തീവ്ര വലതുപക്ഷങ്ങള്‍ സജീവമായ രാജ്യങ്ങളില്‍ ഇന്ത്യയാണ് നിലവില്‍ ഏറ്റവും അപകടകരമായ അവസ്ഥയിലുള്ളത്. ഗസ്സയില്‍ ഏറ്റവും ക്രൂരമായ രീതിയില്‍ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കുന്നത് ഇന്ത്യയില്‍ നിന്നെത്തിയ ഒരു സംഘമാണെന്ന് കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയിലെ ഡോ. ഖാലിദ് അബൂ അല്‍ ഫാദി ആരോപണമുയർത്തുക പോലുമുണ്ടായികസാനിലെ ബ്രിക്സ് ഉച്ചകോടിക്കുശേഷം ചൈനയും റഷ്യയും ഇറാനും തുര്‍ക്കിയയും ഉത്തര കൊറിയയും അതുപോലുള്ള ശക്തികളും ചേര്‍ന്ന്...
തീവ്ര വലതുപക്ഷങ്ങള്‍ സജീവമായ രാജ്യങ്ങളില്‍ ഇന്ത്യയാണ് നിലവില്‍ ഏറ്റവും അപകടകരമായ അവസ്ഥയിലുള്ളത്. ഗസ്സയില്‍ ഏറ്റവും ക്രൂരമായ രീതിയില്‍ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കുന്നത് ഇന്ത്യയില്‍ നിന്നെത്തിയ ഒരു സംഘമാണെന്ന് കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയിലെ ഡോ. ഖാലിദ് അബൂ അല്‍ ഫാദി ആരോപണമുയർത്തുക പോലുമുണ്ടായി
കസാനിലെ ബ്രിക്സ് ഉച്ചകോടിക്കുശേഷം ചൈനയും റഷ്യയും ഇറാനും തുര്‍ക്കിയയും ഉത്തര കൊറിയയും അതുപോലുള്ള ശക്തികളും ചേര്‍ന്ന് സാമ്രാജ്യത്വ ചേരിയുടെ മറുപക്ഷത്ത് ഗ്ലോബല്‍ സൗത്തിന്റെ സാധ്യതകള്‍ക്ക് കനം വെപ്പിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തല്‍. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും യുദ്ധത്തിനിറങ്ങിയാല്‍ സൈന്യത്തെ അയച്ച് തെഹ്റാനെ സഹായിക്കുമെന്ന വ്ലാദിമിര്‍ പുടിന്റെ പരസ്യ പ്രഖ്യാപനം യുദ്ധാനന്തര ലോകക്രമത്തെക്കുറിച്ച വേറിട്ട ചില പ്രതീക്ഷകളില്‍ നിന്നാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഈ പുതിയ ലോകക്രമത്തെക്കുറിച്ച വ്യക്തമായ രണ്ട് പരാമര്‍ശങ്ങള്‍ റഷ്യയുടെയും ഇറാന്റെയും ഭാഗത്തുനിന്ന് ഇതിനകം പുറത്തുവന്നു. രണ്ട് ശാക്തിക ചേരികള്‍ തമ്മിലെ ഈ വാക്പോരിനിടയില്‍ ഇന്ത്യ വ്യക്തമായ ആശയക്കുഴപ്പത്തിലകപ്പെടുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് ബ്രിക്സ് വേദിയില്‍ വെച്ച് കൈകൊടുത്തത് ചൈനയുമായുള്ള തര്‍ക്കങ്ങള്‍ ഇന്ത്യ അവസാനിപ്പിക്കുന്നതിന്റെ സൂചനയാണ് പുറത്തുവിട്ടത്. തൊട്ടുപിന്നാലെ അതിര്‍ത്തികളില്‍നിന്ന് സൈന്യങ്ങളെ ഒരൽപം പിറകോട്ട് വലിക്കുന്ന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കുകയും ചെയ്തു. ഈ കൈകൊടുക്കലാണ് ഇന്ത്യയുടെ വിദേശകാര്യ നയത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ അതിശയങ്ങളിലൊന്ന്. ഇന്ത്യക്കും ചൈനക്കുമിടയിലെ മഞ്ഞുരുക്കത്തിന്റെ തുടക്കമാണിതെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, വലതുപക്ഷ വിദേശനയത്തിന്റെ സ്വകാര്യ അജണ്ടകളില്‍നിന്ന് യാഥാര്‍ഥ്യങ്ങളുടെ വിശാലമായ ലോകത്തേക്ക് മോദി പതുക്കെ നടക്കാന്‍ പഠിക്കുന്നു എന്നാണ് ഈ ഹസ്തദാനത്തിന്റെ അര്‍ഥം. നിലവിലുള്ള ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെ ഇന്ത്യക്ക് കൃത്യമായി പ്രവചിക്കാന്‍ കഴിയാത്തതുകൊണ്ടു കൂടിയാണ് കസാനില്‍ ആ ഹസ്തദാനം സംഭവിച്ചത്. ഇപ്പോഴത്തെ പോക്കില്‍ അമേരിക്കന്‍ ചേരിയുടെ ഭാവിയെ കുറിച്ചുയരുന്ന സന്ദേഹങ്ങള്‍ മോദിയെ മാത്രമല്ല ബ്രസീലിനെയും ഹംഗറിയെയും അതുപോലുള്ള സമാന തീവ്ര വലതുപക്ഷ രാഷ്ട്രങ്ങളെയും മൊത്തത്തില്‍ തന്നെ പിടികൂടുന്നുണ്ട്.
ഹമാസിന്റെ ഭീകരതയാണ് യഥാര്‍ഥ പ്രശ്നമെന്ന ഇസ്രായേല്‍ സൃഷ്ടിച്ചെടുത്ത വ്യാഖ്യാനം ദുര്‍ബലമാവുക മാത്രമല്ല പാശ്ചാത്യ ലോകത്തെ മഹാഭൂരിപക്ഷം രാജ്യങ്ങളിലെയും പുതിയ തലമുറ ഇക്കാര്യത്തില്‍ യു.എസ്-ഇസ്രായേല്‍ നിലപാടുകള്‍ക്കെതിരെ തിരിഞ്ഞ ചിത്രമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉയര്‍ന്നുവന്നത്. ഇംഗ്ലണ്ടിലും മറ്റും പുതിയ തലമുറ അഭിപ്രായ രൂപവത്കരണത്തില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളാണ് നിര്‍ണായകമായി മാറുന്നത്.
തീവ്ര വലതുപക്ഷങ്ങള്‍ സജീവമായ രാജ്യങ്ങളില്‍ ഇന്ത്യയാണ് നിലവില്‍ ഏറ്റവും അപകടകരമായ അവസ്ഥയിലുള്ളത്. ഗസ്സയില്‍ ഏറ്റവും ക്രൂരമായ രീതിയില്‍ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കുന്നത് ഇന്ത്യയില്‍ നിന്നെത്തിയ ഒരു സംഘമാണെന്ന് കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയിലെ ഡോ. ഖാലിദ് അബൂ അല്‍ ഫാദി ആരോപണമുയർത്തുക പോലുമുണ്ടായി. ഫാദിയുടെ ആരോപണം ശരിയെങ്കില്‍ ഐസിസില്‍ ചേരാന്‍ പോയവരുടേതിന് സമാനമായ കുറ്റകൃത്യമാണിത്. മാത്രമല്ല, ഈ കാലയളവില്‍ ഇന്ത്യ ഇസ്രായേലിന് ആയുധം നല്‍കിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പ്രശ്നത്തില്‍ പക്ഷം ചേരുന്നില്ല എന്നത് ഔദ്യോഗികമായ നിലപാടാവുകയും രഹസ്യമായി തീവ്ര ഹിന്ദുത്വ അജണ്ടകളോടൊപ്പം നില്‍ക്കുകയുമാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് സംശയിക്കപ്പെടുന്നത്.
ഒരു ഭാഗത്ത് മഹ്മൂദ് അബ്ബാസിനൊപ്പം യു.എന്നില്‍ ഫലസ്തീന് രാഷ്ട്രത്തെ അനുകൂലിക്കുകയും എന്നാല്‍, അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ ഒഴിഞ്ഞുപോകണമെന്ന ആവശ്യത്തിനുമേല്‍ വോട്ടുചെയ്യാതെ വിട്ടുനില്‍ക്കുകയും ചെയ്തത് ഏതോ അര്‍ഥത്തില്‍ ഈ ഇരട്ടത്താപ്പിന്റെ ഉദാഹരണമാണ്. ബ്രിക്സിലെ പൊതുവികാരം അതിശക്തമായി ഇസ്രായേലിന് എതിരായിട്ടും ഇറാനും ലബനാനും ഇസ്രായേല്‍ വിഷയത്തില്‍ ഇന്ത്യ ഇടപെടണമെന്ന് ആവശ്യമുന്നയിച്ചിട്ടും 'വ്യാപകമാകുന്ന ആശങ്ക'യെക്കുറിച്ച അഴകൊഴമ്പന്‍ പ്രസ്താവന മാത്രമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്. മോദിയുടെ ഈ ഇരട്ടത്താപ്പിനൊപ്പിച്ച് ഇന്ത്യയിലെ പൊതുസമൂഹം ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെ ആഘോഷിക്കുന്നുമുണ്ട്. അതല്ല പക്ഷേ യൂറോപ്പില്‍ സംഭവിക്കുന്നത്. ഹിന്ദുത്വത്തെ പോലെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള, എഴുതിവെക്കപ്പെട്ട ആശയാടിത്തറയല്ല ജർമനിയിലെയോ ഹംഗറിയിലെയോ ബ്രസീലിലെയോ വലതുപക്ഷ രാഷ്ട്രീയത്തിന്റേത്. അതുകൊണ്ടുതന്നെ അവിടത്തെ ഗവണ്മെന്റുകള്ക്ക് മാറിവരുന്ന കാലഘട്ടത്തിനനുസരിച്ച് ഇസ്രായേല്‍ അനുകൂല നിലപാടുകളില്‍നിന്ന് പിന്നാക്കം പോകാനും കഴിയുന്നുണ്ട്. മോദിയാകട്ടെ സ്വന്തം അജണ്ടകള്‍ക്കും വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കര് എന്ന മുന്‍ ഐ.എഫ്.എസുകാരന് ഓർമിപ്പിക്കുന്ന പരമ്പരാഗത വിദേശകാര്യ നയങ്ങള്ക്കുമിടയില് കിടന്ന് നട്ടം തിരിയുകയാണ് ചെയ്യുന്നത്.
സാഹചര്യങ്ങളുടെ ഗൗരവമുള്‍ക്കൊണ്ട് രാജ്യത്തിന്റെ ചരിത്രപരമായ മുഖം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുകയാണ് ന്യൂഡല്‍ഹിയെന്ന് വേണമെങ്കില്‍ പറയാം. 2015ല്‍ ലണ്ടനില്‍ നിന്നുള്ള യാത്രക്കിടയില്‍ ലാഹോറിലിറങ്ങി നവാസ് ശരീഫിന്റെ കൊച്ചു മകളുടെ വിവാഹത്തില്‍ പങ്കെടുത്ത മോദിയുടെ ബിരിയാണി ഡിപ്ലോമസിക്കുശേഷം ഷാങ്ഹായി കോര്പറേഷന് യോഗത്തില്‍ പോയവാരം ജയ്ശങ്കര് പങ്കെടുത്തതിലൂടെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം പാകിസ്താനുമായി എന്തെങ്കിലും സംസാരിക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യ മടങ്ങിയെത്തിയത്. 2016ലായിരുന്നല്ലോ സര്‍ജിക്കല്‍ സ്ട്രൈക്ക്. ബ്രിക്സിലെ ഇന്ത്യന്‍ നിലപാടുകളുടെ മർമമായി മാറിയ മോദി-ഷീ ഹസ്തദാനമാകട്ടെ അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണുണ്ടായത്. പിടിച്ചടക്കാന്‍ അമിത് ഷാ തന്ത്രം മെനഞ്ഞ നേപ്പാളും ശ്രീലങ്കയും ബംഗ്ലാദേശും മാലദ്വീപുമൊക്കെ ചൈനയുടെ ചൊല്പ്പടിയിലായിക്കഴിഞ്ഞു. ‘വെടിനിര്‍ത്തുക’ എന്നതിലപ്പുറം വലിയ ചരിത്ര പ്രാധാന്യമൊന്നും കസാനിലെ ഹസ്തദാനത്തിനില്ലെന്ന് ചുരുക്കം.
അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറന്റ് നിലവിലുണ്ടായിരിക്കെയാണ് വ്ലാദിമിര്‍ പുടിന് ബ്രിക്സ് വിളിച്ചുചേര്‍ത്തത്. പക്ഷേ, അറബ് മേഖലയിലേതുൾപ്പെടെ 36 അന്താരാഷ്ട്ര നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. വെറുമൊരു സാമ്പത്തിക കൂട്ടായ്മ എന്ന നിലയില്‍ നിന്നുമാറി ബ്രിക്സ് വേദിയില്‍ പരസ്യമായി ഇസ്രായേലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സാമ്പത്തിക ഇടപാടുകളില്‍നിന്ന് ഡോളറിനെ മാറ്റിനിര്‍ത്തിയും പുതിയ വാണിജ്യ കരാറുകള്‍ ഉണ്ടാക്കിയും 30 ബില്ല്യൻ ഡോളര്‍ മൂല്യമുള്ള ന്യൂ ഡെവലപ്മെന്റ് ബാങ്ക് സ്ഥാപിച്ചും അമേരിക്ക നയിക്കുന്ന ജി.7ന്റെ മറുപക്ഷത്ത് ബ്രസീലും റഷ്യയും ഇന്ത്യയും ചൈനയും ദക്ഷിണാഫ്രിക്കയും 2006ല്‍ തുടക്കമിട്ട ഈ ചേരി പടിഞ്ഞാറിന്റെ താല്പര്യങ്ങളെ പരസ്യമായി വെല്ലുവിളിച്ചുതുടങ്ങി. ഡോ. മന്മോഹന് സിങ്ങില്‍നിന്ന് നരേന്ദ്ര മോദിയിലേക്ക് എത്തിയപ്പോള്‍ കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലേക്ക് ഇന്ത്യ എത്തിപ്പെട്ടുവെന്നു മാത്രം.
ഇസ്രായേല്‍ ഇറാനുമായി ഏറ്റുമുട്ടുകയും പ്രത്യേകിച്ചൊരു നേട്ടവുമുണ്ടാക്കാതെ ആ യുദ്ധം അവസാനിക്കുകയും ചെയ്താല്‍ അമേരിക്കന്‍ ചേരിയുടെ ഭാവി എന്താവുമെന്നാണ് നിലവില്‍ ഇന്ത്യ ഉറ്റു നോക്കുന്നത്. പെട്ടെന്നൊന്നും അമേരിക്ക തകരാന്‍ പോവുന്നില്ല. പക്ഷേ, ചൈനയും റഷ്യയും പിടിമുറുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കസാനില്‍ ഒരു ചുവടുകൂടി മുന്നോട്ടുപോവാമായിരുന്നു ഇന്ത്യക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.