൈനികരെയും പാറാവിനായി നിർത്തിയിരിക്കുന്നു. ഗലികളിലുള്ളവരല്ലാത്തവർ ആരുവന്നാലും മടക്കി അയക്കും. ഒരു ഗലിയിലുള്ളവർ മറ്റൊരു ഗലിയിൽകടക്കുന്നതും ഇതേ തരത്തിൽ തടഞ്ഞിരിക്കുന്നു. ഇരകൾ പുറംലോകത്തോട് സംസാരിക്കുന്നത് ഏത് തരത്തിലും തടയുകയെന്ന നിർബന്ധബുദ്ധിയാണ് ഡൽഹി പൊലീസിന്.

ഇരകളുമായി നേതാക്കളും മാധ്യമപ്രവർത്തകരും സംസാരിച്ചാൽ അത് ജഹാംഗീർപുരിയുടെ ക്രമസമാധാനം തകർക്കുമെന്നാണ് പൊലീസിന്‍റെ ന്യായം. 'സി' ബ്ലോക്കിൽ വീടും കടയും തകർക്കപ്പെട്ട ഇരകളെ കണ്ടേ മടങ്ങൂ എന്ന് പറഞ്ഞ് 'നിയന്ത്രണരേഖ'യിൽ കുത്തിയിരുന്ന സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, രാജ്യസഭാംഗം ബിനോയ് വിശ്വം, വനിതാ നേതാവ് ആനി രാജ എന്നിവർ ഡി.സി.പി ഉഷ രംഗ്നാനിയുമായി ഏറെനേരം വാക്പയറ്റ് തന്നെ നടത്തി. നിയമവിരുദ്ധ നടപടിയുടെ ഇരകളോട് സംസാരിച്ച് യാഥാർഥ്യം പുറംലോകം അറിയാതിരിക്കാനാണ് ഈ നിരോധനമെന്നും അമിത് ഷായുടെ നിർദേശപ്രകാരമാണ് നിങ്ങളിത് ചെയ്യുന്നതെന്നും ഉഷ രംഗ്നാനിയുടെ മുഖത്തുനോക്കിപ്പറഞ്ഞാണ് നേതാക്കൾ മടങ്ങിയത്.

(തുടരും)

Tags:    
News Summary - Bulldozers crash into livelihoods at Jahangirpuri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT