കേംബ്രിജ്​ അനലിറ്റിക അഥവാ ജനാധിപത്യത്തിലെ  പുതിയ നാട്ടുനടപ്പുകള്‍

രാഷ്​ട്രീയം രക്തം ചിന്താത്ത യുദ്ധവും, യുദ്ധം രക്തം ചിന്തുന്ന രാഷ്​ട്രീയവുമാണെന്ന് നി൪വചിച്ചത് മാവോ സേതൂങ്ങാണ്.അതു പക്ഷേ, പണ്ട്. എന്നാല്‍ ഇന്ന്​ ജനാധിപത്യത്തി​​​​െൻറ വിളനിലങ്ങളില്‍ നടക്കുന്ന പുതിയ തെരഞ്ഞെടുപ്പ് യുദ്ധങ്ങളില്‍ രക്തം ചിന്തുന്നത് മനുഷ്യ മസ്തിഷ്കങ്ങളിലാണ്. കമ്പ്യൂട്ട൪ സയൻസ് ലാബുകളില്‍ മസ്തിഷ്കവും വ്യക്തിത്വവും കീറിമുറിച്ച്  താരതമ്യം ചെയ്ത്, തനിക്കായി രൂപപ്പെടുത്തിയ പോസ്​റ്ററും വിഡിയോയുമാണ് ത​​​​െൻറ ടൈം ലൈനിലും ഇൻബോക്സിലും വന്നുചേ൪ന്നതെന്നറിയാതെ പോളിങ്​ ബൂത്തുകളിലേക്ക് നയിക്കപ്പെടുന്ന പാവം വോട്ടറാണ് ആധുനിക ജനാധിപത്യത്തി​​​​െൻറ ബലിയാടുകള്‍. നി൪മിതബുദ്ധിയെന്ന കാലത്തി​​​​െൻറ കണ്ടുപിടിത്തത്തെ സ്ഥാപിതതാല്‍പര്യക്കാ൪ക്ക് കൂട്ടിക്കൊടുക്കുന്നതാകട്ടെ, എല്ലാവരും മാനിക്കുന്ന സോഷ്യല്‍ മീഡിയ നെറ്റ്​വർക്കുകളും ഡാറ്റാ കമ്പനികളും.

2016ലെ അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പില്‍ ഉറപ്പായ പരാജയം വിജയമാക്കി മാറ്റാൻ ഡോണൾഡ്​ ട്രംപിനെ സഹായിച്ചത് ഫേസ്ബുക്കില്‍നിന്ന് ചോർത്തിയെടുത്ത മില്യണ്‍ കണക്കിന് സ്വകാര്യവ്യക്തികളുടെ വിവരങ്ങളാണെന്ന് വെളിപ്പെടുത്തുന്ന മാധ്യമ റിപ്പോ൪ട്ടുകള്‍ ലോകം മുഴുവൻ ജനാധിപത്യത്തി​​​​െൻറ ഭാവിയെക്കുറിച്ച ആശങ്കകളുണർത്തിയിരിക്കുകയാണ്. ഏതുതരം കുടിലതന്ത്രങ്ങളും പ്രയോഗിച്ച് തെരഞ്ഞെടുപ്പ് ജയിക്കാൻ വ്രതമെടുത്തിരിക്കുന്ന വ്യക്തികളെയും പാർട്ടികളെയും  എല്ലാ ധാർമികതകളും മാറ്റി​െവച്ച് സഹായിക്കാൻ ഡാറ്റാ കമ്പനികള്‍ മുന്നോട്ടുവരുന്ന കാഴ്ചയാണ് ഈ റിപ്പോർട്ടുകളിലൂടെ പുറത്തുവരുന്നത്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ജനഹിതത്തെ അവിഹിതമായി സ്വാധീനിച്ചുകൊണ്ട് ഒരു പ്രത്യേക സ്ഥാനാ൪ഥിക്കോ പാ൪ട്ടിക്കോ വോട്ട് ചെയ്യാൻ നി൪ണിത അഭിപ്രായമില്ലാത്ത വോട്ടർമാരെ മനശ്ശാസ്ത്രപരമായി സമീപിക്കുന്ന പ്രവണത വ്യാപിക്കുകയാണ്. അമേരിക്കയിൽ മാത്രമല്ല, കെനിയ അടക്കം ചില ആഫ്രിക്കൻ രാജ്യങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലുംസൈക്കോ ഗ്രാഫിക്​ മോഡലിങ്​ ടെക്നിക്കുകളാണ്​ ഉപയോഗപ്പെടുത്തിയത്. വോട്ടർമാരുടെ മനോനില മനസ്സിലാക്കി അവരെ സ്വാധീനിക്കാൻ പ്രത്യേകരൂപത്തിലുള്ള തെരഞ്ഞെടുപ്പ് കാമ്പയിൻ ഡിസൈൻ ചെയ്ത് തങ്ങളുടെ സ്ഥാനാർഥിക്ക് വോട്ടുചെയ്യുന്ന രീതിയിലേക്ക് എത്തിക്കുന്ന തന്ത്രങ്ങളാണിവ. 

ബ്രിട്ടനിലെ ചാനല്‍ ഫോർ ടെലിവിഷൻ, ദി ഒബ്സർവർ, ഗാർഡിയൻ പത്രങ്ങള്‍, അമേരിക്കയിലെ ന്യൂയോർക്​ ടൈംസ് പത്രം എന്നീ മാധ്യമങ്ങള്‍ ഈയിടെ പുറത്തുവിട്ട അന്വേഷണാത്മക റിപ്പോർട്ടുകളാണ് ഇത്തരം ‍ഞെട്ടിക്കുന്ന വിവരങ്ങള്‍ നമുക്ക് മുന്നിലേക്ക്​​ വലിച്ചിട്ടത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേംബ്രിജ്​ അനലിറ്റിക എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ക്രിസ്​റ്റഫർ വെയ്‍ലി എന്ന കനേഡിയൻ യുവാവുമായി നടത്തിയ അഭിമുഖവും ഇതേ സ്ഥാപനത്തി​​​​െൻറ ചീഫ് എക്സിക്യൂട്ടീവ് ഓഫിസ൪ അലക്സാണ്ടർ നിക്സ് അടക്കം മുതിർന്ന ഉദ്യോഗസ്ഥരെ മുഴുവൻ ഒളികാമറ ഓപറേഷനില്‍പ്പെടുത്തി ചാനല്‍ ഫോർ ഒപ്പിയെടുത്ത വിവരങ്ങളും അവിശ്വസനീയമായിരുന്നു. എങ്ങനെയാണ് ഒരു സ്ഥാനാർഥിക്ക് അനുകൂലമായി ജനഹിതം മാറ്റിയെടുക്കുന്നത്, എതിരാളിയെ കെണിയില്‍പ്പെടുത്തി ഒന്നുകില്‍ ‍എങ്ങനെ അയാളെ തെരഞ്ഞെടുപ്പില്‍നിന്ന് മാറ്റിനിർത്താം, അല്ലെങ്കില്‍ വിവാദങ്ങളുടെ ചുഴിയില്‍പ്പെടുത്തി അവസാന നിമിഷം അയാളെ എങ്ങനെ തോല്‍പിക്കാം തുടങ്ങിയവ മൊത്തം കരാറേറ്റെടുത്തുകൊണ്ടാണ് അമേരിക്കയിലും ചില ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളിലും ഈ കമ്പനി അതി​​​​െൻറ ജൈത്രയാത്ര നിർബാധം തുടരുന്നത്. അതിരഹസ്യ സ്വഭാവത്തില്‍ ചാനല്‍ ഫോർ നടത്തിയ ഒളികാമറ ഓപറേഷനില്‍, ചാനലി​​​​െൻറ പ്രതിനിധികള്‍ കേംബ്രിജ്​ അനലിറ്റികയെ സമീപിക്കുന്നത് ശ്രീലങ്കയില്‍ സമീപഭാവിയില്‍ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പില്‍ ഒരു ധനിക കുടുംബത്തെ സഹായിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ്. നാല് വ്യത്യസ്ത ഘട്ടങ്ങളിലായി  നടത്തിയ രഹസ്യ കൂടിക്കാഴ്ചകളിലൂടെ വൻ വിവരങ്ങളാണ് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വസ്തുതകള്‍ക്കല്ല സ്ഥാനം, മറിച്ച് വൈകാരികതക്കാണ്. അതിനാല്‍ അത് പരമാവധി മുതലെടുക്കണം. അതിനുവേണ്ട കൃത്യവും ആസൂത്രിതവുമായ നീക്കങ്ങള്‍ ഞങ്ങള്‍ നടത്തും. വോട്ട് ചെയ്യാൻ തീരുമാനമെടുത്തിട്ടില്ലാത്തവരെ കണ്ടെത്തി നിങ്ങള്‍ക്കനുകൂലമായ തീരുമാനമെടുപ്പിക്കും. അതിനുവേണ്ടി എതിരാളിയെ മറ്റുള്ളവരുടെ മുന്നില്‍ ഇടിച്ചുതാഴ്‍ത്തും. ഇതിനായി വേണമെങ്കിൽ യുക്രെയ്​നിൽ നിന്നുള്ള അതിസുന്ദരികളായ യുവതികളെ ഉപയോഗപ്പെടുത്തി എതിരാളികളെ കെണിയില്‍ വീഴ്‍ത്തും. വ്യാജവാർത്തകള്‍ സത്യമെന്ന് തോന്നിക്കുന്ന രൂപത്തില്‍ വ്യത്യസ്ത സൈറ്റുകളിലൂടെ പുറത്തുവിടും. അമേരിക്കൻ തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിൻറ​​​​െൻറ സ്വകാര്യ ഇ-മെയിലുകള്‍ പുറത്തുവിട്ടത് ഇതിനുദാഹരണമായി കമ്പനി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. കൂടാതെ, ഹിലരിക്കെതിരായി ധാരാളം ടാ൪ഗറ്റഡ് കാമ്പയിനുകള്‍ നടന്നു. അതില്‍ പ്രധാനം, “Crooked Hillari” എന്ന കാമ്പയി൯ നടത്തിയപ്പോള്‍ crooked ലെ രണ്ട് “O” -കള്‍ കൈവിലങ്ങിനെ (handcuff) കുറിക്കുന്നതായി ആളുകള്‍ക്ക് വ്യക്തമായി തോന്നുന്ന വിധത്തില്‍ ഡിസൈൻ ചെയ്തതായിരുന്നു. ത​​​​െൻറ മുൻ യജമാനന്മാരെക്കുറിച്ച് ക്രിസ്​റ്റഫ൪ വെയ്‍ലി പറഞ്ഞതിങ്ങനെ: “അവർ നിയമങ്ങളെ മാനിക്കുന്നില്ല. അവർക്ക്​ ഇതൊരു യുദ്ധമാണ്. ഇതില്‍ എന്തും അനുവദനീയമാണ്”.

കേംബ്രിജ്​ അനലിറ്റിക അതി​​​​െൻറ ഏറ്റവും മെച്ചപ്പെട്ട നിലയിലെത്തുന്നതിന് കാരണം റിപ്പബ്ലിക്കൻ അനുഭാവിയായ റോബർട്ട് മെർസെറുടെ15 മില്യണ്‍ ഡോളറി​​​​െൻറ നിക്ഷേപമാണ്. ട്രംപി​​​​െൻറ ഇലക്​ഷൻ കാമ്പയിൻ നിയന്ത്രിച്ചിരുന്ന സ്​റ്റീവ് ബാനനി​​​​െൻറ നിർദേശപ്രകാരമാണ് മെർസർ ഇത്രയും തുക ഈ കമ്പനിയില്‍ മുടക്കാൻ തയാറാകുന്നത്. തുടക്കത്തിൽ രാഷ്​ട്രീയ-പ്രതിരോധ മേഖലയില്‍ ഡാറ്റ വിതരണം ചെയ്തിരുന്ന വെറുമൊരു കോണ്‍ട്രാക്റ്റിങ്​ കമ്പനി മാത്രമായിരുന്ന എസ്.സി.എല്‍ ഗ്രൂപ്പിന് കേംബ്രിജ്​ അനലിറ്റിക എന്ന പേരു നിർദേശിക്കുന്നതുതന്നെ സ്​റ്റീവ് ബാനനാണ്. കേംബ്രിജ്​ യൂനിവേഴ്സിറ്റിയുടെ ബ്രാൻഡി​​​​െൻറ മറവില്‍ കൃത്യമായ രാഷ്​ട്രീയ ലക്ഷ്യമുള്ള കമ്പനി തന്നെയായിരുന്ന ബാന​​​​െൻറ ലക്ഷ്യം. ക്രിസ് വെയ്‍ലി പറഞ്ഞതുപോലെ “അമേരിക്കയില്‍ ഒരു സാംസ്കാരിക യുദ്ധം നയിക്കാനാണ് അവ൪ ആഗ്രഹിച്ചത്. കേംബ്രിജ്​ അനലിറ്റിക അതിനുള്ള ആയുധമാവുകയായിരുന്നു.”

തുടക്കത്തില്‍ വ്യക്തിപരമായ ‍ഡാറ്റ ശേഖരിക്കുകയെന്നത് വെല്ലുവിളിയായപ്പോഴാണ് അതിനുവേണ്ടി ഒരു ആപ്ലിക്കേഷൻ ഡെവലപ്​ ചെയ്യുകയെന്ന ചിന്തയുദിച്ചത്. ആ പ്രശ്നത്തിന് പരിഹാരമായാണ്, റഷ്യൻ-അമേരിക്കൻ പൗരനായ കേംബ്രിജ് ​യൂനിവേഴ്സിറ്റിയിലെ ഐ.ടി  പ്രഫസ൪ അലക്സാണ്ടർ കോഹനെ ശട്ടംകെട്ടുന്നത്. ആളുകളുടെ വ്യക്തിത്വം അളക്കുന്നതിനുള്ള ക്വിസ് ഉള്‍പ്പെടുത്തിയ ഒരു ആപ്ലിക്കേഷൻ കോഹൻ ഡെവലപ് ചെയ്തു.  ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ സാധ്യമായ ഈ  ആപ്ലിക്കേഷനിലൂടെ ഏതാണ്ട് 2,70,000 പേരുടെ ഡാറ്റ ആദ്യ ഘട്ടത്തില്‍ അവരുടെ സമ്മതത്തോടെതന്നെ എടുത്ത കോഹൻ പിന്നീട് ഈ ആളുകളുടെ പ്രൊഫൈലുകളുപയോഗപ്പെടുത്തി, അവരുടെ ഫ്രൻഡ്​സ്​​ ലിസ്​​റ്റു ഉപയോഗിച്ച് ഏതാണ്ട് അഞ്ചു കോടി ആളുകളുടെ ഡാറ്റാ ബാങ്ക് തയാറാക്കുന്നു. തുട൪ന്ന് അവരുടെ സ്​റ്റാറ്റസ്​ അപ്ഡേറ്റുകളും പോസ്​റ്റുകളും ഷെയറുകളും ടൈം ലൈൻ ഫോട്ടോകളും അതിനൊക്കെ ലഭിച്ച ലൈക്കുകളും, അത്യധികം ഫലസാധ്യതയുള്ള നി൪മിതബുദ്ധി (artificial intelligence) ഉപയോഗപ്പെടുത്തി താരതമ്യം ചെയ്​ത്​ ഏതാണ്ട് 23 കോടി അമേരിക്കൻ വോട്ടർമാരുടെ ഡാറ്റ തയാറാക്കി. അവരുടെ താമസയിടങ്ങള്‍, ഇഷ്​ടാനിഷ്​ടങ്ങള്‍, രാഷ്​ട്രീയാഭിപ്രായങ്ങള്‍, മതപരമായ സ്വത്വം അങ്ങനെ തുടങ്ങി ലൈംഗികമായ താല്‍പര്യങ്ങള്‍വരെ ഡാറ്റാബാങ്കിലുണ്ടായിരുന്നുവെന്നത് എത്ര സമഗ്രമായാണ് ഈ വിവരശേഖരണം നടന്നതെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 

തുടർന്ന് നടന്നത് ആർക്ക് വോട്ടുചെയ്യണമെന്ന് തീരുമാനിക്കാതെ നില്‍ക്കുന്ന വിഭാഗങ്ങളെ ടാർഗറ്റ് ചെയ്യലായിരുന്നു. അവർക്കു മുന്നില്‍ അവരറിയാതെ ട്രംപിനെ പ്രമോട്ട്​ ചെയ്യുന്ന വാർത്തകളും പോസ്​റ്റുകളും നിറഞ്ഞു. പല വാർത്തകളും തനി വ്യാജമായിരുന്നു. അവയൊക്കെ യാഥാ൪ഥ്യമെന്നും  ആധികാരികമെന്നും തോന്നിക്കുന്നതിന് പ്രത്യേകമായി വൈബ്സൈറ്റുകളും ബ്ലോഗുകളും സൃഷ്​ടിച്ച് അവയിലേക്ക് ലിങ്ക് കൊടുത്തു. ഹിലരിക്ലിൻറനെ അമേരിക്കക്ക് ഭീഷണിയായി കാണിക്കുകയും ട്രംപിനെ രക്ഷകനായും ചിത്രീകരിക്കുകയും ചെയ്യുന്ന വിഡിയോകളും മറ്റു പ്രചാരണ മെറ്റീരിയലുകളും ഈ ടാ൪ഗറ്റ് ഓഡിയൻസി​​​​െൻറ മുന്നില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടു. അവരുടെ സ്വകാര്യതക്കോ സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള അവകാശത്തിനോ തരിമ്പും വില കല്‍പിച്ചില്ല. നുണകള്‍ ആവ൪ത്തിക്കുക, പിന്നെയും പിന്നെയും ആവ൪ത്തിക്കുകയെന്ന ഗീബല്‍സിയൻ തന്ത്രം തന്നെയായിരുന്നു പിന്തുടർന്നത്. അവസാനം, അതുവരെ നിലനിന്ന ഹിലരിക്ക്​ അനുകൂലമായിരുന്ന പൊതു അഭിപ്രായത്തെ അന്തിമ റിസള്‍ട്ട് അട്ടിമറിക്കുകതന്നെ ചെയ്തു. 

