തെക്കു കിഴക്കനേഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറിക്കഴിഞ്ഞ ഇന്തോനേഷ്യയുടെ എട്ടാമത്തെ പ്രസിഡന്റായി മുൻ ജനറലും പ്രതിരോധ മന്ത്രിയുമായ പ്രബോവോ സുബിയാന്തോ ഈ മാസം 20ന് അധികാരമേറിയിരിക്കുന്നു. ഏകാധിപത്യത്തിൽനിന്ന് മുക്തമായി, അഞ്ചു തെരഞ്ഞെടുപ്പുകളിലൂടെ ജനാധിപത്യവും ഭരണസംവിധാനവും ആശാവഹമായ പുരോഗതി പ്രാപിച്ച ഘട്ടത്തിലാണ് രാജ്യത്തിന്റെ പുതിയ സാരഥിയായി പ്രബോവോ എത്തുന്നത്.
1998ലെ ജനകീയ പ്രക്ഷോഭം വഴി ജനറൽ സുഹാർത്തോയുടെ മുപ്പതു വർഷത്തെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ചതോടെയാണ് ഇന്തോനേഷ്യയിൽ ജനായത്ത ഭരണ സംവിധാനം വരുന്നത്. 1999ൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടന്നു. പുതിയ സർക്കാർ അധികാരമേറ്റെങ്കിലും ദീർഘകാലത്തെ ഏകാധിപത്യ ഭരണം സമ്മാനിച്ച ഡീപ് സ്റ്റേറ്റിന്റെ ഇടപെടൽ രാജ്യത്തെ എല്ലാ മേഖലയിലും ഉണ്ടായിരുന്നു. പ്രതിവിപ്ലവത്തിലൂടെ മറ്റൊരു ഏകാധിപത്യത്തിലേക്കു രാജ്യം മടങ്ങുമോ എന്ന ഭയംപോലുമുയർന്നിരുന്നു. ഇതിനെയെല്ലാം ഫലപ്രദമായി മറികടന്ന് മുന്നേറുന്ന ഇന്തോനേഷ്യയെയാണ് പിന്നീട് ലോകം കണ്ടത്.
സുഹാർത്തോ പടിയിറക്കപ്പെടുമ്പോൾ ഇന്തോനേഷ്യയുടെ ജി.ഡി.പി 245 ബില്യൺ ഡോളർ ആയിരുന്നു. ഇന്നത് അഞ്ചിരട്ടിയിലധികമായി, തെക്കു കിഴക്കനേഷ്യയിലെ ഏറ്റവും വലിയതും ലോകത്തെ പതിനാറാമത്തെയും സമ്പദ്ഘടനയായി ഇന്തോനേഷ്യ മാറി. നിലവിൽ അഞ്ചു ശതമാനം വളർച്ചനിരക്ക് നിലനിർത്തി സാമ്പത്തികഭദ്രത കൈവരിച്ചുവരികയാണ്. ഈ വർഷം ജൂൺ വരെ ഏതാണ്ട് 81 ബില്യൺ ഡോളറിന്റെ വിദേശനിക്ഷേപമാണ് അവിടെ വന്നത്. ഈ വർഷത്തെ ലോകരാജ്യങ്ങളുടെ കാര്യക്ഷമത പട്ടികയിൽ (IMD World Competitiveness Ranking ) ഇന്തോനേഷ്യയുടെ സ്ഥാനം ജപ്പാൻ, ബ്രിട്ടൻ, മലേഷ്യ എന്നീ രാജ്യങ്ങൾക്കും മുകളിലാണ്.
കഴിഞ്ഞ പത്തു വർഷം പ്രസിഡന്റ് പദത്തിലിരുന്ന ജോകോ വിഡോഡോ (ജോക്കോവി) രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നൽ നൽകിയിരുന്നത്. പ്രകൃതി വിഭവങ്ങൾകൊണ്ട് അനുഗൃഹീതമായ രാജ്യം വളരെയേറെ വിദേശ ചൂഷണത്തിന് വിധേയമായിരുന്നു. നീണ്ടകാലത്തെ ഏകാധിപത്യ ഭരണവും അഴിമതിയും ഇത്തരം ചൂഷണങ്ങൾ വ്യാപകമാക്കി. എന്നാൽ ഇന്ന് അഴിമതിയെ ഒരു പരിധിവരെ നിയന്ത്രണത്തിൽ കൊണ്ടുവരാനും വികേന്ദ്രീകരണത്തിലൂടെ വികസനവും സാമ്പത്തിക ഉന്നമനവും രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും എത്തിക്കാനുമുള്ള ശ്രമങ്ങൾ ഫലം കണ്ടപ്പോൾ രാജ്യം മാറ്റത്തിന്റെ ദിശയിലാണെന്നു ജനങ്ങൾക്കും തോന്നിത്തുടങ്ങി.
അടുത്ത ചൈനയായാണ് സാമ്പത്തിക വിദഗ്ധർ ഈ രാജ്യത്തെ വിലയിരുത്തുന്നത്. ബാറ്ററി നിർമാണത്തിനാവശ്യമായ മുഖ്യ അസംസ്കൃത വസ്തുവായ നിക്കൽ, ലിഥിയം എന്നിവയുടെ വൻ ശേഖരമുള്ള രാജ്യം ഇലക്ട്രിക് വാഹന ബാറ്ററി നിർമാണത്തിന്റെ കേന്ദ്രമായി മാറുകയാണ്. ലോകത്തെ വൻകിട വാഹനനിർമാതാക്കൾ വലിയതോതിൽ നിക്ഷേപം നടത്തുന്നതിനാൽ 2026 ആകുമ്പോഴേക്കും 55 ബില്യൺ ഡോളറിന്റെ നിക്ഷേപം ഈ മേഖലയിൽ ഉണ്ടാകുമെന്നു കണക്കാക്കപ്പെടുന്നു.
ഈ മാറ്റങ്ങളൊക്കെ രാഷ്ട്രീയമായി കുറെക്കൂടി ഇച്ഛാശക്തിയോടെ അന്താരാഷ്ട്ര വിഷയങ്ങളിൽ ഇടപെടാൻ ഇന്തോനേഷ്യയെ പ്രാപ്തമാക്കും. പഴയ മന്ത്രിസഭയിലെ പ്രമുഖരെയടക്കം 109 അംഗങ്ങളെയാണ് പ്രബോവോ കാബിനറ്റിലുൾപ്പെടുത്തിയത് സ്വതന്ത്ര ഫലസ്തീന് വേണ്ട എല്ലാ സഹായവും ചെയ്യുമെന്ന് പുതിയ പ്രസിഡന്റ് പ്രഖ്യാപിച്ചതും അതിന്റെ സൂചനയാണ്. ഡച്ച് അധിനിവേശകർക്കു കീഴിൽ ഇന്തോനേഷ്യ അനുഭവിച്ച കെടുതികൾ ഉദാഹരിച്ചാണ് ലോകനേതാക്കൾ സന്നിഹിതരായ വേദിയിൽ വെച്ച് ഇസ്രായേൽ ഭീകരതയെ എതിർത്തതും ഫലസ്തീനികളോട് ഐക്യദാർഢ്യമറിയിച്ചതും. ലോകത്തെ ഏറ്റവുമധികം മുസ്ലിം ജനസംഖ്യയുള്ള രാഷ്ട്രമാണെങ്കിലും മുസ്ലിം ലോക രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടാത്ത നയമായിരുന്നു ഇന്തോനേഷ്യ ഇതുവരെ സ്വീകരിച്ചിരുന്നത്. .
ദാരിദ്ര്യ നിർമാർജനം മുഖ്യം
വികസനത്തോടൊപ്പം ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികളും പ്രബോവോ ആവിഷ്കരിച്ചിട്ടുണ്ട്. എട്ടു കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകുന്നതിന് രാജ്യത്ത് വൻ ഭക്ഷണ എസ്റ്റേറ്റുകൾ സ്ഥാപിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. രാജ്യത്തെ അവികസിതമായ കിഴക്കൻ പ്രവിശ്യയായ പപ്പുവായിൽ ഇരുപത്തിരണ്ടായിരം ചതുരശ്ര കിലോമീറ്ററോളം വിസ്തീർണമുള്ള (കേരളത്തിന്റെ പകുതിയോളം) സ്ഥലമാണ് ഇതിനായി നീക്കിവെക്കുന്നത്. രാജ്യത്തിന്റെ ഭക്ഷ്യവിഭവങ്ങളുടെ പ്രധാന സ്രോതസ്സായി ഈ ഫുഡ് എസ്റ്റേറ്റുകൾ മാറും എന്ന് കരുതപ്പെടുന്നു 35 ബില്യൺ ഡോളറാണ് ഇതിനുവേണ്ട വാർഷിക ചെലവായി കണക്കാക്കുന്നത്. 2025ൽതന്നെ തുടങ്ങുന്ന ഈ പദ്ധതി രാജ്യത്ത് ദരിദ്ര നിർമാർജനത്തിനു വലിയതോതിൽ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
vshareef@hotmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.