ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ, ആശയത്തിന്റെ അടിത്തറയെ തകര്‍ത്തെറിയും വിധത്തിലാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ ബി.ജെ.പി സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം 2019 ഇപ്പോള്‍ വിജ്ഞാപനം ചെയ്തു നിയമമാക്കിയിരിക്കുന്നത്. ഈ നിയമത്തിലൂടെ ഇതാദ്യമായി പൗരത്വത്തിന് മതം മാനദണ്ഡമായിരിക്കുകയാണ്. അതുവഴി ചോദ്യം ചെയ്യപ്പെടുന്നത് ഇന്ത്യ എന്ന രാഷ്ട്രത്തെ നിലനിര്‍ത്തുന്ന ബഹുസ്വരത, മതേതരത്വം എന്നീ രണ്ട് ആശയങ്ങളാണ്. മതാധിഷ്ഠിത രാഷ്ട്രങ്ങളില്‍ മാത്രമാണ് പൗരത്വത്തിന് മതം മാനദണ്ഡമാവുക. ഒരു ജനാധിപത്യ സെക്യുലര്‍ രാഷ്ട്രത്തില്‍ ഒരിക്കലും അങ്ങനെയാകാന്‍ പാടില്ല. ഇന്ത്യയെ ഒരു മതാധിഷ്ഠത രാജ്യമാക്കാനുള്ള ശ്രമത്തെ തടഞ്ഞേ മതിയാകൂ.
നിയമം കൊണ്ടുവന്ന 2019 ഡിസംബറില്‍ത്തന്നെ ഇതു മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഞാന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അന്ന് സമര്‍പ്പിച്ച ഹരജിയോടൊപ്പം കഴിഞ്ഞ ദിവസം പുതിയ അപേക്ഷയും സുപ്രീംകോടതിക്കുമുന്നില്‍ നല്‍കിയിട്ടുണ്ട്.
നാലുവര്‍ഷമായി ഈ നിയമം കൊണ്ടുവന്നിട്ട്. ഇത്രയേറെ പ്രക്ഷോഭങ്ങളും എതിര്‍പ്പുകളുമുണ്ടായിട്ടും ഒരു ചര്‍ച്ചപോലും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയില്ല. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ പെട്ടെന്ന് ഈ ഭേദഗതി നിയമമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. സാമുദായിക ധ്രുവീകരണത്തിനായുള്ള ഈ രാഷ്ട്രീയ നീക്കത്തെ ശക്തിയുക്തം എതിര്‍ക്കുകതന്നെ വേണം.
1955ലെ പൗരത്വ നിയമ പ്രകാരം ഇന്ത്യന്‍ പൗരത്വത്തിനുള്ള മാനദണ്ഡങ്ങള്‍ മൂന്നാണ്
എന്നാല്‍, ഈ നിയമത്തിലെ 2 (1) ബി യില്‍ പറയുന്ന അനധികൃത കുടിയേറ്റക്കാര്‍ എന്ന ഭാഗം ഭേദഗതി ചെയ്ത് പാകിസ്താന്, അഫ്ഗാനിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് വിവിധ കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം അനുവദിക്കാമെന്നതാണ് പൗരത്വ നിയമത്തിലെ ഭേദഗതി എന്നതുകൊണ്ടുദ്ദേശിക്കുന്നത്. എന്നുവച്ചാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിംകളല്ലാത്തവര് ഇന്ത്യയില്‍ കുടിയേറിയാല്‍ അവര്‍ക്ക് പൗരത്വം അനുവദിക്കാം. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെത്തന്നെ ചോദ്യം ചെയ്യുന്ന ഭേദഗതിയാണിത്.
പൗരത്വ ഭേദഗതി നിയമം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്കിയ ഹരജിയില്‍ ഞാന്‍ പ്രധാനമായും മുന്നോട്ടുവെച്ചത് ഇക്കാര്യങ്ങളാണ്.
1. സി.എ.എ 2024 ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,21,25, 51 എന്നിവയുടെയും ഇന്ത്യ അംഗീകരിക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണ്. വംശീയമായ ചേരിതിരിവ് പൂർണമായും ഇല്ലാതാക്കുക, എല്ലാവര്ക്കും നിയമത്തിനുമുന്നില്‍ തുല്യത നല്‍കുക എന്നിവയെല്ലാം ഇന്ത്യ അംഗീകരിച്ച അന്താരാഷ്ട്ര നിയമങ്ങളില്‍ ഉള്‍പ്പെട്ടതാണ്. അതിന്റെ പൂർണ ലംഘനമാണ് ഈ നിയമം.
2. സി.എ.എ നിയമം 2024 പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്നതിനായുള്ള ജില്ലതല സമിതിയുടെയും എംപവേര്‍ഡ് കമ്മിറ്റിയുടെയും ഘടന എങ്ങനെയായിരിക്കണമെന്നുപോലും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. പൗരത്വത്തിനായി നല്കുന്ന രേഖകള്‍ എംപവേര്‍ഡ് കമ്മിറ്റി സൂക്ഷ്മ പരിശോധന നടത്തണമെന്നത് ഇതില്‍ നിര്ബന്ധവുമാക്കിയിട്ടില്ല. എന്നുവച്ചാല്‍ നേരത്തെ സൂചിപ്പിച്ചപോലെ മുസ്ലിം ജനവിഭാഗത്തില്‍ പെടാത്തയാളാണ് അപേക്ഷകന് എന്നുവന്നാല്‍ പൗരത്വം അനുവദിക്കുന്ന സ്ഥിതിയുണ്ടാകും. ഇത് ഗുരുതര പ്രത്യാഘാതങ്ങളാണ് വരും കാലത്ത് രാജ്യത്തുണ്ടാക്കുക.
3. പൗരത്വം നല്കുന്നതിൽ സംസ്ഥാന സര്‍ക്കാറിന് പ്രത്യേകിച്ച് അഭിപ്രായങ്ങളോ നിര്‍ദേശങ്ങളോ നല്കാന് കഴിയില്ല. ഭേദഗതിക്ക് മുമ്പുള്ള നിയമത്തില്‍, പൗരത്വം ആഗ്രഹിക്കുന്നയാള് ജില്ല കലക്ടര്‍ക്ക് എല്ലാ രേഖകളും സമര്‍പ്പിച്ച് അപേക്ഷ സമര്‍പ്പിക്കണമായിരുന്നു. രേഖകിട്ടി അറുപത് ദിവസത്തിനുള്ളില്‍ കലക്ടർ ഇത് സംസ്ഥാന സര്‍ക്കാറിന്/ കേന്ദ്രഭരണ പ്രദേശത്തെ സര്‍ക്കാറുകള്‍ക്ക് നല്‍കണം. സംസ്ഥാന സര്‍ക്കാറുകള്‍ ഈ അപേക്ഷയും കലക്ടറുടെ റിപ്പോര്‍ട്ടും, തങ്ങളുടെ റിപ്പോര്‍ട്ടും കൂടി കേന്ദ്ര സര്‍ക്കാറിന് നല്‍കുകയും കേന്ദ്ര സര്‍ക്കാര്‍ വിശദ അന്വേഷണം നടത്തി പൗരത്വം അനുവദിക്കുന്ന കാര്യത്തില്‍ തിരുമാനമെടുക്കുകയുമായിരുന്നു പതിവ്. പൗരത്വമനുവദിക്കുന്നതില് ഉണ്ടായിരുന്ന മൂന്നുതലത്തിലുള്ള ഈ പ്രവര്‍ത്തനമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ഭേദഗതിയിലൂടെ ഇല്ലാതാക്കിയത്.
4. ഈ ഭേദഗതി സര്‍ബാനന്ദ സോനോവാള്‍ vs യൂനിയന്‍ ഓഫ് ഇന്ത്യ എന്ന കേസിലെ (2005) സുപ്രീം കോടതി വിധിക്കും, 1985ലെ അസം കരാറിലെ വ്യവസ്ഥകള്‍ക്കും എതിരാണ്.
5. പൗരത്വ ഭേദഗതി നിയമം 2024 നെക്കുറിച്ചുള്ള പരാതികളിലും ഹരജികളിലും സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിക്കുന്നതുവരെ ഈ ഭേദഗതി അനുസരിച്ച് ആര്‍ക്കും പൗരത്വം നല്‍കരുത്. നല്കിയാല് പിന്നീട് സുപ്രീംകോടതി ഈ നിയമം അസാധുവായി പ്രഖ്യാപിച്ചാല്‍ അവര്‍ക്ക് പൗരത്വം നഷ്ടപ്പെടും. ഇതൊരു മനുഷ്യാവകാശ പ്രശ്നമായും മാറും.
പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ അന്തസ്സത്തയെ തന്നെ ചോദ്യം ചെയ്യുന്നതാണ് എന്ന കാര്യത്തില്‍ ഉറച്ച അഭിപ്രായമാണ് ഈ നാട്ടിലെ ജനാധിപത്യ മതേതര വിശ്വാസികള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ ഈ നിയമം പിന്‍വലിക്കുന്നതുവരെ യോജിച്ചുള്ള പോരാട്ടവും പ്രക്ഷോഭവും അനിവാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏതെങ്കിലും ജനവിഭാഗങ്ങള്ക്കെതിരായല്ല മറിച്ച് ഈ നാടിന്റെ ജനാധിപത്യ മതേതര ബഹുസ്വര സംസ്കാരം നിലനിര്‍ത്താനുള്ള പോരാട്ടമാണ് നമ്മള് നടത്തുന്നത്. അതിന് എല്ലാ ജനാധിപത്യ മതേതര വിശ്വാസികളുടെയും പിന്തുണ ഞാന്‍ അഭ്യർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.