ഇന്ത്യയില്‍ 2014ലെ പൊതുതെരഞ്ഞെടുപ്പിലും തുട൪ന്ന് നടന്ന ചില ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പി പ്രയോഗിച്ചതും ഇതേ തന്ത്രമാണ്. പത്തുവ൪ഷത്തെ യു.പി.എ ഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചതായിരുന്നത് കാര്യങ്ങള്‍ അവ൪ക്ക് എളുപ്പമാക്കി മാറ്റി. രാഹുല്‍ ഗാന്ധിയെ മുന്നില്‍ നാട്ടക്കുറിയായി നിർത്തി കോണ്‍ഗ്രസ് കുടുംബം രാജ്യത്തെ കട്ടുമുടിക്കാ൯ അനുവദിക്കരുതെന്ന പ്രചാരണവും അച്ഛേ ദിൻ പോലുള്ള മുദ്രാവാക്യങ്ങളും സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രകമ്പനം സൃഷ്​ടിച്ചു. ബി.ജെ.പിക്കു വേണ്ടി കേംബ്രിജ്​ അനലിറ്റികയുടെ പണിചെയ്തിരുന്ന ആളാണ് ഐ.ടി വിദഗ്​ധനായ പ്രശാന്ത്കിഷോർ. നിതീഷ് കുമാറി​​​​െൻറ ജനതാദള്‍ യുനൈറ്റഡ് എന്ന പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയ കെ.സി. ത്യാഗിയുടെ മകൻ അമരീഷ് ത്യാഗിയുടെ ഓവ്‌ലെനോ ബിസിനസ് ഇൻറലിജൻസ് എന്ന സ്ഥാപനം ആണ് കേംബ്രിജ്​ അനലിറ്റികയുടെ ഇന്ത്യയിലെ പങ്കാളി. ഓവ്‌ലെനോ ബിസിനസ്​ ഇൻറലിജൻസിന് ഓഹരിയുള്ള സ്ട്രാറ്റജിക്​ കമ്യൂണിക്കേഷൻ ലബോറട്ടറിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 2011ൽ ഇന്ത്യയിൽ രജിസ്​റ്റർ ചെയ്തിട്ടുണ്ട്. ഈ കമ്പനിയിൽ അലക്‌സാണ്ടർ നിക്സ് ഡയറക്ടർ ബോർഡ്​ അംഗങ്ങളിൽ ഒരാളാണ്.

അടുത്ത തെരഞ്ഞെടുപ്പ് ജയിക്കാൻ കോണ്‍ഗ്രസ് കേംബ്രിജ്​ അനലിറ്റികയുമായി കരാറിലെത്തിയിരിക്കുന്നുവെന്ന വാ൪ത്ത 2017 ഒക്ടോബറില്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. പ്രശാന്ത് കിഷോ൪ ബി.ജെ.പി ഐ.ടി സെല്‍ വിട്ട് കോണ്‍ഗ്രസി​​​​െൻറ ഐ.ടി സെല്ലില്‍ എത്തിയതായും വാർത്തയുണ്ട്. പുതിയ വിവാദങ്ങളിൽപെട്ട്​ കേംബ്രിജ്​ അനലിറ്റിക മുഴുവനായി മുങ്ങിപ്പോകാം. പക്ഷേ, അതിനേക്കാളും വലിയ താപ്പാനകള്‍ അവസരം കാത്ത് ഇവിടെയൊക്കെ പതിയിരിക്കുന്നുണ്ടെന്നർഥം.  ഇനിയങ്ങോട്ട് ജനാധിപത്യത്തിന് വിലയിടുന്നത് പഴയതുപോലെ ചുവരെഴുത്തുകളോ വാള്‍പോസ്​റ്ററുകളോ പത്രപ്പരസ്യങ്ങളോ ആവില്ല. സോഷ്യല്‍ മീഡിയയിലെ പ്രൊഫൈലുകളെ തെരഞ്ഞുപിടിക്കാൻ ആർക്ക് മിടുക്കുണ്ടോ അവ൪ വിജയിപ്പിച്ചുതരും തെര‍ഞ്ഞെടുപ്പുകള്‍. ജനാധിപത്യം നീണാള്‍ വാഴട്ടെ! 

tajaluva@gmail.com

Tags:    
News Summary - Cambridge Analytica - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.